എന്നോടിത് കുറേ പേര് പറഞ്ഞതാണ്, ഫേസ്ബുക് മുഴുവൻ വയസ്സന്മാരാണെന്നും എന്നെപ്പോലുള്ള യുവാക്കൾക്ക് നല്ലത് ഇൻസ്റ്റഗ്രമാണെന്നൊക്കെ. അങ്ങനെ ഞാനവിടെ പോയി നോക്കി, എന്തേലും വിശാലമായി പറയണമെങ്കിൽ ഓരോരോ പോസ്റ്റാറാക്കി മാറ്റണം. കുറെ മെനക്കേടാണ്. പിന്നെ മൊത്തത്തിൽ ചൈത്താൻ ചേട്ട കുറച്ചു കൂടുതലാണവിടെ. എനിക്കിഷ്ടായില്ല. അതോണ്ട് ഞാനിങ്ങോട്ട് തന്നെ പൊന്ന്. കാര്യങ്ങൾ നോക്കാൻ എന്തിനും പോന്ന നമ്മുടെ കുറച്ച് ടീമിനെ സ്റ്റാക്കിയിട്ടുള്ളതോണ്ട് പരോക്ഷമായി സാനിദ്ധ്യമുണ്ട്.
പറയാൻ വന്നത് അതല്ല, ഈയടുത്താണ് എനിക്കാ ടെക്നിക് മനസ്സിലായത്, പാരമ്പര്യമായ, മതമൂല്യങ്ങളും നന്മകളും നമ്മൾ മറന്നോ കൈവിട്ടോ എന്നൊക്കെ ചെക്ക് ചെയ്യാൻ, വൈറലാകുന്ന ട്രെൻഡാകുന്ന ആധുനിക മൂല്യങ്ങളെടുത്ത് തിരിച്ചിട്ട് നോക്കിയാമതി. ഇതിൽ നമ്മൾ അമ്മാവൻ, അമ്മാവൻ സിൻഡ്രോം എന്നൊക്കെപ്പറയുന്നത് ഒരു പുച്ഛത്തോടെയാണ്. അത് തിരിച്ചിട്ടാൽ പ്രായമായവരെ ബഹുമാനിക്കണം എന്ന് കിട്ടും. കറക്ടാണല്ലോ.
നമുക്ക് അക്ഷരങ്ങളും കണക്ക് കൂട്ടാനും തിന്നാനും സംസാരിക്കാനും ഒക്കെ പഠിപ്പിച്ച് തന്നത് കുറേ അമ്മാവന്മാരായിരുന്നു. 44മത്തെ വയസ്സിലാണ് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത്. 58ആം വയസ്സിലാണ് അംബേദ്ക്കർ ഭരഘടന തയ്യാറക്കുന്നത്. അങ്ങനെ കുറേ അമ്മാവന്മാർ… ഇങ്ങനെ കുറെ യുവത്വവുമില്ലേ, യുവത്വമാണ് എല്ലാ വിപ്ലവങ്ങളും തുടങ്ങിയത് എന്നും പറയാം. പക്ഷേ അവരോക്കെ ആ പന്തം കത്തിച്ചത് പിന്നിൽ നിൽക്കുന്ന ഏതെങ്കിലും അമ്മാവന്റെ ബീഡിക്കുറ്റിയിൽ നിന്നായിരിക്കും. ഈ പ്രായത്തിന്റെ ഒരു പ്രത്യേകത അത് കൂടും തോറും ശരീരത്തിൻ്റെയും വികാരത്തിൻ്റെയും ശക്തി കുറയുകയും ചിന്തകളും ആശയങ്ങളും മൂർച്ച കൂടുകയും ചെയ്യും. മനസ്സിന് എളുപ്പം വികാരങ്ങളെ കീഴടക്കാൻ പറ്റും. നമ്മുടെ അനുഭവങ്ങളും കാരണമായിരിക്കാം.
എന്നെപോലുള്ളവർക്ക് പിന്നെ പ്രായം ഒരു വിഷയമല്ല, ഉദാഹരണത്തിന് ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് ആരായിരിക്കും, ആദ്യത്തെ ബിരിയാണി എങ്ങനെ ആയിരിക്കും? പുള്ളിക്ക് ഈ ഐഡിയ ഇവിടന്ന് കിട്ടി? ആദ്യമായി ചായയുണ്ടാക്കിയത് ആരായിരിക്കും? പുള്ളിക്കെങ്ങനെ മനസ്സിലായി ഈയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉന്മേഷം കിട്ടുമെന്ന്? പുള്ളി കാണുന്ന ഇലയൊക്കെ എടുത്ത് വിള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ച് നോക്കിയോ? എങ്ങനെ ഏത് ഗഹനമായ വിഷയങ്ങൾ ചിന്തിക്കാനും എന്നെപോലുള്ളവർക്ക് പ്രായം ഒരു തടസ്സമല്ല. അങ്ങനെ കുറേ കാര്യങ്ങൾ ആദ്യമായി ചെയ്ത, ഇത് വരെ കഴിഞ്ഞ് പോയ കുറേ മനുഷ്യരുടെ പ്രയത്നത്തിന്റെയും അറിവിന്റെയുമൊക്കെ മുകളിലാണ് നമ്മൾ ഞെളിഞ്ഞ് നടക്കുന്നത്. അത് കൊണ്ട് ഒരു പൊടിക്ക് നിലത്തിറങ്ങാം. അവരെയൊക്കെ നന്ദിയോടെ സ്മരിക്കാം.
യഥാർത്ഥത്തിൽ നന്ദിയുള്ളവരാകുന്നത് നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണെന്നാണ് മനശാസ്ത്ര പഠനങ്ങൾ പറയുന്നത്. മാതാപിതാക്കളോട്, ഗുരുക്കന്മാരോട്, നേരിട്ടും അല്ലാതെയും നമ്മുടെ ജീവിതത്തെ സ്വാധീനിച്ചവരോടോക്കെ നന്ദി പറയുക, അവരെ നന്ദിയോടെ ഓർക്കുക. ഒരു കപ്പ് ചായ കുടിക്കുമ്പോൾ അതിന്റെ പിന്നിലുള്ളവരെ നന്ദിയോടെ ഓർക്കുക. നമുക്ക് ഇല്ലാത്ത, ലഭിക്കാത്ത കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുന്നതിന് പകരം ലഭിച്ച അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്നതൊക്കെ നമുക്ക് സന്തോഷം നല്കുമത്രേ. അങ്ങനെ ചിന്തിച്ചാൽ ഏറ്റവും കൂടുതൽ നന്ദിയും കടപ്പാടും ഇതിന്റെയൊക്കെ പിന്നിലുള്ള, ഇതിന്റെയൊക്കെ കാരണമായ, ഒന്നുമില്ലായ്മയിൽ നിന്ന് ഉണ്മയുണ്ടാക്കിയ, അചേതന വസ്തുവിൽ നിന്ന് ജീവനുണ്ടാക്കിയ, ബോധവും യുക്തിയുമില്ലാത്ത ഭൗതിക പദാർത്ഥങ്ങളിൽ നിന്ന് അതൊക്കെ ഉണ്ടാക്കിയ യാദൃശ്ചികതയോടാണ്. യാദൃശ്ചികതയെ പറ്റി പറയുകയാണെങ്കിൽ കുറേ പറയാനുണ്ട്. യാദൃശ്ചികത ഓഫ് ദി ഗ്യാപ് എന്നൊരു സിദ്ധാന്തം തന്നെ ഞാൻ രൂപ്പെടുത്തിയിട്ടുണ്ട്.
ശരിക്കും ഈ പഴയ എന്തിനോടും പുച്ഛം, പുതിയതിനോടൊക്കെ ഒരു അഭിനിവിശേം (Appeal to novelty) മോഡെർണിറ്റിയുടെ ഒരു ജനിതക ഫാലസിയാണ്. അന്യായമായി ഒരാൾ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നത് ആദ്യത്തെ കൊല തൊട്ടേ അധാർമികമാണ്. കുറേ പ്രകൃതമായത് കൊണ്ട് അതിൽ മാറ്റമൊന്നുമില്ല. ലോജിക്കും ഗണിതവും മൂല്യങ്ങളുമൊന്നും കാലപ്പഴക്കം നോക്കിയല്ല ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്. പഴക്കം കൂടുന്നതിനനുസരിച്ച് വീര്യവും മൂല്യവും കൂടുന്ന സാധങ്ങളുമുണ്ട്. നല്ല അത്യാധിനികമായ നവീനമായ മണ്ടത്തങ്ങളുമുണ്ട്. ഉദാഹണത്തിന് ഈ മണ്ടത്തരം മഹത്വവൽകരിച്ച ലിബറലിസം.
ഈ ഫാലസി ആകെ പ്രയോജനപ്പെടുന്നത് കമ്പനികൾക്കാണ്. പുതിയ ഫോൺ, കാർ, ടിവി ഒക്കെ പഴയതിനേക്കാൾ സൂപ്പറായിരിക്കും എന്ന മനോഭാവം അവർക്ക് പ്രയോജനമാണ്. പക്ഷേ അങ്ങനെ ഒരു ഗ്യാരണ്ടിയിലൊന്നുമില്ല. ചിലപ്പോ ചില പുതിയ ഫീച്ചേർസ് ഉണ്ടായിരിക്കാം, കൂടുതൽ സൗകര്യമുണ്ടായിരിക്കും. പക്ഷേ അതെല്ലാം നമുക്ക് ഗുണമാകണം എന്നൊന്നുമില്ല. ചിലത് നമുക്ക് ദോഷമായേക്കാം. പുതിയ സാധനങ്ങൾക്ക് എന്തയാലും പഴയ കാലത്തെ സാധങ്ങളുടെ ഗുണമേനയില്ല എന്നത് ഉറപ്പാണ്. കുറഞ്ഞ കാലം നിലനിൽക്കാനും പുതിയത് വാങ്ങാനും വേണ്ടി ബോധപൂർവം ചെയ്യുന്നതാണത്. അല്ലാതെ ഈട് നിൽക്കുന്ന സാധനങ്ങൾ ഉണ്ടാക്കാനറിയാഞ്ഞിട്ടല്ല.
അടിസ്ഥനപരമായി മനുഷ്യ പ്രകൃതത്തിലും സത്തയിലും ഒരു മാറ്റവുമില്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം, സുരക്ഷ, ചികിത്സ, ആശയവിനിമയം, സഞ്ചാരം, ദേഹേച്ഛകളുടെ പൂർത്തീകരണം, പ്രത്യുല്പാദനം, സന്തോഷം സമാധാനം അങ്ങനെ മനുഷ്യ ആവശ്യങ്ങൾ കാലാതീതമാണ്. മാറ്റമുള്ളത് ഇതൊക്കെ സാധ്യമാക്കുന്ന രീതികളിൽ മാത്രമാണ്.
കത്തുകളിലൂടെ കിട്ടിയിരുന്ന സന്തോഷവും ഇമെയിലിലും വാട്സാപ്പിലും കിട്ടില്ല, കത്തുകളിൽ സ്നേഹവും ആത്മാവുമുണ്ടായിരുന്നു. കൈകൊണ്ട് ഉണ്ടാക്കുന്ന ചപ്പാത്തിയുടെ രുചി റെഡി ടു ഈറ്റ് മെഷീൻ ചപ്പാത്തിക്കില്ല. നമ്മൾ പറമ്പിൽ എന്തെങ്കിലും നട്ടുണ്ടാക്കിയത് കൊണ്ട് കറിവെച്ചത് പിന്നേം രുചി കൂടുന്നതായി തോന്നും, ചിലപ്പോ തോന്നലായിരിക്കാം. എല്ലാം സന്തോഷവും നമ്മൾ നമ്മുടെയുള്ളിൽ ഉണ്ടാക്കുന്നതാണ്. കാര്യങ്ങൾ എളുപ്പമക്കലും കുറേ അസംബന്ധ മായാകളുമാണോ അതോ സന്തോഷവും സംതൃപിതിയുമാണോ മനുഷ്യരുടെ ലക്ഷ്യമെന്നത് ഒരു ഡെലിമ്മയാണ്.