ഇസ്ലാമും ആധുനിക ലോകക്രമവും

You are here:

നിരീശ്വര നിർമത ഭൗതിക പ്രത്യയ ശാസ്ത്രങ്ങളും ഇസ്ലാമും തമ്മിൽ ആശയ സംഘട്ടനം തുടങ്ങിയിട്ട് കാലം കുറെയായി. ഏത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വന്നാലും ഇസ്ലാം വിമർശനമാണ് പ്രധാനചർച്ച. മതവിമർശകർ ഇസ്ലാമിനെ മാത്രം ഉന്നം വെക്കുന്നതിന്  കാരണം ഇസ്‌ലാമോഫോബിയ മാത്രമാണോ? എന്തുകൊണ്ടാണ് ആഗോള മീഡിയകൾ നിരന്തരം ഇസ്ലാമിനെയും മുസ്ലിംകളെയും പൈശാചിക വത്കരിച്ചും അപരവത്കരിച്ചതും ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്? ആരാണ് ഇസ്ലാമിനെ ഭയപ്പെടുന്നത്?

നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങൾക്ക് ഒരേയൊരു വെല്ലുവിളി ഇസ്ലാമാണ്. വൈരുദ്ധ്യ ദ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് ലോക വീക്ഷണങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്ന് കൊണ്ടിരിക്കുന്നത്.

സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്ഥിരം ചോദ്യമെടുക്കാം. ഇതിന് എങ്ങനെയൊക്കെ മറുപടിപറഞ്ഞാലും ചിലർക്കുൾക്കൊള്ളാൻ കഴിയില്ല, കാരണം ചോദ്യം വരുന്നത് ഒരു ലോകവീക്ഷണത്തിൽ നിന്നും ഉത്തരം വരുന്നത് മറ്റൊരു ലോകവീക്ഷണത്തിൽ നിന്നുമാണ്. വ്യക്തി സ്വാതന്ത്ര്യമാണ് ഇതിൽ അതാർലീനമായിരിക്കുന്ന ആശയം. നമ്മൾ സമ്പൂർണ്ണ സ്വതന്തരാണ്, നമ്മുടെ പൂർണ്ണമായ ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും നമുക്ക് തന്നെയാണ്. നമ്മളാണ് നമ്മുടെ പരമമായ യജമാനൻ. My body my rights! മറ്റുള്ളവരെ പ്രത്യക്ഷത്തിൽ ഉപദ്രവിക്കാത്തതെല്ലാം ധാർമികമായി ശരിയാണ് തുടങ്ങിയ ലിബറൽ പോരോഗമന സ്വതന്ത്ര ചിന്തയുടെ അടിസ്ഥനമായ ഇൻഡിവിജ്വലിസ്റ്റിക് ആശയങ്ങൾ.

സ്വന്തം ജനനത്തിലോ സൃഷ്ടിപ്പിലോ യാതൊരു പങ്കുമില്ലാത്ത, സ്വന്തം കഴിവുകളിൽ പൂർണ്ണ നിയന്ത്രണമില്ലാത്ത നമുക്ക് ഏതു നിമിഷം മുതലാണ് നമ്മുടെ പൂർണ ഉടമസ്ഥാവകാശാവും സ്വാതന്ത്ര്യവും ലഭിച്ചത്? ആരിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്? എത്രയാണ് അതിൻറെ അളവ്? ആരാണത് തീരുമാനിച്ചത്? എന്നൊന്നും ചിന്തിച്ച് സമയം കളയേണ്ട, അതിലും പ്രത്യേകിച്ച് ഒരു യുക്തിയുമില്ല!

ഈ പ്രപഞ്ചത്തിനും നമുക്കും ഒരു സ്രഷ്ടാവുണ്ടെന്നും, എല്ലാറ്റിൻ്റെയും ഉടമസ്ഥൻ ദൈവമാണെന്നും, മനുഷ്യനെ ഒരു പ്രത്യേക ഉദ്ധേശലക്ഷ്യത്തിനായി സൃഷ്ടിച്ചതാണെന്നും വിശ്വസിക്കുന്ന, സ്വന്തം ദേഹേച്ഛകൾക്കതീതമായി ദൈവത്തിൻ്റെ ഇച്ഛക്കനുസരിച്ച്‌ ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നവരെയാണ് മുസ്ലിമെന്ന് പറയുന്നത്. ഇനിയാ ചോദ്യം ഒന്നൂടെ പരിഗണിച്ചാൽ, ദൈവത്തിൻറെ ഇച്ഛക്കനുസരിച്ച് ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന മുസ്ലിമിന് ദൈവത്തിൻ്റെ ഇച്ഛക്ക് വിരുദ്ധമായി, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടോ?? വാട്ട് കോക്കനട്ട് ചോദ്യം ഈസ് ദാറ്റ്? ഒരു ഇന്ത്യൻ പൗരനോട് ഇന്ത്യൻ നിയമങ്ങൾ അംഗീകരിക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോന്ന് ചോദിക്കുന്ന പോലെയാണിത്. ഒരു വ്യത്യാസം, ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്, എന്നാൽ ഇസ്ലാം ഒരാൾ സ്വയം സ്വീകരിക്കുന്നതാണ്. വ്യക്തിയും ദൈവവും തമ്മിലുള്ള കരാറാണത്. ഒരാൾക്ക് അതിൽ വിശ്വാസമില്ലാതായൽ, അത് ശരിയല്ലെന്ന് തോന്നിയാൽ പിന്നെ ഇസ്ലാമില്ല.

ഇസ്ലാമിൻ്റെ അടിസ്ഥാനത്തിന് നേർ വിരുദ്ധമായ ഒന്നാണ് ഇൻഡിവിജ്വലിസം. ഒരു മുസ്ലിം ഇൻഡിവിജ്വലിസം അംഗീകരിച്ചാൽ പിന്നെ ഇസ്ലാമില്ല. ഒരു മുസ്ലിമിന് സ്വന്തം സമ്പാദ്യം ഇഷ്ടത്തിന് ചിലവഴിക്കാൻ കഴിയുമോ? ഇല്ല, എല്ലാ വർഷവും 2.5% സകാത്ത് കൊടുക്കണം, കുടുംബത്തിൻറെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റണം. അനുവദിനീയമല്ലാത്ത ഒന്നിനും ചിലവഴിക്കാൻ പാടില്ല. മുസ്ലിമാവുകയും ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം എനിക്കിഷ്ടമുള്ള പോലെ ചിലവഴിക്കും എന്ന രണ്ട് നിലപാടുകളും കൂടി സാധ്യമല്ല.

പക്ഷേ ചർച്ചകളൊക്കെ  അകക്കാമ്പിലേക്കൊന്നും കടക്കാതെ വൈകാരിക മണ്ഡലത്തിൻറെ തൊലിപ്പുറത്താണ് അരങ്ങേറുന്നത്. സെക്യൂലറിസം മതത്തെ നിർവചിക്കുന്നത് ഒരാളുടെ ആത്മീയവും സ്വകര്യവുമായ ഒന്നായാണ്. യഥാർത്ഥത്തിലത് പറയുന്നത് നിങ്ങൾ ഇഷ്ടമുള്ളത് വിശ്വസിച്ച് നടന്നോളൂ, ഇവിടത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ എങ്ങനെയാവണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നാണ്. ക്രിസ്ത്യാനിറ്റിക്കോ ഹിന്ദുയിസത്തിനോ ബുദ്ധമതത്തിനോ അതിലൊരു പരിഭവമുണ്ടാകാനിടയില്ല, കാരണം അവ മനുഷ്യരുടെ ആത്മീയ മണ്ഡലത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയോ ഒതുങ്ങിപ്പോയതോ ആണ്. ഇസ്ലാമിനെ ഈയൊരു ചട്ടക്കൂടിൽ ഒതുക്കി നിർത്താൻ സാധ്യമല്ല. പുരോഗമന സെക്യൂലർ ഭൗതിക പ്രത്യയശാസ്ത്രങ്ങൾ മതത്തിന് അനുവദിച്ചു കൊടുക്കാത്ത സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെല്ലാം ഇസ്ലാം കൈ വെക്കുന്നുണ്ട്. ആത്മീയതിയിലൂന്നിയാണ് ഈ ഭൗതിക വ്യവഹാരങ്ങളെയെല്ലാം ഇസ്ലാം കൈകാര്യം ചെയ്യുന്നതും. ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം മനുഷ്യനെ കാണുന്നതും വിശകലനം ചെയ്യുന്നതും പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും പരിഹാരം കണ്ടെത്തുന്നതും മനുഷ്യനെ ഒരു കേവല ജൈവീക ഭൗതിക വസ്തുവായി മാത്രം പരിഗണിച്ചും ഇസ്ലാം മനുഷ്യൻ്റെ ആത്മീയ ധാർമിക വ്യവഹാരങ്ങളെയും ഭൗതിക പ്രകൃതിയെയും അംഗീകരിക്കുന്ന ദ്വൈതവാദത്തിലൂന്നിയുമാണ്. രണ്ട് വൈരുദ്ധ്യ പ്രമാണങ്ങളുടെ സമന്വയമാണ് ഇസ്ലാം.

സമൂഹത്തിൻറെ നന്മയെക്കാളും വ്യക്തിഗത സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ഇൻഡിവിജ്വലിസമാണ് ഇന്ന് നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ആന്തരിക തത്വം. ഇതിൻ്റെ രാഷ്ട്രീയ പതിപ്പാണ് ലിബറലിസം, സാമ്പത്തിക പതിപ്പാണ് ക്യാപിറ്റലിസം. ഇതനുസരിച്ചാണ് ആത്മഹത്യയും അബോർഷനും, സ്വവർഗ്ഗരതിയും, ഇന്സെസ്റ്റും, മൃഗരതിയും, ശവരതിയും ലൈംഗീക അരാജകത്വവും അവകാശവും സ്വാതന്ത്ര്യവുമാകുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിക ജീവിയാണ്. ചരിത്രത്തിലെന്നും മനുഷ്യൻ ഓരോ സമൂഹമായാണ് നില നിന്നിരുന്നത്. സുദൃഢമായ കുടുംബബന്ധങ്ങളാണ് സമൂഹത്തിൻ്റെ അടിസ്ഥാന ഘടകം. മുകളിൽ പറഞ്ഞ ഇൻഡിവിജ്വലിസ്റ്റിക് അവകാശവും സ്വാതന്ത്ര്യവുമെല്ലാം കട പുഴക്കുന്നത് സമൂഹത്തിൻ്റെ ആണിക്കല്ലിനെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഒരു പരിധി വരെ ഇപ്പോഴും we കൾച്ചറാണ് നിലനിൽക്കുന്നത് , പാശ്ചാത്യ രാജ്യങ്ങൾ me കൾച്ചറും. അവിടേക്ക് പാഞ്ഞടുക്കാനാണ് സ്വതന്ത്ര ചിന്തകരുടെ ഈ പുരോഗമന വിപ്ലവങ്ങൾ. അതിൻറെ വിദൂര ഭാവിയിലുള്ള അപകടങ്ങളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ സ്വാതന്ത്രമായി ചിന്തിക്കാത്തത് കൊണ്ട് മാത്രമാണത്. ഇതിന് നേരെ വിരുദ്ധമായ, വ്യക്തികളേക്കാൾ സമൂഹത്തിൻറെ താല്പര്യങ്ങളും അവകാശങ്ങളും പോരോഗമനവും ലക്ഷ്യം വെക്കുന്ന ആശയങ്ങളാണ് collectivism/socialism. അവിടെ വ്യക്തിക്ക് പ്രത്യേക അവകാശങ്ങളോ പരിഗണനയോ ഉടമസ്‌ഥവകാശമോ ഇല്ല. ഇന്ന് എവിടെയും നിലവിലില്ലാത്തത് കൊണ്ട് മാറ്റിവെക്കാം.

ഈ ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം ഒരു സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കുന്നത് ഒരു അധികാരകേന്ദ്രം നടപ്പിലാക്കുന്ന നിയമങ്ങളിലൂടെയും കൃത്യമായ നിരീക്ഷിണങ്ങളിലൂടെയുമാണ് (Top down hierarchy) അധികാരകേന്ദ്രം അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം മാത്രമാണ് നമുക്കുണ്ടാകുക. നിയമവാഴ്ച തടസ്സപ്പെട്ടാൽ, അധികാരകേന്ദ്രം തകർന്നാൽ സമൂഹം താറുമാറാകും. അധികാര കേന്ദ്രം നീതിയും ന്യായവും നടപ്പിലാക്കിയില്ലെങ്കിലും വ്യവസ്ഥി അലങ്കോലമാകും. മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരു പോലെ ചീഞ്ഞളിഞ്ഞ മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ അധികാരവും ശക്തിയുമുള്ളവർക്ക് നീതിന്യായം നടപ്പിലാക്കാൻ ധാർമിക ഉത്തരവാദിത്വമൊന്നുമില്ല. അതൊക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കുന്നതാണെന്ന് തോന്നിയാൽ ചെയ്യാതിരിക്കാൻ കാരണങ്ങളൊന്നുമില്ല, ചെയ്യാൻ ധരാളം കാരണങ്ങളുമുണ്ട്.

മനുഷ്യവകാശ പ്രഖ്യാപനം മഹത്തരം തന്നെ, പക്ഷേ മൂന്ന് പരിമിതികളുണ്ടതിന്. വ്യക്തികളെ മാത്രമാണത് പരിഗണിക്കുന്നത്, സമൂഹത്തിൻ്റെ നിലനിൽപ്പ് അതിൻറെ പരിഗണനയിൽ വരുന്നില്ല. അതിനാൽ സമ്പൂർണ്ണമോ പ്രയോഗികമോ അല്ല. അത് കൊണ്ടാണ് അതിലെ പല അവകാശങ്ങളും നിഷേധിച്ചു കൊണ്ട് യുദ്ധതടവുകാരെ ബന്ദികളാക്കി വെക്കാനും അവരെ നിർബന്ധിച്ചു പണിയുടുപ്പിക്കാനും സമ്മതിച്ച്‌ വിവിധ രാജ്യങ്ങൾക്ക് ജനീവ കരാറിൽ ഒപ്പ് വെക്കേണ്ടി വന്നതും ഓരോ രാജ്യങ്ങൾക്കും ക്രിമിനൽ നിയമങ്ങളുണ്ടാക്കേണ്ടി വരുന്നതും. ഫലത്തിൽ പറയുന്നത് ഞങ്ങൾ പറയുന്ന നിയമങ്ങൾ അനുസരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും നിങ്ങൾക്കുണ്ട്, ഇല്ലെങ്കിൽ ജയിലിലടക്കും, തൂക്കിക്കൊല്ലും, സ്വത്ത് കണ്ട്കെട്ടും എന്നൊക്കെയാണ്. അതിൻറെ ഏറ്റവും വലിയ പരിമിതി നിരന്തരം കാറ്റിൽ പറക്കുന്ന UN റെസൊല്യൂഷൻസ് തന്നെയാണ്. അധികാരവും ശക്തിയുമുള്ളവർക്ക് അതൊക്കെ പാലിക്കണെമെന്ന് ധാർമിക ബാധ്യതയൊന്നുമില്ല. നടപ്പിലാക്കിയാൽ അതവരുടെ ഔദാര്യമായി കണക്കാക്കാം അത്ര തന്നെ. എല്ലാ കാര്യങ്ങളെയും യൂട്ടിലിറ്റിയുടെയും ലാഭനഷ്ടങ്ങളുടെയും ദുഃഖസന്തോഷങ്ങളുടെയും അടിസ്ഥാനത്തിൽ വിശകലന ബുദ്ധിയോടെ ചിന്തിക്കാനാണ് ഈ പ്രത്യയശാസ്ത്രങ്ങളെല്ലാം മനുഷ്യനെ പഠിപ്പിക്കുന്നത്. എല്ലാ മനുഷ്യനിർമിത പ്രശ്നങ്ങളുടെയും മൂല കാരണങ്ങളായ അധികാര സാമ്പത്തിക സ്ഥാനമങ്ങളോടുള്ള ആർത്തി, അഹംഭാവം അസൂയ തുടങ്ങിയ മനുഷ്യ ബലഹീനതകൾക്കൊന്നും ഭൗതികവാദ ലോകവീക്ഷണത്തിൽ പരിഹാരമില്ല. ഇതിനൊന്നും പരിഹാരമില്ലാത്തത് കൊണ്ടാണോ മനുഷ്യ പ്രകൃതിയെക്കുറിച്ച് ഒരു പിടിയും കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല, നവനാസ്തികർ ഏത് പ്രശ്നത്തിൻ്റെ കാരണമന്വേഷിച്ചു പോയാലും അത് മതത്തിൽ ചെന്നാണ് അവസാനിക്കുക.

ഇതിൽ ഇസ്ലാമെവിടെയാണ്? ഇസ്ലാം വ്യക്തികളെയും സമൂഹത്തെയും ഒരു പോലെ പരിഗണിക്കുന്നുണ്ട്, അത് കൊണ്ട് കൃത്യമായ അതിർവരമ്പുകളുമുണ്ട്. എന്നാലത് വ്യക്തി കേന്ദ്രീകൃതമോ സമൂഹ കേന്ദ്രീകൃതമോ അല്ല. ദൈവ കേന്ദ്രീകൃതമാണ്. ഇസ്ലാം സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് വിരുദ്ധമായി താഴെ നിന്നും മുകളിലേക്കാണ് (Bottom up). വ്യക്തികളിൽ നിന്നാണത് തുടങ്ങുന്നത്. മനുഷ്യരിലെ നൈസർഗ്ഗിക നന്മകളെ പരിപോഷിപ്പിച്ചും തിന്മകളെ തരണം ചെയ്യാനുമുള്ള ആത്മീയ സംസ്കരണം വഴി സുദൃഡമായ കുടുംബങ്ങളിലൂടെയാണ് ഇസ്ലാം സമൂഹത്തെ കെട്ടിപ്പടുക്കുന്നത്. എല്ലാ വ്യക്തികൾക്കും സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും കൃത്യമായ ബാധ്യതകളും ഉത്തരവാദത്തിങ്ങളുമുണ്ട്. സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമായാണ് ഇസ്ലാം കുടുംബത്തെ കാണുന്നത്. അത് കൊണ്ടാണ് കുടുംബ ബന്ധം മുറിക്കുന്നത് അത്രമേൽ കുറ്റകരമാകുന്നതും മൂന്ന് ദിവസത്തിലധികം ബന്ധുക്കളട് പിണങ്ങി നിൽക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്താകുന്ന തെറ്റാകുന്നതും കുടുംബബന്ധങ്ങളെ തകർക്കുന്ന വിവാഹേതര ലാംഗീക ബന്ധങ്ങളെയും സ്വർഗ്ഗരതിയും മദ്യവും മയക്കുമരുന്നും ഇസ്ലാം വിലക്കുന്നതും. പിന്നീടാണ് ഭരണകേന്ദ്രം വരുന്നത്. ഈ അധികാര കേന്ദ്രം തകർന്നാലും ബാഹ്യ ഇടപെടലുകൾ ഇല്ലെങ്കിൽ സമൂഹം പരിക്കുകളില്ലാതെ പിടിച്ച്നിൽക്കും. ആത്മീയ ഉണർവ്വിലൂടെ അത് വീണ്ടും തളിർക്കും. അധികാര കേന്ദ്രത്തിൻ്റെ അധികാരങ്ങൾ പരിമിതമാണ്. അടിസ്ഥാനപരമായ നിയമങ്ങളും തത്വങ്ങളും ദൈവത്തിൻ്റെതാണ്. അതിലൂന്നി നിന്നുകൊണ്ടുള്ള സമൂഹത്തിൻ്റെ ഉന്നമനവും പ്രയോഗിഗമാക്കലുമാണ്‌ ധർമ്മം. പൊളിറ്റിക്സിലൂടെ ഇസ്ലാമല്ല, ഇസ്ലാമിലൂടെ പൊളിറ്റിക്‌സും ഏക്കണോമിക്‌സുമുണ്ടാവുകയാണ്. തെറ്റ് ചയ്യുന്ന മുസ്ലികളുണ്ടാകും, ഇസ്ലാം ഒരു മെബർഷിപ്പ് പദ്ധതിയല്ല. അത് തെറ്റിൻ്റെയും ശരിയുടെയും നിരന്തരമായ തിരഞ്ഞെടുപ്പുകളാണ്. തെറ്റുകൾ തിരുത്താനും പ്രായശ്ചിത്തം ചെയ്യാനുമുള്ള പ്രോചോദനമാണ്. ഇസ്‌ലാമെന്നാൽ ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കലാണ്.

നാസ്തികരുടെ ദൈവ വിമർശനത്തിന്റെ ഒരു പ്രധാന പ്രമേയമാണ് സോമാലിയയിലെ പട്ടിണിപ്പാവങ്ങളുടെ ഫോട്ടോ വച്ച് നിങ്ങടെ ദൈവം എവിടെപ്പോയി എന്നുള്ളത്. പക്ഷേ അതിൻറെ കാരണങ്ങളെക്കുറിച്ചോ പരിഹാരത്തെ കുറിച്ചോ അവർ ചർച്ച ചെയ്യാറുമില്ല. മുതലാളിത്തമാണ് ആധുനിക ലോകത്തെ സമ്പദ് വ്യവസ്ഥ. മുതലാളിത്തത്തെ കുത്തുക ബൂർഷ്വാ വില്ലനായാണ് പൊതുവെ ചർച്ച ചെയ്യാറുള്ളത്. എന്നാലതിന് ചില നല്ല വശങ്ങളുമുണ്ട്. വ്യക്തികൾക്ക് സ്വത്തിൻറെ ഉടമസ്ഥാവകാശാവും അത് അഭിവ്യദ്ധിപ്പെടുത്താനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ഇത് ഉത്പാദനക്ഷമതയും കണ്ടെത്തലുകളും വർദ്ധിപ്പിക്കും. അതിനേക്കാളേറെ പ്രശ്നങ്ങളുമുണ്ട്. മൂലധനത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം ഉൽ‌പ്പന്നങ്ങളിലും തൊഴിൽ വിപണികളിലും കുത്തക അധികാരം നേടാൻ കാരണമാകും. ലാഭത്തിൽ അധിഷ്ടിതമായത് കൊണ്ട് ഉപഭോക്തൃപരത പ്രോത്സാഹിപ്പിക്കും. സമൂഹത്തെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകളായി തിരിക്കും. പണക്കാർ കൂടുതൽ പണക്കാരും ദാരിദ്രർ കൂടുതൽ ദരിദ്രരുകും. സമ്പത്ത് മുഴുവൻ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ അടിഞ്ഞ് കൂടും. ഭീകരമായ അസമത്വത്തിനും ചൂഷണത്തിനും വഴിവെക്കും. അധികാര കേന്ദ്രവും മുതലാളിത്തവും കൈ കോർക്കുമ്പോൾ ഫാഷിസമുണ്ടാകും.

ഇതിന് നേരെ വിരുദ്ധമാണ് എല്ലാവരുടെയും സമത്വം ലക്ഷ്യം വച്ചുള്ള സോഷ്യലിസം. അവിടെ വ്യക്തികൾക്കല്ല, എല്ലവർക്കും കൂടെയാണ് ഉടമസ്ഥാവകാശം. അധികാരകേന്ദ്രമായിരിക്കും ഉടമസ്ഥാവകാശവും വിതരണാവകാശവും  കൈകാര്യം ചെയ്യുന്നത്. മുതലാളിമാരെ ബൂർഷ്വകളയാണ് കാണുന്നത്. സമത്വം നടപ്പിലാക്കുന്നത്ബ ലപ്രയോഗത്തിലൂടെയാണ്. കഷ്ടപ്പെട്ട് പഠിച്ചു പണിയെടുത്താലും ഒന്നും പഠിക്കാതെ ചെറിയ ജോലികൾ ചെയ്താലും എല്ലാവർക്കും കിട്ടുന്നത് തുല്യമായത് കൊണ്ട് ഉത്പാദനക്ഷമത കുറക്കും. ശുദ്ധമായ സോഷ്യലിസം ഇന്നെവിടെയും നിലനിക്കുന്നില്ല. വൈരുധ്യ ദ്രുവങ്ങളിൽ സഞ്ചരിക്കുന്ന ഇവ രണ്ടും സമന്വയിപ്പിക്കുന്നത് മടലിൻമേൽ ചവിട്ടുന്നത് പോലെയാണ്.

ഈ രണ്ട് ആശയങ്ങളുടെയും നല്ല വശത്തെ ഇസ്ലാം സമന്വയിപ്പിക്കുന്നത് ആത്മീയമണ്ഡലത്തിൽ. വ്യക്തികൾക്ക് ഉടമസ്ഥാവകാശവും വിതരണാവകാശവുമുണ്ട്. എല്ലാ വർഷവും സമ്പത്തിൻ്റെ 2.5% ദരിദ്രർക്ക് കൊടുത്ത് വീണ്ടും മാർക്കറ്റിലേക്ക് തന്നെ ഇറക്കുന്നുണ്ട്. കൂടുതൽ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനൊക്കെ മരണാനന്തര ഇൻസെന്റീവുമുണ്ട്. ദാനം ചെയ്യുന്നത് കൊണ്ട് ഈ ലോകത്ത് സമ്പത്ത് കുറയില്ലെന്ന വാഗ്ദാനവുമുണ്ട്. സമ്പത്ത് ഒരിടത്ത് അടിഞ്ഞു കൂടുന്നതിലല്ല, അതിൻ്റെ ഒഴുക്കിലാണ് അഭിവൃദ്ധി. പൂഴ്ത്തിവെപ്പും കരിച്ചന്തയും അളവിൽ കൃത്രിമവും പാടില്ലെന്ന ധാർമിക ഉത്തരവാദിത്തമുണ്ട്. ദരിദ്രരെ കൂടുതൽ ദരിദ്രക്കുകയും സമ്പന്നതയിലേക്കുള്ള എല്ലാ വാതിലുകളും ഇടുക്കുന്ന പലിശ നിഷിദ്ധമാണ്. ഉപഭോഗപരതയെ പ്രോത്സാഹിയ്പ്പിക്കുന്നില്ല. ഭൗതിക ലോക വീക്ഷണത്തിൽ സന്തോഷത്തിൻ്റെ ഏക മാർഗ്ഗം ഭൗതിക നേട്ടങ്ങളാണ്. അതാകട്ടെ ബഹു ഭൂരിപക്ഷത്തിന്‌ അപ്രാപ്യവുമാണ്. ഇസ്ലാമിൽ ഭൗതിക നേട്ടങ്ങൾ ജീവിക്കാനുള്ള അവശ്യവസ്‌തുക്കളും ഉപാധികളും മാത്രമാണ്. ആത്യന്തികമായ സന്തോഷം ആത്മീയതയിലും ദൈവ സ്മരണയിലുമാണ്. അത് പാവപ്പെട്ടവനും പണക്കാക്കരനും ഒരു പോലെ പ്രാപ്യമാണ്. പക്ഷേ ഇങ്ങനെ സംശുദ്ധമായ ഒരു ഇസ്ലാമിക ക്രമം ഇന്ന് ലോകത്തെവിടെയും നിലനിൽക്കുന്നില്ല. ഇന്നുള്ളത് ഇസ്ലാമിക് ഫ്ലേവർ ചേർത്ത ചില നിയമങ്ങളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ മാത്രമാണ്.

ഭൗതിക പ്രത്യയശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്ന പോലെ സന്തോഷം എന്നത് ഭൗതിക നേട്ടത്തിലൂടെ സ്വന്തമാക്കാൻ കഴിയുന്ന ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് സമ്പത്തും സൗകര്യങ്ങളും പ്രശസ്ഥിയും സ്വാധീനവുമുള്ള പല സെലിബ്രിറ്റികൾക്കും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടേണ്ടി വരുന്നത്? എന്ത് കൊണ്ടാണ് ചിലർ ആത്മഹത്യ ചെയ്യുന്നത്? എന്താണ് ചിലർ ആത്മീയത തേടിയിറങ്ങുന്നത്?

സമൂഹത്തിന്റെ കുടുംബഘടനയെ തകർത്ത് മനുഷ്യ സമൂഹത്തെ സ്വാർത്ഥരായ വ്യക്തികളാക്കി ചുരുക്കി പ്രതിഷേധസ്വരങ്ങളെ വികേന്ദ്രീകരിച്ച്, സന്തോഷം എന്നത് ഭൗതികനേട്ടത്തിലൂടെയും ദേഹേച്ഛകളുടെ പൂർത്തീകരണത്തിലൂടെയും ശാസ്ത്രസാങ്കേതിക വിപ്ലവത്തിലൂടെ ജീവിതം എളുപ്പമാക്കിയും വിനോദങ്ങളിലൂടെയും മാത്രം നേടാൻ കഴിയുന്നതാണെന്ന ആഖ്യാനത്തിലൂടെ ഹൈപ്പർ കൺസ്യൂമറിസം വിഭാവനം ചെയ്യുന്ന ഒരു ചെറിയ ന്യൂന പക്ഷം ഭയപ്പെടേണ്ട ഒരു പ്രത്യയശാസ്ത്രം തന്നെയാണ് ഇസ്‌ലാം. അവർ പടച്ചു വിടുന്ന ഇസ്ലാമോഫോബിയ ഏറ്റുപിടിച്ചു പോരോഗമന വിപ്ലവം നയിക്കുന്ന സ്വതന്ത്ര ചിന്തകർ സംഘ്പരിവാർ ഫാസിസത്തിന് വേണ്ടി ബലിദാനികളാകുന്ന ദളിതരെപ്പോലെയാണ്. വിവിധ മണ്ഡലങ്ങളുടെ അടിവേരിലൂടെയുള്ള പൊതുബോധ നിർമിതിയുടെയും Consent Manufacturing ൻ്റെയും ഇരകളാണവർ. സഹാനുഭീതിയോടെയും അവദാനതയോടെയും സമീപിക്കേണ്ടവർ. വാദിച്ചു ജയിച്ചത് കൊണ്ടോ ചാപ്പയടിച്ചത് കൊണ്ടോ ഗുണമില്ല. ആദമിൻ്റെ സന്തതികളെല്ലാവരും ഒന്നൊണെന്നും ഏകനായ സ്രഷ്ടാവിനെയല്ലാതെ മറ്റാരെയും മറ്റൊന്നിനും കീഴ്പെടേണ്ടതില്ലെന്നും പറയുന്നതിലും അതിൽ നിന്ന് വ്യതിചലിക്കുന്ന എല്ലാ കാര്യങ്ങളെയും മുളയിലേ നുള്ളിക്കളയുന്നതിലും എന്താണിത്ര അസഹിഷ്‌ണുതപ്പെടാനുള്ളത്? അതിനേക്കാൾ എന്ത് മഹിമയും സ്വാതന്ത്ര്യവുമാണ് സ്വന്തം ദേഹേച്ഛകളേയും സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അധികാരിമുതലാളിമാരെ കീഴ്വണങ്ങി ജീവിക്കുന്നതിനുള്ളത്?

സ്വയം മറന്ന് ഭൗതികതയുടെ പിന്നാലെ പായുന്ന മനുഷ്യനെ വിളിച്ചു വരുത്തി പണ്ഡിതനെയും പാമരനേയും സമ്പന്നനെയും ദരിദ്രനെയും കറുത്തവനെയും വെളുത്തവനെയും ഒരേ വരിയിൽ അണിനിരത്തി ആത്യന്തിക സന്തോഷം ദൈവസവിധത്തിലാണെന്ന് ഇടക്കിടെ ഓർമപ്പെടുത്തുന്ന നിസ്‌കാരം ഭൗതികവാദികൾക്ക് കുറെ സിറ്റപ്പുകളും കോപ്രായങ്ങളുമായി തോന്നുക സ്വാഭാവികമാണ്. മൂന്ന് തരം പ്രത്യയശാസ്ത്രങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഭൗതികം, ആത്മീയം, ഇസ്ലാമികം. ഈ ആത്മീയ ഭൗതിക പ്രത്യയശാസ്ത്രങ്ങൾക്കകത്ത് നിന്ന് കൊണ്ട് ഇസ്ലാമിനെ നോക്കികാണാൻ ശ്രമിച്ചാൽ അത് പിടി തരില്ല. മനുഷ്യ പ്രകൃതി പോലെത്തന്നെ ആത്മീയ ഭൗതിക ദ്വന്ദങ്ങളുടെ സമന്വയമാണ് ഇസ്ലാമും.

മനശ്ശാസ്ത്രത്തിൽ ഒരു വിഷയത്തെക്കുറിച്ചുള്ള നമുടെ ധാരണ പെട്ടന്ന് മാറുന്ന Gestalt shift എന്നൊരു പ്രതിഭാസമുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വിഭാഗത്തിലുള്ള ചില ചിത്രങ്ങൾ കണ്ടിട്ടില്ലേ, ഇതിലൊരു മൃഗമുണ്ട് കണ്ടെത്താൻ പറ്റുമോ? കുറെ നേരം തിരിച്ചും മറിച്ചും നോക്കുമ്പോൾ, അല്ലെങ്കിൽ ഒരാൾ ഒരു കണ്ണ് കാണിച്ചു തരുമ്പോൾ, പിന്നെ ഒരു ചെവി കാണും തല കാണും കാല് കാണും, പൊടുന്നനെ മൃഗം തെളിഞ്ഞു വരും. ചർച്ചകൾ അകക്കാമ്പിലേക്ക് പോയാൽ, മനുഷ്യൻറെ അടിസ്ഥാന സത്തയെ മനസ്സിലാക്കിയാൽ, നിലവിലുള്ള ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികളും അപകടങ്ങളും ചൂഷണങ്ങളും ബോധ്യമായാൽ, ഇതിൽ നിന്നുള്ള മോചനമെന്തെന്നൊരു ചോദ്യം ഉയർന്ന് വന്നാൽ, ഇസ്ലാമിനെ കേവലം ഒരു ആത്‌മീയ പ്രത്യയശാസ്ത്രമായി കാണുന്നതിന് പകരം മനുഷ്യൻ്റെ ആത്മീയ-ഭൗതിക അസ്തിത്വങ്ങളെ സമന്വയിക്കുന്ന ഒരു വിശാല ലോക വീക്ഷണമായി കാണാൻ കഴിഞ്ഞാൽ, ഒരു രാജമാർഗ്ഗമായി ഇസ്ലാം മുന്നിൽ തെളിഞ്ഞുവരും.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected