കുയിലുകളുടെ സാമൂഹിക നിർമിതി

You are here:

രാവിലെ തന്നെ കുയിലിനെ തേടി ഇറങ്ങിയതാണ്. കുയിലിന് ശരിക്കും പാട്ട് പാടാൻ കഴിയുമോ എന്നുറപ്പ് വരുത്തലാണ് ലക്ഷ്യം.

സംഗീതം പ്രപഞ്ചത്തിലുള്ളതാണ് എന്നൊരു വാദം, അല്ല സംഗീതം മനുഷ്യൻ്റെ ഉള്ളിലാണുള്ളത്, തൻ്റെ സംഗീത സൗന്ദര്യ അഭിരുചികൾ പ്രപഞ്ചത്തിൽ ആരോപിക്കുകയാണ് മനുഷ്യൻ എന്ന് വേറൊരു വാദം. ബൈ ദുബൈ രണ്ടും വാദിക്കുന്നത് ഞ്യാൻ തന്നെയാണ്.

പ്രപഞ്ചത്തിൽ എല്ലയിടത്തും സംഗീതമുണ്ട്, മഴയിലും കാറ്റിലും, കുഞ്ഞുങ്ങളുടെ കൊഞ്ചലിലും പ്രിയപ്പെട്ടവളുടെ ചിണുങ്ങലിലും എല്ലാം സംഗീതമുണ്ട്.

അതൊക്കെ നമ്മുടെ മൂഡിനും അവസ്ഥക്കുമനുസരിച്ച് നമുക്ക് തോന്നുന്നതാണ്. ഇതേ നമ്മൾ തന്നെ മൂഡ്ഇ ശരിയല്ലെങ്കിൽ ഇതൊക്കെ ശല്യം എന്നും പറയും.

അല്ല കുയിലിനൊക്കെ ശരിക്കും പാട്ട് പാടാനറിയാം.

തൻ്റെ കൊക്കുകൾക്കിടയിലൂടെ കാറ്റ് വിടുക മാത്രമാണ് കുയില് ചെയ്യുന്നത്. അതുനുള്ളിലെ ചില കിണാന്ത്രികൾ കാരണം പ്രത്യേക ശബ്ദമുണ്ടാകുന്നു, നമുക്കത് സംഗീതമായി തോന്നുന്നു, കാക്കയും ചെയ്യുന്നത് ഇത് തന്നെയാണ്. അല്ലാതെ കുയിലിന് സ്വരവും രാഗവും, ഹിന്ദുസ്ഥാനിയും പോപ്പും റോക്കുമൊന്നുമറിയില്ല.

ശരിക്കും മനുഷ്യൻ എന്തിനായിരിക്കും ഇങ്ങനെ സംഗീതവും സൗന്ദര്യവും സ്നേഹവും അർത്ഥവും ഒക്കെ അന്വേഷിച്ചു നടക്കുന്നത്? അതിജീവനത്തിനും പ്രത്യുല്പാദനത്തിനും പരിണമിച്ചാൽ അതും ചെയ്ത് എവിടേലും അടങ്ങിയിരിക്കണം. ആവശ്യമില്ലത്തതിൻ്റെ പിറകെ പോകുന്നതെന്തിന്? ചിലർ ഹിമാലയം കീഴടക്കാൻ പോകുന്നു, ചന്ദ്രനിലും ചൊവ്വയിലും പോകുന്നു. എന്ത് കാര്യത്തിന്. ആ.. അത് പിന്നെ ചിന്തിക്കാം. എല്ലാം കൂടെ ഒപ്പം ചിന്തിച്ചാൽ അന്തവും കുന്തവും കിട്ടില്ല.

കുയിലിന് പാട്ടുപാടാൻ കഴിവുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒരു കുയിലിനെ കിട്ടണം, അങ്ങനെ ഇറങ്ങിയതാണ്. കോൺക്രീറ്റ് കാടുകളിൽ കുയിലുകൾ ഉണ്ടാകില്ലെന്ന് കേട്ടു, ഏതെങ്കിലും പെറ്റ്സ് ഷോപ്പിൽ നോക്കാം. അവിടെ കിയുലുണ്ടാകുമോ കുയിലിനെ വളർത്താൻ പാടുണ്ടോ എന്നൊന്നും അറിയില്ല. നമുക്കൊരു അര മണിക്കൂറിൻ്റെ കാര്യമേ ഒള്ളു.

ഒരു ഡീലക്‌സ് പെറ്റ്സ് ഷോപ് കണ്ടു, കുറച്ച് അലങ്കാര മത്സ്യങ്ങളും, കിളികളെയും കിളിക്കൂടുകളും കാണാൻ പാകത്തിൽ പുറത്ത് തന്നെ വെച്ചിട്ടുണ്ട്. പക്ഷെ ഒരു സുഖമില്ല, കിളികളുടെ കാഷ്ഠവും ഒക്കെയായി ഒരു വൃത്തികേട്. പിന്നെ ഫ്രണ്ട്സ്, ഏവൺ അങ്ങനെ കുറച്ചു കടകളൂം കണ്ടു, എല്ലാം ഈ പറഞ്ഞ പോലെ തന്നെ അവസ്ഥ.

കുറച്ചു കൂടി പോയപ്പോ Petzia എന്നൊരു ഷോപ് കണ്ടു. പുറത്ത് ഒന്നും കാണാനില്ല. മുഴുവൻ ഗ്ലാസിട്ടുണ്ട്. പേരിന്റെ കൂടെ ഒരു പൂച്ചകുട്ടിയുടെ ഐക്കണുണ്ട്. അത് തന്നെ ആയിരിക്കും. ഒന്ന് കേറി നോക്കാം.
നല്ല വൃത്തിയുള്ള ഫ്ലോർ, ചെറിയ ശബ്ദത്തിൽ പാട്ട് മുഴങ്ങുന്നുണ്ട്. കേറിന്നുടത്ത് കുറച്ച് അലങ്കാര മൽസ്യങ്ങൾ മാത്രം. പിന്നെ കുറെ ചിത്രങ്ങൾ, ചെടികൾ, പൂക്കൾ, മനോഹരമായി ഡെക്കറേറ്റ് ചെയ്ത ഇന്റീരിയർ.

കുയിലുണ്ടോ ബ്രോ?

ഉണ്ടല്ലോ, 2999 രൂപയാകും. കാണിക്കാം.

അകത്ത് പോയി ഒരു കൂട്ടിൽ വളരെ പരിചിതമായ ഒരു കറുത്ത പക്ഷിയുമായി വരുന്നു. ഞാനൊന്ന് സൂക്ഷിച്ച് ഇതെന്ത് കുയിലാണ്? ഇങ്ങനെയാണോ കുയിൽ? അടുത്തെത്തിയതും അത് കാ കാ എന്ന് ചിറകിട്ടടിച്ച് കരയാൻ തുടങ്ങി.

ങ്ഹേ! ഇത് കാക്കയല്ലേ ബ്രോ?

അതൊക്കെ ഒരോ സോഷ്യൽ കൺസ്ട്രക്റ്റാണ്, കാക്കയെ നമ്മൾ കാക്കയായി കാണുന്നത് കൊണ്ടാണ് അത് കാ കാ ന്ന് കരയുന്നത്. കുയിലാണെന്ന് കരുതി വളർത്തിയാൽ അത് കൂ കൂ ന്ന് പാടും.

എന്നിലെ തത്വചിന്തകൻ്റെ കിളി പാറി, പാറിയത് മയിലാണോ കുയിലാണോ, ശബ്ദം എങ്ങനെയായിരുന്നു എന്നൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. എല്ലാം കൂടി ചിറകിട്ടടിച്ച് ഒരു കലപിലയായിരുന്നു.

എൻ്റെ ഭാഗത്തും തെറ്റുണ്ട്. ഇത്രയും പുരോഗമനോന്മുകമായ ഒരു അത്യാധുനിക കടയിൽ ഞാൻ കുയിലിനെ തേടി പോകാൻ പാടില്ലായിരുന്നു!

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected