മായാക്കാഴ്ചകളിൽ കണ്ണഞ്ചി
സമയം പോയത് ഞനറിഞ്ഞേയില്ല
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്പകിട്ടിലും
കണ്ണുകളിൽ കൂരിരുട്ട് പടരുന്നു
വഴികളെല്ലാം മാഞ്ഞ് പോകുന്നു
പോകുന്ന വഴികളെല്ലാം
ശൂന്യതയിലവസാനിക്കുന്നു
പകലുകളിൽ വിളക്ക് കത്തിച്ചിട്ടും
ഒന്നും തെളിയുന്നില്ല
നട്ടു നനച്ച ചെടികളെല്ലാം
ചീഞ്ഞളിഞ്ഞു
നീന്തി തുടിച്ച പുഴകളെല്ലാം
ചെളിക്കുണ്ടായി
മുകളിലും താഴേയും ശൂന്യമാണ്
അനന്തമായൊരു ശൂന്യത
എന്നെ വരിഞ്ഞ് മുറുക്കുന്നു
എൻ്റെ നെടുവീർപ്പുകളും
ശൂന്യമായിരിക്കുന്നു
ഞാനും ശൂന്യമാവുകയാണ്..
ഞാനും നീയും തനിച്ചായിരുന്ന കാലം
മഞ്ഞു വീഴുന്ന പോലെ മൃദുവായി
നീയെൻറെ പേര് മന്ത്രിച്ചപ്പോൾ
കൈകളിൽ മുറുകെ പിടിച്ച്
ഒരിക്കലും കൈവിടില്ലെന്ന്
ഞാനുറപ്പ് തന്നിരുന്നില്ലേ?
നീ തണുത്ത് മരവിച്ചപ്പോൾ
ഞാൻ ചൂട് പകർന്നിരുന്നില്ലേ?
നീ വറ്റി വരണ്ടപ്പോൾ
ഒരു തെളിനീരുറവയായി
ഞാൻ നിന്നിൽ പെയ്തിരുന്നില്ലേ?
വഴികളിലെ മായാകാഴ്ചകളെ കുറിച്ച്
മോഹിപ്പിക്കുന്ന കെണികളെ കുറിച്ച്
തേനിൽ ചാലിച്ച വിഷങ്ങളെ കുറിച്ച്
ഞാൻ താക്കീത് ചെയ്തിരുന്നില്ലേ?
നിന്നിൽ നിന്ന് എന്നിലേക്കൊരു രേഖയുണ്ട്
നീ പണ്ടേ മറന്നുപോയൊരു വഴിയാണത്
എന്നിലേക്ക് വരാതെ
എന്നിൽ നിന്നകലാനായി
നീയെന്നോട് തന്നെ തേടുന്നതെന്തിന്?
നിൻറെയൊരു വിളിക്കായി
ഞാനിപ്പോഴും കാതോർത്തിരിക്കുകയാണ്
നിന്നെക്കാൾ നിന്റെയടുത്ത് ഞാനുണ്ട്
നിനക്ക് കാണാൻ കഴിയില്ലെന്നെനിക്കറിയാം
നിയെന്നെ ഒന്നോർക്കാനായി
നിൻറെയൊരു വിളിക്കായി
ഇപ്പോഴും കാതോർത്തിരിക്കുയാണ് ഞാൻ
Remember Me and I will remember you (Q 2:152) 💗