ഒരാൾ ഇസ്ലാം സ്വീകരിച്ചു എന്നത് ഇസ്ലാം ശരിയാണെന്നതിനോ, ഇസ്ലാം ഉപേക്ഷിച്ചു എന്നത് തെറ്റാണെന്നതിനെ തെളിവല്ല. ഓരോരുത്തരും നോക്കുന്ന വീക്ഷണ കോണിനനുസരിച്ച് അയാളുടെ കാഴ്ചകൾ മാറും. തല അല്പമെന്ന് ചെരിച്ചാൽ വ്യത്യസ്തമായൊരു കാഴ്ചകിട്ടും. ഒരല്പം മുകളിൽ കയറി നിന്ന് നോക്കിയാൽ ആ കാഴ്ച്ച കുറച്ച് കൂടി വിശാലമാകും. ചിലർ കണ്ണും കാതും ഹൃദയവും മൂടിവെച്ച് നോക്കും. വ്യത്യസ്തമായ കോണുകളിലൂടെ നോക്കിക്കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന എന്തെങ്കിലും നൽകുക എന്നല്ലാതെ ഒരാളുടെ കാഴ്ചകളിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല എന്നാണ് എൻ്റെ ബോധ്യം. ആ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. അത് കൊണ്ട് തന്നെ മതപരിവർത്തന കഥകൾ അത്തരത്തിൽ ആഘോഷിക്കാറില്ല.
എന്നാൽ വ്യക്തിപരമായി മതപരിവർത്തന കഥകൾ എനിക്കെന്നും പ്രചോദനവും ആവേശവുമാണ്. പ്രതേകിച്ച് ഇസ്ലാമിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിത സാംസ്കാരിക പരിസരങ്ങളിൽ നിന്നുള്ളവരുടേത്. എന്താണ് അയാളെ മാറ്റി ചിന്തിപ്പിച്ചത്? എന്താണ് അയാളെ ആകർഷിച്ചത്? മതം സ്വീകരിച്ച ശേഷം എന്ത് ഗുണവും മാറ്റവുമാണ് അയാൾക്കുണ്ടായത്? മിക്കപ്പോഴും അവരിൽ പുതിയ പലതും പഠിക്കാനുണ്ടാകും. യഥാർത്ഥത്തിൽ മതത്തിനകത്തെ കാമ്പ് തേടിയുള്ള എൻ്റെ യാത്ര തുടങ്ങുന്നതും, ഞാൻ ചെയ്യുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന അതേ കാര്യങ്ങളിൽ നിന്ന് എനിക്ക് ലഭിക്കാത്ത അനുഭൂതിയും സംതൃപ്തിയും ലഭിച്ച ചില പരിവർത്തന അനുഭവ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
ചെറുപ്പം തൊട്ടേ മെറ്റാഫിസിക്സിലും ആത്മീയതയിലും തൽപരനായിരുന്ന തമിഴ് ബ്രാഹ്മണൻ ആനന്ദിൻ്റെ ആത്മീയ യാത്ര വായിച്ചപ്പോൾ പലതരത്തിൽ പ്രസ്കതിയുള്ളതായി തോന്നിയത് കൊണ്ട് മലയാളത്തിലാക്കി പങ്ക് വെക്കണമെന്ന് തോന്നി.
ആനന്ദിൻ്റെ ആത്മീയ യാത്ര
ദക്ഷിണേന്ത്യയിലെ ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്തെ ഭൂരിഭാഗവും മുത്തച്ഛനും മുത്തശ്ശിക്കൊപ്പമാണ് ഞാൻ വളർന്നത്. മതപരമായി വളരെ സൂക്ഷ്മതയുള്ളവരായിരുന്നു എൻ്റെ കുടുംബം. ബന്ധുക്കളിൽ പലരും ബ്രാഹ്മണ പുരുഷന്മാർക്ക് നിർബന്ധമുള്ള നിത്യേനയുള്ള പ്രാർത്ഥനകൾ നടത്തും, സ്ത്രീകൾ ചില പ്രത്യേക ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കും. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട ഒരു ആചാരമുണ്ട്, ആ ചടങ്ങുകൾ ചെയ്യാൻ പുരോഹിതന്മാരെ വീട്ടിലേക്ക് ക്ഷണിക്കും. ഞാൻ സസ്യാഹാരിയായിയാണ് വളർന്നത്, വീട്ടിൽ മദ്യവും ഇല്ലായിരുന്നു.
എന്റെ അമ്മയുടെ മുത്തച്ഛൻ മെറ്റാഫിസിക്സിൽ വളരെയധികം താൽപ്പര്യമുള്ള ആളായിരുന്നു. ഹിന്ദു, പാശ്ചാത്യ മെറ്റാഫിസിക്സിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഒരു ചെറിയ ലൈബ്രറി തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഞാൻ ജനിക്കുന്നതിന് മുമ്പേ അദ്ദേഹം വിടപറഞ്ഞെങ്കിലും, ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും പുസ്തകങ്ങളിലൂടെ അദ്ദേഹവുമായി എനിക്കൊരു ബന്ധമുണ്ടെന്ന് തോന്നി. വേദഗ്രന്ഥങ്ങളും മെറ്റാഫിസിക്സും ചർച്ച ചെയ്യാൻ അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി വീട്ടിൽ ഒത്തു കൂടുമായിരുന്നു.എല്ലാം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത കൗമാരത്തിൽ തന്നെ ഞാൻ ആദിശങ്കരൻ, രാമകൃഷ്ണന്റെ സുവിശേഷം, വിവേകാനന്ദൻ, ഇമ്മാനുവൽ കാന്റ്, സെന്റ് അഗസ്റ്റിൻ, ബുദ്ധമത കൃതികൾ എന്നിവ വായിക്കുമായിരുന്നു. ജിദ്ദു കൃഷ്ണമൂർത്തിയുടെ ആത്മീയതയോടുള്ള ദൈവ രഹിത സമീപനവും എന്നെ വല്ലാതെ ആകർഷിച്ചു.
ഞാൻ ഒരു സ്വപ്നജീവിയായിരുന്നു, ഇപ്പോഴും, ഈ പുസ്തകങ്ങൾ എനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ പൊതു സ്വഭാവത്തെ മറികടക്കാൻ എന്നെ വളരെയധികം സഹായിച്ചു.
ദക്ഷിണേന്ത്യയിലെ കോയമ്പത്തൂർ എന്ന വ്യവസായ നഗരത്തിലാണ് ഞാൻ ജനിച്ചത്. അതൊരു ബ്രാഹ്മണ പ്രദേശമായിരുന്നു. ബ്രാഹ്മണർ ഉയർന്ന തലത്തിലുള്ള ആചാര വിശുദ്ധി പാലിക്കുന്നതിനാൽ മറ്റ് ജാതികളുമായും മതങ്ങളുമായും ഇടകലരുന്നതിൽ നിന്ന് വിലക്കിയിരുന്നു.എന്നാൽ കാലക്രമേണ ഇത് മാറി അവിടെ മറ്റ് ജാതികളും മതങ്ങളുമൊക്കെ ആയി. എന്റെ അയൽപക്കത്തൊന്നും പള്ളിയോ മസ്ജിദോ ഉണ്ടായിരുന്നില്ല, ഒരു മുസ്ലീം വീട്ടുകാരുണ്ടായിരുന്നു. ആ വീട്ടിലെ അമ്മാവൻ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മാവന്റെയും സുഹൃത്തുക്കളുടെയും കൂടെ ചീട്ടുകളിക്കും. പരിശുദ്ധി നിയമങ്ങളെ മാനിച്ച് ഞങ്ങളുടെ വീട്ടിലെ ചില മുറികളിൽ അവർ പ്രവേശിക്കാറില്ലെന്ന് ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഞാൻ ഒരു റോമൻ കത്തോലിക്കാ സ്കൂളിലാണ് പഠിച്ചത്, അതായിരുന്നു ക്രിസ്തുമതത്തിലേക്കുള്ള എൻ്റെ വാതിൽ. എന്റെ ക്ലാസ്സിൽ 2 മുസ്ലിം ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരിൽ ഒരാളായ മുഹമ്മദ് റാഫി ഒന്നോ രണ്ടോ വർഷം എന്നെക്കാൾ മിടുക്കനായിരുന്നു, പക്ഷേ പിന്നീട് ഉഴപ്പി.
എൻ്റെ കുട്ടിക്കാലത്തേ സമുദായളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പിംഗ് നിലനിന്നിരുന്നു, മുസ്ലീങ്ങൾ പൊതുവെ “വിശ്വസനീയരും സത്യസന്ധരും എന്നാൽ അക്രമാസക്തരും” ആയാണ് കണക്കാക്കിയിരുന്നത്.
1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടായി, എന്റെ സ്വന്തം നഗരത്തിൽ നിരവധി കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മുസ്ലീം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. എൻ്റെ ഓർമ്മ ശരിയാണ്ടെങ്കിൽ, നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽസ് നിലം പരിശാക്കി.
ഇസ്ലാം നമ്മുടെ രാജ്യത്തിന് ഭീഷണിയാണെന്ന ദേശീയബോധം രൂപപ്പെട്ടു. ഞങ്ങളുടെ വീട്ടിലെ തീൻമേശ സംഭാഷണങ്ങൾ ചിലപ്പോൾ ഇസ്ലാമിനെ കുറിച്ചാകും. ഞങ്ങൾ അക്രമങ്ങളെ അപലപിക്കും, എന്നാൽ ശാന്തവും സമാധാനം ഇഷ്ടപ്പെടുന്നതുമായ ഹിന്ദു മതത്തിന് വിരുദ്ധമായി ഇസ്ലാം ഒരു അക്രമാസക്തമായ മതമായാണ് കരുതിയിരുന്നത്.
ഈ കലാപങ്ങളിൽ ഇരയായവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു എന്ന വസ്തുത നിലനിൽക തന്നെ ഹിംസാത്മകവും കൊള്ളയടിക്കുന്നതുമായ ഇസ്ലാമും സമാധാനപ്രേമികളായ ഹിന്ദുമതവും എന്ന സ്റ്റീരിയോടൈപ്പ് ഇപ്പോഴും ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഒരു കാൻസറാണെന്ന് ഞാൻ പറയും.
മുസ്ലിംകൾ അക്രമാസക്തരായ ഒരു വിഭാഗമാണെന്ന് തെളിയിക്കാൻ എപ്പോഴും ഹിന്ദു മതമൗലികവാദികൾ 12-ാം നൂറ്റാണ്ട് മുതലുള്ള അധിനിവേശ ചരിത്രങ്ങൾ കൊണ്ടുവരും. ഈ കീഴടക്കലുകളുടെ സന്ദർഭവും സാഹചര്യവും അവഗണിക്കുകയും ചെയ്യും. ഉദാഹരണത്തിന് ബുദ്ധമതം ഇന്ത്യയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടതാണ് എന്ന വസ്തുത അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പൊതുവെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, കാരണം അത് വ്യർത്ഥമാണെന്നാണ് ഞാൻ കരുതുന്നത്. കൂടാതെ, മുസ്ലിംകൾ ന്യൂനപക്ഷങ്ങളോട് നല്ല രീതിയിൽ പെരുമാറിയിട്ടില്ലെന്ന് വസ്തുനിഷ്ഠമായി കാണാതിരിക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ ഉന്നയിക്കാൻ ധാരാളം കുറ്റങ്ങളുണ്ട്.
എസ് രാധാകൃഷ്ണന്റെ ലോകമതങ്ങളെ കുറിച്ചുള്ള പുസ്തകത്തിലൂടെയായിരുന്നു കുട്ടിക്കാലത്ത് ഇസ്ലാമിന്റെ തത്വങ്ങളെക്കുറിച്ചുള്ള എൻ്റെ ഏക ആമുഖം. ബുദ്ധമതവും ഹിന്ദുമതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്ലാമിനെക്കുറിച്ചുള്ള ഭാഗം വരണ്ടതും വിരസവുമാണ്.
അതേ സമയം, ഹിന്ദുമതത്തിലെ പല ആചാരങ്ങളെയും ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി, എന്റെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായില്ല. വിഗ്രഹങ്ങളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ എനിക്ക് അപൂർവമായി മാത്രമേ തോന്നിയിട്ടൊള്ളൂ, ആചാരങ്ങൾ ആത്മീയമോ യുക്തിസഹമോ അല്ലെന്ന് തോന്നി. എങ്കിലും ഞാൻ വേദങ്ങളുമായി ഇടപെഴകിയിരുന്നു. അവശേഷിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആചാരങ്ങളിൽ മാത്രമാണെന്ന് തോന്നി. ആ അർത്ഥത്തിൽ, ഞാനൊരു ആചരിക്കുന്ന
ബ്രാഹ്മണൻ ആയിരുന്നില്ല. എന്നാൽ മെറ്റാഫിസിക്സിനോടുള്ള താല്പര്യം എന്നെ വിട്ടുപോയില്ല. അതിനോട് ഞാൻ പ്രതിജ്ഞാബദ്ധനായിരുന്നു.
അങ്ങനെ മൊത്തത്തിൽ, ഇസ്ലാമിനെ കുറിച്ച് പരിമിതമായ അറിവും ജനങ്ങളെയും മതത്തെയും കുറിച്ച് പൊതുവെ നിഷേധാത്മകമായ വീക്ഷണവുമായാണ് ഞാൻ വളർന്നത്.
ഇസ്ലാം – ഹിന്ദുമതം എന്ന രണ്ട് മഹത്തായ നാഗരികതകൾ ആയിരം വർഷത്തിലേറെയായി പരസ്പരം അറിഞ്ഞിട്ടും യഥാർത്ഥത്തിൽ ഒരിക്കലും പരസ്പരം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഇന്ത്യയിലും ഇന്ത്യൻ ‘ഉപഭൂഖണ്ഡത്തിലും’ ഇസ്ലാമിന്റെ വലിയ ദുരന്തങ്ങളിലൊന്ന്.
അവിശ്വസനീയമായ രാഷ്ട്രീയവും സാമൂഹികവുമായ കൂടിച്ചേരലുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ബൗദ്ധിക തലത്തിൽ, പരസ്പരം മനസ്സിലാക്കാനുള്ള എന്തെങ്കിലും കാര്യമായ ശ്രമങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. മുസ്ലിംകൾ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അതിൽ ശ്രദ്ധേയമാണ് ദാരാ ഷിക്കോയുടെ മജ്മ അൽ-ബഹ്റൈൻ (രണ്ട് സമുദ്രങ്ങളുടെ സംഗമം). സംസ്കൃതം പഠിച്ച ശേഷം ഹിന്ദുമതത്തെക്കുറിച്ച് വിപുലമായി എഴുതിയ അൽ-ബിറൂനി. കൗതുകകരമെന്നു പറയട്ടെ, ഹിന്ദുയിസം അടിസ്ഥാനപരമായി ഒരു ഏകദൈവ മതമാണെന്ന് അൽ-ബിറൂനി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ കീഴടക്കിയപ്പോൾ ഈ വസ്തുതകൾ നഷ്ടപ്പെട്ടതായി തോന്നുന്നു, കൂടാതെ മുസ്ലീങ്ങൾ ഹിന്ദുമതത്തെ അതിന്റെ ജാതീയവും ബഹുദൈവാരാധകവുമായ പുറംചട്ടയിലേക്ക് താഴ്ത്തി. ഇത് ഒരു യഥാർത്ഥ നാഗരിക സംഭാഷണത്തെ തടഞ്ഞു. തുഹ്ഫത് അൽ-മുവഹ്ഹിദീൻ (ഏകദൈവവിശ്വാസികളുടെ സമ്മാനം) എഴുതിയ രാജാ റാം മോഹൻ റോയ്, രബീന്ദ്രനാഥ ടാഗോർ പോലെയുള്ള ചില ഹിന്ദു ചിന്തകരെ ഇസ്ലാം വളരെയധികം സ്വാധീനിച്ചുട്ടുണ്ട്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ഹിന്ദുമതത്തിലെ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രേരണയുടെ വലിയൊരു പങ്കും ഇസ്ലാമിക സ്വാധീനത്തിൽ നിന്നാണെന്ന് ഞാൻ പറയും. എന്നാൽ പരസ്പരം അറിയാനുള്ള ആ ശ്രമങ്ങൾ വളരെ കുറവായിരുന്നു. ഇത് ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ്. അത് എവിടെ നിന്ന് വരുമെന്ന് എനിക്കറിയില്ല. എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ഈ കാര്യം പലപ്പോഴും ഊന്നിപ്പറയാറുണ്ട്, പക്ഷേ എനിക്ക് ഇത്ര മാത്രമേ ചെയ്യാൻ കഴിയൂ – ഈ വിഷയത്തിൽ കൂടുതൽ അക്കാദമിക് ശ്രദ്ധ ആവശ്യമാണ്.
ഇന്ത്യയിലെ ജനപ്രിയ സംസ്കാരത്തിൽ, തീർച്ചയായും ധാരാളം ‘സൂഫി’ സ്വാധീനങ്ങളുണ്ട്. ഹുജ്വിരി, നിസാമുദ്ദീൻ, തുടങ്ങിയ സൂഫികൾ ഇസ്ലാമിന്റെ വ്യാപനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ മതങ്ങൾ തമ്മിലുള്ള പല ഇടപെടലുകളും കേവലം ഉപരിപ്ലവമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഹിന്ദുക്കളും മറ്റുള്ളവരും സൂഫി ആരാധനാലയങ്ങൾ സന്ദർശിക്കുന്നു, എന്നാൽ ഇത് ഇസ്ലാമോ സൂഫിസമോ അല്ല. ഹിന്ദുക്കൾ സൂഫി സന്യാസിയെ മറ്റൊരു ആരാധനാ വസ്തുവായി കണക്കാക്കുന്നു, ഖേദകരം. സൂഫി ആരാധനാലയങ്ങൾ, ഏകദൈവവിശ്വാസത്തിലേക്ക് അവരെ ആകർഷിക്കാൻ വലിയതോതിൽ ഒന്നും ചെയ്തിട്ടില്ല. പകരം തങ്ങളുടെ ഖജനാവും സദസ്സുകളും വഴിപാടുകളും നിറയ്ക്കുന്നതിൽ സന്തോഷിച്ചു. ഇത്തരം ദർഗകളിലും സൂഫിസം എന്ന ആത്മീയ ജീവിതരീതിയിൽ നിന്ന്, മുസ്ലിംകളെ സ്വയം രൂപാന്തരപ്പെടുത്താനും മുഹ്സിനുകളാകാനും സഹായിച്ച ഒരു ജീവിതരീതിയിൽ നിന്ന്, ഒരു ബിസിനസ്സ് സംരംഭമായി മാറിയിരിക്കുന്നു.
ഇന്ത്യയിൽ മുസ്ലീങ്ങളും ഹിന്ദുക്കളും പരസ്പരം മനസ്സിലാക്കുന്നു എന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ് – നമുക്ക് പരസ്പരം അറിയില്ല!
90-കളുടെ അവസാനത്തിൽ ഞാൻ പഠിക്കാനായി യുഎസിലേക്ക് മാറി. അപ്പോഴേക്കും ഇന്ത്യയിൽ ഹിന്ദു ദേശീയത പിടിമുറുക്കാൻ തുടങ്ങിയിരുന്നു. യുഎസിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ്, ആണവ പരീക്ഷണങ്ങളുടെയും കാർഗിൽ യുദ്ധത്തെയും ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. യുഎസിലേക്ക് മാറുമ്പോ ഇസ്ലാം എൻ്റെ മനസ്സിൽ ഏറ്റവും അവസാനമായിരുന്നു.
9/11 ലെ ദാരുണമായ ആക്രമണത്തിന് ശേഷം എല്ലാം മാറി. ഇസ്ലാം എല്ലായിടത്തും നിരീക്ഷത്തിലാണ്, ഇസ്ലാമാണ് പ്രശ്നം എന്നായിരുന്നു 9/11-നോടുള്ള അതിശക്തമായ മാധ്യമ പ്രതികരണങ്ങൾ. ഈ സമയത്താണ് ഇസ്ലാം എന്താണെന്ന് ശരിക്കും മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നത്.
ഈ സമയമായപ്പോഴേക്കും, ഞാൻ എന്റെ ആത്മീയ യാത്ര വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. യുഎസിലേക്ക് താമസം മാറിയതിനുശേഷം, ബുദ്ധമത ചിന്തകളോട് ഞാൻ കൂടുതൽ അടുത്തു. എന്നാൽ ബുദ്ധമതവുമായുള്ള ദീർഘമായ ഇടപഴകലിന് ശേഷം, അതെനിക്ക് ജീവിതത്തെ കുറിച്ച് അഗാധമായ ജ്ഞാന സമ്പത്ത് നൽകുന്നുണ്ടെങ്കിലും പ്രായോഗികമായ ഒരു വിശ്വാസമല്ലെന്ന് തോന്നി.
ഞാൻ ഹിന്ദുമതത്തോടും വേദാന്തങ്ങളോടും വീണ്ടും കൂടുതൽ അടുക്കാൻ ശ്രമിച്ചു. എന്നാൽ ഒരിക്കൽ കൂടി, ഈ ദാർശനികവും തത്ത്വശാസ്ത്രപരവുമായ സംവിധാനങ്ങൾ ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളുടെ ആഴത്തിലുള്ള വിശകലനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെ ഒരു ജീവിതരീതി വാഗ്ദാനം ചെയ്തില്ല. ഈ അർത്ഥത്തിൽ, എന്റെ ജീവിതം എല്ലായ്പ്പോഴും ആന്തരിക ജീവിതത്തിനും ബാഹ്യ ജീവിതത്തിനും ഇടയിലെ സംഘർഷത്തിലായിരുന്നു. ഈ ഘട്ടത്തിലുടനീളം ഞാൻ ആത്മീയമായി ഉത്കണ്ഠാകുലനായിരുന്നു എന്ന് പറയുന്നതാവും ശരി. ഇന്നും, ഹിന്ദുമതത്തിന്റെയും വേദങ്ങളുടെയും പല വശങ്ങളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്.
ഇസ്ലാമിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പ്, 9/11-ന്റെ സ്വാധീനത്തിൽ ആത്മീയതയേക്കാൾ രാഷ്ട്രീയപ്രേരിതമായിരുന്നു. മിഡിൽ ഈസ്റ്റ് ഒരു ഏകശിലാരൂപമല്ല, എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകളായി എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പഠിക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നുവരുന്ന ചില പാറ്റേണുകൾ ഉണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ, ഇസ്ലാമിനെക്കുറിച്ചുള്ള എൻ്റെ ധാരണക്ക് 2 പ്രധാന വശങ്ങൾ ഉണ്ടായിരുന്നു. മുസ്ലിംകൾ അക്രമാസക്തരായ ഒരു ജനതയാണ് എന്ന നിഷേധാത്മക വീക്ഷണവും, യഥാർത്ഥ ആത്മീയ മൂല്യമില്ലാത്ത വരണ്ടതും വിരസവുമായ മതമാണ് ഇസ്ലാം എന്ന വീക്ഷണവും.
മിഡിൽ ഈസ്റ്റ് ചരിത്രവും രാഷ്ട്രീയവും മനസ്സിലാക്കാനുള്ള എൻ്റെ ശ്രമം ആദ്യത്തെ സ്റ്റീരിയോടൈപ്പിൽ നിന്ന് പുറത്ത് കടക്കാൻ സഹായിച്ചു. അത് ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ എൻ്റെ ഹൃദയം തുറന്നു.
ഇസ്ലാമിനെക്കുറിച്ച് ഞാൻ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആദ്യകാല ഓർമ്മ അസ്മ ഗുൽ ഹസന്റെ ‘ഞാൻ എന്തുകൊണ്ട് മുസ്ലീമാണ്’ എന്നതായിരുന്നു. ഇത് വളരെ അടിസ്ഥാനപരമായ ഒരു പുസ്തകമായിരുന്നു, കൂടുതൽ പഠിക്കാൻ അതെന്നെ പ്രേരിപ്പിച്ചില്ല.
യഥാർത്ഥ സ്വാധീനം ഖവാലിയിലൂടെയും സൂഫി സംഗീതത്തിലൂടെയുമാണ് വന്നത്, അതെനിക്ക് സൂഫി ചിന്തയുടെ വാതിലുകൾ തുറന്നു തന്നു.
ഡോ. സെയ്യിദ് ഹുസൈൻ നാസ്റിന്റെ കൃതികൾ അതിൽ കാര്യമായ പങ്കുവഹിച്ചു. പിന്നീട്, ഇസ്ലാമിനെ കൂടുതൽ വിശദമായി പഠിച്ചപ്പോൾ, ഡോ. നാസറിന്റെ ‘പെരിനിയലിസം’ (സർവ്വമത സത്യവാദം) വളരെ പ്രശ്നകരമാണെന്ന് ബോധ്യമായി. എങ്കിലും പടിഞ്ഞാറൻ ഇസ്ലാമിന് അദ്ദേഹം നൽകിയ സംഭാവനകളോടും പ്രത്യേകിച്ച് എൻ്റെ സ്വന്തം ചിന്താ പ്രക്രിയയോടും എനിക്ക് ആഴമായ കടപ്പാടും ആദരവുമുണ്ട്. അദ്ദേഹത്തിന്റെ ‘ഇസ്ലാമിന്റെ ഹൃദയം’ എന്ന ഗ്രന്ഥം ഇസ്ലാമിക മെറ്റാഫിസിക്സിലേക്കുള്ള എൻ്റെ ആമുഖമായി വർത്തിച്ചു.
ഷഹാദ ചൊല്ലുന്നതിന് മുമ്പ് ഞാൻ കുറച്ച് വർഷങ്ങൾ ഇസ്ലാമുമായി ഇടപഴകിയിരുന്നു. വൈകാരികമായും ബൗദ്ധികമായും എനിക്ക് ബോധ്യപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. എന്നാൽ കള്ളസാക്ഷ്യം പറയുന്നത് ഇസ്ലാമിലെ ഏറ്റവും വലിയ പാപമാണെന്ന് എനിക്കറിയാം. “ഞാൻ സാക്ഷ്യം വഹിക്കുന്നു, ഞാൻ കാണുന്നു” എന്നർത്ഥം വരുന്ന “അഷ്ഹദു” എന്ന് നമ്മൾ പറയുന്നതിനാൽ ഷഹാദ ഒരു സാക്ഷിയാണ്. അതിനാൽ എനിക്ക് കൂടുതൽ ഉറപ്പ് ആവശ്യമാണെന്ന് തോന്നി.
അവസാനം ഔദ്യോഗികമായി മതം മാറാനുള്ള തീരുമാനം വൈകാരികവും കൂടി ആയിരുന്നു. എനിക്ക് ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അൽഹംദുലില്ലാഹ്, എൻ്റെ പരിവർത്തനത്തിൻ്റെ പ്രാഥമിക കാരണം അതല്ല. ഞാൻ ഇതിനകം തന്നെ ബൗദ്ധികമായും മാനസികമായും ഇസ്ലാമിലേക്ക് ചായ്വുള്ളവനായിരുന്നു.
എന്റെ ഔദ്യോഗിക പരിവർത്തനത്തിന് മുമ്പ് നടന്ന നിരവധി സംഭവങ്ങളെ വളരെ വിചിത്രമായ യാദൃശ്ചികതകൾ എന്ന് മാത്രം വിശേഷിപ്പിക്കാം, പക്ഷേ എന്നെ ഇസ്ലാമിലേക്ക് നയിക്കുന്നതിൽ ദൈവത്തിൻ്റെ കൈകളായിട്ടാണ് ഞാൻ അവയെ കാണുന്നത്. ആ സംഭവങ്ങൾ ചർച്ച ചെയ്യാനുള്ള ഇടമില്ലാത്തതിനാൽ പറയുന്നില്ല, പക്ഷേ അവ എൻ്റെ ഓർമ്മകളിൽ വളരെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.
ഷഹാദ ചൊല്ലുന്നതിന് മുമ്പ്, എന്റെ ജീവിതം എങ്ങനെയൊക്കെ മാറും എന്നതിനെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയും പരിഭ്രാന്തിയും ഉണ്ടായിരുന്നു, എന്നാൽ മതം മാറിയതിന് ശേഷം എനിക്ക് ആശ്വാസം തോന്നി. അന്നുമുതൽ ആ ആശ്വാസബോധം നിലനിൽക്കുന്നു, അൽഹംദുലില്ലാഹ്.
ഇത് വളരെ സെൻസിറ്റീവും വൈകാരികവുമായ വിഷയമാണ്, എൻ്റെ കുടുംബത്തോടുള്ള ബഹുമാനം കണക്കിലെടുത്ത് ഞാനതിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് മുസ്ലീങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്, ഞാൻ എപ്പോഴും മറുപടി പറയും, “ഞാൻ മതം മാറിയപ്പോൾ എന്നെ സഹായിക്കാൻ നിങ്ങൾ ഉണ്ടായിരുന്നില്ല, പിന്നെ അറിയാൻ എന്താണ് താൽപ്പര്യം?” അല്ലെങ്കിൽ, “നിങ്ങളുടെ മകനോ മകളോ ഹിന്ദുവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?” മതപരിവർത്തനം കുടുംബങ്ങൾക്ക് വളരെ പ്രയാസകരമാണെന്ന് ആളുകളെ മനസ്സിലാക്കാൻ സഹായിക്കുന്നതിന് എൻ്റെ പശ്ചാത്തലത്തെയും വളർത്തലിനെയും കുറിച്ചൊക്കെ ഞാൻ അവരോട് പറയും.
എൻ്റെ മാതാപിതാക്കൾ എന്നോട് ദയ കാണിക്കുകയും എൻ്റെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും ചെയ്തുവെന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്. ഖുർആൻ എനിക്ക് വഴികാട്ടിയായി നിലകൊള്ളുന്നു, അത് ജീവിതത്തിന് വ്യക്തമായ ഒരു ടെംപ്ലേറ്റ് പ്രദാനം ചെയ്യുന്നു. വിശ്വാസ കാര്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ മാതാപിതാക്കളോട് ഒരിക്കലും അനാദരവ് കാണിക്കരുത് (“wa wassayna al-insana bi walidayhi husna”). എൻ്റെ പരിവർത്തനം മുതൽ ഞാനത് പിന്തുടരാൻ ശ്രമിച്ചു.
എൻ്റെ മാതാപിതാക്കളുമായി ഇടക്ക് മരണവും മരണാനന്തര ജീവിതവും ചർച്ച ചെയ്യുകയും ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവരെ ഉപദേശിക്കുകയും ചെയ്യും. ഒരുപക്ഷേ ഞാൻ കൂടുതൽ ചെയ്യണമായിരിക്കും. ഹിന്ദുമതത്തിൽ ഈ ആശയം നിലവിലുണ്ടെങ്കിലും നിർഭാഗ്യവശാൽ, മരണാനന്തര ജീവിതത്തിന് വലിയ പ്രാധ്യാന്യമില്ല. സ്വന്തം മതത്തിലെ ഏകദൈവാരാധനയെ കണ്ടെത്താനും വിഗ്രഹാരാധനയുടെയും ആചാരങ്ങളിലെയും നിരർത്ഥകത ബോധ്യപ്പെടാനും അവരെ സഹായിക്കുക എന്നതാണ് ഹിന്ദുക്കളോടുള്ള എന്റെ സമീപനം. അത് വഴി അവരുടെ ഹൃദയം ഇസ്ലാമിലേക്ക് തുറക്കുക, ബിഇദ്നില്ലാഹ്.
ഇസ്ലാം പഠിക്കാൻ എന്നെ സഹായിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നിരവധി പണ്ഡിതന്മാരുണ്ട്. ആദ്യകാലങ്ങളിൽ, ഖുർആനിലേക്കുള്ള എന്റെ സമീപനത്തെ സഹായിക്കുന്നതിൽ ഉസ്താദ് നൗമാൻ അലി ഖാൻ പ്രധാന പങ്കുവഹിച്ചു. മതപരിവർത്തനത്തിന് മുമ്പ്, ഖുർആനെ കുറിച്ച് എനിക്ക് കാര്യമായ അറിവോ ഇന്നത്തെ പോലെയുള്ള മതിപ്പോ ഉണ്ടായിരുന്നില്ല. ഉസ്താദ് നൗമാനും അദ്ദേഹത്തിന്റെ തഫ്സീർ പ്രഭാഷണങ്ങളും വളരെ പ്രധാന പങ്ക് വഹിച്ചു, ഞാൻ അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.
മുൻപ് സൂചിപ്പിച്ചതുപോലെ, മെറ്റാഫിസിക്സിൽ കടുത്ത താൽപ്പര്യത്തോടെയാണ് ഞാൻ വളർന്നത്. ഡോ സെയ്ദ് ഹുസൈൻ നാസറും അദ്ദേഹത്തിന്റെ പുസ്തകങ്ങളും എൻ്റെ ആത്മീയ യാത്രയുടെ വലിയ സന്ദർഭങ്ങളിൽ ഇസ്ലാമിനെ പ്രതിഷ്ഠിക്കാൻ എന്നെ സഹായിച്ചു. സൂഫി ചിന്തയിലും ഇസ്ലാമിക തത്ത്വചിന്തയിലും എൻ്റെ താൽപര്യം വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു. ‘അല്ലാമ തബതബായിയുടെ കൃതികൾ ഇസ്ലാമിക തത്ത്വചിന്തയിൽ ചുവടുറപ്പിക്കാൻ എന്നെ സഹായിച്ചു.
എനിക്ക് പഠിക്കാൻ കഴിഞ്ഞ നിരവധി പണ്ഡിതന്മാരുണ്ട് – ആരും നേരിട്ടല്ല, പ്രാഥമികമായി അവരുടെ ഓൺലൈൻ പ്രഭാഷണങ്ങളിലൂടെയും ക്ലാസുകളിലൂടെയും – ഷെയ്ഖ് ഹംസ യൂസഫ്, ഷെയ്ഖ് അബ്ദൽ ഹക്കിം മുറാദ്, ഷെയ്ഖ് മുഹമ്മദ് അലി ഷോമാലി (തത്ത്വചിന്ത, ഇർഫാൻ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ), ഷെയ്ഖ് ജിബ്രിൽ ഹദ്ദാദ്, ഉസ്താദ് ഉസൈർ ഖാദ്രി, തുടങ്ങിയവർ. ഷെയ്ഖ് നാസിം ഹഖാനിയും അദ്ദേഹത്തിന്റെ സൂഫിസത്തിന്റെ ബ്രാൻഡും തീർച്ചയായും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഞാൻ പ്രഭാഷണങ്ങളിലോ ക്ലാസുകളിലോ പങ്കെടുക്കുമ്പോഴെല്ലാം കുറിപ്പുകൾ എടുക്കുന്ന ശീലം ഉണ്ടായിരുന്നു, കാലക്രമേണ വിവിധ വിഷയങ്ങളിൽ കുറിപ്പുകളുടെ ഒരു നല്ല ശേഖരം വികസിപ്പിച്ചെടുത്തു. ഇടയ്ക്കിടെ ഞാനീ കുറിപ്പുകൾ വീണ്ടും റെഫർ ചെയ്യും.
കോവിഡിന് ശേഷം, ഞാൻ എൻ്റെ പ്രതിബദ്ധത ഇരട്ടിയാക്കാൻ തീരുമാനിക്കുകയും 2 ഓൺലൈൻ ഗ്രൂപ്പുകൾ ആരംഭിക്കുകയും ചെയ്തു – ഒന്ന് മെറ്റാഫിസിക്സും ഫിലോസഫിയും പഠിക്കാനും മറ്റൊന്ന് ഖുർആൻ പഠിക്കാനും ചർച്ച ചെയ്യാനും. മിക്കവാറും എല്ലാ ആഴ്ചയും ഞങ്ങൾ ഒരു ഓൺലൈൻ ഗ്രൂപ്പായി ഒത്തുകൂടി, ഈ ശ്രമങ്ങളിലൂടെ ഖുർആനിനെക്കുറിച്ചുള്ള എൻ്റെ ധാരണ ഗണ്യമായി വർദ്ധിച്ചതായി ഞാൻ കരുതുന്നു. രണ്ട് ഗ്രൂപ്പുകളിലും ആയിരത്തിലധികം അംഗങ്ങളുണ്ട്, അൽഹംദുലില്ലാഹ്. ഈ ചർച്ചകളിലൂടെ ഞാൻ ഖുർആനിലെ എൻ്റെ സ്വന്തം നിരീക്ഷണങ്ങളും ചിന്തകളും രേഖപ്പെടുത്താൻ തുടങ്ങി. ഇൻഷാ അല്ലാഹ്, ഒരു ദിവസം എൻ്റെ മക്കൾക്കിത് കൈമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എല്ലാറ്റിനുമുപരിയായി, എന്നെ ഇസ്ലാം പഠിപ്പിക്കുന്നത് പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട്. ആത്യന്തികമായി ഇസ്ലാം നന്നായി പഠിക്കുന്നത് മുസ്ലീങ്ങളെ നിരീക്ഷിച്ചാണ്. എല്ലാത്തിനും നിങ്ങളുടെ വഴികാട്ടിയായി പ്രവർത്തിക്കുന്ന ഒരു ശൈഖിൻ്റെ അഭാവത്തിൽ, സമൂഹം ആ വഴികാട്ടിയായി പ്രവർത്തിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്.
ലിബറലിസം, നിരീശ്വരവാദം, ആധുനികത എന്നിവയുടെ അവിശ്വസനീയമായ ശക്തി ഉണ്ടായിരുന്നിട്ടും വളർന്നുവരുന്ന വിശ്വാസമായി നിലനിൽക്കാനുള്ള ഇസ്ലാമിന്റെ മഹത്തായ ശക്തി, നമ്മുടെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന് ഒരു മാതൃക നൽകാനുള്ള അതിന്റെ കഴിവാണ്. ഒരു മുസ്ലീമിന്റെ ആത്മീയ ഭൗതിക ജീവിതം പരസ്പര വൈരുദ്ധ്യമല്ല.
എന്നാൽ ഇതര വിശ്വാസങ്ങളുടെ കാര്യം അങ്ങനെയല്ല. ഉദാ., നിങ്ങൾ ഒരു ബുദ്ധമതക്കാരനാണെങ്കിൽ, ബുദ്ധൻ പറഞ്ഞതിൽ നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുകയും ആ മാതൃക പിന്തുടർന്ന് മോക്ഷം (nirvana) ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് സന്യാസിയാകും. ഒരു യോഗ മാറ്റ് വാങ്ങാനും താമരയുടെ പോസ് എടുക്കാനും തിച്ച് നാട്ട് ഹാന്റെ കൃതികൾ വായിക്കാനും ദലൈലാമയുടെ വീഡിയോകൾ കാണാനും ആഗ്രഹിക്കുന്ന ഗൗരവമില്ലാത്ത ബുദ്ധമതക്കാരനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. ബുദ്ധനെ അനുഗമിക്കുന്ന ഒരു ഗൗരവമുള്ള ബുദ്ധമതക്കാരൻ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് – ഇതാണ് ബുദ്ധൻ തന്നെ ചെയ്തത്, ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് പോയി, പിന്നെ അവരോടൊപ്പം താമസിച്ചില്ല.
അതുപോലെ, ബ്രാഹ്മണരുടെ ആചാരപരമായ ശുദ്ധി നിയമങ്ങൾ പാലിക്കുന്ന ഒരു മത ബ്രാഹ്മണനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിസ്സാരമായി കാണുന്ന മിക്ക കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ മറ്റു മതങ്ങളിൽ നിലനിൽക്കുന്ന ഈ കമ്പാർട്ടുമെന്റലൈസേഷൻ ഇസ്ലാമിൽ ഇല്ല. ഇസ്ലാമിന്റെ വിശുദ്ധ പ്രവാചകൻ (PBUH) നമുക്ക് ജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയാണ് എന്നതാണ് ഇതിന് പ്രധാന കാരണം. പ്രവാചകൻ ഒരു ഭർത്താവ്, പിതാവ്, ഭരണാധികാരി, യോദ്ധാവ്, ഒരു സമുദായ സംഘാടകൻ അങ്ങനെ എല്ലാം ആയിരുന്നു. ചരിത്രത്തിൽ മറ്റൊരു വ്യക്തിയിലും നമുക്കെല്ലാവർക്കും പിന്തുടരാൻ കഴിയുന്ന മനോഹരമായ മാതൃകയില്ല.
വിചിത്രമെന്നു പറയട്ടെ, ധാരാളം ആത്മീയ സഞ്ചാരികൾക്ക് പ്രവാചകനെക്കുറിച്ച് ഇതൊന്നും ഇഷ്ടമല്ല. ആത്മീയ ചിന്താഗതിയുള്ള ഒരുപാട് ആളുകൾക്ക്, ബുദ്ധനെപ്പോലെ അന്തർമുഖനായ, എല്ലാം ഉപേക്ഷിക്കുന്ന ഒരാളാണ് ശ്രേഷ്ഠനായ മനുഷ്യൻ. മുസ്ലീങ്ങളുടെ പ്രവാചക മാതൃകയുടെ മൂല്യം അവർ ശരിക്കും മനസ്സിലാക്കാത്തതാണ് കാരണം. ചരിത്രത്തിലെ ഏറ്റവും മഹത്തായ വ്യക്തിയായി കരുതപ്പെടുന്ന നമ്മുടെ വിശുദ്ധ പ്രവാചകൻ എന്തിനാണ് യുദ്ധം ചെയ്തതെന്ന് അവർക്ക് മനസ്സിലാകുന്നില്ല! കാരണം, മതത്തോടും ആത്മീയതയോടുമുള്ള ഈ കമ്പാർട്ടുമെന്റൽ സമീപനത്തിൽ അവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തീർച്ചയായും ഇത് ആത്മീയതയെ കുറിച്ചുള്ള തെറ്റായ ബോധമാണ്. ആധുനിക ആത്മീയ ഗുരുക്കന്മാരും ആത്മീയതയുടെ ഈയൊരു വ്യാജ ബ്രാൻഡാണ് വിൽക്കാൻ ശ്രമിക്കുന്നത്.
ഖേദകരമെന്നു പറയട്ടെ, ചില പാശ്ചാത്യ മുസ്ലിങ്ങളിലും ഈ കമ്പാർട്ട്മെന്റൽ സമീപനം കാണപ്പെടുന്നു. പ്രവാചകനെ മുഴുവനായി നോക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല, മറിച്ച് ചില കഷണങ്ങളായി മാത്രം. അതിനെക്കുറിച്ച് വിശദമായി സംസാരിക്കാൻ ഇത് ശരിയായ വേദിയല്ല.
ഒന്നാമതായി, ‘പടിഞ്ഞാറ്’ എന്ന വാക്ക് തന്നെ ഒരു തരം സ്റ്റീരിയോടൈപ്പിംഗ് ആണെന്നും ഈ രാജ്യങ്ങളിലെ ആളുകളുടെ ചരിത്രം, സംസ്കാരം, മതപരമായ ചിന്ത എന്നിവയുടെ സമ്പന്നതയോട് അനാദരവാണെന്നും ഞാൻ കരുതുന്നു.
രണ്ടാമതായി, ചരിത്രപരമായി പറഞ്ഞാൽ, ഏതാണ്ട് ഒരു സഹസ്രാബ്ദമായി ഇസ്ലാം പടിഞ്ഞാറ് ഭാഗത്തുണ്ട്. അമേരിക്കയിൽ പോലും, കൊളംബസിനേക്കാൾ നേരത്തെ മുസ്ലീം സാന്നിധ്യത്തിന്റെ തെളിവുകൾ നമുക്ക് കണ്ടെത്താനാകും. സിൽവിയാൻ ദിയൂഫിന്റെ (അല്ലാഹുവിന്റെ അടിമകൾ) കൃതികൾ കാണിക്കുന്നത് ഇസ്ലാം അറ്റ്ലാന്റിക് അടിമ വ്യാപാരത്തിലൂടെയും അമേരിക്കയിൽ എത്തിയിരുന്നു എന്നാണ്. അതുകൊണ്ട് ഒരർത്ഥത്തിൽ, ഇസ്ലാം പടിഞ്ഞാറ് “വിദേശ”മാണെന്ന് പറയുന്നത് വിഡ്ഢിത്തവും ചരിത്രവിരുദ്ധവുമാണ്.
കൂടാതെ, “പാശ്ചാത്യവിരുദ്ധ” അല്ലെങ്കിൽ പടിഞ്ഞാറുമായി പൊരുത്തപ്പെടാത്ത ഈ ലേബൽ മറ്റ് മതങ്ങൾക്കും ബാധകമാണ്. എല്ലാറ്റിനുമുപരി, യൂറോപ്പ് എല്ലായ്പ്പോഴും ആഴത്തിൽ സെമിറ്റിക് വിരുദ്ധമായിരുന്നു, ഒരുപക്ഷേ ഇപ്പോഴും നിലനിൽക്കുന്നു. ഹിന്ദുമതവും ബുദ്ധമതവും പോലെയുള്ള മതങ്ങൾക്ക് ഇസ്ലാമിന് പടിഞ്ഞാറുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം പോലും ഉണ്ടായിട്ടില്ല.
“ഇസ്ലാം പടിഞ്ഞാറിന് അന്യമാണ്” എന്ന് ആളുകൾ പറയുന്നതിന്റെ കാരണം ഇത് യഥാർത്ഥത്തിൽ ആധുനിക ലിബറലിസവും പാരമ്പര്യവും സംബന്ധിച്ച ഒരു സംവാദമാണെന്നാണ് ഞാൻ കരുതുന്നത്.
ഈ ചോദ്യത്തിലെ “പടിഞ്ഞാറ്” എന്നതിന് പകരം “മതേതര, ലിബറൽ, മോഡേണിസ്റ്റ് ആശയങ്ങൾ” എന്നതാണെങ്കിൽ, എല്ലാ വിധത്തിലും, ഈ ലോകവീക്ഷണത്തിന് അന്യമായ ഇസ്ലാമിന്റെ നിരവധി വശങ്ങളുണ്ട്. എന്നാൽ മറ്റ് മതങ്ങളും അവരുടെ നിയമങ്ങളുമെല്ലാം തന്നെ ലിബറൽ വിരുദ്ധമാണ്. ഇസ്ലാമിന് “പാശ്ചാത്യ വിരുദ്ധ” എന്ന ലേബൽ ലഭിക്കാനുള്ള ഒരേയൊരു കാരണം ലിബറലുകൾ ഇസ്ലാമിനെ മനസ്സിലാക്കാൻ ശ്രമിച്ചത് കൊണ്ടല്ല. മതേതര, ലിബറൽ ശക്തികൾ മറ്റെല്ലാ മതങ്ങളെയും അടിസ്ഥാനപരമായി കീഴടക്കുകയും അവയെ കാരിക്കേച്ചറുകളാക്കുകയും ചെയ്തു.
എന്നാൽ ഇസ്ലാം പരമ്പരാഗത ജീവിതത്തിന്റെ ഒരു കോട്ടയായി തന്നെ നിലനിൽക്കുന്നു. ആധുനിക പുരോഗമന ആശയങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിശുദ്ധ പ്രവാചകന്റെയും അനുചരന്മാരുടെയും സലഫുകളുടെയും താബിഉകളടെയും ആദർശങ്ങളിൽ ജീവിക്കാൻ അത് ആളുകളെ പ്രേരിപ്പിക്കുന്നു. ഇസ്ലാം അത്യന്തം കുടുംബ കേന്ദ്രീകൃതമായ ഒരു ജീവിതം മുന്നോട്ട് വെക്കുമ്പോൾ ആധുനികത വ്യക്തി കേന്ദ്രീക്തമാണ്. ഈ അർത്ഥത്തിൽ, ആധുനിക പാശ്ചാത്യ ആശയങ്ങൾക്ക് വിരുദ്ധമായ ഒരു ജീവിതരീതിയും ഒരു മനുഷ്യ വിവരണവുമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.
പൊതുവെ അമേരിക്കക്കാരിൽ നിന്ന് അത്തരം അനുഭവങ്ങൾ ഇല്ല എന്ന് പറയാം. നേരെമറിച്ച്, ഞാൻ മുസ്ലീമാണെന്ന് പറയുമ്പോൾ ആളുകൾക്ക് കൗതുകമാണ് തോന്നാറ്. ഇവിടെ യുഎസിലെ ഹിന്ദുക്കൾ പോലും എന്റെ മതപരിവർത്തനത്തെ സ്വീകരിച്ചു. അതിനാൽ പരാതികളൊന്നുമില്ല. ആളുകൾ പൊതുവെ വളരെ നല്ലവരാണ്. ഇസ്ലാമിനെതിരെ ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴും ചില മുൻവിധികളുണ്ട്, എന്നാൽ അടുത്തിടെ ഇന്ത്യയിൽ പിടിമുറുക്കിയ എല്ലാ ഭ്രാന്തൻ രാഷ്ട്രീയ ശക്തികളെയും ഞാൻ കുറ്റപ്പെടുത്തും. മുസ്ലിംകളും മാന്യമായി പ്രവർത്തിച്ചിട്ടില്ലെന്ന് സമ്മതിക്കാം. രാഷ്ട്രീയം മാറ്റിവെക്കാം.
ആളുകൾ അധികവറും നല്ലവരാണ്, നിങ്ങൾ അവരോട് നന്നായി പെരുമാറുകയും ഇടപെടുകയും ചെയ്യുന്നുവെങ്കിൽ, അവരും നിങ്ങളോട് നന്നായി പെരുമാറും.
ഞാൻ പൊതുവെ ഈ “ഇസ്ലാമോഫോബിയ” സമീപനത്തിൻ്റെ മുഴുവൻ ആരാധകനല്ല. മുസ്ലിംകൾ എന്ന നിലയിൽ, എല്ലാവരും നമ്മളോട് രാജാക്കന്മാരെപ്പോലെ പെരുമാറുമെന്നോ പരവതാനി വിരിച്ച് സ്വീകരിക്കുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല. ഇസ്ലാം പരീക്ഷിക്കപ്പെടുകയും പരിഹസിക്കുകയും അപഹസിക്കപ്പെടുകയും ചെയ്യും. ഭാഗ്യവശാൽ, മോശമായ പരിഹാസവും പീഡനവും സഹിച്ച പ്രവാചകഎൻറെയും അനുചരന്മാരുടെയും മാതൃകയും നമുക്കുണ്ട്. കരയുന്ന കുഞ്ഞുങ്ങളാകുന്നതിനുപകരം, നാം നമ്മുടെ മഹത്വം നിലനിർത്തുകയും അമുസ്ലിംകളോട് ബഹുമാനത്തോടെ പെരുമാറുകയും എല്ലാ ‘ഇസ്ലാമോഫോബിക്’ സംഭവങ്ങളും ഒരു പാഠമായി ഉപയോഗിക്കുകയും വേണം.
ഒരു പുസ്തകമോ പുസ്തകങ്ങളോ വേണ്ടിവരുന്ന ചോദ്യമാണിത്. എന്നിരുന്നാലും, പടിഞ്ഞാറ് ഒരു ആത്മീയ വഴിത്തിരിവിലാണ് എന്നതിൽ തർക്കമില്ല. പള്ളികൾ പല ഭാഗങ്ങളിലും ശൂന്യമാണ്, അടച്ചുപൂട്ടുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് മതത്തിന്റെ പിൻവാങ്ങലിന്റെ പൊതുവായ പ്രതിഫലനമാണത്.
പടിഞ്ഞാറൻ രാജ്യങ്ങളിൽ വൻതോതിലുള്ള കോർപ്പറേറ്റ്വൽക്കരണം നടക്കുന്നുണ്ട്, അത് അതിന്റേതായ ഒരു സംസ്കാരവും മെറ്റാഫിസിക്സും സത്യത്തെ കുറിച്ചുള്ള അവകാശവാദങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഗവൺമെന്റുകകളെപ്പോലെ തന്നെ കോർപ്പറേറ്റുളും സംരംഭങ്ങളും നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നുണ്ട്. തെറ്റായ കാര്യം പറഞ്ഞതിന് ഒരാളെ ജോലിയിൽ നിന്ന് നിന്ന് പിരിച്ചുവിടാനും പ്രൊഫഷണൽ ജീവിതം തന്നെ നഷ്ടപ്പെടുകയും ചെയ്യും. സൈദ്ധാന്തികമായി ഉണ്ടെന്ന് പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ നിലവിലില്ല.
മതാധികാരികൾ, പള്ളികൾ, റബ്ബികൾ മുതലായവരുടെ അതിരുകടന്ന നിഷേധാത്മക പ്രതികരണത്തിൻ്റെ ഫലമായിയിക്കൂടി വളർന്നുവന്ന ആധുനിക, ലിബറൽ ആശയങ്ങൾ ഇന്ന് മൂര്ദ്ധന്യാവസ്ഥയിൽ എത്തി. എന്താണ് വേണ്ടതെന്നോ എന്തിനാണത് ആഗ്രഹിക്കുന്നതെന്നോ എവിടെ നിന്നാണ് വരുന്നതെന്നോ എവിടേക്കാണ് പോകുന്നതെന്നോ ആളുകൾക്ക് മനസ്സിലാകുന്നില്ല. ഖുർആനിലെ ശ്രദ്ധേയമായ വാക്യം ചോദിക്കുന്നത് പോലെ ‘ഫാ ഐന തദാബുൻ,’ (നിങ്ങൾ എവിടെ പോകുന്നു?).
ഈ അർത്ഥത്തിൽ, നമ്മിൽ ഭൂരിഭാഗവും വഴിതെറ്റിയവരാണെന്ന് പറയാം. പടിഞ്ഞാറോ കിഴക്കോ എന്നത് അപ്രസക്തമാണ്.
ഇസ്ലാമും മറ്റ് മതങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, ഇസ്ലാം കേവലം ആത്മീയ പോഷണം മാത്രമല്ല, ആ സൈദ്ധാന്തികവും വിശ്വാസപരവുമായ അടിത്തറയുമായി പൊരുത്തപ്പെടുന്ന സമഗ്രമായ ഒരു ജീവിതരീതിയും പ്രദാനം ചെയ്യുന്നു എന്നതാണ്. ബുദ്ധമതത്തിൽ, നിങ്ങൾ നാല് ഉദാത്ത സത്യങ്ങളിൽ വിശ്വസിക്കുന്നു, എന്നാൽ ശരിക്കും ബുദ്ധമതം പിന്തുടരുകയാണെങ്കിൽ, നിങ്ങൾ എല്ലാം ഉപേക്ഷിച്ച് സന്യാസിയാകണം – ഇതാണ് യഥാർത്ഥ ബുദ്ധമത പാത.
ഹിന്ദുമതത്തിൽ, ഒന്നാമതായി, നിങ്ങൾക്ക് യഥാർത്ഥത്തിൽ മതം മാറി ഹിന്ദുവോ ബ്രാഹ്മണനോ ആകാൻ കഴിയില്ല. മതനിയമങ്ങൾ പാലിക്കുന്ന ഒരു ബ്രാഹ്മണനാണെങ്കിൽ, നിങ്ങൾക്ക് പടിഞ്ഞാറ് അതിജീവിക്കാൻ കഴിയില്ല. ഉദാ: ഒരു ബ്രാഹ്മണന് കടലിൽ യാത്ര ചെയ്യാൻ പോലും കഴിയുമായിരുന്നില്ല. മാംസം വിൽക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്ന ഒരു സാധാരണ പലചരക്ക് കടയിൽ ഒരു ബ്രാഹ്മണന് ഷോപ്പിംഗ് നടത്താൻ കഴിയില്ല, ബ്രാഹ്മണരല്ലാത്തവരുമായി ഒരു തീൻ മേശ പങ്കിടാൻ കഴിയില്ല, മറ്റ് മതവിശ്വാസികളും ഉപയോഗിക്കുന്ന പ്ലേറ്റുകൾ ഉള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല.. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ മതപരമായ വ്യവസ്ഥകൾ ശരിക്കും പിന്തുടരുകയാണെങ്കിൽ, ആധുനിക പാശ്ചാത്യരെ പൂർണ്ണമായും ഉപേക്ഷിക്കാൻ നിങ്ങൾ നിർബന്ധിതരാകും.
മതവിശ്വാസികളായ ജൂതന്മാർ ഗെറ്റോകൾ രൂപീകരിച്ചതിന്റെ കാരണം, പൂർണ്ണമായും മതമഅനുഷ്ഠിക്കുന്ന ഒരു യഹൂദന് ഇന്നത്തെ പൊതു ഇടങ്ങളിൽ ചുറ്റിക്കറങ്ങുന്നത് മിക്കവാറും അസാധ്യമായത് കൊണ്ടാണ്.
ആധുനിക ക്രിസ്ത്യാനിറ്റിക്ക് മാര്ഗഭ്രംശം സംഭവിച്ചു, സങ്കടകരമെന്നു പറയട്ടെ, വിവിധ കാരണങ്ങളാൽ, അവർ മോശയുടെ പഴയ നിയമം പൂർണ്ണമായും ഉപേക്ഷിച്ചു, ചെറിയ ഗ്രൂപ്പുകൾ ഇപ്പോഴും ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിലും.
മൊത്തത്തിൽ, പടിഞ്ഞാറും കിഴക്കും ഒരു തീവ്രമായ ആത്മീയഅഭിലാഷമുണ്ട്, എല്ലാ മതങ്ങളും ആത്മീയ പോഷണം മാത്രം നൽകുമ്പോൾ, ഇസ്ലാം സമ്പൂർണവും സമഗ്രവും സ്വയം സ്ഥിരതയുള്ളതുമായ ഒരു ജീവിതരീതി പ്രദാനം ചെയ്യുന്നു എന്നതാണ്.
ഏറ്റവും അടിസ്ഥാന തലത്തിൽ വളരെ ലളിതമാണ്. ഞാൻ ദിവസേനയുള്ള 5 പ്രാർത്ഥനകൾ നിർവഹിക്കുന്നു, റമളാനിൽ നോമ്പ് അനുസഷ്ടിക്കുന്നു, ചിലതരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നു, എൻ്റെ വാർഷിക സകാത് ബാധ്യതകൾ തീർക്കുന്നു. ഞാൻ കഴിയുന്നത്ര പതിവായി ഖുർആനുമായി ഇടപഴകുന്നു.
തരക്കേടില്ലാത്ത രീതിയിൽ വായിക്കും, വായിക്കുന്ന ഏകദേശം എല്ലാ പുസ്തകങ്ങളും തന്നെ ഇസ്ലാമിക ചിന്തകളുമായി ബന്ധപ്പെട്ടതാണെന്ന് പറയാം.
ഇസ്ലാമിക ആചാരങ്ങളും മറ്റ് വിശ്വാസങ്ങളുടെ ആചാരങ്ങളും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഇതിൽ പ്രത്യേകിച്ച് ആശ്ചര്യമൊന്നുമില്ല, കാരണം ആത്യന്തികമായി ഭൂമിയിലെ എല്ലാ യഥാർത്ഥ മതങ്ങളും ഒരേ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.
പ്രാർത്ഥന എല്ലാ വിശ്വാസങ്ങൾക്കും പൊതുവായുള്ളതാണ്. മിക്കവാറും എല്ലാ ആത്മീയ പാരമ്പര്യങ്ങളിലും, മുറഖബയുടെയും ദിക്റിന്റെയും നമ്മുടെ രീതികൾക്ക് സമാനമായ ധ്യാനത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെത്താം. നോമ്പ് മറ്റ് വിശ്വാസങ്ങൾക്കിടയിൽ ഒരു സാധാരണ സമ്പ്രദായമാണ് – വാസ്തവത്തിൽ, നോമ്പിനെ അവതരിപ്പിക്കുവന്നത് ഇപ്രകാരണമാണ്. “നിങ്ങൾക്ക് മുമ്പുള്ളവരോട് കല്പിച്ചിക്കപ്പെട്ടത് പോലെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു” (2:183)
മറ്റ് വിശ്വാസങ്ങളെപ്പോലെ, ഇസ്ലാമിൽലും ഏറ്റവും മഹത്തായ ചില ആരാധനാലയങ്ങളുണ്ട്. ഇസ്ലാമിക വാസ്തുവിദ്യ അമ്പരപ്പിക്കുന്നതാണ്. നമ്മൾ ലോകം ചുറ്റി സഞ്ചരിക്കുകയാണെങ്കിൽ, ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തുമതം, തുടങ്ങി നിരവധി വിശ്വാസങ്ങൾ അമ്പരപ്പിക്കുന്ന സൗന്ദര്യത്തിന്റെ കലയും വാസ്തുവിദ്യയും സൃഷ്ടിക്കാൻ പ്രചോദിപ്പിച്ചതായി കാണാം. അങ്കോർ വാട്ട് മുതൽ മധുരൈ മീനാക്ഷി ക്ഷേത്രം വരെ. യൂറോപ്പിലെ മഹത്തായ കത്തീഡ്രലുകൾ മുതൽ ഗൗഡിയുടെ മാസ്റ്റർപീസ് ലാ സഗ്രഡ വരെ, മതം അതിശയകരമായ നിരവധി വാസ്തുവിദ്യാ വിസ്മയങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.
ഒന്ന്, മുസ്ലീങ്ങളുടെ പ്രാർത്ഥന ഏകീകൃതമാണ്. ഒരു സുന്നി മുസ്ലീം എന്ന നിലയിൽ, എനിക്ക് സുന്നി ലോകത്ത് എവിടെയും ഏത് പള്ളിയിലേക്കും കയറി എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാതെ പ്രാർത്ഥിക്കാൻ കഴിയും. ഷിയാ മസ്ജിദിന്റെ കാര്യത്തിൽ പോലും അത് ഏറെക്കുറെ സത്യമാണ്. ഞങ്ങൾ ഒരേ ഗ്രനഥത്തിൽ നിന്ന് പാരായണം ചെയ്യുകയും വിശുദ്ധ പ്രവാചകന്റെ പ്രാർത്ഥനാ മാതൃക പിന്തുടരുകയും ചെയ്യുന്നു.
പ്രാർത്ഥനയുടെ മറ്റൊരു ശ്രദ്ധേയമായ വശം ചിത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അഭാവമാണ്. മനോഹരമായ കൊത്തുപണികളും ചിത്രീകരണങ്ങളും സ്റ്റെയിൻ-ഗ്ലാസ് പെയിന്റിംഗുകളും കാണ്ടിട്ടുള്ള ആർക്കും, ഒരു മസ്ജിദ് അത്തരം കെണികളൊന്നും ഇല്ലാത്തതായി തോന്നാം. തീർച്ചയായും, ഇത് തൗഹീദിന് അവിശ്വസനീയമാംവിധം ശക്തമായ ഊന്നൽ നൽകുന്നതിനാലും മറ്റേതെങ്കിലും ആരാധനാ വസ്തുക്കൾ സൃഷ്ടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനുമാണ്.
ഇസ്ലാമിൽ, മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങൾ മറ്റാർക്കും സാഷ്ടാംഗം ചെയ്യുന്നില്ല. അതിനാൽ പ്രാർത്ഥനയിൽ ഒന്നിലധികം തവണ ചെയ്യുന്ന പ്രണാമം (സുജൂദ്) ഏറ്റവും പവിത്രവും ആത്മീയമായി ഉന്നത സ്ഥാനവുമുള്ള ഒന്നാണ്. നമ്മുടെ നെറ്റിയും മൂക്കും നിലത്ത് തൊട്ട് ദൈവത്തിൻറെ മഹത്വത്തെ പ്രകീർത്തിക്കുന്നത്, മറ്റാരുടെ മുന്നിലും ചെയ്യാൻ വിസമ്മതിക്കുന്ന ഒരു പ്രവൃത്തിയാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ മറ്റൊരു ശക്തിയുടെയോ അധികാരത്തിന്റെയോ നേതാക്കളുടെയോ പണ്ഡിതമാരുടെയോ വിശുദ്ധ പ്രവാചകൻ്റെ മുന്നിൽ പോലും കുമ്പിടുന്നില്ല. അതെല്ലാം നിരോധിക്കുകയും ദൈവത്തിന് വേണ്ടി മാത്രമാക്കുകയും ചെയ്തുകൊണ്ട് സജ്ദയെ നാം ചെയ്യുന്ന ഏറ്റവും മനോഹരവും ദൈവത്തോട് അടുപ്പമുള്ളതുമായ പ്രവർത്തനങ്ങളിലൊന്നാക്കി മാറ്റി ഇസ്ലാം.
ഈ വികാരം എത്ര മനോഹരമാണെന്ന് വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. സജ്ദയ്ക്ക് സമാനമായത് മറ്റൊരിടത്തും ഞാൻ കാണുന്നില്ല.
തീർത്ഥാടനം എല്ലാ മതങ്ങളിലും സാധാരണമാണ്. എല്ലാ മതങ്ങൾക്കും അതിന്റേതായ വിശുദ്ധ കേന്ദ്രങ്ങളുണ്ട്, ആ അർത്ഥത്തിൽ, ഇസ്ലാമും വ്യത്യസ്തമല്ല.
പ്രധാന വ്യത്യാസം, ഇസ്ലാമിൽ, ആചാരങ്ങൾ നമ്മൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നതുമായി ഒരു പൊരുത്തക്കേ ല്ലേടുമില്ലതെ മനോഹരമായി സമന്വയിപ്പിക്കുന്നു എന്നതാണ്. അതിനാൽ വിശ്വാസത്തിന്റെ തലത്തിൽ ഞങ്ങൾ ഏക ദൈവത്തിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനയിൽ, ഞങ്ങൾ ആരെയും, പ്രവാചകനെപ്പോലും ആരാധിക്കുന്നില്ല. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അവനിലേക്കാണ്. പ്രാധാന്യമുള്ള എന്തെങ്കിലും ആരംഭിക്കുന്നത് അല്ലാഹുവിൻ്റെ നാമത്തിലാണ്. അതുകൊണ്ട് ഇസ്ലാമിക ആചാരങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ ആന്തരിക വിശ്വാസത്തിന്റെ പ്രായോഗികമോ ബാഹ്യമോ ആയ വശമാണ്.
ഇതിന് പുറമേ, സൺഡേ സ്കൂളിൽ സന്നദ്ധസേവനം നടത്താനും പഠിപ്പിക്കാനും ഞാൻ ശ്രമിക്കുന്നു. എന്റെ കുട്ടികൾക്കും മറ്റ് കുട്ടികൾക്കും ഒരു ഇസ്ലാമിക ബൗദ്ധിക പാരമ്പര്യം പകർന്നു നൽകുന്നതിൽ എനിക്ക് അതിയായ താൽപ്പര്യമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത്, കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ മെറ്റാഫിസിക്സിന്റെ ചില വശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു ചെറിയ കൂട്ടം കുട്ടികൾക്കായി ഞാൻ ഒരാഴ്ചത്തെ ശിൽപശാല നടത്തി. ഇൻഷാ അല്ലാഹ്, എനിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് കരുതുന്നു.
കുടിയേറ്റം മനുഷ്യാനുഭവത്തിന്റെ ഉൾച്ചേർത്ത ഒരു വശമാണെന്നാണ് എന്റെ അഭിപ്രായം. ഇസ്ലാമിക കലണ്ടർ ആരംഭിക്കുന്നത് പ്രവാചകന്റെ ജന്മദിനമോ മക്ക കീഴടക്കലോ ആദ്യ വെളിപാടിൽ നിന്നോ അല്ല. അത് ഹിജ്റയിലാണ് തുടങ്ങുന്നത്! മനുഷ്യരും പറുദീസയിൽ നിന്ന് ഭൂമിയിലേക്ക് കുടിയേറിവരാണ്, അവനിലേക്ക് തന്നെ മടങ്ങും. ലൂത്ത് നബി (അ) ഖുർആനിൽ പറയുന്നതുപോലെ “ഇന്നി മുഹജിറുൻ ഇലാ റബ്ബീ”. അതിനാൽ നാമെല്ലാവരും ആ അർത്ഥത്തിൽ മുഹാജിറുകളാണ്, ഈ തിരശ്ചീന തലത്തിൽ പോലും കുടിയേറ്റം എല്ലായ്പ്പോഴും ഒരു സാധ്യതയാണ് – ഖുർആനിൽ നാം വായിക്കുന്നതുപോലെ ദൈവത്തിന്റെ ഭൂമി വിശാലമാണ്.
ഞാൻ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് മാറി, അൽ-ഹംദുലില്ലാഹ്, ഇസ്ലാമിന് അമേരിക്ക ഒരു മികച്ച സ്ഥലമാണ്. എന്റെ യാത്രകളിൽ, തുർക്കി, യുഎഇ, ജോർദാൻ തുടങ്ങി ഇസ്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമായ മറ്റ് സ്ഥലങ്ങൾ തീർച്ചയായും എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്, അവിടെ നിങ്ങൾക്ക് ദിവസത്തിൽ അഞ്ച് തവണ ബാങ്ക് വിളി കേൾക്കാം, എല്ലാ തെരുവിലും ഒരു പള്ളി, റമദാനിൽ എല്ലായിടത്തും സന്തോഷം. ആ അർത്ഥത്തിൽ, ചില രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് തുർക്കിയിലേക്കും യുഎഇയിലേക്കും മാറുന്നത് ഞാൻ പരിഗണിച്ചിട്ടുണ്ട്, കാരണം അവർ എന്നെപ്പോലുള്ള സാങ്കേതിക വിദഗ്ധർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പക്ഷെ എനിക്ക് അമേരിക്കയെയും അവിടുത്തെ ജനങ്ങളെയും ഇഷ്ടമാണ്. ഇസ്ലാം ആചരിക്കാനുള്ള നല്ല സ്ഥലമാണ് യുഎസ്, ഇൻഷാ അല്ലാഹ് അങ്ങനെ തന്നെ തുടരും. പ്രവാചകന്റെ ജീവിത ചരിത്രം വായിച്ചാൽ, അദ്ദേഹത്തിന്റെ പ്രബോദനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഇസ്ലാം ന്യൂനപക്ഷമായിരുന്നിടത്താണ്, മക്കയിലും അതിനപ്പുറവും ‘ഇസ്ലാമോഫോബിയ’ ഉണ്ടായിരുന്നു.
ഇസ്ലാമോഫോബിയയ്ക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്നത് മുസ്ലിംകൾ അവസാനിപ്പിച്ച് പ്രവൃത്തിയിലൂടെ നേരിടണമെന്ന് ഞാൻ വിശ്വസിക്കുന്നു. പടിഞ്ഞാറ് ഇന്ന് ഇസ്ലാം സ്വീകരിക്കാൻ പാകമായെന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം അതിന്റെ ഭാഗമാകാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ മറ്റൊരു രാജ്യത്തേക്ക് മാറുന്നത് പാടെ ഒഴിവാക്കുന്നില്ലെങ്കിലും യുഎസിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നാൽ എന്റെ മനസ്സിന്റെ ഉള്ളിൽ, എനിക്ക് ചരിത്രത്തിലേക്ക് ഒരു കണ്ണുണ്ട്. ഇന്നത്തെ ജിയോപൊളിറ്റിക്കൽ ട്രെൻഡുകളും സ്വേച്ഛാധിപത്യ ഗവൺമെന്റുകളുടെയും വിദേശീയ വിദ്വേഷത്തിന്റെയും മുസ്ലീം വിരുദ്ധ വികാരങ്ങളുടെയും വളർച്ചയും നോക്കുകയാണെങ്കിൽ, ചെറിയതാണെങ്കിലും, വരും ദശകങ്ങളിൽ മുസ്ലീങ്ങൾ പടിഞ്ഞാറ് നിന്ന് കുടിയേറാൻ നിർബന്ധിതരാകാൻ ഒരു സാധ്യതയുണ്ടെന്ന് ഞാൻ പറയും. ആത്യന്തികമായി നമ്മുടെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണ്, നമ്മൾ പോകാൻ നിർബന്ധിതരായാൽ, നമ്മൾ അങ്ങനെ ചെയ്യേണ്ടിവരും.
എന്റെ ജീവിതകാലം മുഴുവൻ, എന്റെ ആത്മീയ യാത്രയിൽ ഉടനീളം ഉള്ള ഒരു അതിരുകടന്ന വികാരം ദൈവത്തിന്റെ സാന്നിധ്യമാണെന്ന് ഞാൻ പറയും. എന്റെ കഷ്ടപ്പാടുകളിലും പാപങ്ങളിലും അനുസരണക്കേടിന്റെയും അലസതയുടെയും കാലഘട്ടങ്ങളിൽ ഉടനീളം, ഖുറാൻ നമ്മെ ആശ്വസിപ്പിക്കുന്നത് പോലെ “വ ഹുവാ മ്’കും അയ്ന മാ കുൻതും”, “ലാ തഹ്സാൻ, ഇന്നല്ലാ അള്ളാ മനാ” ദൈവം എന്നോടൊപ്പമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.
എന്റെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ ആ വികാരത്തിന് രൂപം നൽകാൻ ഇസ്ലാം എന്നെ അനുവദിച്ചു. ഞാൻ പൂർണ്ണമായും ആ ആദർശത്തിന് അനുസൃതമായി ജീവിക്കുന്നില്ലെങ്കിലും ദൈവം എന്നോടൊപ്പമുണ്ടെന്ന് മാത്രമല്ല, ഞാൻ അത് കൂടുതൽ ബോധപൂർവ്വം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അത് എന്റെ ജീവിതത്തിലെ പ്രധാന ബന്ധമായി മാറിയിരിക്കുന്നുവെന്നും ഇപ്പോൾ എനിക്ക് തോന്നുന്നു.
ആ അർത്ഥത്തിൽ, എന്നെ അനായാസം ശ്വസിക്കാനും സുഖമായിരിക്കാനും ആന്തരികമായും ബാഹ്യലോകത്തും സമാധാനത്തോടെയിരിക്കാനും ഇസ്ലാം എന്നെ സഹായിച്ചു. ഇസ്ലാമിന്റെ ആചാരാങ്ങളും വിശ്വാസവും കൂടിച്ചേർന്ന്, നമ്മുടെ സ്വന്തം യാഥാർത്ഥ്യത്തിന്റെ ആന്തരികവും ബാഹ്യവുമായ മേഖലകൾക്കിടയിൽ നിലനിൽക്കുന്ന തെറ്റായ ദ്വന്ദ്വത്തെ തകർക്കാൻ എന്നെ അനുവദിക്കുന്നു. ചുരുക്കത്തിൽ, ഇസ്ലാം ഇല്ലെങ്കിൽ, ഞാൻ പൂർണ്ണമായും നഷ്ടത്തിലായിരിക്കുമെന്ന് പറയും – നമ്മൾ വിശുദ്ധ ഖുറാനിൽ വായിക്കുന്ന പോലെ ഇന്ന അൽ-ഇൻസാനി ലാ ഫി ഖുസർ.
ഒന്നാമതായി, ഞാൻ ‘സലാം’ (സമാധാനം) പറയും,
രണ്ടാമതായി, അവരുടെ കമ്മ്യൂണിറ്റിയിലെ ഒരു മുസ്ലിമിനെ പരിചയപ്പെടുക അവരുമായി ഭക്ഷണം പങ്കിടുക, സംസാരിക്കുക. ഭൂമിയിലെ ഏറ്റവും ആതിഥ്യമരുളുന്നവരും സൗഹൃദമുള്ളവരുമായ ആളുകളിൽ മുസ്ലീങ്ങളും ഉണ്ടെന്ന് നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് ഇസ്ലാമിനെയോ മുസ്ലിംകളെയോ ഇഷ്ടപെട്ടില്ലെങ്കിൽ, എരിവും രുചിയുമുള്ള ഭക്ഷണമെങ്കിലും ഉറപ്പുനൽകുന്നു!
മൂന്നാമതായി, നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ ഒരു പ്രാദേശിക മസ്ജിദ് സന്ദർശിക്കുക. അമേരിക്കയിലെ മസ്ജിദുകൾ എത്ര വിരസവും മങ്ങിയതുമാണെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. എന്നാൽ അൽപ്പം കൂടി നിന്നാൽ, ഒരുപക്ഷേ അതൊരു വെള്ളിയാഴ്ച ആയിരിക്കാം, പ്രൊഫഷണലുകളും കുട്ടികളും സ്ത്രീകളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും എങ്ങനെയാണ് ദൈവമുമ്പാകെ വണങ്ങാൻ പള്ളിയിൽ എത്തുന്നത് എന്ന് നിങ്ങൾക്ക് കാണാം. സിഇഒമാർ, വ്യവസായികൾ, അഭിഭാഷകർ, എഞ്ചിനീയർമാർ, പ്ലംബർമാർ, ക്യാബ് ഡ്രൈവർമാർ, മുത്തച്ഛന്മാർ, അമ്മാവന്മാർ, കുട്ടികൾ – എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കുകയും ഒരേ സ്വരത്തിൽ ഏക ദൈവത്തെ പ്രണാമം ചെയ്യുകയും ചെയ്യുന്നത് നിങ്ങൾ കാണും.
ഞാൻ മുസ്ലീമാകുന്നതിന് മുമ്പ്, ഈജിപ്തിൽ നിന്നുള്ള ബെർക്ക്ലിയിൽ എന്റെ സഹപാഠികളിലൊരാൾ പ്രാർത്ഥിക്കാൻ ഒരു മൂല കണ്ടെത്തുന്നതും, മതമില്ലാത്ത സഹപാഠികൾ അവനെക്കുറിച്ച് എങ്ങനെ ചിന്തിക്കുമെന്ന് വേവലാതിപ്പെടാതെ ദൈവത്തിലേക്ക് സ്വയം താഴ്ത്തുന്നതും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള എന്റെ മറ്റൊരു അടുത്ത സുഹൃത്ത് അവളുടെ പ്രാർത്ഥനകൾക്കായി ഒരു മാളോ ആളൊഴിഞ്ഞ സ്ഥലമോ കണ്ടെത്താൻ കഴിയുമെന്ന് എപ്പോഴും ഉറപ്പാക്കും. ഒരു അമുസ്ലിം എന്ന നിലയിൽ, നിങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് ഒന്നും മനസ്സിലാകുന്നില്ലെങ്കിലും, മുതിർന്നവരും കുട്ടികളും എല്ലാവരും ഒരുമിച്ച് ദൈവത്തെ വണങ്ങുന്നത് കാണുന്നത് നിങ്ങളെ സ്വാധീനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവം വലിയവനാണ്, അല്ലാഹു അക്ബർ! ഇസ്ലാമിന്റെ ഈ പാതയിൽ ദൈവം എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് എത്രമാത്രം വൈകാരികവും നന്ദിയും ഉണ്ടെന്ന് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത് എന്റെ നിലനിൽപ്പിന്റെ അടിത്തറയാണ്, എന്റെ സമയം അവസാനിക്കുമ്പോൾ, എന്നെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ എത്ര പാപങ്ങൾ ചെയ്താലും, എന്റെ ചുണ്ടിൽ ഷഹാദയുമായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഖുറാൻ നമ്മെ പഠിപ്പിക്കുന്നത് പോലെ: “വലാ തമൂതുന്ന ഇല്ലാ വ അൻതും മുസ്ലിമൂൻ.”