സമൂഹത്തിൽ നിലയും വിലയുമുള്ള നല്ലൊരു സർക്കാർ ജോലിയുണ്ട്. സ്വാഭാവികമായും വിവാഹ കമ്പോളത്തിൽ നല്ല ഡിമാൻഡായിരിക്കും. നൂറ് പവനും ഒന്നേകാല്‍ ഏക്കറും പത്ത് ലക്ഷത്തിന്റെ കാറുമാണ് സ്ത്രീധനമായി വാങ്ങിയത്. ആഗ്രഹിച്ച കാർ കിട്ടിയില്ല എന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. അത് കിരണിൻ്റെ പ്രശ്നമല്ല. കയ്യിലുള്ള കാർ ആറ് മാസം കഴിയുമ്പോൾ പോരാതാകുന്നതും പുതിയത് ആഗ്രഹിക്കുന്നതും ഭൗതികതയുടെ പ്രശ്നമാണ്. പോളോയും വെന്റോയും ഓടിക്കുന്നവന് കിട്ടുന്ന പ്രെസ്റ്റീജ് സ്വിഫ്റ്റും ആൾട്ടോയും ഓടിക്കുന്നവന് കിട്ടില്ല. ആഡംബരത്തോടെ അന്തസ്സോടെ സന്തോഷമായി ജീവിക്കലാണല്ലോ ആത്യന്തിക ജീവിത ലക്ഷ്യം. എന്തിനാണ് സ്ത്രീധനത്തിൻ്റെ പേരിൽ സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നത്? കൈക്കൂലി വാങ്ങിയോ എന്തെങ്കിലും ഊളത്തരം കാണിച്ചും പണമുണ്ടാക്കിയാൽ പോരെ എന്ന് ചോദിക്കാം. അതും ഭൗതികാസക്തിയുടെ പ്രശ്നം തന്നെയാണ്. കരുണയും സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും സത്യസന്തതയും ഇല്ലാത്തതാകുന്നതും സന്തോഷവും മനസ്സമാധാനവും ഉത്കണ്ഠയും വിഷാദവും തകരുന്ന ബന്ധങ്ങളും എല്ലാം ഭൗതികാസക്തിയുടെ കൂടെപ്പിറപ്പുകളാണെന്ന് പറയുന്ന നിരവധി പഠനങ്ങളുണ്ട്. Take any social evil around you and you can trace it back to greed. Greed turns love into lust, honor into pride, righteous indignation into anger, admiration into envy, leisure into sloth, and hunger into gluttony.
ഇനിയൊരു വിസ്മയ ഉണ്ടകാതിരിക്കാനായി രണ്ട് പരിഹാരങ്ങളാണ് മുന്നോട്ട് വെച്ച് കാണുന്നത്. ഒന്ന് സ്ത്രീധനത്തിനെതിരെ, രണ്ട് സ്വന്തം കാലിൽ നിൽക്കാതെ കല്യാണം കഴിക്കരുതെന്നത്. ഇതെങ്ങനെയാണ് ഈ അടിസ്ഥാന പ്രശനത്തിന് പരിഹാരമാകുന്നതെന്ന് മനസ്സിലാകുന്നില്ല. രോഗത്തിന് പകരം രോഗ ലക്ഷണങ്ങള ചികില്സിക്കുന്ന സ്ഥിരം പുരോഗമന യുക്തി തന്നെ. നമ്മൾ ചിന്തിക്കുന്നതിലും പ്രശ്നങ്ങളെ വിലയിരുത്തുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും ഗൗരവമായ ഒരു പ്രശ്നമുണ്ട്. ആദ്ധ്യാത്മികമായ, ധാർമികമായ പ്രശ്നങ്ങളെ ഭൗതികമായും രാഷ്ട്രീയമായുമാണ് നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അത് തിരിച്ചറിയാൻ പോലും നമുക്ക് കഴിയുന്നില്ല. കാരണം ചെറുപ്പം തൊട്ടേ നമ്മൾ കാണുന്നതും കേൾക്കുന്നതും ശ്വസിക്കുന്നതും കുടിക്കുന്നതും എല്ലാം ലിബറൽ ഭൗതികവാദ വഞ്ചനകളാണ്.
മുസ്‌ലിം സ്ത്രീകൾ ചാക്കിലാക്കി അടിച്ചമർത്തപെട്ടവരാണ് എന്ന ആഖ്യാനങ്ങളോട് പ്രതികരണമായിട്ടാണ് ഉന്നത വിദ്യാഭ്യാസവും ഔദ്യോഗിക നേട്ടങ്ങളും കരസ്ഥമാക്കുന്ന മുസ്ലിം സ്ത്രീകളെ ആഘോഷിക്കപ്പെടുന്നത്. അത് കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയില്ല. പക്ഷേ അതിനകത്തും ഇതേ പ്രശ്നം ളിഞ്ഞിരിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ പുരോഗമന ശക്തീകരണത്തിന്റെ മാനദണ്ഡം നമ്മളും അംഗീകരിക്കുകയാണ്. നഫീസ മിസ്രിയയും ഫാത്തിമ ഫിഹ്‌രിയും മാളു ഹജ്ജുമ്മയും ഒക്കെ ഇന്ന് വായിക്കപ്പെടുന്നത് അത്തരത്തിലാണ്. യഥാർത്ഥത്തിൽ ഇവരൊന്നും ജോലിചെയ്യലും സാമ്പത്തിക സാശ്രയത്വം നേടലും ആണിനെ ആശ്രയിക്കാതെ ജീവിക്കലും ഒറ്റക്ക് പുറത്തിറങ്ങലുമാണ് ശാക്തീകരണം എന്ന് കരുതിയിരുന്നവരല്ല. അവർക്ക് സ്വന്തം ജീവിതത്തെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും മുൻഗണകളെ കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ ധീരമായി നേരിട്ടു. അവരതെല്ലാം ചെയ്തത് തികച്ചും മറ്റൊരു തലത്തിൽ നിന്ന് കൊണ്ടാണ്. അതിൻറെ ഊർജ്ജ സ്രോതസ്സ് മറ്റൊന്നാണ്. പക്ഷേ ഇന്ന് നമ്മളതിനെ അളക്കുന്നതും വായിക്കുന്നതും മറ്റൊരു സ്കെയിൽ കൊണ്ടാണ്.
ആഘോഷിക്കപ്പെടുന്ന ശാക്തീകരിക്കപ്പെട്ട സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരൊക്കെ പ്രൊഫെഷണൽ നേട്ടങ്ങളും പണവും പ്രശസ്തിയും നേടിയവരായിരിക്കും. കൂട്ടത്തിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അനീതിയെ കുറിച്ച് രണ്ട് ഡയലോഗുമാടിച്ചാൽ ശാക്തീകരണ പട്ടം റെഡി. എന്നാൽ ദയാ ഭായിയെപ്പോലുള്ള സാമൂഹിക പ്രവർത്തകർക്കോ രോഹിത് വെമുലയുടെ അമ്മക്കോ, സഞ്ജീവ് ബട്ടിൻ്റെ ഭാര്യക്കോ, വാളയാറിലെ കുട്ടികളുടെ അമ്മക്കോ സൈറ ബാനുവിനോ യോ പോലുള്ള അനേകായിരം സ്ത്രീകൾക്ക് ഒരിക്കലൂം ഈ ധീരതാപ്പട്ടമോ ശാക്തീകരണ പട്ടമോ കിട്ടില്ല. കാരണം അവരെയൊന്നും തൂക്കിയാൽ പുരോഗമന ശാക്തീകരണ തട്ട് താഴില്ല. The scale is differnt.
ജീവിതത്തിൻ്റെ ലക്ഷ്യത്തെ കുറിച്ചോ അർത്ഥത്തെ കുറിച്ചോ ജീവിതം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നോ ചർച്ചയില്ല. പഠിച്ച് ഡോക്ടറും എഞ്ചിനീയറുമാകുന്നതും വിജയിക്കുന്നതും നല്ല ജോലി കിട്ടാനും സമ്പാദിക്കാനും അന്തസ്സോടെ നല്ല നിലയിൽ ജീവിക്കാനും മാത്രമായി. അതാണ് സന്തോഷത്തിന്റെയും വിജയത്തിന്റെയും പുരോഗതിയുടെയും ഏക മാനദണ്ഡമെന്നാണ് പ്രത്യക്ഷമായും പരോക്ഷമായും നമ്മോട് നിത്യവും പറഞ്ഞ് കൊണ്ടിരിക്കുന്നത്. അല്ലാത്തവരൊക്കെ പുറന്തള്ളപ്പെടും. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുള്ള പുരുഷന്മാർ ഈ വെല്ലുവിളി ഏറ്റെടുത്ത് സ്വാഭാവികമായും വിജയിച്ചവരും അന്തസ്സുള്ളവരും സന്തുഷ്ടരുമായി. ജോലിയും ഉദ്യോഗവും സമ്പാദ്യവും ഇല്ലാത്ത സ്ത്രീകളൊക്കെ ഒന്നിനും കൊള്ളാത്തവരായി.
സ്ത്രീ ശക്തീകരണം, വ്യക്തി സ്വാതന്ത്ര്യം, മൈ ബോഡി മൈ റൈറ്സ്, അബോർഷൻ, സ്വതന്ത്ര ലൈംഗികത, സ്വവർഗ്ഗരതി അങ്ങനെ ഏത് പുരോഗമന ആശയമെടുത്ത് തൊലിച്ച് നീക്കിയാലും അതുനുള്ളിലെല്ലാം ഉള്ളത് ഈ നൈമിഷിക ഭൗതികതയാണ്. Salvation Through Material Things. A promise that never fulfilled. തീർച്ചയായും ഇസ്ലാം ഇതിനെല്ലാം വിരുദ്ധമായിരിക്കും, കാരണം ഇസ്ലാം ഭൗതികവാദമല്ല, ഭൗതികനിരാസവുമല്ല. നമ്മുടെ ആത്മീയ യാത്രയെ സഹായിക്കുക എന്നത് മാത്രമാണ് ഈ ഭൗതിക ലോകത്തിന്റെ പ്രസ്കതി. അതിൽ കൂടുതലോ കുറവോ ഒന്നും അതിൽ നിന്ന് കിട്ടാനില്ല.
റീലുകളിലും സ്റ്റോറികളിലും വാട്സാപ്പ് ഗ്രോപ്പുകളിലും കാണുന്ന എല്ലാറ്റിലും എംബെഡ് ചെയ്തിരിക്കുന്ന മെസ്സേജ് ഈ ഭൗതികതയെ കുറിച്ച് മാത്രമാണ്. പലതും നിസാരമായി തോന്നും. പറഞ്ഞാൽ ഉൾക്കൊള്ളാനോ ഇഷ്ടപ്പെടുകയോ ഇല്ല. പക്ഷേ എങ്ങനെയാണ് നമ്മുടെ ചിന്തകളും മനസ്സും പ്രവർത്തിക്കുന്നത്, കാഴ്ചപ്പാടുകളും മനോഭാവവും രൂപപ്പെടുന്നത് എന്ന് മനസ്സിലായാലേ അതിലൊക്കെയുള്ള അപകടം മനസ്സിലാകൂ.
ജീവിതം ഒന്ന് മാത്രമേ ഒള്ളു, അത് അടിച്ച് പൊളിച്ച് ജീവിക്കണം എന്ന് നമ്മൾ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടാകും? പക്ഷേ അത് ഇസ്ലമിക വീക്ഷണത്തിന് എതിരാണെന്ന് നമുക്ക് തോന്നാറുണ്ടോ?
ഫുഡ് ട്രാവൽ വ്‌ളോഗർമാരെ മുട്ടിയിട്ട് ഓൺലൈനിൽ നടക്കാൻ പറ്റാതായിട്ടുണ്ട്. തീർച്ചയായും നല്ല ഭക്ഷണം ആസ്വദിക്കുന്നതോ യാത്ര പോകുന്നതോ ഒരു തെറ്റേ അല്ല. എന്നാൽ അതിനായി ജീവിക്കുകയും സന്തോഷത്തിനായി അതിനെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്നുന്നത് ഗുരുതരമായ അപകടമാണ്. ഒരിക്കലും ഓടിത്തീരാത്ത ഒരു മരണക്കിണറാണത്. ചെറുതായൊന്ന് കാല് തെറ്റിയാൽ, വേഗത കുറഞ്ഞാൽ തലയും കുത്തി താഴെ വീഴും. അല്ലങ്കിൽ കുറച്ച് കഴിയുമ്പോൾ എന്തായാലും ഓടിത്തളർന്ന് വീഴും. പിന്നെ അഗാധമായ, അർത്ഥശൂന്യമായ ഇരുട്ടായിരിക്കും. വിഷാദവും ആത്‌മഹത്യയും മാത്രമായിരിക്കും മുന്നോട്ടുള്ള വഴികൾ.
ഭൂമിയിലൂടെ എളിമയോടെ നടക്കാനാണ് അല്ലാഹുവിന്റെ കല്പന. പക്ഷേ സ്ലോമോഷനിൽ ബിജിഎമിട്ട് മാസ്സാകലാണ് ട്രെൻഡ്. ഇതൊന്നും ആത്മീയമായി നമ്മെ ബാധിക്കുന്നില്ലെന്നാണോ കരുതുന്നത്?
കരിയറിൽ വിജയം നേടാൻ വേണ്ട ഗുണങ്ങൾ, കോടീശ്വരന്മാരുടടെ ഹാബിറ്റുകളെ കുറിച്ചൊക്കെ കാക്കത്തൊള്ളായിരം വീഡിയോസും ബ്ലോഗും കിട്ടും. ഡെഡിക്കേഷൻ, ഡിറ്റർമിനേഷൻ, കോൺഫിഡൻസ്, കമ്മ്യൂണിക്കേഷൻ സ്‌കിൽ അങ്ങനെ പോകുന്നു. എല്ലാറ്റിനും ട്രെയിനിങ്ങുണ്ട്. പക്ഷേ ഒരു നല്ല മനുഷ്യനാകാൻ വേണ്ട സ്വാഭാവ ഗുണങ്ങളെ പറ്റി എവിടെയെങ്കിലും കേൾക്കാറുണ്ടോ? സാന്ത്യസന്ധത, നീതിബോധം, സ്നേഹം, കരുണ, അനുകമ്പ, സഹാനുഭൂതി, വിനയം തുടങ്ങിയ സ്വാഭാവ ഗുണങ്ങൾ കൊണ്ട് കരിയറിനും ബിസിനസിനും എന്ത് നേട്ടമാണ്? പിന്നെന്തിന് അതിനെകുറിച്ച് സംസാരിക്കണം?
യഥാർത്ഥത്തിൽ നമ്മൾ ചിന്തിക്കുന്നതോ ആഗ്രഹിക്കുവന്നതോ മുഴുവൻ നമ്മുടെ സ്വാതന്ത്രമായ ചിന്തകളല്ല. ആരൊക്കെയോ എന്തൊക്കെയോ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു. നമ്മളതിന്റെ പിന്നാലെ ഓടുന്നു.
അബ്ദുള്ള അന്തലൂസി പറഞ്ഞ പോലെ, നമ്മൾ ലിബറൽ ഭൗതികവാദത്താൽ തണുത്ത് മരവിച്ച ഒരു ഫ്രിഡ്ജിനകത്ത് അകപ്പെട്ടത് പോലെയാണ്. അതിൽ നിന്ന് പുറത്ത് കടക്കാൻ നിർവാഹമില്ല. അതിനകത്തിരുന്ന് അതിനെതിരെ പോരാടാൻ ശ്രമിച്ചാൽ തണുത്ത മരവിച്ച് പോകും. പരിഹസിക്കപ്പെടും. അപഹസിക്കപ്പെടും. പുതച്ച് മൂടി സ്വന്തം ശരീരത്തെ രക്ഷിക്കുക എന്നത് മാത്രമേ വഴിയൊള്ളൂ. Constantly ask yourself, who are you? where are you coming from? and where are you going? What’s your purpose on this earth? How are you are going to mark your presence here? what do you want? why do you want it? what has that anything to do with your purpose?
ഖുർആനും പ്രവാചക ചര്യയും മുറുകെ പിടിക്കുക. അതത്ര എളുപ്പമായിരിക്കില്ല. മനുഷ്യനെ കുറിച്ച് ജീവിതത്തെ കുറിച്ച് സന്തോഷത്തെ കുറിച്ച് വിമോചനത്തെ കുറച്ചൊക്കെയുള്ള പുരോഗമന വീക്ഷണവും ഇസ്ലാമിക വീക്ഷണവും വൈരുദ്ധ്യ ദ്രുവങ്ങളിലാണ്. അവ തമ്മിൽ ഒരിക്കലും സമരസപ്പെടില്ല. പുരോഗന പൊതുബോധത്തിൻ്റെ അംഗീകാരത്തിനായി അതിൻ്റെ അരികും വക്കും ചെത്തിക്കളയാതിരിക്കുക. കേവലം സ്വർഗ്ഗം കിട്ടാൻ വേണ്ടി മാത്രമല്ല, ഈ ലോകത്തും നമുക്ക് സമാധനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ വേറെ മാർഗ്ഗമൊന്നുമില്ല!
Do not be like those who forgot Allāh, so He made them forget themselves. (Q 59:19)