മത ഭൗതികവാദ സംവാദങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് ധാർമികത. നിർഭാഗ്യവശാൽ ചർച്ചകൾ മിക്കപ്പോഴും ഇൻസെസ്റ്, ശവരതി, മൃഗരതി, മനുഷ്യന് നന്മയും തിന്മയും വേർതിരിച്ചറിയാൻ ഒരു പൊത്തകത്തിൻ്റെ ആവശ്യമില്ല തുടങ്ങിയ കോലാഹലങ്ങളായാണ് നടക്കാറ്. ഒരാൾക്ക് ധാർമ്മികനാകാൻ ദൈവത്തിൽ വിശ്വസിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം! ഒരാൾക്ക് കളവ് തെറ്റാണെന്ന് വിശ്വസിക്കാനും കളവ് പറയാതിരിക്കാനും ദൈവത്തിൽ വിശ്വസിക്കേണ്ടതില്ല. മനുഷ്യ ചരിത്രത്തിൽ എല്ലാ കാലത്തും ഭൂരിപക്ഷവും വിശ്വാസികളായിരുന്നത് കൊണ്ട് തന്നെ എല്ലാ സമൂഹങ്ങളിൽ നിലനിൽക്കുന്ന ധാർമികതയും മത മൂല്യങ്ങളിൽ ഊന്നിയുള്ളതാകും. ഒരാൾക്ക് തൻ്റെ ചാറ്റുപാടിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന ഇത്തരം ധാർമിക മൂല്യങ്ങൾ സ്വീകരിക്കാൻ ഒരു ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ ഇതൊന്നുമല്ല ധാർമികതയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയം. ധാർമ്മികനാകാൻ ദൈവത്തിലും മതത്തിലും വിശ്വസിക്കേണ്ടതുണ്ടോ എന്നല്ല ദൈവമില്ലെങ്കിൽ വസ്തുനിഷ്ടമായി (objective) നന്മതിന്മകൾ തന്നെ ഉണ്ടോ എന്നതാണ് ചോദ്യം!
ധാർമികത എന്നത് ഒരു മൂല്യമാണ്, ഫിലോസഫിയിലെ എത്തിക്സ് എന്ന ശാഖയിലാണ് ധാർമികത ചർച്ച ചെയ്യുന്നത്. ഭൗതിക പ്രപഞ്ചത്തിൽ എവിടെയും ധാർമികത എന്നൊന്നില്ല. റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞപോലെ “In a universe of electrons and selfish genes, blind physical forces and genetic replication, some people are going to get hurt, other people are going to get lucky, and you won’t find any rhyme or reason in it, nor any justice. The universe that we observe has precisely the properties we should expect if there is, at bottom, no design, no purpose, no evil, no good, nothing but pitiless indifference.”[1]
Subjective Morality
ആത്യന്തികമായി എല്ലാം പ്രവർത്തികളും ദ്രവ്യങ്ങളുടെ പുനഃക്രമീകരണങ്ങളും രാസ പ്രവർത്തനങ്ങളുമാണ്. ചിലത് നന്മയും മറ്റു ചിലത് തിന്മയുമാകണമെങ്കിൽ നന്മതിന്മകൾ വേർതിരിക്കാൻ വസ്തുനിഷ്ടമായ ഒരു മാനദണ്ഡം വേണം. ഒരു കാര്യം മുകളിലാണോ താഴെയാണോ എന്ന് എന്തെങ്കിലും അടിസ്ഥനമാക്കിയേ പറയാൻ കഴിയൂ. തറയിൽ നിൽക്കുന്നയാൾക്ക് പക്ഷി പറക്കുന്നത് മുകളിലൂടെയും പത്താം നിലയിൽ നിൽക്കുന്നയാൾക്ക് അയാളുടെ താഴെയുമായിരിക്കാം. പത്ത് പേരെ ശ്യൂന്യാകാശത്തേക്ക് പറത്തിയിട്ട് താഴെയും മുകളിലും കാണിക്കാൻ പറഞ്ഞാൽ പത്ത് ഉത്തരം വരെ കിട്ടും. ഇവിടെയെല്ലാം അടിസ്ഥാനം വ്യക്തി നിഷ്ഠമാണ് എന്നതാണ് കാരണം. ധാർമ്മികതയുടെ മാനദണ്ഡം വ്യക്തിനിഷ്‌ഠമാണെങ്കിൽ ശരി തെറ്റുകൾ അപേക്ഷികമായിരിക്കും. ഇതിനെയാണ് subjective morality എന്ന് പറയുന്നത്. അത് ഓരോ വ്യക്തികളായാലും, സമൂഹത്തിൽ കൂടുതൽ പേർക്ക് ശരിയെന്ന് തോന്നുന്നതായാലും, അറിവും വൈദഗ്ധ്യവുമുള്ളവർ രൂപീകരിക്കുന്ന ഭരണഘടനയായാലും എല്ലാ വ്യക്തിനിഷ്‌ഠമാണ്, സബ്ജെക്റ്റീവാണ്.
ധാർമികത വ്യക്തിനിഷ്‌ഠമായാൽ പിന്നെയതിനെ ധാർമികതയെന്നോ നന്മതിന്മയെന്നോ പറയാൻ കഴിയില്ല. കേവലം വ്യക്തിപരമായ കാഴ്ചപ്പാടുകളും അഭിരുചികളുമായി മാറും. ഒരാൾക്ക് വനില ഐസ്ക്രീമായിരിക്കും ഇഷ്ടം, മറ്റൊരാൾക്ക് ചോക്ലേറ്റോ സ്ട്രോബെറിയോ ആയിരിക്കാം. വാനില കഴിക്കുന്നയാൾക്ക് ചോക്ലേറ്റ് കഴിക്കുന്നത് അധർമികമാണെന്ന് പറയാൻ കഴിയുമോ? ബലാത്സംഘവും കൊള്ളയും കൊലയും വർണവെറിയും എല്ലാം ഇത് പോലെ ചിലർക്ക് ശരിയായിരിക്കും. ഒന്നിനെയും നമുക്ക് വസ്തുനിഷ്‌ഠമായി തിന്മയെന്ന് പറയാൻ കഴിയില്ല. പക്ഷേ ധാർമികത വ്യക്തിനിഷ്‌ഠമാണെന്ന് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ നമുക്ക് കഴിയുകയുമില്ല. അന്യായമായി ഒരു മനുഷ്യജീവൻ അപഹരിക്കുന്നതും, ഒരാൾ മറ്റൊരാളുടെ സമ്പത്ത് തട്ടിയെടുക്കുന്നതും വസ്തുനിഷ്‌ഠമായി അധാർമികമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം. പക്ഷേ അതിൻ്റെ മാനദണ്ഡമെന്ത്? ആരാണത് നിശ്ചയിക്കുന്നത് എന്നതാണ് വിഷയം. ദൈവരഹിത, മതരഹിത പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ട് വെക്കാറുള്ള ധാർമിക തത്വങ്ങൾ പരിശോധിക്കാം.
Harm principle
മറ്റു വ്യക്തികൾക്ക് ദോഷകരമല്ലാത്ത നമ്മുടെ പ്രവർത്തികളെല്ലാം ധാർമികവും, മറ്റു വ്യക്തികളെ ദോഷകരമായി ബാധിക്കുന്നവ അധാർമികവുമാണെന്ന തത്ത്വമാണിത്. ഇൻഡിവിജ്വലിസത്തിൻ്റെയും ലിബറലിസത്തിൻ്റെയും കേന്ദ്ര സിദ്ധാന്തമാണീ തത്ത്വം, ലിബറലിസത്തിൻ്റെ പിതാവെന്നറിയപ്പെടുന്ന, ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ സ്റ്റുവർട്ട് മില്ലാണ് ഇതാദ്യമായി മുന്നോട്ട് വെക്കുന്നത്.
ഈ തത്ത്വത്തിൻറെ യുക്തിയെ ചോദ്യം ചെയ്യാനും ജീവിത വ്യവഹാരങ്ങളിൽ പ്രയോഗികമാക്കുമ്പോഴുള്ള ദുരന്തങ്ങൾ ചൂണ്ടിക്കാട്ടാനുമാണ് ഇൻസെസ്റ്റും ശവരതിയും മൃഗരതിയുമൊക്കെ രംഗ പ്രവേശനം ചെയ്യുന്നത്. അല്ലാതെ നാസ്തികരെല്ലാവരും ഇതിനൊയൊക്കെ അനുകൂലിക്കുന്നവരാണെന്ന് അതിനർത്ഥമില്ല. ഇതിനൊയൊക്കെ അനുകൂലിക്കുകയും ന്യായീകരിക്കുകയും ഇതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന സ്വതന്ത്ര ചിന്തകർ ഇല്ലെന്നെല്ല. അവരൊന്നും തന്നെ നാസ്തിക പ്രവാചകൻമാർ അല്ലാത്തത് കൊണ്ട് നിർദാക്ഷിണ്യം തള്ളിക്കളയാം. ഈ തത്വമനുസരിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്നില്ല എന്ന കാരണം കൊണ്ട് മുകളിൽ പറഞ്ഞവയെല്ലാം, അല്ലങ്കിൽ മറ്റുള്ളവരെ ദോഷകരമായി ബാധിക്കാത്തവയെല്ലാം വസ്തുനിഷ്ടമായി അധാർമികമല്ലെന്ന് പറയാൻ കഴിയുമോ എന്നതാണ് വിഷയം.
മറ്റുള്ളവർക്കും സമൂഹത്തിനും ദോഷകരമായ കാര്യങ്ങൾ ഏതൊക്കെയാണെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നതാണ് മറ്റൊരു വിഷയം. ഒരാൾ ജീവിതത്തിന് പ്രത്യേക ലക്ഷ്യമോ മൂല്യമോ ഇല്ല, വെറുതെ പഠിച്ചു സമയം കളഞ്ഞ് കഷ്ടപ്പെട്ട് ജോലി ചെയ്ത് കുടുംബവും കെട്ടുപാടുകളുമായി സാമ്പ്രദായിക ജീവിതത്തേക്കാൾ നല്ലത് എങ്ങനയെങ്കിലും കുറച്ചു പണം സമ്പാദിക്കുക, എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് ലഹരിയുപയോഗിച്ചു ആനന്ദം കണ്ടെത്തുക, ആരോഗ്യം നഷ്ടപ്പെട്ട് ജീവിതം ക്ലേശകരമാകുമ്പോൾ എല്ലാം മതിയാക്കി ആത്‍മഹത്യ ചെയ്യുക എന്നൊരു നിലപാടിലെത്തിയാൽ, അയാൾക്കാവശ്യമായ ലഹരികൾ നിയമവിരുദ്ധമാക്കുന്നതും മറ്റാരെയും ഉപദ്രവിക്കാതെ സ്വന്തം ജീവിതം ആസ്വദിക്കാനുള്ള അയാളുടെ ആഗ്രഹത്തിന് തടസ്സം നിൽക്കുന്നതും അധാർമികമായി കണക്കാക്കുമോ?
ഈ തത്വം മുന്നോട്ട് വെച്ച ജോൺ സ്റ്റുവർട്ട് മിൽ ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തെ ന്യായീകരിച്ചിരുന്ന വ്യക്തിയായിരുന്നു. എല്ലാ ഏഷ്യൻ സമൂഹങ്ങളും യൂറോപ്പിനേക്കാൾ താഴ്ന്ന നാഗരികതയാണെന്നും ബ്രിട്ടീഷുകാർക്ക് മാത്രമേ ഇന്ത്യക്കാരെ ഭരിക്കാനും പാശ്ചാത്യ വിദ്യാഭ്യാസവും നിയമങ്ങളും വഴി ഇന്ത്യക്കാരുടെ പോരോഗമനവും വിമോചനവും സാധ്യമാകൂ എന്നതായിരുന്നു മില്ലിൻ്റെ ന്യായം. ഇന്ത്യക്കാർ Barbarians ആണെന്നും സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ കഴിയില്ലെന്നും ഇന്ത്യക്കാരുടെ നന്മക്ക് വേണ്ടിയുമാണ് മിൽ ഈ വാദം മുന്നോട്ട് വെച്ചത്[2][3]. തത്വത്തിൽ തങ്ങളുടെ മൂല്യങ്ങളും ലോകവീക്ഷണങ്ങളും സംസ്‌കാരവും ജീവിത രീതിയുമാണ് മഹത്തരം എന്നും അത് പിന്തുടരാത്ത പ്രകൃതരും സംസ്ക്കാരശൂന്യരുമായ മറ്റുള്ളവരുടെ പുരോഗതിക്കും മോചനത്തിനുമായി സായുധ അധിനിവേശം നടത്തുന്നത് അധാർമികമായി കാണാൻ കഴിയില്ല. ഇന്നും അങ്ങനെ വിശ്വസിക്കുന്നവരും നടപ്പിലാക്കുന്നവരുമുണ്ട്. അതായത് മറ്റുള്ളവർക്ക് എന്താണ് ഗുണം, ദോഷം എന്നത് തികച്ചും വ്യക്തിനിഷ്‌ഠമായ അഭിപ്രായം മാത്രമാണ്.
മറ്റുള്ളവർക്ക് ദോഷകരമായ കാര്യങ്ങൾ ശാരീരികമായ ഉപദ്രവം മാത്രമാണോ പരിഗണിക്കുന്നത് എന്നതാണ് മറ്റൊരു വിഷയം. മറ്റുള്ളവരെ മാനസികമായും വൈകാരികമായും വേദനിപ്പിക്കുന്ന രീതിയിൽ അവരുടെ വിശ്വാസങ്ങളെ, ജീവിതരീതിയെ, തിരഞ്ഞെടുപ്പുകളെ, വ്യക്തിത്വത്തെയൊക്കെ പരിഹസിക്കുന്നതും പുച്ഛിക്കുന്നതും അതിൽ പെടുമോ അതോ ഫ്രീഡം ഓഫ് സ്പീച്ചിൻ്റെ പരിധിയിൽ വരുമോ എന്നുള്ളതൊക്കെ വിഷയമാണ്. ഇവിടെയും ഗുണ ദോഷങ്ങൾ വ്യക്തിനിഷ്‌ഠമാണ്.
ഹാം പ്രിൻസിപ്പിളിൻ്റെ മറ്റൊരു പ്രധാന പോരായ്‌മ, അത് ലിബറലിസം പോലെത്തന്നെ വ്യക്തിയധിഷ്ഠിതമാണ്. വ്യക്തികളുടെ അവകാശവും സ്വാതന്ത്ര്യവും മാത്രമാണത് പരിഗണിക്കുന്നത്. മനുഷ്യനാകട്ടെ ഒരു സാമൂഹ്യ ജീവിയുമാണ്. സമൂഹത്തിൻറെയോ അതിന്റെ അടിസ്ഥാനഘടകമായ കുടുംബഘടനയുടെ നിലനിൽപ്പോ സംരക്ഷണമോ അതിൻറെ പരിഗണയിൽ വരുന്നേയില്ല. ചുരുക്കിപറഞ്ഞാൽ ഹാം പ്രിൻസിപ്പിളിനെ വസ്തുനിഷ്ഠ ധാർമികതയുടെ മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ല.
നാസ്തികത ധാർമികത – 2
നാസ്തികതയും ധാർമികതയും, ഒബ്ജെക്റ്റീവ് മൊറാലിറ്റി, യൂട്ടിലിറ്റേറിയനിസം, പരിണാമ ധാർമികത, വസ്തുനിഷ്ട ധാർമികത
അവലംബം
- River Out of Eden: A Darwinian View of Life
- John Stuart Mill, Dissertations and Discussions: Political, Philosophical, and Historical Vol. 3, pp. 252-253.
- https://journals.sagepub.com/doi/abs/10.1177/1755088220903349