നാസ്തികത ധാർമികത – 2

You are here:

നാസ്തിക ധാർമിക ധിംകിട ധും

ഒരാൾക്ക് ധാർമ്മികനാകാൻ ദൈവത്തിൽ വിശ്വസിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ അതല്ല വിഷയം. എന്നല്ല ദൈവമില്ലെങ്കിൽ വസ്തുനിഷ്ടമായി നന്മതിന്മകൾ തന്നെ ഉണ്ടോ എന്നതാണ് ചോദ്യം!

Utilitarianism

സന്തോഷവും ആനന്ദവും നൽകുന്ന കാര്യങ്ങൾ ധാർമികവും ക്ലേശങ്ങളും ദോഷങ്ങളും വരുത്തുന്ന കാര്യങ്ങൾ അധാർമികവുമാണ് എന്ന തത്വമാണ് യൂട്ടിലിറ്റേറിയനിസം (പ്രയോജനവാദം). സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾ വരുമ്പോൾ  സമൂഹത്തിൻറെ മൊത്തം ഗുണങ്ങളാണ് ലക്ഷ്യമിടുക. ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്നതാണ് ആത്യന്തിക ലക്ഷ്യം. നെഗറ്റീവ് യൂട്ടിലിറ്റേറിയനിസം, ആക്ട് യൂട്ടിലിറ്റി, റൂൾ യൂട്ടിലിറ്റി അങ്ങനെ വിവിധ വിധം ത്വങ്ങളുമുണ്ട്. നെഗറ്റീവ് യൂട്ടിലിറ്റേറിയനിസം സന്തോഷം കൂട്ടുക എന്നതിന് പകരം ക്ലേശങ്ങളും ദോഷങ്ങളും കുറക്കുക എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്.

ഇതും കേൾക്കുമ്പോൾ മനോഹരമായി തോന്നുമെങ്കിലും പല അപകടങ്ങളുമുണ്ട്. ഒരു നിരപരാധിയെ കൊലക്ക് കൊടുത്താൽ അപകടത്തിൽ പെട്ട അഞ്ചു പേരെ രക്ഷിക്കാമെങ്കിൽ അത് ധാർമികതയാകുമോ എന്ന തരത്തിലുള്ള ട്രോളി ഡെലിമ്മ സീരീസിലുള്ള പല ചോദ്യങ്ങളും കേട്ടിട്ടുണ്ടാകും.

ഒരു കുറ്റകൃത്യത്തിൻറെ പ്രതിയെ കണ്ടെത്തി ശിക്ഷിക്കാത്ത പക്ഷം സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തോട് രക്തരൂക്ഷിതമായ പ്രതികാരം ചെയ്യുമെന്ന് ഒരു വിഭാഗം ഭീഷണിപ്പെടുത്തുന്നുവെന്ന് കരുതുക. യഥാർത്ഥ കുറ്റവാളിയെ അറിയില്ലെങ്കിൽ, നിരപരാധിയായ മറ്റൊരാളെ ഫ്രെയിം ചെയ്ത് വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിലൂടെ മാത്രമേ രക്തച്ചൊരിച്ചിൽ തടയാൻ ജഡ്ജിക്ക് കഴിയൂ എങ്കിൽ അത് ധാർമികമാകുമോ? യൂട്ടിലിറ്റേറിയനിസം അനുസരിച്ച് ധാർമികമാണ്. നീതിയും ന്യായവുമൊന്നും പ്രധാനമല്ല, കൂടുതൽ പേർക്ക് സന്തോഷം കിട്ടുമെങ്കിൽ ഒരു നിരപരാധിയെ തൂക്കിക്കൊല്ലുന്നതും തെറ്റല്ല. പ്രശസ്ത യൂട്ടിലിറ്റേറിയൻ തത്വചിന്തകനായ പീറ്റർ സിംഗറിൻ്റെ അഭിപ്രായത്തിൽ “മാനസിക വൈകല്യമുള്ളവരെ ബലാത്സംഗം ചെയുന്നത് തെറ്റല്ല”, “അംഗവൈകല്യമുള്ള കുട്ടികളെ കൊല്ലുന്നത് തെറ്റല്ല”, “മനുഷ്യൻറെ ജീവന് പട്ടിയുടെയും പന്നിയുടെയും ജീവൻറെ അതേ മൂല്യം തന്നെയൊള്ളു”. അതിനൊക്കെ അദ്ദേഹത്തിന് യൂട്ടിലിറ്റേറിയൻ ന്യായങ്ങളുമുണ്ട്. ഇത്തരം അപകടകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സംസാരിക്കുന്നത് കൂടുതൽ പേരുടെ സന്തോഷത്തിന് കാരണമാകും എന്നത് കൊണ്ട് തന്നെ പീറ്റർ സിംഗറെ “ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ” എന്ന ഗാർഡിയൻ പത്രത്തിൻ്റെ വിശേഷണവും ധാർമികമായി കണക്കാക്കാം.”[4][5]

ഇവിടെയും സന്തോഷവും ക്ലേശവുമുള്ള കാര്യങ്ങൾ ഏതാണെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നത് വിഷയമാണ്. സന്തോഷം തികച്ചും വ്യക്തിനിഷ്‌ഠമായതും അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തതുമായ കാര്യമാണ്. പ്രയോജനത്വം മാത്രം കണക്കിലെടുക്കുമ്പോൾ പ്രവർത്തികൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങൾ അവഗണിക്കപ്പെടുന്നു. ഒരു വ്യക്തി പാവപ്പെട്ടവരുടെ ക്ലേശം കുറക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പതിനായിരവും രൂപ ദാനം ചെയ്യുന്നു. മറ്റൊരു വ്യക്തി പേരിനും പ്രശസ്തിക്കും, അല്ലെങ്കിൽ തൻ്റെ ബിസിനസ് സ്ഥാപനത്തിൻ്റെ സൽപ്പേരിനോ, തിരഞ്ഞെടുപ്പിലെ മത്സരിക്കാൻ മുന്നോടിയായോ ഒരു ലക്ഷവും ദാനം ചെയ്യുന്നു. ഇവിടെ യൂട്ടിലിറ്റി പരിഗണിക്കുമ്പോൾ ആദ്യവ്യക്തിയുടെ പ്രവർത്തിയേക്കാൾ പരിഗണയും ധാർമികവും രണ്ടാമത്തെ വ്യക്തിയുടെ പ്രവർത്തിക്കായിരിക്കും.

യൂട്ടിലിറ്റേറിയനിസം വസ്തുനിഷ്‌ഠ ധാർമികതയുടെ മാനദണ്ഡമായി കണക്കാക്കുന്നത് പോയിട്ട് ധർമികമായി കണക്കാക്കാൻ കഴിയുമോ എന്നത് തന്നെ സംശയമാണ്.

പരിണാമ ധാർമികത

ധാർമികത മനുഷ്യനിൽ അന്തർലീനമായി ഉള്ളതാണ്, അതിജീവനത്തിത്തിൻ്റെ ഭാഗമായി പരിണാമത്തിലൂടെ ആർജിച്ചെടുത്തതാണ്, പൊത്തകം നോക്കി പഠിച്ചതല്ല എന്ന വാദം ഉന്നയിക്കുന്നവരുണ്ട്. ഇത് പൂർണ്ണമായും ശരിയല്ലെങ്കിലും ചില വസ്തുതകളുണ്ട്. ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ, ഫിത്റയുടെ ഭാഗമായി, ഏകദൈവം വിശ്വാസം പോലെ തന്നെ എല്ലാ മനുഷ്യരിലും അന്തർലീനമായി ധാർമിക മൂല്യങ്ങളുമുണ്ട്. പിന്നീട് ബാഹ്യ സ്വാധീനം മൂലമോ അല്ലാതെയോ ഒക്കെ ഇതിന് മാറ്റങ്ങൾ വരാം. ഇതുണർത്താനും പരിപോഷിപ്പിക്കാനുമാണ് ദൈവം പ്രവാചകന്മാരെ അയച്ചത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണം, ദരിദ്രരെ സഹായിക്കണം എന്നതൊക്കെ നമ്മുടെയുള്ളിലെ സഹജാവബോധമാണ്. എന്നാൽ സ്വാതന്ത്ര സചിന്തകർ പ്രചരിപ്പിക്കുന്ന Harm principle, Utilitarianism തുടങ്ങിയ വിശകലന ധാർമിക ചിന്തകൾ ഇത്തരം സഹജാവബോധത്തെക്കൂടി വികലമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളുടെ സന്തോഷവും ക്ലേശവും ലാഭവും നഷ്ടവുമൊക്കെ അളന്ന് തിട്ടപ്പെടുത്തുമ്പോൾ ചിലപ്പോ അതൊക്കെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും. അല്ലങ്കിൽ മത അധ്യാപനം പോലെ നന്മ ചെയ്യാനും തിന്മയിൽ നിന്ന് വിട്ട് നിൽക്കാനുമുള്ള പ്രേരണകളുണ്ടായിരിക്കണം. മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരു പോലെ ചീഞ്ഞളിഞ്ഞ മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ അങ്ങനെയൊന്നില്ല താനും.

വിശ്വാസികൾക്ക് ഇത്തരം സഹജാവബോധ ധാർമികതയെ വസ്തുനിഷ്ഠമാണെന്ന് പറയാമെങ്കിലും  ബാഹ്യമായ സ്വാധീനം കൊണ്ടോ അല്ലാതെയോ ഇതിൽ മാറ്റങ്ങൾ വരാം എന്നുള്ളത്  ധാർമികതയുടെ “മാനദണ്ഡമായി” കണക്കാക്കാൻ കഴിയില്ല.

ദൈവരഹിത പരിണാമ വീക്ഷണത്തിൽ സഹജാവബോധ ധാർമികതയെ വസ്തുനിഷ്ഠ ധാർമികതയായി കണക്കാക്കാൻ കഴിയില്ല. അടിസ്ഥാന ധാർമികത കാലക്രമേണ പരിണമിച്ചുണ്ടാതായതാണ് എന്ന് വാദിക്കുന്ന, നിരീശ്വരവാദി കൂടിയായ ജീവശാസ്ത്ര തത്വചിന്തൻ അലക്സ് റോസൻബെർഗിന്റെ വാദപ്രകാരം, ഒരു നിരീശ്വരവാദിക്ക് തൻറെ ആശയധാരയിൽ നിന്ന് കൊണ്ട് സ്വീകരിക്കാവുന്ന നിലപാട് ധാർമികശൂന്യത മാത്രമാണെന്നാണ് (moral nihilism)[6]. അദ്ദേഹം ഉന്നയിക്കുന്നത്, അടിസ്ഥാന ധാർമികത ശരിയായത് കൊണ്ടാണോ അത് സെലക്ട് ചെയ്യപ്പെട്ടത്? അങ്ങനയാണെകിൽ ധാർമിക ശരിതെറ്റുകൾ നേരത്തെ ഉണ്ടായിരുന്നോ? ആരാണത് തീരുമാനിച്ചത്? അതോ അത് സെലക്ട് ചെയ്യപ്പെട്ടത് കൊണ്ടാണോ ശരിയാണ് എന്ന് പറയുന്നത്? അങ്ങയെനെകിൽ മറ്റേതെങ്കിലും സാഹചര്യത്തിലൂടെയായിരുന്നു നമ്മൾ പരിണമിച്ചതെങ്കിൽ അടിസ്ഥാന ധാർമികത മറ്റന്തെങ്കിലുമായിരുന്നില്ലേ? ഇപ്പോഴുള്ളത് തെറ്റാകുമായിരുന്നില്ലേ? അപ്പോൾ ഇപ്പോഴുള്ള ധാർമികത ശരിയാണ് എന്നെങ്ങനെ പറയും? അടിസ്ഥാന ധാർമികത ശരിയാണെന്ന് പറയാൻ കഴിയില്ല, അതിജീവിക്കാൻ സഹായിക്കും എന്ന് വേണമെങ്കിൽ പറയാം. അതിജീവനമാണ് ലക്ഷ്യമെങ്കിൽ ഒരാൾ അതിജീവിക്കാൻ വേണ്ടി മറ്റൊരാളുടെ പണം മോഷ്ടിച്ചാൽ അത് അധാർമികമെന്നെങ്ങനെ പറയും?

ഡാർവിൻ തന്നെ പറഞ്ഞത് “തേനീച്ചയുടെ അതേ സാഹചര്യത്തിലാണ് മനുഷ്യൻ പരിണമിച്ചിരുന്നെതെങ്കിൽ, അവിവാഹിതരായ പെൺ‌കുട്ടികൾ, തൊഴിലാളി-തേനീച്ചകളെപ്പോലെ, തങ്ങളുടെ സഹോദരന്മാരെ കൊല്ലുന്നത് ഒരു പവിത്രമായ കടമയാണെന്ന് കരുതുകയും, അമ്മമാർ അവരുടെ പെൺമക്കളെ കൊല്ലാനും ശ്രമിക്കുമായിരുന്നു, പക്ഷേ ആരും അതൊരു തെറ്റായി കാണുകയോ ഇടപെടാൻ ശ്രമിക്കുകയോ ഇല്ല[7] എന്നുമാണ്. അപ്പോൾ പരിണാമത്തിൽ ധാർമികതക്ക് അടിസ്ഥാനമോ, നമ്മൾ മെച്ചപ്പെട്ട ഒരു ജീവിയായി പരിണമിച്ചത് കൊണ്ട് നമുക്ക് ശരിയെന്നു തോന്നുന്നതെല്ലാം ശരിയാണെന്നോ അർത്ഥമില്ല.

Objective Morality

വ്യക്തികളുടെ അഭിപ്രായങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമതീതമായി, പ്രാപഞ്ചിക നിയമങ്ങളൊക്കെ പോലെ, വസ്തുനിഷ്‌ഠമായ നന്മ തിന്മകളാണ് Objective Morality. നമുക്കൊരു കാര്യത്തോട് യോജിപ്പാണെങ്കിലും അല്ലെങ്കിലും നമ്മളത് ചെയ്താലും ഇല്ലെങ്കിലും നന്മതിന്മകൾ വസ്തുനിഷ്‌ഠമാണ്. സ്വാഭാവികമായും നന്മതിന്മകൾ മനസ്സിലാക്കുന്നതിനും വേർതിരിക്കുന്നതിനും മനുഷ്യ ചിന്താമണ്ഡലത്തിന് ബാഹ്യമായ ഒരു മാനദണ്ഡം ആവശ്യമാണ്. സർവജ്ഞാനിയായ, പരിപൂർണ്ണനായ, എല്ലാ നന്മയുടെയും ഉറവിടമായ ദൈവത്തിൻ്റെ കല്പനകളാണ് ദൈവ വിശ്വാസിൾക്ക് വസ്തുനിഷ്‌ഠ ധാർമികതയുടെ മാനദണ്ഡം. 

മുകളിൽ പറഞ്ഞതും പറയാത്തതുമായ എല്ലാ മനുഷ്യ നിർമിത, ദൈവരഹിത ധാർമിക സിദ്ധാന്തങ്ങളും വ്യക്തിനിഷ്‌ഠ ധാർമികതകളാണ്. ധാർമികത വ്യക്തിനിഷ്‌ഠമായാൽ പിന്നെ വസ്തുനിഷ്‌ഠമായ നന്മകളും തിന്മകളുമില്ല. എല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അഭിരുചികളുമായി മാറും. പ്രശസ്ത റഷ്യൻ സാഹിത്യകാരനായ ഫയോഡർ ദസ്തയേവ്‌സ്‌കി പറഞ്ഞത് പോലെ “ദൈവമില്ലെങ്കിൽ എല്ലാം അനുവദിനീയമാണ്”. ആർക്കും ആരുടെയും പ്രവർത്തികളെ വിമർശിക്കാൻ കഴിയില്ല. മതവിമർശകർ മതങ്ങൾക്ക് നേരെ ഉന്നയിക്കുന്ന ഭൂരിപക്ഷം ആരോപണങ്ങളും അർത്ഥശൂന്യമായി മാറും. പക്ഷേ ധാർമികത വ്യക്തിനിഷ്‌ഠമാണെന്ന് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ നമുക്ക് കഴിയുകയുമില്ല. അന്യായമായി ഒരു മനുഷ്യജീവൻ അപഹരിക്കുന്നതും, ഒരാൾ മറ്റൊരാളുടെ സമ്പത്ത് തട്ടിയെടുക്കുന്നതും വാസ്തുനിഷ്‌ഠമായി അധാർമികമാണെന്നു വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും. വസ്തുനിഷ്‌ഠമായ ധാർമികത ഉണ്ടാ ണ്ടാകണമെങ്കിൽ മനുഷ്യ ചിന്താമണ്ഡലത്തിന് ബാഹ്യമായ ഒരു ധാർമ്മിക പ്രതിനിധി ഉണ്ടായേ പറ്റൂ! ഒന്നുകിൽ അങ്ങനെ ഒരു നിയമദാതാവിനെ അംഗീകരിക്കണം. അല്ലെങ്കിൽ ധാർമികത വ്യക്തിനിഷ്‌ഠമാണ്, നന്മയും തിന്മയുമെല്ലാം ആപേക്ഷികമാണ് എന്ന് സമ്മതിക്കേണ്ടി വരും, അതോടെ നാസ്തികർ മതമൂല്യങ്ങളെ ക്കുറിച്ചും ധാർമികതയെക്കുറിച്ചുമുള്ള സകല വിമർശനങ്ങളും ധിംകിട തരികിട തോം!!!   

ധാർമ്മിക ഉത്തരവാദിത്തം

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തൻ്റെ എല്ലാ ചെയ്തികൾക്കും കണക്ക് പറയേണ്ടി വരുന്ന ഒരു നാളുണ്ട് . തൻറെ സ്രഷ്ടവുമായുള്ള സന്ധിക്കുക എന്ന ജീവിത ലക്ഷ്യം സഫലീകരിക്കണമെങ്കിൽ സ്രഷ്ടാവിനെ അനുസരിക്കണം. എന്നാൽ ദൈവ രഹിത ലോകവീക്ഷണത്തിൽ മനുഷ്യർക്ക് ധാർമ്മിക ഉത്തരവാദിത്തമൊന്നുമില്ല. മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരു പോലെ ചീഞ്ഞളിഞ്ഞ മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ നന്മയും നീതിയും ചെയ്യാൻ ധാർമിക ഉത്തരവാദിത്വമൊന്നുമില്ല. അതൊക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കുന്നതാണെന്ന് തോന്നിയാൽ ചെയ്യാതിരിക്കാൻ കാരണങ്ങളൊന്നുമില്ല.

ദൈവത്തെ ഭയന്ന് നന്മ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടത്തിന് നന്മ ചെയ്യുന്നതല്ലേ എന്നൊരു വാദം കേൾക്കാറുണ്ട്. ഒന്നമതായി ദൈവമില്ലെങ്കിൽ, സ്വന്തം ഇഷ്ടത്തിന് നന്മയും തിന്മയുമില്ല, പ്രവർത്തികൾ മാത്രമേയൊള്ളൂ. രണ്ടാമതായി പോലീസിനേയും കോടതിയേയും ഭയന്ന് നിയമങ്ങളൾ അനുസരിക്കുന്നതിനേക്കാൾ നല്ലത് ഇതൊന്നുമില്ലാതെ നിയമങ്ങൾ അനുസരിക്കുന്നത് തന്നെ. എതിർ രാജ്യത്തിൻറെ പട്ടാളത്തെയും ആയുധങ്ങളെയും ഭയന്ന് അക്രമിക്കാതിരിക്കുന്നതിലും നല്ലത് ഇതൊന്നുമില്ലാതെ അക്രമിക്കാതിരിക്കുന്നത് തന്നെ. സ്ഥാനക്കയറ്റത്തിനും ബോണസിനും വേണ്ടി നന്നായി ജോലി ചെയ്യുന്നതിനേക്കാൾ നല്ലത്, ഇതിന്നുമില്ലാതെ നന്നായി ജോലി ചെയ്യുന്നത് തന്നെ. ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് കൃത്യമായി ജോലി ചെയ്യുന്നതിലും നല്ലത്, അതില്ലാതെ ജോലി ചെയ്യുന്നത് തന്നെൽ. നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത് ഉട്ടോപ്യയിൽ അല്ലാത്തതിനാൽ ഇങ്ങനെയൊക്കയെ പറ്റൂ. മനുഷ്യ പ്രാകൃതമാണത്.

Euthyphro Dilemma

ദൈവ കല്പനകളിൽ അധിഷ്ഠിതമായ വസ്‌തുനിഷ്‌ഠ ധാർമികതക്കെതിരായി വരുന്ന പ്രധാന വിമർശനമാണ് പ്ളാറ്റോയുടെ Euthyphro Dilemma. ദൈവം ഒരു കാര്യം കൽപ്പിക്കുന്നത് അത് നന്മയായത് കൊണ്ടാണോ അതോ ദൈവം കൽപ്പിച്ചത് കൊണ്ടാണോ ഒരു കാര്യം നന്മയാകുന്നത്? എന്നതാണ് ചോദ്യം. രണ്ടുമല്ല, ദൈവം കൽപ്പിച്ചത് കൊണ്ട് ഒരു കാര്യം നന്മയാവുകയല്ല, ദൈവം കൽപ്പിക്കുന്ന എല്ലാ കാര്യങ്ങളും നന്മയായിരിക്കും കാരണം ദൈവമാണ് നന്മയും എല്ലാ നന്മയുടെ ഉറവിടവും. സ്നേഹം കരുണ ദയ നീതി തുടങ്ങിയ ദൈവപ്രകൃതിക്ക് വിരുദ്ധമാകുന്നതൊന്നും ദൈവത്തിൽ നിന്നുണ്ടാകില്ല.

Absolute Morality

വസ്തുനിഷ്‌ഠ ധാർമികത (Objective morality) ചിലരെങ്കിലും നിരുപാധിക ധാർമികതയുമായി (Absolute morality) തെറ്റിദ്ധരിക്കാറുണ്ട്. അബ്‌സൊല്യൂട്ട് മൊറാലിറ്റി ഒരു കാലത്തും ഏതു സാഹചര്യത്തിലും മാറാത്തത് എന്നാണ്. വസ്തുനിഷ്ടമായ ധാർമികത എന്തിനെ അടിസ്ഥനമാക്കിയാണ് എന്നുള്ളത്. ഒബ്ജക്റ്റീവ് മൊറാലിറ്റി ചിലപ്പോൾ അബ്‌സൊല്യൂട്ട് ആയിരിക്കാം, അല്ലാതെയുമാകാം. പ്രവാചകൻ മുഹമ്മദ് ﷺ മുൻപും ഇസ്ലാമിലെ ആദ്യകാലഘട്ടത്തിലും മദ്യം നിഷിദ്ധമായിരുന്നില്ല, പിന്നീടാണത് നിഷിദ്ധമാക്കുന്നത്. ഇസ്ലാമിക വീക്ഷണ പ്രകാരം മുഹമ്മദ് ﷺ മുൻപ് വന്ന പ്രവാചകന്മാരിലൂടെ അവരുടെ സമുദായങ്ങൾക്ക് നൽകപ്പെട്ട അടിസ്ഥാന സന്ദേശങ്ങളും ധാർമികതയും ഒന്നായിരുന്നെങ്കിലും അതേ വിധിവിലക്കുളും നിയമങ്ങളുമല്ല മറ്റുള്ള സമുദായങ്ങൾക്ക് നൽകപ്പെട്ടത്. ഉദാഹരണത്തിന് സാമ്പത്തിക ഇടപാടുകളിലേക്ക് പോരോഗമിക്കാത്ത, കേവലം വേട്ടയും കൃഷിയുമായി ജീവിക്കുന്ന ഒരു സമുദായത്തിനോട് പലിശ നിഷിദ്ധമാണ് എന്ന് പറയേണ്ട കാര്യമില്ല. എന്നാൽ എല്ലാ സമുദായങ്ങൾക്കും പൊതുവായി ഉണ്ടായിരുന്ന നിരുപാധികമായ ധാർമികതകളും ഉണ്ടായിരുന്നു. സ്വയരക്ഷക്കോ, യുദ്ധത്തിലോ അല്ലാതെ, നിരപരാധികളെ കൊല്ലുന്നത് തെറ്റാണ് എന്നുള്ളത് നിരുപാധികമായ ധാർമികതയാണ്.

അവലംബം

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected