ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് സവിശേഷ ബുദ്ധിയും യുക്തിയുമുണ്ടെന്ന കാര്യത്തിൽ നാസ്തികർക്കും വിശ്വാസികൾക്കും തർക്കമില്ല. മുന്നറിവുകളിൽ നിന്നും പ്രസ്താവനകളിൽ നിന്നും യുക്തിപരമായ ഉൾക്കാഴ്ചകൾ രൂപപ്പെടുത്താനുള്ള കഴിവ് യുക്തിബോധമുള്ള മനസ്സിന്റെ സവിശേഷതയാണ്. നമ്മുടെ ഈ യുക്തിസഹമായ ഉൾക്കാഴ്ചകൾ വിശദീകരിക്കുന്ന നല്ലൊരു ഉദാഹരണമാണ് ഡിഡക്റ്റീവ് വാദങ്ങൾ.
1) എല്ലാ സുരാട്ടിപ്പക്കും ട്രിഗാൾമെന്റുണ്ട്.
2) സിംപിൾപാട്ട ഒരു സുരാട്ടിപ്പയാണ്.
ഇവിടെ സുരാട്ടിപ്പയും ട്രിഗാൾമെന്റും സിംപിൾപാട്ടയും എന്താണെന്ന് അറിയില്ലെങ്കിലും, രണ്ട് പ്രസ്തവനകളും ശരിയാണെങ്കിൽ അതിൽ നിന്ന് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനമാണ്.
3) സിംപിൾപാട്ടക്ക് ട്രിഗാൾമെന്റുണ്ട് എന്നത്
ഏതെങ്കിലും ബാഹ്യ തെളിവുകളുടെ അടിസ്ഥാനത്തില്ല നമ്മളീ നിഗമനത്തിലെത്തിയത്. മാത്രമല്ല, മനസും പ്രസ്താവനകളും ഒരു തമ്മിൽ ബന്ധം സ്ഥാപിച്ചിട്ടുമുണ്ട്. ഈ ബന്ധങ്ങൾ ഭൗതികമോ അനുഭവപരമോ ആയ തെളിവുകൾ ഉപയോഗിച്ച് വിശദീകരിക്കാനാവില്ല. ഈ തീരുമാനം പ്രസ്താവനകളുടെ അർഥമനുസരിച്ച് ആയിരിക്കണമെന്നില്ല[1]; അവ തമ്മിലുള്ള ബന്ധം കാരണമാണ്[2]. ഈ നിഗമനത്തിലെത്താൻ മനസ്സ് നമ്മുടെ ഉൾക്കാഴ്ചയെ നയിക്കുന്നു. ഈയൊരർത്ഥത്തിൽ, യുക്തിക്ക് ഭൗതികാതീതമായ ഒരു മാനമുണ്ടെന്ന് പറയാം. ഇങ്ങനെ ഒരു മാനസിക പരിസമാപ്തിയിലേക്ക് നയിക്കുക എന്നത് ഭൗതിക പ്രക്രിയകളുടെ സ്വഭാവമല്ല, അവ അന്ധവും ക്രമരഹിതവുമാണ്, ഏതെങ്കിലും ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള ബോധപൂർവ്വമായ കഴിവില്ല. ഉണ്ടെന്ന് പറയുന്നത് അന്ധനായ ഒരു ഡ്രൈവർ യാത്രക്കാരെ കയറ്റി കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു എന്ന് പറയുന്നത് പോലെയാണ്.
ഏതൊരു വസ്തുവിൽ നിന്നും മറ്റൊന്ന് ഉത്ഭവിക്കണമെങ്കിൽ ഒന്നുകിൽ ആ വസ്‌തുവിലത് അടങ്ങിയിരിക്കണം, അല്ലെങ്കിൽ അത് സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരിക്കണം എന്നതൊരു പൊതു തത്വമാണ്. ചക്കക്കുരുവിൽ നിന്ന് ഐഫോണ്ടാകില്ല, പ്ലാവും ചക്കയുമേ ഉണ്ടാകൂ. നൈട്രജനും പൊട്ടാസ്യവും ചേർന്നാൽ വെള്ളമുണ്ടാവില്ല. ഒരാളുടെ കയ്യിൽ പണമോ, പണമുണ്ടാക്കുനുള്ള മാർഗങ്ങളോ ഇല്ലെങ്കിൽ അയാൾക്കൊരിക്കലും മറ്റൊരാൾക്ക് പണം കൊടുക്കാൻ കഴിയില്ല. നാസ്‌തികവാദപ്രകാരം പ്രകൃത്യാതീതമായ ഒരു ശക്തിയും ഇല്ലെന്നും പ്രപഞ്ചവും അതിലെ എല്ലാ പ്രതിഭാസങ്ങളും ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതാണെന്നും, ഈ ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാൻ കഴിയുമെന്നുമാണ്. സ്വാഭാവികമായും നമ്മുടെ ബുദ്ധി, യുക്തി, ബോധം ചിന്തിക്കാനുള്ള കഴിവ് എന്നിവയുടെ ഉത്ഭവവും ഇവയൊന്നുമില്ലാത്ത അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാൻ കഴിയണം.
ഡാർവീനിയൻ പരിണാമം
പരിസ്ഥിതിയെക്കുറിചുള്ള ശരിയായ അറിവുകൾ അതിജീവനത്തെ സഹായിക്കുന്നതിനാൽ നമ്മുടെ മനസ്സ് യുക്തിസഹമായി പരിണമിച്ചു, സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് നമ്മുടെ പൂർവികരുടെ നിലനിൽപ്പിന് ആത്യവശ്യം ആയിരുന്നതിനാൽ നമ്മൾ ബുദ്ധിയും യുക്തിയുമുള്ളവരായി പരിണമിച്ചു. ഡാർവിനിയൻ പരിണാമ വിശദീകരണം ഉപരിതലത്തിൽ വിശ്വസനീയമായി തോന്നുമെങ്കിലും ആഴത്തിൽ പരിശോധിക്കുമ്പോൾ കൊറേയധികം പ്രശ്നങ്ങളുണ്ടതിന്.
നാസ്തിക വീക്ഷണത്തിൽ, പരിണാമവും പിന്നിൽ യാതൊരു ബുദ്ധിയോ യുക്തിയോ പ്രവർത്തിക്കാത്ത അന്ധമായ ഭൗതിക പ്രക്രിയകളാണ്. ക്വാണ്ടം വാക്വം, ക്വാർക്സ്, കോസ്മിക് ഡസ്ട്, ഇലക്ട്രോൺ, പൊട്രോൺ പ്രോട്ടീൻ അങ്ങനെ എവിടെ നിന്ന് തുടങ്ങിയാലും, ഒന്നുകിൽ ഇതിനേതിനെങ്കിലും സ്വന്തമായി ബുദ്ധിയും യുക്തിയും വേണം, അല്ലെങ്കിൽ അതുണ്ടാക്കാനുള്ള കഴിവുണ്ടാകയിരിക്കണം. അല്ലാതെ അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ യുക്തിയുണ്ടായി എന്ന് പറയുന്നത് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമുണ്ടായി എന്ന് പറയുന്നത് പോലെ അസംബന്ധമാണ്.
പരിണാമത്തിലൂടെ യുക്തി ഉണ്ടായി എന്ന് വെറുതെ സമ്മതിച്ചാൽ പോലും, അത് സത്യവും അസത്യവും തിരിച്ചറിയുക എന്നതിന് പകരം അതിജീവനത്തിനായി രൂപം കൊണ്ടതാണ്. സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള കഴിവ് അതിജീവനത്തിൻ്റെ ആവശ്യകതയല്ല. തെറ്റായ വിശ്വാസങ്ങളും അതിജീവിക്കാൻ സഹയിക്കും എന്നതിനാൽ അത് വിശ്വാസയോഗ്യമായോ സത്യം തിരിച്ചറിയാൻ രൂപപ്പെട്ടതായോ കണക്കാക്കനാവില്ല. മാനസികമായ ഉൾക്കാഴ്ചകൾ കൈവരിക്കുന്നതും അതിജീവനത്തിന് ഒരു ആവശ്യമല്ല. പരിണാമം അതിജീവനത്തിനും പ്രത്യുല്പാദനത്തിനുമുള്ള കഴിവിനെക്കുറിച്ചാണ്, യുക്തിപരമായി സാധുതയുള്ള അറിവുകൾ നേടാനുള്ള കഴിവിനെക്കുറിച്ചല്ല. തത്ത്വചിന്തകനായ ആന്റണി ഓ ഹിയർ പറയുന്ന ഒരുദാഹരണം ഇങ്ങനെയാണ്[3].
വിഷമാണെന്ന് വിശ്വസിച്ച് പക്ഷികൾക്ക് ചില പ്രത്യേക നിറമുള്ള പുഴുക്കളെ ഒഴിവാക്കാം, എന്നാൽ അതേ നിറത്തിലുള്ള വിഷമില്ലാത്ത പുഴുക്കളെയും ഇതൊഴിവാക്കും. തീർച്ചയായും വിഷമുള്ളതും ഇല്ലാത്തതുമായ പുഴുക്കളെ ഒഴിവാക്കുന്നത് പക്ഷിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കും. ഒരു പ്രത്യേക നിറമുള്ള പുഴുക്കളെക്കുറിച്ചുള്ള ഈ തെറ്റായ വിശ്വാസം, പരിണാമ പ്രക്രിയ തെറ്റായ വിശ്വാസങ്ങളിലേക്ക് നയിക്കുമെന്നാണ് കാണിക്കുന്നത്. അതിനാൽ പരിണാമ വീക്ഷണത്തിനിൽ നിന്ന് നമ്മുടെ മനസ്സ് സത്യാന്വേഷണത്തിനായി പരിണമിച്ചതാണെന്നോ, വിശ്വാസയോഗ്യമാണെന്നോ കണക്കാക്കാനാവില്ല.
സാക്ഷാൽ ചാൾസ് ഡാർവിന് പോലും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. സത്യം നേടാനുള്ള നമ്മുടെ കഴിവ് താഴ്ന്ന ജീവി വർഗ്ഗങ്ങളിൽ നിന്ന് മാത്രമായി പരിണമിച്ചതാണെങ്കിൽ അത് കണക്കിലെടുക്കാൻ കഴിയില്ലെന്ന് 1881-ൽ എഴുതിയ ഒരു കത്തിൽ പറയുന്നു : “താഴ്ന്ന ജീവി വർഗ്ഗങ്ങളുടെ മനസ്സിൽ നിന്ന് പരിണമിച്ച മനുഷ്യന്റെ മനസ്സിന്റെ ബോധ്യങ്ങൾ ഏതെങ്കിലും മൂല്യമുള്ളതാണോ വിശ്വസനീയമാണോ എന്ന ഭയങ്കരമായ സംശയം എപ്പോഴും ഉയർന്നുവരുന്നു. ഒരു കുരങ്ങന്റെ മനസ്സിൽ എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കിൽ ആരെങ്കിലും അത് വിശ്വസിക്കുമോ?”[4]
രണ്ടാമതായി, മനുഷ്യൻറെ അറിയാനും കണ്ടെത്താനും മനസ്സിലാക്കാനുമുള്ള ത്വര പലപ്പോഴും നമ്മുടെ അതിജീവനത്തിന് തന്നെ ദോഷകരമാണ്. ഭൗതികശാസ്ത്ര നിയമങ്ങൾ മനസിലാക്കി ഗണിതശാസ്ത്രത്തിൽ ഏർപ്പെട്ട് പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള കഴിവുള്ള മനസ്സുകളായി പരിണമിച്ചതിന് അതിജീവനവുമായി ഒരു ബന്ധവുമില്ല. തിരിച്ചുവരുമോ ഇല്ലയോ എന്നുറപ്പില്ലാതെ ഒരു ബഹിരാകാശയാത്രികനെ മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ പറക്കുന്ന പേടകത്തിൽ കയറി പര്യവേക്ഷണം ചെയ്യാൻ പ്രേരിപ്പിക്കുന്നത് കണ്ടെത്താനും അറിയാനുമുള്ള ആഗ്രഹമാണ്. ഇതെങ്ങനെയാണ് അതിജീവനത്തെ സഹായിക്കുന്നത്? തിരിച്ചു വരുമെന്നുറപ്പില്ലാതെ, കഠിനമായ തണുപ്പും ബുദ്ധിമുട്ടുകളും സഹിച്ച്, ഒരു മലകയറ്റക്കാരനെ എവറസ്റ്റ് കീഴടക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്? തൻ്റെ അതിജീവനത്തിന് മുൻതൂക്കം നൽകുന്ന രീതിയില്ലല്ലേ മനുഷ്യൻ രൂപകൽപ്പന ചെയ്യപ്പെട്ടത്? ഒരു സന്യാസിയെ ആന്തരിക സമാധാനം കണ്ടെത്താൻ ഏകാകിയായി ബ്രഹ്മചാര്യമനുഷ്ഠിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്? ഇത് അതിജീവനത്തിനും പ്രത്യുൽപാദനത്തിനും പൂർണ്ണമായും വിരുദ്ധമല്ലേ? വാസ്തവത്തിൽ, കണ്ടെത്താനുള്ള ആഗ്രഹം മനുഷ്യരിൽ ശക്തമാണ്, പലപ്പോഴും അതിജീവിക്കാനുള്ള ആഗ്രഹത്തെപ്പോലും മറികടക്കുന്നു. ആളുകൾ അവരുടെ നിലനിൽപ്പിന് അനുകൂലമായ കാര്യങ്ങളിൽ നിന്ന് സ്വയംവേർപെട്ട് യഥാർത്ഥ സന്തോഷവും സമാധാനവും തേടുന്നതുമായ നിരവധി അനുഭവങ്ങൾ നമുക്ക് കാണാം. സ്പേസ് പ്രോഗ്രാമിനെ കുറിച്ചോ നിരീശ്വരവാദത്തെ കുറിച്ചോ ദൈവാസ്ഥിത്വ കുറിച്ചോ ചർച്ച ചെയ്യാതെ തന്നെ ദശലക്ഷക്കണക്കിന് വർഷങ്ങളായി പാറ്റകളായും വണ്ടുകളും അതിജീവിക്കുന്നുമുണ്ട്.
നമ്മുടെ ഉയർന്ന യുക്തിബോധവും പഠിക്കാനുള്ള ആഗ്രഹവും, കല, സംഗീതം, ആത്മീയത, തത്ത്വചിന്ത, ഗർഭനിരോധന മാർഗ്ഗങ്ങളുടെ രൂപകൽപ്പന പോലെ അതിജീവനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കാത്ത പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കാൻ പലപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു. നാച്ചുറൽ സെക്ഷൻ ഇവയെല്ലാം ഇല്ലാതാക്കേണ്ടതാണ്, കാരണം അത്തരം പെരുമാറ്റങ്ങൾക്ക് അതിജീവന ഗുണങ്ങളില്ല. ഡാർവിനിയൻ പരിണാമ മെക്കാനിസം “അതിജീവനവും പ്രത്യുല്പാദനവും” മാത്രം വിശദീകരിക്കുന്നതിനാൽ, അതിന് യുക്തിസഹമായ നമ്മുടെ കഴിവിനെ വിശദീകരിക്കാൻ കഴിയില്ല.
ഡിഎൻഎ ഹെലിക്സ് കണ്ടെത്തിയ ഫ്രാൻസിസ് ക്രിക്ക് പറഞ്ഞത്, “നമ്മുടെ വളരെ വികസിതമായ തലച്ചോറുകൾ ശാസ്ത്രീയ സത്യങ്ങൾ കണ്ടെത്തുന്നതിന്റെ സമ്മർദ്ദത്തിൽ പരിണമിച്ചതല്ല, മറിച്ച് അതിജീവിക്കാനും പിൻഗാമികളെ സൃഷ്ടിക്കാനും വേണ്ടത്ര മിടുക്കരാകാൻ നമ്മെ പ്രാപ്തരാക്കുക മാത്രമാണ്.” [5]
“നമ്മുടെ യുക്തിയും, ഗണിതശാസ്ത്രപരമായ അവബോധവും സത്യം കണ്ടെത്തുന്നതിന് പ്രകൃതി നിർദ്ധാരണത്തിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ടതല്ല” എന്ന് ഒരുനാൾ ശാസ്ത്രം എല്ലാറ്റിനും ഉത്തരം തരുമെന്ന് വിശ്വസിക്കുന്ന, നിരീശ്വരവാദിയും ന്യൂറോ സയന്റിസ്റ്റുമായ സാം ഹാരിസും സമ്മതിക്കുന്നു.[6]
സത്യാന്വേഷണത്തിനായുള്ള ബുദ്ധിയും യുക്തിയും, അതിജീവനത്തിന് അത്യന്താപേക്ഷിതമായ ജൈവ ഉറവിടങ്ങളുടെ ഊർജ്ജം കൂടുതലായി ചിലവഴിക്കുന്നതിനാൽ, നാച്ചുറൽ സെലെക്ഷൻ കായികക്ഷമത വർദ്ധിപ്പിക്കുകയും കുറഞ്ഞ ഊർജ്ജമുപയോഗിച്ചു തെറ്റായയതും വിശ്വാസയോഗ്യമല്ലാത്ത വൈജ്ഞാനിക കഴിവുകൾക്കും അനുകൂലം ആകുമായിരുന്നു [7]
സത്യാന്വേഷത്തിനായുള്ള കഴിവുകൾക്ക് കൂടുതൽ ഊർജ്ജം വേണ്ടി വരുന്നതിനാൽ നാച്ചുറൽ സെലെക്ഷൻ അനുകൂലമാകില്ലെന്ന് James Sage പറയുന്നു[8]
കമ്പ്യൂട്ടർ ലോജിക്
കമ്പ്യൂട്ടറുകൾക്ക് യുക്തിപൂര്‍വ്വമായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതിനാൽ ഭൗതിക പ്രതിഭാസങ്ങൾക്ക് നമ്മുടെ യുക്തിയെയും ബുദ്ധിയെയും വിശദീകരിക്കാൻ കഴിയുമെന്നുമാണ് ഒരു വാദം. എന്നാൽ കമ്പ്യൂട്ടറുകൾ ചെയ്യുന്നത് കേവലം ഡാറ്റാ പ്രോസസിങ്, അതായത് ഇൻപുട് സ്വീകരിച്ച്, നൽകിയിട്ടുള്ള അൽഗോരിതം അനുസരിച്ചു അത് പ്രോസ്സസ് ചെയ്ത് ആവശ്യപ്പെട്ട ഫലം നൽകുക മാത്രമാണ്. ആ ഫലത്തിൻറെ അർത്ഥമെന്തെണെന്നോ മൂല്യമെന്താണെന്നോ വിശകലനം ചെയ്യാൻ കഴിയില്ല. കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത് പദവിന്യാസക്രമം (syntax) അനുസരിച്ചാണ്, അര്‍ത്ഥങ്ങളനുസരിച്ചല്ല (semantics). അതായത് ചൈനീസ് ഭാഷയറിയാത്ത ഒരാൾക്ക് ചൈനീസ് അക്ഷരമാലകളും, ഈ രൂപത്തിലുള്ള അക്ഷരത്തിൻറെയടുത്ത് ഈ രൂപത്തിലുള്ള അക്ഷരം വെക്കുക തുടങ്ങി അവ ക്രമീകരിക്കേണ്ട നിർദേശങ്ങളും കൊടുത്താൽ അയാൾക്കതു ചെയ്യാൻ കഴിയും, പക്ഷേ അയാളുണ്ടാക്കിയ വാക്കുകളുടെ അർത്ഥമെന്താണെന്നോ അതിൻറെ മൂല്യമെന്താണെന്നോ അയാൾക്കറിയില്ല. ഒരു വാദത്തിനു വേണ്ടി ഭാവിയിൽ ഇതെല്ലം കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയുമെന്ന് സമ്മതിച്ചാൽ തന്നെ, കമ്പ്യൂട്ടറുകൾ ചെയ്യുന്നത് പ്രോഗ്രമർ എന്താണോ പ്രോഗ്രാം ചെയ്തത് അതനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ്. കമ്പ്യൂട്ടർ യുക്തിയുടെ ഉറവിടം ബുദ്ധിയും യുക്തിയുമുള്ള പ്രോഗ്രാമറുടെ യുക്തിയിൽ നിന്നാണ്, അന്ധമായ ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതല്ല.
നമ്മുടെ യുക്തിക്കും ബുദ്ധിക്കും ഡാറ്റാ പ്രോസസിങ്ങിലുപരിയായി യുക്തിസഹമായി തീരുമാനങ്ങളിലെത്താനും, അതിനെ വിശകലനം ചെയ്യാനും, സത്യം മനസ്സിലാക്കാനും പുതിയ ആശയങ്ങളുണ്ടാക്കാനും ക്രിയാത്മകമായി കല സാഹിത്യം തുടങ്ങിയ മറ്റനേകം കാര്യങ്ങൾ ചെയ്യാനും കഴിയും. ഇതെല്ലം എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, ഈ കഴിവ് എങ്ങനെ? എന്തിൽ നിന്നുത്ഭവിച്ചു? അതിനെ വിശ്വാസയോഗ്യമായി കണക്കാക്കാൻ എന്താണ് ന്യായീകരണം എന്നതാണ് വിഷയം.
ദൈവമില്ലെങ്കിൽ യുക്തിക്കും ബുദ്ധിക്കും ഒരു വിശദീകരണമില്ല, ഒരു വിശ്വാസി തൻ്റെ യുക്തി ഉപയോഗിച്ച് അറിവും യുക്തിയും ഇച്ഛയും കഴിവുമുള്ള ഒരു സ്രഷ്ടവ് ഈ പ്രപഞ്ചത്തിനുണ്ടെന്നും, മനുഷ്യന് സത്യം മനസ്സിലാക്കാൻ ഈ സ്രഷ്ടാവ് തന്ന കഴിവാണിത് എന്ന നിഗമനത്തിലും എത്തുന്നതോടെ, തൻ്റെ യുക്തിയുടെ ഉദ്ഭവത്തിനും വിശ്വാസയോഗ്യതക്കും ന്യായീകരണമുണ്ട്.
ദൈവ വിശ്വാസം യുക്തിരഹിതമെന്നാണ് നാസ്തികവാദം. യഥാർത്ഥത്തിൽ നാസ്തികത നിരാകരിക്കുന്നത് സ്വന്തം യുക്തിയുടെ വിശ്വാസ്യതയെത്തന്നെയാണ്.
അവലംബം
- BonJour, L. (1998). In Defense of Pure Reason. Cambridge University Press, pp. 100-102.
- BonJour, L. (1995). “Toward a Moderate Rationalism.” Philosophical Topics 23, no. 1: 50.
- O’Hear, A. (1997). Beyond Evolution: Human Nature and the Limits of Evolutionary Explanation. New York: Oxford University Press, p. 60.
- Darwin Correspondence Project (2016) Available at: https:// www.darwinproject.ac.uk/ letter/ DCP-LETT-13230.xml
- Francis, C. (1994). The Astonishing Hypothesis: The Scientific Search for the Soul. New York: Charles Scribner’s Sons, p. 262.
- Sam Harris. (2010). The Moral Landscape. New York: Free Press, p. 66.
- James Sage . “Truth-Reliability and the Evolution of Human Cognitive Faculties.” Philosophical Studies: An International Journal for Philosophy in the Analytic Tradition 117, no. 1/ 2 (2004): 102.
- Ibid, p. 104.
അനുബന്ധം
What is a Thought? How the Brain Creates New Ideas
Mind and Intelligence – Can evolution explain rationality and original thought?
Atheism Cannot Justify Reason and Truth
Why natural selection cannot explain rationality
Atheism is Irrational & It Negates Its Own Assumption
Has Evolution Been Misunderstood? Revelation, Science and Certainty
“Refuting Naturalism by Citing our own Consciousness” Dr. Alvin Plantinga