നാഴികക്ക് നാൽപതു വട്ടം ദൈവമില്ലെന്ന് പറഞ്ഞ് നടക്കുന്ന നാസ്തികർക്കും ദൈവത്തെകുറിച്ച് കൃത്യവും വ്യക്തവുമായ ഒരു സങ്കല്പമുണ്ട്. അവരുടെ പോസ്റ്റുകളും ട്രോളുകളും ലെൻസ് വെച്ച് ശാസ്ത്രീയമായി നോക്കിയാൽ അത് കാണാം. സയ്ന്റിഫിക് ടെമ്പറില്ലാത്തവർ നോക്കിയാൽ കാണില്ല. ടെമ്പർ വേണം ടെമ്പർ!
1) കുപ്പി ദൈവം: നമ്മൾ എന്ത് ആവശ്യപ്പെട്ടാലും കുപ്പിയിൽ നിന്ന് വന്ന ഭൂതത്തെ പോലെ, ഉടനടി ചെയ്തു തരുന്ന ഒരു തരം ദൈവം. കാരണം ദൈവത്തിനു എല്ലാം കഴിയുമല്ലോ, അപ്പൊ ചെയ്യണമല്ലോ…
ഉദാഹരണത്തിന് നമ്മൾ രാവിലെ എണീറ്റ് ദൈവത്തോട് ബ്രേക്ക്ഫസ്റ്റ് ഓർഡർ ചയ്യുന്നു, പല്ലു തേച്ചു വരുമ്പോഴേക്കും ദൈവം ചൂടുള്ള ബ്രേക്ക്ഫസ്റ്റ് തയ്യാറാക്കി വെക്കുന്നു. നമുക്കൊരു രോഗമുണ്ടായാൽ ദൈവത്തോട് മാറ്റിത്തരാൻ പറയുന്നു, ദൈവം വീട്ടിൽ വന്ന് മരുന്ന് തന്നു ചികിൽസിച്ചു മാറ്റുന്നു. നമുക്കൊരു സാമ്പത്തിക പ്രതിസന്ധി വരുന്നു, നമ്മൾ നേരെ ചെന്ന് ദൈവത്തോട് പറയുന്നു, ദൈവം അപ്പൊ തന്നെ ചെക്ക് എഴുതി തരുന്നു. സിംപിൾ!
ഇങ്ങനെ ഒരു ദൈവമുണ്ടായാലുള്ള ഗുണമെന്താണെന്ന് വെച്ചാൽ, ദൈവം പറഞ്ഞതൊന്നും നമ്മൾ ചെയ്യും വേണ്ട, എന്നാൽ നമ്മൾ പറയുന്നതൊക്കെ ദൈവം ചെയ്യുകയും ചെയ്യും. ഡഗ ഡഗ! പക്ഷെ അപ്പൊ നമ്മളാണോ ദൈവമാണോ ശരിക്കും ദൈവം എന്നൊന്നും ചോദിക്കരുത്. സയ്ന്റിഫിക് ടെമ്പർ തെറ്റും.
2) സൂപ്പർ ഹീറോ ദൈവം: ആരെങ്കിലും അക്രമവും അനീതിയും ചെയ്യുമ്പോൾ പറന്നു വന്നു തടയുന്ന സൂപ്പർ ഹീറോ ദൈവം. പക്ഷേ അങ്ങനെ വന്നു തടയുമ്പോൾ അക്രമി CID മൂസയിൽ ദിലീപ് ചോദിച്ച പോലെ ഇങ്ങനെ പറന്നു വന്നു തടയാനാണെങ്കിൽ പിന്നെന്തിനാണ് എനിക്ക് ഫ്രീ വിൽ തന്നത് എന്നൊന്നും ചോദിച്ചേക്കരുത്.
3) സ്വാന്തമായി അസ്തിത്വമില്ലാത്ത ദൈവം: പ്രപഞ്ചത്തിനകത്ത് തന്നെ ഇരുന്ന് പ്രപഞ്ചം സൃഷ്ഠിച്ച, പ്രപഞ്ചത്തിനകത്തു തന്നെയുള്ള, സ്വന്തമായി ഒരു അസ്തിത്വമില്ലാതെ ഒരുതരം ദൈവമാണിത്. ഒരുദാഹരണം പറഞ്ഞാൽ പായസം ഉണ്ടാക്കുന്നത് പായസ ചെമ്പിനകത്ത് കയറിയിരുന്നാണ്. പായസം ഇളക്കുമ്പോ അണ്ടിപ്പരിപ്പും മുന്തിരിരിയുമൊക്കെ കിട്ടുന്ന പോലെ ഉണ്ടാക്കിയവനേയും കിട്ടണം. ഇല്ലെങ്കിൽ പായസം തനിയെ ഉണ്ടായതാണ് എന്നുറപ്പിക്കും.
4) മന്ദബുദ്ധി ദൈവം: നാസ്തികരുടെ അത്രയും ബുദ്ധിയും യുക്തിയും വിവരവുമില്ലാത്ത ഒരു തരം ദൈവമാണിത്. ഇതൊക്കെ ദൈവത്തെക്കാൾ കൂടുതൽ ഇവർക്കാണുള്ളത്. നാസ്തിക ഗ്ലോബൽ ഓഫീസിൽ വളരെ ബുദ്ധിപരമായ തീരുമാനങ്ങൾ കൈകൊണ്ടതിന് ശേഷം ദൈവത്തിന് ഓർഡർ കൊടുക്കും, അതൊന്നും ദൈവം ചെയ്യുന്നില്ലെങ്കിൽ ദൈവമല്ലെന്ന് ഉറപ്പിക്കാം. ദൈവമുണ്ടെങ്കിൽ എന്താ അങ്ങനെ ചെയ്യാത്തത്, എന്താ ഇങ്ങനെ ചെയ്യാത്തത് എന്നതൊക്കെ പറയുന്നത് ഈ ദൈവത്തെക്കുറിച്ചാണ്.
എങ്ങനയുണ്ട് ഞങ്ങടെ വളരെ യുക്തിപരമായ സയ്ന്റിഫിക് ടെമ്പറുള്ള നാസ്തിക ദൈവം?