എന്താണ് അറിവ്? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ? നമുക്ക് എന്തൊക്കെ അറിയാൻ കഴിയും? അറിവിൻറെ പ്രകൃതം അങ്ങനെ അറിവിനെകുറിച്ചുള്ള പലതരം വിഷയങ്ങൾ ചർച്ച ചയ്യുന്ന തത്വചിന്തയിലെ വിശാലമായ ശാഖയാണ് ജ്ഞാനശാസ്ത്രം (epistemology).
ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാർഗ്ഗം, ശാസ്ത്രം തെളിയിച്ചാൽ മാത്രമേ അംഗീകരിക്കൂ എന്നൊക്കെ പറയുന്നവരും യഥാർത്ഥത്തിൽ അറിവ് നേടാനുള്ള മറ്റു മാർഗ്ഗങ്ങളെയും അവലംഭിക്കുന്നവരാണ്.
ജ്ഞാനശാസ്ത്രപ്രകാരം “ന്യായീകരണമുള്ള ശരിയായ വിശ്വാസമാണ് അറിവ് (knowledge)” Knowledge is justified true belief”, നമുക്കൊരു കാര്യമറിയാം എന്ന് പറയുന്നത് ഒരു വിശ്വാസമാണ്.
“ഒരു കാര്യം ശരിയാണ് അല്ലെങ്കിൽ തെറ്റാണ് എന്നുള്ള വ്യക്തിപരമായ കാഴ്ചപ്പാടാണ്” വിശ്വാസം. ആ വിശ്വാസത്തിന് ശരിയായ ന്യായീകണങ്ങൾ ഉണ്ടാകുമ്പോഴാണ് അത് അറിവാകുന്നത്.
നമ്മളുടെ മാതാപിതാക്കൾ അവർ തന്നെയാണെന്നുള്ള വിശ്വാസം അറിവാകുന്നത് ജനന രേഖ, ടെസ്റ്റിമോണികൾ തുടങ്ങി ശരിയായ ന്യായീകരണം ഉണ്ടാകുമ്പോഴാണ്. ഇനി DNA ടെസ്റ്റ് ആണെങ്കിലും ടെസ്റ്റ് നടത്തുന്നത് വേറൊരാൾ ആണെങ്കിൽ അയാളിലുള്ള വിശ്വാസമാണ് ആ അറിവിനെ ന്യായീകരിക്കാൻ കഴിയുന്ന ശരിയായ വിശ്വാസമാക്കുന്നത്.
ജ്ഞാനശാസ്ത്ര പ്രാകരം അറിവ് നേടാനുള്ള പ്രധാനപെട്ട നാല് മാർഗ്ഗങ്ങളാണുത്.
- അവബോധം (Intuition)
- പ്രാമാണ്യം (Authority)
- അനുഭവജ്ഞാനം (Empirical)
- യുക്തി (Reason/Logic)
അവബോധം (Intuition)
ബോധപൂർവ്വമായ യുക്തിയെ ആശ്രയിക്കാതെ, ആത്മനിഷ്ഠമായി, അവബോധജന്യമായി നേടുന്ന അറിവുകൾ. ആന്തരിക സംവേദനം; അബോധമനസ്സിലെ അറിവുകൾ, ആന്തരിക ഉൾക്കാഴ്ച എന്നൊക്കെ പറയാം.
ആന്തരിക മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ മാർഗ്ഗം തിരഞ്ഞെടുക്കാനുള്ള മനസ്സിൻ്റെ സഹജമായ കഴിവാണ് അവബോധം. സമീപകാല മനശാസ്ത്ര പഠനങ്ങളനുസരിച്ച്, പ്രശ്നങ്ങൾക്കും തീരുമാനമെടുക്കലിനും ശരിയായ പരിഹാരങ്ങൾ അറിയാനുള്ള കഴിവ് അവബോധത്തിന് ഉണ്ടെന്നാണ്. ഉദാഹരണത്തിന് Recognition primed decision.
ചിലപ്പോൾ എന്തോ അപകടം വരാനുണ്ടെന്ന തോന്നൽ, അല്ലെങ്കിൽ ചില ആളുകളെ കാണുമ്പൊൾ കുറെ കാലമായി അറിയാമെന്ന തോന്നൽ, എന്നാൽ അതിന് പ്രത്യേക കാരങ്ങളൊന്നും പറയാനുണ്ടാവുകയുമില്ല.
ഗണിതത്തിലും ശാസ്ത്രത്തിലും ഉള്ള നിരവധി വലിയ പ്രശ്നങ്ങൾ പൂർണ്ണമായും അവബോധത്തിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പല ശാസ്ത്രജ്ഞരും ഈ പ്രശ്നത്തിനുള്ള പരിഹാരം അവരുടെ കൺമുന്നിൽ മിന്നിമറഞ്ഞു എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ശ്രീനിവാസ രാമാനുജൻ അറിയപ്പെടുന്നത് Icon of mathematical intuition എന്നാണ്.
കാര്യകാരണ തത്വം എല്ലാ മനുഷ്യരിലും അവബോധജന്യമായി ഉള്ള അറിവാണ്. ഒരു വസ്തു പിറകിൽ നിന്ന് വന്ന് വീണാൽ, അത് യാദൃശ്ചികമായി വന്ന് വീണതാണെന്ന് കരുതാതെ, അതിനെന്തോ കരണമെന്നുണ്ടെന്ന് കരുതി എന്താണെന്ന് നോക്കും. എന്നാൽ ഇതെവിടെ നിന്നും പഠിച്ചതല്ല നമ്മൾ. തീരെ ചെറിയ കുട്ടികളിലും കാണാം ഇത്. നവജാത ശിശുക്കൾക്ക് ഭൗതിക ശാസ്ത്രത്തിൻ്റെ പല നിയമങ്ങളുടെയും അവബോധജന്യമായ അറിവുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രാമാണ്യം (Authority)
വിശ്വാസയോഗ്യമായ ഒരു അതോറിറ്റിയിൽ നിന്ന്, അല്ലെങ്കിൽ മറ്റൊരാളുടെ ടെസ്റ്റിമോണി (സാക്ഷിത്വം) കളിലൂടെ നമ്മൾ നിത്യവും അറിവുകൾ നേടുന്നുണ്ട്. ഒരുപക്ഷേ അറിവ് നേടാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും സാധാരണവുമായ രീതി അതോറിറ്റിയിലൂടെയാണ്. ഈ അതോറിറ്റിയിൽ മാതാപിതാക്കൾ, അധ്യാപകർ, മാധ്യമങ്ങൾ, ഡോക്ടർമാർ, പണ്ഡിതന്മാർ, ചരിത്രകാരന്മാർ, ശാസ്ത്രജ്ഞന്മാർ, സർക്കാർ, ഗ്രന്ഥകർത്താക്കൾ, എന്നിവരൊക്കെ ഉൾപ്പെടുന്നു. ശാസ്ത്ര പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, ഇന്റർനെറ്റ്, അധ്യാപകരിൽ നിന്ന് ഒക്കെ നേടുന്ന ശാസ്ത്ര അറിവുകൾ എല്ലാം തന്നെ അതോറിറ്റിയിൽ നിന്നാണ്. ഇത് ശാസ്ത്രീയമായി നേടണമെങ്കിൽ നമ്മൾ സ്വന്തമായി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി ബോധ്യപ്പെടണം.
അതോറിറ്റിയിൽ നിന്ന് നേടുന്ന അറിവിൻ്റെ സാധുതയും വിശ്വാസ്യതയും അതോറിറ്റിയുടെ വിശ്വാസ്യതയെയും അറിവിനെയും ആശ്രയിച്ചിരിക്കും. അവർ കളവ് പറയാനോ തെറ്റ് പറ്റാനോ സാധ്യതയുണ്ടെങ്കിൽ നമ്മുടെ അറിവും തെറ്റാകാൻ സാധ്യതയുണ്ട്.
മൊണാലിസ ചിത്രത്തിന്റെ പഴക്കം, അതിലുപയോഗിച്ച ചായം, ക്യാൻവാസ് ഒക്കെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനങ്ങൾക്ക് വിധേയമാക്കാം. എന്നാൽ അത് വരച്ചത് ഡാവിഞ്ചിയാണെന്ന് ഒരു ചിത്രകാരന്റെ ആധികാരിക ചരിത്രരേഖയിൽ നിന്നേ മനസ്സിലാക്കാൻ കഴിയൂ.
മുസ്ലിംകൾ ഖുർആനെയും ഹദീസുകളെയും സ്വീകരിക്കുന്നത് അതോറിറ്റിയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മരണാനന്തര ജീവിതം, സ്വർഗ്ഗം, നരകം, മലക്കുകൾ തുടങ്ങിയ അതിൽ പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിച്ചത് കൊണ്ടല്ല. മുഹമ്മദ് നബി(സ) അല്ലാഹുവിൻ്റെ പ്രവാചകനാണോ അല്ലയോ എന്നതാണ് അതിൻ്റെ വിശ്വാസ്യയോഗ്യത. ശാസ്ത്രമാത്ര വാദത്തിൻ്റെ സ്വാധീനത്തിൽ പെട്ട ചില വിശ്വാസികളിൽ പോലും ഇത്തരം കാര്യങ്ങളെല്ലാം ശാസ്ത്രീയമായി വിശദീകരിക്കാനുള്ള ശ്രമം കാണുന്നത് ജ്ഞാനസ്ത്രത്തെ കുറിച്ചും ശാസ്ത്രത്തിൻ്റെ പഠനമേഖലകളെ കുറിച്ചുമുള്ള ധാരണയില്ലായ്മയിൽ നിന്നുണ്ടാകുന്നതാണ്.
അനുഭവജ്ഞാനം (Empirical)
നമ്മളുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും നേടുന്ന അറിവുകൾ. ശാസ്ത്ര പഠനങ്ങളുടെ ഒരു പ്രധാന ഘടകമാണ് അനുഭവജ്ഞാനം. എന്നാൽ ഈ രീതിയെ മാത്രം ആശ്രയിക്കുന്നതിൽ പരിമിതികളുണ്ട്. കാരണം നമ്മൾ കാണുന്നതെല്ലാം യാഥാർഥ്യമാവണം എന്നില്ല. ഉദാഹരണത്തിന് ഇന്റർനെറ്റിൽ വൈറലായ നീല, കറുപ്പ് ഡ്രെസ്സിനെ പലരും വെള്ള, സ്വർണ നിറത്തിൽ കാണുന്ന ഒരു ചിത്രം. നമ്മൾ കേൾക്കുന്നതെല്ലാം ശരിയാവണമെന്നില്ല. ഒരേ ശബ്ദം ചിലർ “yanni” എന്നും മറ്റു ചിലർ “laural“ എന്ന് കേൾക്കുന്ന ഇന്റർനെറ്റിൽ വൈറലായ മറ്റൊരു ക്ലിപ്പ് ഉദാഹരണം. എല്ലാ ഒപ്റ്റിക്കൽ ഇല്ല്യൂഷനും നമ്മുടെ പഞ്ചേന്ദ്രിയ അനുഭവങ്ങളെ മാത്രം ആശ്രയിക്കുന്നതിൻ്റെ പരിമിതിയാണ്. അത് പോലെ മണം, രുചി, എന്നത് ജലദോഷമോ മറ്റു അസുഖങ്ങളോ ഉണ്ടെങ്കിൽ വ്യത്യാസപ്പെടും. തൊട്ടറിയുക എന്നതും, എല്ലായിപ്പോഴും ഒരേ പോലെ ആകണെമെന്നില്ല, അന്തരീക്ഷം വലിയ രീതിയിൽ അതിനെ സ്വാധീനിക്കും, ഉദാഹരണത്തിന് പൂജ്യം ഡിഗ്രി തണുപ്പുള്ള ഒരു സ്ഥലത്തു നിന്ന് 10 ഡിഗ്രി തണുപ്പുള്ള ഒരു സാധനത്തെ തൊട്ടാൽ നമ്മൾക്ക് ചൂടനുഭവപെടും. എന്നാൽ 20 ഡിഗ്രി ഉള്ള ഒരു സ്ഥലത്തു നിന്ന് 10 ഡിഗ്രി തണുപ്പുള്ള ഒരു സാധനത്തെ തൊട്ടാൽ, തണുപ്പായാണ് അനുഭവപ്പെടുക.
എന്നിട്ടും അനുഭവജ്ഞാനം ശാസ്ത്രത്തിന്റെ അടിസ്ഥാന ഭാഗമാക്കുന്നത് ആവർത്തനക്ഷമത (repeatability) യുടെ അടിസ്ഥാനത്തിലാണ്. അതായതു നമുക്ക് കിട്ടുന്ന ഫലം തന്നെ മറ്റുള്ളവർ നിരീക്ഷിക്കുമ്പോഴും കിട്ടണം. ഈ ലോകം സ്ഥിരതയുള്ളതാണെന്ന യുക്തിസഹമായ അനുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ലോകത്ത് എവിടെ ആര് നടത്തിയാലും കിട്ടണം എന്നത് ശാസ്ത്രത്തിന് നിർബന്ധമാകുന്നത്അത് കൊണ്ടാണ്. ഭൂത പ്രേതാതികളുടെ അനുഭവങ്ങൾ ഉണ്ടായതായി പലരും അവകാശപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത് ഉള്ളതാണെങ്കിലും അല്ലെങ്കിലും ശാസ്ത്രത്തിന് അത്തരം കാര്യങ്ങൾ പഠനവിധേയമാക്കാൻ കഴിയാത്തതിൻ്റെ കാരണം അവ ആവർത്തനക്ഷമത ഇല്ലാത്തതാണ് എന്നതാണ്.
അറിവ് നേടാനുള്ള മാർഗ്ഗം പഞ്ചേന്ദ്രിയ അനുഭവങ്ങൾ മാത്രമാണ് എന്ന വാദമാണ് empiricism അഥവാ അനുഭവവാദം.
യുക്തിയു ഉപയോഗിച്ച് അറിവ് നേടുന്നതിനെകുറിച്ച് അടുത്ത അധ്യായത്തിൽ വായിക്കാം.
യുക്തി – ജ്ഞാനശാസ്ത്രം 2
നാസ്തികർ അടിച്ചു വിടുന്ന ട്രോളുകളിൽ നിന്നും നീ പഠിച്ച യുക്തിയല്ല യുക്തി, അതിന് യുക്തിയുടെ നിയമങ്ങൾ അറിയണം, പലതരം യുക്തികൾ അറിയണം, ലോജിക്കൽ ഫാലസികൾ അറിയണം. സെൻസ് വേണം, നോണ്സെന്സ് വിടണം!