മനശ്ശാസ്ത്രത്തിൽ സന്തോഷത്തെ കുറിച്ച് രണ്ട് തരം വീക്ഷണങ്ങളാണുള്ളത്. Hedonic and Eudaimonic happiness.
Hedonic happiness – Pleasure and enjoyment
നമുക്കിഷ്ടമുള്ളത് ചെയ്യുന്നതിലൂടെ, ആഗ്രഹിക്കുന്നത് നേടുന്നതിലൂടെയൊക്കെയുള്ള ഇന്ദ്രിയഗോചരമായ ആനന്ദങ്ങളാണ് Hedonic happiness. ഏറ്റവും സാധാരണമായ ഉദാഹരണമാണ് ഭക്ഷണവും ലൈംഗികതയും. സമ്പത്ത്, പ്രശസ്തി, അംഗീകാരങ്ങൾ, Being attractive, മറ്റുളവളരാൽ ആരാധിക്കപ്പെടുക തുടങ്ങിയവയെല്ലാം ഹെഡോണിക് ഹാപ്പിനെസ്സാണ്. ഇതിൽ ചിലതെല്ലാം നമ്മുടെ നിലനിൽപിന് അത്യന്താപേക്ഷിതവുമാണ്. ഭൗതികാസക്തിയെ കുറിച്ച് പറയുമ്പോൾ ചിലരെങ്കിലും ഭൗതിക നിരാസമെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സന്തോഷത്തിൻ്റെ മറ്റു തലങ്ങളോടൊപ്പം നമുക്കുള്ള അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതും നല്ല ജീവിതത്തിനായി പരിശ്രമിക്കുന്നതും, സന്തോഷത്തിനായി ഭൗതികതയെ മാത്രം ആശ്രയിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. അതിലേറെ അപകടവുമാണ്.
ഹെഡോണിക് ഹാപ്പിനെസ്സ് വളരെ നൈമിഷികമായിരിക്കും. കുറച്ച് കഴിയുമ്പോൾ വിരസതയും ശ്യൂന്യതയും അനുഭവപ്പെടും. ലോട്ടറിയടിച്ച് സമ്പന്നരായ ഭൂരിപക്ഷം പേരും വളരെ കുറഞ്ഞ സമയം കൊണ്ട് അതെല്ലാം ധൂർത്തടിച്ച് പാപ്പരായവരായിരിക്കും. അവർക്കിഷ്ടമുള്ളതൊക്കെ വാങ്ങി ആഗ്രഹങ്ങളൊക്കെ സഫലീകരിക്കും, കുറച്ച് കഴിയുമ്പോൾ അതുമായി അഡാപ്റ്റവും. ആഗ്രഹിച്ച് വാങ്ങിയ ഫോണിനോടും കാറിനിനോടും ഡ്രസ്സിനോടുമൊക്കെ കുറച്ച് കഴിയുമ്പോഴുള്ള നമ്മുടെ അതേ മനോഭാവം തന്നെ ആയിരിക്കും പുതിയ ജീവിത രീതിയോടും. അടുത്തത്തിൻ്റെ പിന്നാലെ പോകും. അതും കുറച്ച് കഴിയുമ്പോ തീരും. This is called Hedonic Adaptation/Treadmill.
ഇത്തരം സന്തോഷങ്ങൾ നേട്ടങ്ങളെ മാത്രം ആശ്രയിച്ചല്ല, മറ്റുളവളരുടെ അംഗീകരത്തെ കൂടി ആശ്രയിച്ചാണ്. പുതിയ ഡ്രസ്സും വാച്ചും ധരിച്ച് വീട്ടിലിരുന്നാൽ പ്രത്യേക സന്തോഷമൊന്നും തോന്നില്ല. മറ്റുള്ളവർ അതിഷ്ടപ്പെടുകയും അതിശയിക്കുകയും വേണം. അത് കൊണ്ട് തന്നെ ഇതൊരു അന്തസ്സിൻ്റെയും താരതമ്യത്തിൻ്റെയും ഗെയിമാണ്. താരതമ്യം ചെയ്യാൻ എപ്പോഴും മികച്ച എന്തെങ്കിലുമോ ആരെങ്കിലുമോ ഉണ്ടാകുമെന്നത് കൊണ്ട് ആ ഗെയിമൊരിക്കലും തീരില്ല.
ഇത് മാത്രമാണ് സന്തോഷം നേടാനുള്ള മാർഗ്ഗമെങ്കിൽ ഒരിക്കലും എല്ലാവർക്കും സാധ്യമായതല്ല. സാമ്പത്തിക സ്വാശ്രയത്വം, ജോലി എന്നൊക്കെ പറഞ്ഞ് നമ്മൾ ലക്ഷ്യം വെക്കുന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രം സാധ്യമായ വൈറ്റ് കോളർ ജോലി മാത്രമാണ്. ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത് കഠിനമായ ശാരീരിക അധ്വാനമുള്ള ബ്ലൂ കോളർ ജോലികൾ ചെയ്താണ്. നമ്മുടെ പ്രയത്നങ്ങൾക്കും മനോഭാവത്തിനും വിജയത്തിൽ പങ്കുണ്ട്, പക്ഷേ അത് മാത്രമല്ല.There is always a random chance, a random possibility. There are things beyond our control. Survivorship bias ഉള്ളത് കൊണ്ട് നമ്മളെപ്പോഴും വിജയിച്ചവരെ മാത്രമേ കാണൂ. കോടീശരൻമാരുടെ 10 ശീലങ്ങൾ!!! എന്നുള്ള കുറെ ബ്ലോഗും വീഡിയോസും കാണാം. എന്നാൽ അതേ കാര്യങ്ങൾ അതിലും നന്നായി ചെയ്ത് പരാജയപ്പെട്ടവരെ പൂർണ്ണമായും അവഗണിക്കും. വിജയത്തിൻ്റെ എല്ലാ ക്രെഡിറ്റും നമ്മുടേതകുന്ന ഈ മെറിറ്റോക്രാറ്റിക്ക് സിസ്റ്റത്തിൽ പരാജയത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും നമ്മുടേത് മാത്രമായിരിക്കും. സ്വാഭാവികമായും പരാചയപ്പെട്ടവരോടോ പാവപ്പെട്ടവരോടോ ഒരു അനുകമ്പയുടെയോ കരുണയുടെയോ ആവശ്യമില്ല. അവർക്കും എല്ലാ അവസരവുമുണ്ട്. അവര് ജയിക്കാത്തത് അവരുടെ കഴിവ് കേടാണ്.
ജീവിതവും സന്തോഷവും കരിയറുംനേട്ടങ്ങളും മാത്രമാകുമ്പോൾ ചെറിയ പരാജയങ്ങൾ പോലും നമ്മെ തളർത്തും. ജീവിതമെന്ന് കരുതുന്നത് കൈ വിട്ട് പോകുന്നതും തിരിച്ചടികളുണ്ടാകുന്നതും നിരാശയിലേക്കും വിഷാദത്തിലേക്കും സ്വയം നിന്ദയിലേക്കും ആത്മഹത്യയിലേക്കും നയിക്കും.
ഇത്തരം ഭൗതിക നേട്ടങ്ങളെ ജീവിതമാക്കുമ്പോൾ മനുഷ്യർ സ്വാർത്ഥരും ക്രൂരന്മായി മാറും. നമ്മളഭിമുഖീകരിക്കുന്ന ഏത് മനുഷ്യ നിർമിത പ്രശ്നങ്ങളുടേയും അടിസ്ഥാന കാരണം ഈ ഭൗതികാസക്തിയും സ്വാർത്ഥതുമായിരിക്കും. ഇങ്ങനെയൊക്കെയാണ് മുമ്പൊന്നുമില്ലാത്ത തരത്തിൽ വിഷാദവും മയക്ക് മരുന്നുപയോഗവും ആത്മഹത്യ പ്രവണതയുമുള്ള ആധുനിക പുരോഗമന മനുഷ്യർ രൂപപ്പെടുന്നത്. അങ്ങനെ ആകെ മൊത്തത്തിൽ നമ്മൾ കന്നുകാലി കളായി മാറും. “A person who has chosen a life dependent on pleasure has chosen a life for grazing animals” – Aristotle
മനുഷ്യനെ ഭൂമിയിൽ ഖലീഫായായി നിയോഗിക്കുയാണെന്ന് പറഞ്ഞപ്പോൾ, കുഴപ്പക്കാരനും ക്രൂരന്മാരണെന്ന് മലക്കുകൾ ആവലാതി പറഞ്ഞത് ഈ മനുഷ്യനെകുറിച്ചാണ്.
നിർഭാഗ്യവശാൽ ഇതാണ് എല്ലാ ലിബറൽ പുരോഗമന ആശയങ്ങളുടെ അടിസ്ഥാന തത്വം. ഭൗതിക സുഖ സന്തോഷം നേടലാണ് ജീവിതം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആധുനിക മനുഷ്യാവകാശവും മാനവികതയും സ്വാതന്ത്ര്യവും നിർവചിച്ചിരിക്കുന്നത്. ഇത് തന്നെയാണ് പുരോഗമന ശാക്തീകരണങ്ങളുടെയും ഫെമിനിസത്തിൻ്റെയും കൺസെന്റ് തിയറിയുടെയും സദാചാര വേലിക്കെട്ട് പൊളിക്കലിൻ്റെയും സ്വവർഗ്ഗ രതി വിപ്ലവങ്ങളുടെയും അടിസ്ഥാനം. The celebration of material self!
Eudaimonic happiness: achieved through experiences of meaning and purpose.
ജീവിതത്തിന് ഒരർത്ഥം കണ്ടെത്തുന്നതിലൂടെ, മറ്റുള്ളവർക്ക് ഗുണകരമായ, അർത്ഥവത്തായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ, നമ്മേക്കാൾ മഹത്തായ ഒന്നുമായുള്ള ബന്ധത്തിലൂടെയൊക്കെ ലഭിക്കുന്ന ആത്‌മീയ സംതൃപ്തിയാണ് Eudaimonic happiness. ഇതാണ് യഥാർത്ഥ മനുഷ്യ സത്ത. സഹജീവികളോട് സ്‌നേഹവും കരുണയും നീതിബോധവുമുള്ള മനുഷ്യനുണ്ടാകുന്നതും മനുഷ്യത്വവും മാനവികതയും പൂക്കുന്നതും ഇവിടെയാണ്.
An unexamined life is not worth living എന്ന സോക്രടീസിൻ്റെ അഭിപ്രയത്തെ പ്ലാറ്റോ നവീകരിച്ചത് A purposeless life isn’t worth examining എന്നായിരുന്നു.
ജീവിതത്തിനും ചെയ്യുന്ന കാര്യങ്ങൾക്കും അർഥം കണ്ടെത്തുക എന്നത് മനുഷ്യർക്ക് വളരെ പ്രധാനമാണ്. അർത്ഥശൂന്യമായ കാര്യങ്ങൾ ചെയ്താൽ പെട്ടന്ന് ബോറടിക്കും. ഒരർത്ഥവുമില്ലാത്ത, സമ്പാദിക്കാനും തിന്നാനും കുടിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമുള്ള ഒരു പ്രഭാതത്തിലേക്ക് എണീക്കുന്നതും അർത്ഥമുള്ള ഒരു ജീവിതതിൻ്റെ പ്രഭാതത്തിലേക്ക് ഉണർന്നെണീക്കുന്നതും തമ്മിൽ വലിയ മാറ്റമുണ്ട്.
യൂഡമോണിക്കായ ആളുകൾക്ക് ഹെഡോണിക് ആയവരേക്കാൾ സംത്യപ്തരാണെന്നും വിഷാദരോഗം കുറവാണെന്ന് പറയുന്ന നിരവധി പഠനങ്ങളുണ്ട്.
ആസക്തി, വിഷമം, കുറ്റബോധം, ഉത്കണ്ഠ, ദുഃഖം, വിഷാദം എന്നിവകൊണ്ട് വിഷമിക്കുന്നവർക്കുള്ള ലോഗോതെറാപ്പിയുടെ തത്വം തന്നെ ജീവിതത്തിന് അർത്ഥവും ജീവിക്കാനുള്ള കാരണവും കണ്ടെത്താൻ സഹായിക്കുക എന്നതാണ്.
സന്തുഷ്ട ജീവിതത്തിനുള്ള ജാപ്പനീസ് രീതിയായ ഇക്കിഗായിയുടെ തത്വവും ജീവിക്കനുള്ള കാരണം കണ്ടെത്തലാണ്. വളരെ ലളിതമായി പറഞ്ഞാൽ നാല് കാര്യങ്ങൾ കൂടിച്ചേരുന്നതാണ് ഇക്കിഗായി. നമുക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം, നമുക്ക് അഭിരുചിയും കഴിവുമുളള മേഖല, ജീവിക്കാൻ വരുമാനം കണ്ടെത്താൻ കഴിയുന്നത്, സമൂഹത്തിനും മറ്റുളവളർക്കും ഗുണമുള്ള അർത്ഥവത്തായ ഒന്ന്, ഇത് നാലും കൂടി ചേരുന്നതാണ് ഇക്കിഗായി. എല്ലവർക്കും അങ്ങനെയൊരു കാര്യം കണ്ടെത്താൻ കഴിയുമോന്നറിയില്ല. ഇതിൽ ഒഴിവാക്കാൻ പറ്റുന്നത് ഏതാണെന്ന് ചോദിച്ചാൽ വരുമാനമെന്നായിരിക്കും എൻ്റെ ഉത്തരം. ജീവിക്കാൻ മാർഗ്ഗങ്ങളുണ്ടെങ്കിൽ, മറ്റു വരുമാന സ്രോതസുണ്ടെങ്കിൽ അതിനെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. നിർഭാഗ്യവശാൽ ഇത് മാത്രമാണ് ആധുനിക മനുഷ്യരുടെ പരിഗണന. അതീ ലോകക്രമത്തിന്റെ കൂടെ പ്രശ്നമാണ്. ഏറ്റവും പ്രധാനപ്പെട്ടതേതെന്ന് ചോദിച്ചാൽ അർത്ഥവത്തായ എന്തെങ്കിലും ചെയ്യുക എന്നത് തന്നെ.
മറ്റുള്ളവർക്കും സമൂഹത്തിനും ഗുണമുള്ളത് എന്ന് പറയുമ്പോൾ എല്ലാവരും കൂടി ആഗോളതാപനം പരിഹരിക്കാൻ തന്നെ പോകണമെന്നില്ല. ഒരു അദ്ധ്യാപകന് ജോലിയിൽ അർഥം കണ്ടെത്തുന്ന പോലെ അക്കൗണ്ടന്റിനോ സോഫ്റ്റ്‌വെയർ എഞ്ചിനിയർക്കും കഴിയണമെന്നില്ല. നമ്മെക്കൊണ്ട് പറ്റുന്ന ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. ജീവിതത്തിന് തന്നെ അർത്ഥവും ലക്ഷ്യവുമുണ്ടെങ്കിൽ ചെയ്യുന്ന കാര്യങ്ങളിളെല്ലാം അർഥം കണ്ടെത്താം. ഉമ്മയും ഉപ്പയും സഹോദരങ്ങളും ഭാര്യയും മക്കളും ഒക്കെ മറ്റുള്ളർ തന്നെയാണ്. സമൂഹം എന്നത് നമ്മളിൽ നിന്ന് വ്യത്യസ്തമായ ഒരു എന്റിറ്റിയല്ല. നമ്മളും കൂടി അടങ്ങുന്ന ഒന്നാണ്. സമൂഹം മൈ#$%*ണ് എന്ന് പറയുന്നവർ സ്വയം മൈ#$%*നാണ് എന്നാണ് പറയുന്നത്. നമ്മളെപ്പോലെ കുറേ മൈ#$%*ന്മാർ ചേരുമ്പോൾ സമൂഹം മൈ#$%*കും. ഒരു നല്ല വ്യക്തിയാകുന്നതും സുഹൃത്താകുന്നതും, നല്ല അയൽകാരനാകുന്നതും നല്ല കച്ചവടക്കാരനാകുന്നതും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി മക്കളെ വളർത്തുന്നതുമെല്ലാം സാമൂഹ്യ സേവനം തന്നെയാണ്.
ജീവിതത്തിൻ്റെ അർത്ഥമെന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഗൗതമ ബുദ്ധൻ യാത്ര തുടങ്ങുന്നത്. Eudaimonic happiness ആണ് ബുദ്ധിസത്തിൻ്റെയും സന്യാസത്തിൻ്റെയും ആത്‌മീയ പ്രസ്ഥാനങ്ങളുടെയും തത്വം. ഇവയുടെ ഒരു പരിമിധി മനുഷ്യരുടെ ഭൗതിക ആവശ്യങ്ങളെയോ ഐഹിക ജീവിതത്തെയോ ഒട്ടും പരിഗണിക്കാത്തതോ ബന്ധമില്ലാത്തതോ ആണ് എന്നതാണ്. പുറം ലോകവുമായുള്ള വ്യവഹാരങ്ങളിലോ സാമൂഹിക ക്രമത്തിലോ അതിടപെടുന്നില്ല. ആത്‌മീയത തീവ്രമാകുമ്പോൾ പൂർണ്ണമായ ഭൗതിക പരിത്യാഗമായിരിക്കും. ചുരുക്കം ചിലർക്ക് ചില പ്രായത്തിൽ മാത്രം പ്രയോഗികമാകുമായിരിക്കാം. നുരഞ്ഞ് പതയുന്ന യുവത്വത്തോട് ഭൗതിക പരിത്യാഗത്തെ കുറിച്ച് പറയുന്നതിൽ അർത്ഥമില്ല. ഭൂമിയിലെ ജീവിതത്തിന് മനുഷ്യന് ഭൗതികമായ നിലനിൽപും ഐഹിക ജീവിതവും അനിവാര്യതയുമാണ്. എന്നാൽ ഭൗതികതയും ആത്‌മീയതയും വൈരുദ്ധ്യ ദ്രുവങ്ങളിൽ സഞ്ചരിക്കുന്നവയുമാണ്. Eudaimonic is selfless and hedonic is selfish.
ഈ വൈരുദ്ധ്യങ്ങളെ മനുഷ്യന് സമന്വയിപ്പിക്കാൻ കഴിയുമോ എന്നതാണ് അലിജാ ഇസ്സത് ബെഗോവിച് Islam between east and west എന്ന പുസ്തകത്തിൽ ഉയർത്തുന്ന പ്രധാന ചോദ്യം. ഈസ്റ്റ് പ്രതിനിധാനം ചെയ്യുന്നത് ആശയവാദത്തെയും ആത്‌മീയതെയുമാണ്. വെസ്റ്റ് ഭൗതികവാദത്തേയും ഭൗതികാസക്തിയെയും. രണ്ടിന്റെയും മദ്ധ്യത്തിലാണ് ബെഗോവിച് ഇസ്ലാമിനെ കാണുന്നത്. ജീവിത്തിൻറെ കേന്ദ്രത്തിൽ അള്ളാഹുവിനെ പ്രതിഷ്ഠിച്ച് കൊണ്ടാണ് ഇസ്ലാം ഈ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്നത്. ഇസ്ലാം ചോദനകളെ സംഹരിക്കുയല്ല, സംസ്‌കരിക്കുകയാണ്.
ആധുനിക ലിബറൽ ഭൗതികവാദങ്ങളെ അടിസ്ഥനമാക്കി ഇസ്‌ലാമിനെ വിശകലനം ചെയ്യുമ്പോൾ, തിരയരുത് മറിയരുത് ചാടരുത് ഓടരുത് തുടങ്ങിയ ഒന്നിനും സ്വാതന്ത്ര്യമല്ലാത്ത കുറെ കർക്കശ വിധിവിലക്കുകളായി അനുഭവപ്പെടും. സ്നേഹത്തിലും കരുണയിലും അധിഷ്ടിതമായ ആത്‌മീയ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ സാമൂഹിക നിയമങ്ങളെ കുറിച്ചും ശിക്ഷകളെ കുറിച്ചും യുദ്ധത്തെ കുറിച്ചും പറയുന്ന അസഹിഷ്ണുതയായി അനുഭവപ്പെടും. ഇതെല്ലം മനുഷ്യ പ്രകൃതത്തിൻ്റെയും ഭൂമിയിലെ ജീവിതത്തിന്റെയും അനിവാര്യതയാണ്. ഇസ്ലാം ഒരു ആത്‌മീയ പ്രത്യയശാസ്ത്രമോ ഭൗതിക പ്രത്യശാസ്ത്രമോ അല്ല. ആത്‌മീയ ഭൗതിക ദ്വന്ദമായ മനുഷ്യനും പ്രപഞ്ചത്തിനുമുള്ള പ്രത്യയശാസ്ത്രമാണ്.
ഇസ്ലാം എന്നത് സ്വന്തമായി തന്നെ ഒരു സ്‌കെയിലാണ്. മറ്റു സ്കെയിലുകൾ ഉപയോഗിച്ച് ഇസ്‌ലാമിനെ അളന്ന് തിട്ടപ്പെടുത്താൻ ശ്രമിക്കുന്നതാണ് പ്രശ്നം. മറ്റു ഇസങ്ങളെല്ലാം ഒരു ഫ്രെയിംവർക്കിൽ നിന്ന് രൂപീകരിച്ചെടുക്കുന്ന നിയമസംഹിതകളാണ്. ഇസ്ലാം പ്രാഥമികമായി നിലനിൽക്കുന്നത് മാർഗ്ഗനിർദേശങ്ങളും നിയമ സംഹിതകളുമായാണ്. അത് രൂപീകരിച്ച ഫ്രെയിം വർക്ക് മനസ്സിലാകാൻ അതിനുള്ളിലേക്ക് ഊളിയിടണം.
ഇസ്ലമിക വീക്ഷണത്തിൽ മനുഷ്യജീവിതത്തിൻ്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണ് എന്നതിനെ പലതരത്തിൽ മനസ്സിലാക്കാം. അറിയുന്നതിനോടേ ആരാധന തോന്നൂ. അറിയാത്ത ഒന്നിനോടുള്ള ആരാധന നാട്യമായി മാറും. അല്ലാഹുവിനെ അറിയാലാണ് ജീവിതത്തിൻ്റെ ലക്ഷ്യം. അറിയാനും കണ്ടെത്താനുമുള്ള ത്വര മനുഷ്യ സഹചവുമാണ്.
അല്ലാഹു നമുക്ക് തന്ന കഴിവുകളും അനുഗ്രഹങ്ങളും തിരിച്ചറിയുക, പരിപോഷിപ്പിക്കുക, അവ അല്ലാഹുൻ്റെ മാർഗ്ഗത്തിൽ, അല്ലാഹുവിൻ്റെ തൃപ്തിക്കായി വിനിയോയോഗിക്കുക. അത് വഴി അല്ലാഹുവുമായി അടുക്കുക, അല്ലാഹുവുമായുള്ള സന്ധിക്കായി തയ്യറെടുക്കുക.
മേഞ്ഞ് നടക്കുന്ന കന്നുകാലികളുടെ ഖലീഫയാകാനല്ല, അല്ലാഹവിൻ്റെ ഖലീഫയാകാനാണ് മനുഷ്യനെ ഭൂമിയിലേക്കയച്ചത്. അതെങ്ങനെയാകുമെന്ന് എനിക്കും വല്യ പിടിയില്ല. ഹൃദയത്തിൽ വെളിച്ചമുളളവരുടെ അടുത്ത് പോകേണ്ടി വരും. എനിക്കിങ്ങനെ തള്ളാൻ മാത്രേ അറിയൂ.