മതത്തിന് അതീതമായി മനുഷ്യനെ മനുഷ്യനായി കാണൂ! മതമുപേക്ഷിക്കൂ മനുഷ്യനാകൂ! മതത്തിൻ്റെ വേലിക്കെട്ട് പൊട്ടിക്കൂ! കേൾക്കുമ്പോ ഒരു പുരോഗമന മാനവികതയൊക്കെ തോന്നുമെങ്കിലും, ഒരു ചുമരിൽ കോണി ചാരി ആ ചുമര് തന്നെ കുത്തിപ്പൊളിക്കുന്ന പോലെ, മതത്തിൻ്റെ മൂല്യങ്ങളെടുത്ത് മതത്തെ തന്നെ ആക്രമിക്കുന്ന ഒരു നാസ്തിക അസംബന്ധമാണിത്.
മനുഷ്യന് ഔന്നിത്യവും മഹത്വവും ഉണ്ട എന്നതൊരു മത മൂല്യമാണ്. ആദം സന്തതികളെ അള്ളാഹു ആദരിച്ചിരിക്കുന്നു. മതത്തിന് പുറത്ത്, ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി പരിണമിച്ച മറ്റൊരു ജീവി എന്നല്ലാതെ ഒരു മഹത്വവും മനുഷ്യനില്ല. മൃഗങ്ങൾക്ക് മതമില്ല, അവര് സന്തോഷമായി ജീവിക്കുന്നില്ലേ, പിന്നെന്തിനാണ് മനുഷ്യന് മതം എന്ന നാസ്തിക യുക്തിയുടെ അർത്ഥമതാണ്. ഇതേ യുക്തി വെച്ച് മൃഗങ്ങൾക്ക് ഭരണഘടനയോ നിയമങ്ങളോ വിദ്യഭാസമോ ഇല്ല അത് കൊണ്ട് ഇതൊന്നും മനുഷ്യനും വേണ്ട എന്ന വാദങ്ങൾ ഇവരുന്നയിക്കാത്തത് മനുഷ്യ രാശിയുടെ ഭാഗ്യമായി കണക്കാക്കാം. ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചാൽ, കുറേ കാർബണും പ്രോട്ടീനുമടങ്ങിയ മാംസയന്ത്രം മാത്രമാണ് മനുഷ്യൻ. ഇതര ജീവികളേക്കാൾ എന്നല്ല, പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളേക്കാൾ ഒരു മഹിമയും മനുഷ്യനില്ല. മതത്തിന് പുറത്ത് കടന്നാൽ മനുഷ്യനൊരു മൂല്യവുമില്ല. എല്ലാം കണികകളുടെ പുനഃക്രമീകരണ വിളയാട്ടം മാത്രം. അതിനിടയിൽ എവിടെ തിരഞ്ഞാലും നീതിയോ ധർമ്മമോ മൂല്യമോ മാനവികതയോ കിട്ടില്ല. ജീവിതത്തിന് പ്രത്യേക അർത്ഥവും ലക്ഷ്യവുമില്ല. ആത്യന്തികമായി എല്ലാം പുനക്രമീകരിച്ചു പോകും, കട്ടവനും തട്ടിയവനും വെട്ടിയവനും എല്ലാരും കണികാ വിളയാട്ടം.
മനുഷ്യരെല്ലാവരും തുല്യരാണെന്നതും മതമൂല്യമാണ്. ആത്മീയ തലത്തിലാണ് മതമത് പറയുന്നത്. “മനുഷ്യരേ, നിങ്ങളെല്ലാവരും ആദമിൻറെ(അ) മക്കളാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ഭക്തിയുയും സൽകർമങ്ങളും മാത്രമാണ്.” എന്നതൊരു മത അദ്ധ്യാപനമാണ്. മതത്തിനതീതമായി, ഭൗതിക തലത്തിൽ മനുഷ്യർ തമ്മിൽ ഒരു തുല്യതയുമില്ല. ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും കഴിവ് കൊണ്ടും നിറം കൊണ്ടും സമ്പത്ത് കൊണ്ടും എല്ലാം കൊണ്ടും മനുഷ്യർ വ്യത്യസ്തരാണ്. ആകെ പറയാൻ കഴിയുക എല്ലാവരും ഹോമോസാപിയൻസാണ്, അത് കൊണ്ട് എല്ലാവരും തുല്യരാണെന്നാണ്. അതിൽ പ്രത്യേകിച്ചൊരു യുക്തിയുമില്ല. അതേ യുക്തിവെച്ച് എല്ലാവരും ഹോമോസാപിയൻസാണ്, അതുകൊണ്ട് എല്ലാവരും ക്രൂരന്മാരാണ് ചതിയന്മാരാണ്, എല്ലാർക്കും രണ്ട് തലയുണ്ട് അങ്ങനെ എന്ത് മണ്ടത്തരം വേണമെങ്കിലും പറയാം.
മതത്തിന് പുറത്ത് കടന്നാൽ മനുഷ്യനൊരു മൂല്യവുമില്ല. എല്ലാം കണികകളുടെ പുനഃക്രമീകരണ വിളയാട്ടം മാത്രം. അതിനിടയിൽ എവിടെ തിരഞ്ഞാലും നീതിയോ ധർമ്മമോ മൂല്യമോ ലക്ഷ്യമോ അർത്ഥമോ മാനവികതയോ കിട്ടില്ല. കട്ടവനും തട്ടിയവനും വെട്ടിയവനും എല്ലാരും കണികാ വിളയാട്ടം. നിരീശ്വരവാദത്തിന് കീഴിൽ അവരൊന്നുമല്ല, കേവലം ദ്രവ്യത്തിന്റെ മറ്റൊരു പുനക്രമീകരണം മാത്രമാണ്. ആത്യന്തികമായി എല്ലാം പുനക്രമീകരിച്ചു പോകും. കുറച്ചൂടെ വിശദമായി തഴയുള്ള പോസ്റ്റിൽ വായിക്കാം.
നിഹിലിസം – അസ്തിത്വ പ്രതിസന്ധിയുടെ കൂരിരുട്ട്
നാസ്തിക വാദങ്ങളുടെ അനിവാര്യമായ പരിണിതി മനുഷ്യൻ്റെ അസ്തിത്വത്തിന് വസ്തുനിഷ്‌ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ലെന്നാണ്. നമ്മുടെ അസ്തിത്വവും ജീവിതവും വേദനകളും സന്തോഷവുമെല്ലാം ആത്യന്തികമായി വിവേകശൂന്യവും അർത്ഥശൂന്യവുമാണ് എന്നുമുള്ള കാഴ്ചപ്പാടാണ് നിഹിലിസം.
സോറി മിഷ്ടർ പുരോഗമന മാനവികൻ, അത്രയും പുരോഗമിച്ച മാനവികതയിൽ താല്പര്യമില്ലാത്തത് കൊണ്ട് സ്വല്പം പ്രാകൃത മത ജീവിയായി തുടരാൻ തന്നെയാണ് തീരുമാനം.