വെജിറ്റബിൾ ഹോട്ടലിൽ ചിക്കൻ ബിരിയാണിയില്ല എന്ന് പറയുന്നത് പോലെയാണ് ഇസ്‌ലാമിൽ വ്യക്തിസ്വാതന്ത്ര്യമില്ല എന്ന ആരോപണം. വ്യക്തിസ്വാതന്ത്ര്യമല്ല, ദൈവ സമർപ്പണമാണ് ഇസ്ലാമിൻ്റെ തത്വം. ദൈവ സമർപ്പണത്തിലൂടെ സകല ഭയത്തിൽ നിന്നും ആകുലതകളിൽ നിന്നും വിഷമങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നുമുള്ള വിമോചനവും സ്വാതന്ത്ര്യവുമാണ് ഇസ്ലാമിന്റെ തത്വം.
നിസ്‍കാരം എൻ്റെ ചോയ്‌സാണ്, സകാത്ത് എൻ്റെ ചോയ്‌സാണ് എന്ന് പറയുന്നത് പോലെ മണ്ടത്തരമാണ് ഹിജാബ് എൻ്റെ ചോയ്‌സ് ആണെന്നതും. ഇസ്ലാമിൽ ചോയ്‌സില്ല. മുസ്‌ലിമാകണോ വേണ്ടയോ, സ്രഷ്ടാവിൻറെ വിധിവിലക്കുകൾ അനുസരിക്കണോ വേണ്ടയോ എന്നത് മാത്രമാണ് ചോയ്‌സ്. അത് പൂർണമായും ഒരാളുടെ ചോയ്‌സാണ്. അയാളുടെ ഹൃദയവും അല്ലാഹുവും തമ്മിലുള്ള കരാറാണ്, വേറെയാർക്കും അതിൽ ഇടപെടാൻ കഴിയില്ല. നിർബന്ധിത മത പരിവർത്തനമൊക്കെ നല്ല കോമഡിയാണ്.
ചോയ്‌സില്ല എന്നത് മുസ്ലിമിന് ഒരു പ്രശ്നമല്ല. മുൻപ് ഇല്ലാതിരിന്ന, സ്വന്തം സൃഷ്ടിപ്പിൽ യാതൊരു പങ്കുമില്ലാത്ത, സ്വന്തമായി കഴിവുകളില്ലത്ത, നൽകപ്പെട്ട കഴിവുകളിൽ പൂർണ്ണ നിയന്ത്രണമില്ലാത്ത, ഏതു നിമിഷവും തൻ്റെ കഴിവുകളും അസ്തിത്വവും തന്നെ ഇല്ലതായേക്കാവുന്ന, സമ്പൂർണ്ണ ആശ്രിതനായ ഒരു വിശ്വാസിക്ക് സർവശക്തനായ, ജനനത്തിന്റെയും മരണത്തിൻറെയും ഉടമസ്ഥനായ, തൻ്റെ അസ്ത്വിത്വത്തിന് അർത്ഥവും ലക്ഷ്യവുമുണ്ടാകാൻ കാരണക്കാരനായ സ്രഷ്ടാവുമായി യുക്തിപരമായി സാധ്യമാകുന്ന ഏക ബന്ധം, ആ ശക്തിക്ക് കീഴടങ്ങുക, അനുസരിക്കുക, ആരാധിക്കുക എന്നത് മാത്രമാണ്.
എപ്പോൾ എവിടെ ആരുടെ പരമ്പരയിൽ ജനിക്കണം? പെണ്ണാകണോ ആണാകണോ? തുടങ്ങി സ്വന്തം സൃഷ്ടിപ്പിലും മരണത്തിലും കഴിവുകളിലും സമ്പൂർണ്ണ നിയന്ത്രണമുള്ള, സ്വന്തം അവകാശവും ഉടമസ്ഥതയും അവർക്ക് തന്നെയാണെന്ന് ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകൾ ഉള്ളവർക്ക് അവരെ തന്നെ ആരാധിക്കാം, വൈയക്തിക വാദങ്ങളുന്നയിക്കാം. സ്വതന്ത്ര ലൈംഗികതക്കും സ്വവർഗ്ഗരതിക്കും അബോർഷനും കപ്പിൾ സ്വാപ്പിംഗിനും എല്ലാം ഉന്നയിക്കുന്നത് ഇതേ വാദം ഇത് തന്നെയാണ്, ചിലർക്ക് ആത്‌മഹത്യയും പുരോഗമനവും വ്യക്തിസ്വാതന്ത്ര്യവുമാണ്. പക്ഷേ ആരെങ്കിലും ഇതേ വ്യക്തി സ്വാതന്ത്ര്യമെടുത്ത് തിരിച്ചുപയോഗിച്ചാൽ ചിലർ നേരെ മറുകണ്ടം ചാടി ഓടിക്കളയും.
പിറ്റേന്ന് പിന്നേം വരും, ഇസ്‌ലാമിൽ വ്യക്തിസ്വാതന്ത്ര്യമില്ല, സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യമില്ല. മതം അടിച്ചേൽപ്പിക്കുന്നു എന്നും പറഞ്ഞ് മുസ്ലിം സ്ത്രീകളെ രചിക്കാൻ തോട്ടിയും കുറുവാടിയുമായി. ഇങ്ങനെ വൈരുദ്ധ്യവും കാപട്യവും പറയാൻ ഇവർക്കെങ്ങെനെ സാധിക്കുന്നു? മിനിമം എത്ര കിലോ സയന്റിഫിക് ടെമ്പറും യുക്തിയും വേണ്ടി വരും?
ഹിജാബിൻറെ തിരഞ്ഞെടുപ്പിൽ തീർച്ചയായും ഒരു സങ്കുചിതത്വമുണ്ട്, നമ്മുടെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഉണ്ടത്. സമ്പൂർണ്ണ സ്വാതന്ത്ര്യം ഭൗതിക ലോകത്ത് ഒരു മിഥ്യയാണ്. നമ്മുടെ തിരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുന്നത് എന്താണ് എന്നത് മാത്രമാണ് ചോദ്യം. അത് മതമോ ഭരണകൂടമോ സംസ്കാരമോ പാർട്ടിയോ സമൂഹമോ വിപണികളോ സെലിബ്രിറ്റികളോ, ആകർഷിക്കാൻ ശ്രമിക്കുന്ന കാമുകനോ കാമുകിയോ ഒക്കെ ആകാം. ഇപ്പൊ ഇതാണ് ഇവിടത്തെ ഫാഷൻ, ട്രെൻഡ് എന്നാരോക്കെയോ തീരുമാനിച്ചത് കൊണ്ട് അതിൽ നിന്നൊന്ന് തിരഞ്ഞെടുക്കും.
ഒരു രാജ്യത്തെ പൗരനാകുമ്പോൾ, കോളേജിൽ, ഓഫീസിൽ, ആശുപത്രിയിൽ, അങ്ങനെ പുറത്തിറങ്ങി എന്ത് ചെയ്യുമ്പോഴും നൂറ് കണക്കിന് നിയമങ്ങൾ അനുസരിക്കുന്നുണ്ട്, സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. ഒരു സമൂഹമായി നിലനിൽക്കാൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യവുമാണ്. ലഭ്യമായ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ നമുക്കൊള്ളൂ. സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ലിബറൽ ഓട്ടോപ്യൻ സ്വപ്നമാണ്. ആത്യന്തികമായി പടച്ചവനെ അനുസരിക്കണോ പടപ്പുകളെ അനുസരിക്കണോ എന്നതാണ് ചോദ്യം.
യഥാർത്ഥത്തിൽ ഇവർ ചോയ്‌സാണെന്ന് പറയുന്ന കാര്യങ്ങളിൽ എത്ര ശതമാനം ചോയ്‌സുണ്ടെന്നത് അതിലും കോമഡിയാണ്. ലിബറൽ മതം പുരോഗമനം, സ്വാതന്ത്യം എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും കൊടുത്താൽ അതും തള്ളിക്കൊണ്ട് നടക്കും. അതിന് പ്രത്യേകിച്ച് യുക്തിയും കരണവുമൊന്നും വേണ്ട. ആണും പെണ്ണും വ്യത്യസ്ത ഡ്രസ്സ് ഇടുന്നത് ലിംഗസമത്വം ഇല്ലാതാകാൻ കരണമാകുന്നുണ്ട് എന്ന് എന്തെങ്കിലും പഠനമുണ്ടോ? ഒരേ ഡ്രസ്സ് ഇട്ടാൽ അസമത്വം കുറയുമെന്നോ, സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കുറയുമെന്നോ ഉണ്ടോ? പെണ്ണ് പാന്റും ഷർട്ടുമിട്ടാൽ ആണിന് തിരിച്ചറിയാൻ പറ്റാതാകുമോ? ഒന്നൂല്ല, ഇനി വർണ്ണ വിവേചനം ഇല്ലതാക്കാൻ എല്ലാരേം പിടിച്ച് ഒരേ പെയ്ൻ്റടിക്കേണ്ടി വരുമോ? എവിടെന്നാണ് ഇങ്ങനൊരു ആശയം വന്നത്? ആർക്കും അറിയില്ല. പെട്ടെന്നൊരു ദിവസം വന്നു, അതിൽ പുരോഗമനത്തിൻെറയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്റ്റിക്കറുണ്ടായിരുന്നു. അത്ര തന്നെ. ഇനിയിപ്പോ കുറച്ച് ആട്ടിൻകാട്ടം പാക്കറ്റിലാക്കി ഇതേ സ്റ്റിക്കറൊട്ടിചാലും വിഴുങ്ങാൻ ആളെ കിട്ടും എന്നതാണ്. ആധുനിക പുരോഗമന യുക്തിഭദ്ര ശാസ്ത്രീയ മനുഷ്യരുടെ ഓരോ കാര്യങ്ങൾ.