ഫ്രീവിൽ ഫ്രീ തിങ്കിങ്ങ്

You are here:

ചങ്ക് കൂട്ടുകാരാണ് കുഞ്ഞായീനും ലിബറലിയും. രണ്ടാളും ഒന്നിച്ചാണ് കോളേജിൽ പോണതും, പാടത്ത് കളിക്കാൻ പോണതും, നടക്കാൻ ഇറങ്ങുന്നതും മീമ്മേടിക്കാൻ പോകുന്നതുമെല്ലാം. ലിബറലും വല്യ പുരോഗമന വിപ്ലവപ്പോരാളിയും ആധുനികനുമാണ് ലിബറലി. കുഞ്ഞായീനാകട്ടെ തനി നാടൻ പാരമ്പര്യവാദിയും. കുഞ്ഞായീനെ പ്രബുദ്ധനാക്കാനുള്ള ലിബറലിയുടെ ശ്രമങ്ങളും, അവർ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമാണ് ഈ സീരീസ്…

ലിബറലി: കുഞ്ഞായീ ബ്രോ, ഒരു ചൂട് ചായ കുടിച്ചാലോ?

കുഞ്ഞായീൻ: അത് വളരെ മികച്ചൊരു ആശയമാണ്.

ലിബറലി: ഒരു കാര്യം പറയട്ടെ?

കുഞ്ഞായീൻ: നീ ഒന്നോ രണ്ടോ പറ.

ലിബറലി: നീ ഇപ്പഴും ഈ മതഗ്രന്ഥങ്ങളിൽ പറയുന്നതൊക്കെ അതേപോലെ വിശ്വസിച്ച് നടക്കാതെ സ്വന്തം യുക്തി ഉപയോഗിച്ച് ചിന്തിച്ച് മനസ്സിലാക്ക് കുഞ്ഞായീ.

കുഞ്ഞായീൻ: ഹാ അതാണോ, സ്വന്തമായി ചിന്തിച്ച് മനസ്സിലാക്കൽ എന്ന് പറയുമ്പൊ, ഈ ഫ്രീവില്ലിനെ പറ്റി എന്താ നിൻറെ അഭിപ്രായം?

ലിബറലി: അതൊക്കെ ഒരു തോന്നലാണ്‌‌, ഫ്രീവിൽ ഈസ് ആൻ ഇല്യൂഷൻ.

കുഞ്ഞായീൻ: അതെങ്ങനെ?

ലിബറലി: അതൊക്കെ സാം ഹാരിസ് വിശദീകരിച്ചിട്ടുണ്ട്, നീ പുസ്തകങ്ങളൊന്നും വായിക്കാത്തത് കൊണ്ടാണ്. എല്ലാം നടക്കുന്നത് മുൻനിർണിതമായ സംഭവങ്ങളുടെ ഫലമായാണ്. നമ്മുടെ സ്വഭാവവും ചിന്തകളും എല്ലാറ്റിലും ബാഹ്യമായ പല സ്വാധീനങ്ങളുമുണ്ട്.

കുഞ്ഞായീൻ: സ്വാധീനമുണ്ടായിക്കോട്ടെ, ഇല്ലന്നാരും പറഞ്ഞില്ല, അതിന്റെയൊക്കെ പുറമെ നമുക്ക് സ്വന്തമായി തീരുമാനിച്ചൂടെ? ഫ്രീവിൽ ഉണ്ടായാൽ എന്താണിപ്പോ ഒരു കുഴപ്പം?

ലിബറലി: ഭൗതികവാദ വീക്ഷണത്തിൽ ഒരിക്കലും ഫ്രീവിൽ ഉണ്ടാകൽ നടക്കില്ല. ഭൗതിക ലോകം പ്രവർത്തിക്കുന്നത് മുൻനിർണിതമായ ഭൗതിക നിയമങ്ങൾക്കനുസൃതമായാണ്. ഫ്രീവിൽ ഉണ്ടായാൽ അത് വിശദീകരിക്കാൻ മനുഷ്യനിൽ അഭൗതികമായ എന്തോ ഉണ്ടെന്ന് പറയേണ്ടി വരും. പിന്നെ അത് വിശദീകരിക്കാൻ അതിലും വലിയ അഭൗതികമായ ഒന്ന് വേണ്ടി വേണം. അതൊക്കെ വല്യ ചൊറായാണ്. നമ്മടെ സ്വാതന്ത്ര്യം പോകും.

കുഞ്ഞായീൻ: അയ് ശരി, അതാണ് കാര്യം, അപ്പൊ ഈ ഫ്രീവിൽ ഇല്ലെങ്കിൽ, നമ്മുടെ ജനാധിപത്യവും, വോട്ടെടുപ്പും, സ്വാതന്ത്ര്യവും മനുഷ്യാവകാശവും കൺസന്റ് ചോദിക്കലും ഒക്കെ ഉഡായിപ്പാണോ?

ലിബറലി: അവരുടെ തീരുമാനങ്ങളെയും പ്രവർത്തികളെയും നമ്മൾ ബാഹ്യമായി സ്വാധീനിക്കുകയാണ്. അല്ലാതെ അവർക്ക് ഫ്രീവിൽ ഇല്ല.

കുഞ്ഞായീൻ: നമ്മൾ സ്വാധീനിക്കുക എന്ന് പറയുമ്പോൾ നമ്മുടെ ചിന്തകളും പ്രവർത്തികളും ഇങ്ങനെ സ്വാധീനിച്ചത്അ തന്നെയല്ലേ. പിന്നെന്താണ് ഇതിലൊക്കെ കഥ.

ലിബറലി: അതെ എല്ലാം ഭൗതിക നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

കുഞ്ഞായീൻ: ബല്ലാത്ത ജാതി വല്യെടങ്ങേർ, ആരാണീ ഭൗതിക നിയമങ്ങളൊക്കെ ഇങ്ങനെ നിർണയിച്ച് വെച്ചതാവോ.

ലിബറലി: അതൊക്കെ കോസ്മിക് ആക്സിഡന്റ്, ആകസ്മികമായി ഉണ്ടായതാണ്.

കുഞ്ഞായീൻ: യു മീൻ യാദൃശ്ചികത ഓഫ് ദി ഗ്യാപ്?

ലിബറലി: അത് പിന്നെ…. ദൈവത്തിന് എല്ലാം മുൻകൂട്ടി അറിയാമെങ്കിൽ പിന്നെ മനുഷ്യനെങ്ങനെ ഫ്രീവിൽ ഉണ്ടാകും? നീ അതാദ്യം പറ.

കുഞ്ഞായീൻ: അത് ഞാൻ പിന്നെപ്പറയാം, കാരണം അതിന് മുന്നേ  വേറെ കുറെ തീരുമാനമാകണം. ആദ്യം ഒരു ദൈവമുണ്ടെന്നും ആ ദൈവത്തിൻ്റെ സവിഷേതകളും ബോധ്യപ്പെടണം, ഞാൻ വിശ്വസിക്കുന്ന, സ്ഥലകാലദ്രവ്യത്തിന് അതീതനായ ദൈവത്തെ കുറിച്ചേ എനിക്ക് പറയാൻ പറ്റൂ, നിൻറെ സങ്കൽപ്പത്തിലുള്ള ദൈവം വരുമ്പോ പ്രശ്നമാണ്. അതിനൊക്കെ ആദ്യം ഇതൊരു തീരുമാനമാകണം.

അല്ല, ഞനൊരു കാര്യം പറഞ്ഞാൽ ന്നെയെങ്ങനെ അതിലെ ശരിയും തെറ്റും സ്വതന്ത്രമായി ചിന്തിച്ച് മനസ്സിലാക്കും? നിനക്ക് ഈ ഫ്രീവിൽ ഇല്ലല്ലോ? നിൻറെ തീരുമാനങ്ങൾ മുൻനിർണിതമല്ലേ?

ലിബറലി: അത് പിന്നെ…… നമ്മക്കിപ്പൊ എന്തും ചെയ്യാനുള്ള ഫ്രീഡമുണ്ടല്ലോ.

കുഞ്ഞായീൻ: വാട്ട് യു മീൻ?

ലിബറലി: മീൻസ്…. മറ്റുള്ളവരെ വേദനിപ്പിക്കാതെ നമ്മക്ക് തോന്നുന്ന പോലെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ കഴിയുമല്ലോ, നിങ്ങളെ പോലെ നരകം പേടിച്ച് കഴിയേണ്ട അവസ്ഥ ഞങ്ങൾക്കില്ല. ഞങ്ങൾ ഫ്രീ….യാണ്‌.

കുഞ്ഞായീൻ: ഇതാണോ നീ ഉദ്ദേശിച്ച സ്വാതന്ത്ര ചിന്ത! ഫ്രീവിൽ ഇല്ലെങ്കിൽ നീ പറയുന്നതും ചിന്തിക്കുന്നതും ഒന്നും നിൻറെ സ്വതന്ത്രമായ തീരുമാനങ്ങളല്ല, മുൻകാരങ്ങളുടെ ഫലമായി അങ്ങനെയൊക്കെ ചിന്തിക്കാൻ നീ നിർബന്ധിതൻ ആയതാണോ?

ലിബറലി: അങ്ങനെയും പറയാം.

കുഞ്ഞായീൻ: അപ്പൊ നീ ഈ പറയുന്നതൊക്കെ ശരിയാണെന്ന് എന്താ ഉറപ്പ്? 

ലിബറലി: ഞാൻ നിന്നെപ്പോലെ പുത്തകത്തിലുള്ളതല്ല പറയുന്നത്, ശാസ്ത്രമാണ് ശാസ്ത്രം.

കുഞ്ഞായീൻ: ഫ്രീവിൽ ഇല്ലെങ്കിൽ അവർ നടത്തുന്ന പരീക്ഷണങ്ങളും, അതിൻറെ ഫലവും    അവർ പറയുന്ന കാര്യങ്ങളും എല്ലാം മുൻകൂട്ടി നിർണയിച്ചതാവില്ലേ? അപ്പൊ എങ്ങനെ ശരിയാണെന്ന് പറയും? തെറ്റായ കാര്യം പറയാൻ നിർണയിച്ചതാണെങ്കിലോ? 

നമ്മളിങ്ങനെ ഓരോരുത്തരും ഓരോന്ന് ചിന്തിക്കാൻ നിർബന്ധിതരാകുന്നു, ഞാനും നീയും ഒരേ പോലെയല്ല ചിന്തിക്കാൻ നിർണിതമല്ലാത്തത്? പിന്നെയെവിടെ തെറ്റും ശരിയും? യുക്തിയും ബുദ്ധിയും?   

ലിബറലി: നിൻറെ ഫിലോസഫിയും താത്വികമായ കുണ്ടാമണ്ടികളും പറഞ്ഞിരുന്നാ ചായ തണുക്കും. നിനക്ക് എന്നെപ്പോലെ സിമ്പിളായി കാര്യം പറഞ്ഞൂടെ?

കുഞ്ഞായീൻ: നീ വല്യ റാഷണലിസ്റ്റാണെന്ന് പറയും, എന്നിട്ട്  പറയുന്നതോ വൈകാരിക വാദങ്ങളും. യുക്തിയും വസ്തുതയും പറഞ്ഞാൽ നിനക്കൊട്ട് പിടിക്കുകയുമില്ല. ചായ തണുത്താ ചൂടാക്കാം. യുക്തിയില്ലാ യുക്തിവാദം പോലെ ചായപ്പൊടിയില്ലാത്ത ചായയായിരുന്നെങ്കിലോ?      

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected