ചങ്ക് കൂട്ടുകാരാണ് കുഞ്ഞായീനും ലിബറലിയും. രണ്ടാളും ഒന്നിച്ചാണ് കോളേജിൽ പോണതും, പാടത്ത് കളിക്കാൻ പോണതും, നടക്കാൻ ഇറങ്ങുന്നതും മീമ്മേടിക്കാൻ പോകുന്നതുമെല്ലാം. ലിബറലും വല്യ പുരോഗമന വിപ്ലവപ്പോരാളിയും ആധുനികനുമാണ് ലിബറലി. കുഞ്ഞായീനാകട്ടെ തനി നാടൻ പാരമ്പര്യവാദിയും. കുഞ്ഞായീനെ പ്രബുദ്ധനാക്കാനുള്ള ലിബറലിയുടെ ശ്രമങ്ങളും, അവർ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമാണ് ഈ സീരീസ്…
ലിബറലി: കുഞ്ഞായീ ബ്രോ, ഒന്ന് നടക്കാൻ പോവല്ലേ, വരുമ്പോ മീനും മേടിക്കാം.
കുഞ്ഞായിൻ: പിന്നെന്താ, ന്നാ വേഗം പോവാം, മീൻ തീരും.
ലിബറലി: അപ്പൊ നിനക്ക് യുക്തിയുണ്ട്, എന്നിട്ടും നീയെന്തിനാ ഈ മതഗ്രനഥങ്ങളിൽ പറയുന്നതൊക്കെ അന്ധമായി വിശ്വസിച്ചു നടക്കുന്നത്?
കുഞ്ഞായിൻ: അല്ല, നിൻറെ കാഴ്ചപ്പാടിൽ നമ്മക്കെങ്ങനെയാ ഈ യുക്തിയുണ്ടായത്, ബോധവും ബുദ്ധിയും യുക്തിയുമില്ലാത്ത അന്ധമായ യാദൃശ്ചിക ഭൗതിക പ്രവർത്തനങ്ങളിൽ നിന്ന് ഇതൊക്കെ എങ്ങനെ ഉണ്ടായി?
ലിബറലി: ഹ ഹ, നീ പരിണാമം പഠിച്ചിട്ടില്ലേ? നമ്മുടെ പൂർവികർക്ക് അതിജീവക്കാൻ പരിസ്ഥിതിയെക്കുറിച്ച് ശരിയായ കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നു. അങ്ങനെ അതിജീവനത്തിനായി മസ്തിഷ്കം യുക്തിസഹമായി പരിണമിച്ചതാണ്.
കുഞ്ഞായിൻ: ആയിക്കോട്ടെ, എന്നാലും ആദ്യം ഇതെവിടെന്നാ വന്നത്? ഈ ക്വാണ്ടം വാക്വം, കോസ്മിക് ഡസ്ട്, ഇലക്ട്രോൺ, പൊട്രോൺ, പ്രോട്ടീൻ, കോശം അങ്ങനെ എന്തിനെങ്കിലും ബോധവും ബുദ്ധിയും യുക്തിയുമുണ്ടോ? ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തു ഉണ്ടാകണമെങ്കിൽ ഒന്നുകിൽ ആ വസ്തുവിന് അത്തരം കഴിവുണ്ടായിരിക്കണം, അല്ലങ്കിൽ അതുണ്ടാക്കാനുള്ള കഴിവുണ്ടാകണം. പൂജ്യത്തിൽ നിന്ന് ഒന്നുണ്ടാകുമോ?
ലിബറലി: അത് പിന്നെ കോസ്മിക് ആക്സിഡന്റ്!!
കുഞ്ഞായിൻ: യു മീൻ, യാദൃശ്ചികത ഓഫ് ദി ഗ്യാപ്?
ലിബറലി: അത് പിന്നെ… സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ പൂർവികരുടെ നിലനിൽപ്പിന് ആവശ്യമായിരുന്നു, അങ്ങനെയാണ് മനുഷ്യന്റെ ബുദ്ധി വികസിച്ചത്. അല്ലാതെ ഇത് കളിമൺ തിയറിയല്ല.
കുഞ്ഞായിൻ: ഈ പരിണാമത്തിലൂടെ ഉണ്ടായ യുക്തി അതിജീവനത്തില്ലേ, അതിജീവനത്തിന് സത്യവും അസത്യവും തിരിച്ചറിയണം എന്ന് നിർബന്ധമില്ലല്ലോ, അപ്പൊ നമ്മുടെ യുക്തിയെ എങ്ങനെ വിശ്വാസിക്കും?
ലിബറലി: ആര് പറഞ്ഞു, അതൊന്നും പറ്റില്ല, അതിജീവിക്കാൻ സത്യവും അസത്യവും തിരിച്ചറിയണം. ഇല്ലെങ്കിൽ എവിടേലും പോയി കുടുങ്ങും.
കുഞ്ഞായിൻ: അങ്ങനെയല്ലോ ശാസ്ത്രജ്ഞരും തത്വചിന്തകരും പറയുന്നത്?
ആൽവിൻ പ്ലാന്റിംഗ പറഞ്ഞ ഒരുദാഹരണം പറയാം, നമ്മൾ ഒരു കാട്ടിൽ ഇരിക്കുകയാണ്, കുറച്ചകലെ നിന്ന് ഒരു ഭീകര ശബ്ദം കേട്ടു. ഒരാള്, അതെന്തോ അന്യഗ്രഹ ജീവിയാണ്, എല്ലാവരും ഓടി രക്ഷപ്പെട്ടോ എന്നും പറഞ്ഞോടി.
വേറൊരാള് പറഞ്ഞു, ഞങ്ങനെ എന്തെങ്കിലും വിശ്വസിക്കില്ല, എൻ്റെ ബുദ്ധിക്കും യുക്തിക്കും ബോധ്യപ്പെടുന്നത് മാത്രമേ വിശ്വസിക്കൂ. എന്നിട്ട് അന്വേഷിച്ച് ബോധ്യപ്പെടാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി, അതൊരു വന്യ ജീവിയായിരുന്നു, അയാളെ കടിച്ച് കൊന്നു!
ഇവിടെ ബുദ്ധിയും യുക്തിയും പിന്തുടർന്ന് ആൾ മരിക്കുകയും, തെറ്റായ അന്ധവിശ്വാസം സ്വീകരിച്ചയാളുടെ ജീൻ പൂൾ അതിജീവിക്കുകയും ചെയ്തു. അപ്പൊ എങ്ങനെയാണ് അതിജീവനത്തിന് വേണ്ടി പരിണമിച്ച മസ്തിഷ്കത്തിന് സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവുണ്ടാവുക?
ആന്റണി ഓ ഹിയർ പറയുന്ന വേറൊരുദാഹരണം
വിഷമാണെന്ന് വിശ്വസിച്ച് പക്ഷികൾക്ക് ചില പ്രത്യേക നിറമുള്ള പുഴുക്കളെ ഒഴിവാക്കാം, എന്നാൽ അതേ നിറമുള്ള വിഷമില്ലാത്ത പുഴുക്കളെയും ഇതൊഴിവാക്കും. വിഷമുള്ളതും ഇല്ലാത്തതുമായ പുഴുക്കളെ മുഴുവൻ അവഗണിക്കുന്നത് പക്ഷിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കും. ഒരു പ്രത്യേക നിറങ്ങളുള്ള പുഴുക്കളെക്കുറിച്ചുള്ള ഈ തെറ്റായ വിശ്വാസം, പരിണാമ പ്രക്രിയ തെറ്റായ വിശ്വാസങ്ങളിലേക്ക് നയിക്കുമെന്നാണ് കാണിക്കുന്നത്. അതിനാൽ പരിണാമ വീക്ഷണത്തിനിൽ നിന്ന് നമ്മുടെ മനസ്സ് സത്യാന്വേഷണത്തിനായി പരിണമിച്ചതെണെന്നോ, വിശ്വാസയോഗ്യമാണെന്നോ കണക്കാക്കാനാവില്ല.
സാക്ഷാൽ ചാൾസ് ഡാർവിന് പോലും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു, സംഹാരിസും, ജെയിംസ് സേജുമെല്ലാം പറയുന്നത് ഇത് തന്നെയാണ്. കൂടുതൽ റഫറൻസിന്റെ ലിങ്ക് ഞാൻ വാട്സാപ്പിൽ അയച്ചിട്ടുണ്ട്. വായിച്ച് നോക്ക്.
നമ്പാതെ, നാസ്തികർ യുക്തിയെ നമ്പിടാതെ!
അപ്പൊ പിന്നെ പരിണാമത്തിലൂടെ അതിജീവനത്തിനായി രൂപപ്പെട്ട മസ്തിഷ്കമുപയോഗിച്ച സത്യവും അസത്യവും മനസ്സിലാക്കാൻ കഴിയുമെന്നും വിശ്വസ്യ യോഗ്യമാണെന്നും കരുതുന്നതെങ്ങനെയാണ്?
ലിബറലി: അത് പിന്നെ, വെറുതെ കണ കുണ പറഞ്ഞ് നേരം കളഞ്ഞപ്പോ നിനക്ക് സമാധാനായില്ലേ? ഇപ്പൊ മീൻ തീർന്നീലെ? ഇനി ഉണക്ക മീൻ കൂട്ടി ചോറ് തിന്നാം, അതന്നെ!