ഒരു വാദത്തിന്റെ സാധുതയെ ദുർബലപ്പെടുത്തുന്ന അബദ്ധങ്ങളും, തെറ്റിദ്ധാരണകളും, വൈകല്യങ്ങലുമാണ് ലോജിക്കൽ ഫലസികൾ. കൂടാതെ യുക്തിയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെങ്കിലും ലോജിക്കൽ ഫലസിയാണ്. ഇത്തരം അബദ്ധങ്ങൾ യുക്തിസഹമായി തന്നെ തെറ്റാണെന്ന് തെളിയിക്കാനാകും. സാധാരണയായി സംവാദങ്ങളിൽ കാണുന്നതും പ്രധാനപ്പെട്ടതുമായ ഫലസികൾ താഴെ പറയുന്നവയാണ്.
Strawman argument
ഒരാളുടെ വാദത്തെ ദുർവ്യഖാനിച്ച് തെറ്റായി അവതരിപ്പിക്കുകയും അയാളുടെ വാദത്തെ ഖണ്ഡിക്കുന്നതിന് പകരം, സ്വയം സൃഷ്ടിച്ച ഈ വൈക്കോൽ വാദത്തെ ഖണ്ഡിക്കുകയും, യഥാർത്ഥ വാദത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന രീതി.
വസ്തുനിഷ്‌ഠമായ ധാർമികതക്ക് നാസ്തിക ആശയധാരയിൽ അടിസ്ഥാനമില്ല, നാസ്തികധാർമികത വൈയക്തികമാണ് എന്ന വാദത്തെ, ദൈവമില്ലെന്ന് മനസ്സിലായാൽ നാളെ മുതൽ നടന്ന് ബലാത്സഘം ചെയ്യുമോ എന്ന് ചോദിക്കുന്നത് സ്ട്രോമാൻ വാദമാണ്. ഇവിടെ ധാർമികത വൈയക്തികമാണോ വസ്തുനിഷ്‌ഠമാണോ? അതിൻ്റെ അടിസ്ഥാനമെന്ത് എന്നതാണ് ചർച്ച. വിശ്വാസികൾ ധാർമികരും നാസ്തികർ അധാർമികരുമാണോ എന്നതല്ല.
നാസ്തികരുടെ പല മതവിമർശനങ്ങളും സ്ട്രോമാൻ വാദങ്ങളാണ്. അവർക്ക് വിമർശിക്കാൻ പാകത്തിൽ ഒരു ദൈവത്തെയും മതങ്ങളെയും സൃഷ്ടിച്ച് വെച്ച് അതിനെയാണ് അവർ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുന്നത്.
Red herring
അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണ് റെഡ് ഹെറിംഗ്. എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. പല സംവാദങ്ങളിലും ചാനൽ ചർച്ചകളിലും സ്ഥിരമായി കാണുന്ന ഒന്നാണിത്.
ദൈവമുണ്ട് എന്നതിനുള്ള ദാർശനിക വാദങ്ങൾ (സാധാരണ എല്ലാ മത വിശ്വാസികളും ഉപയോഗിക്കുന്ന) അവതരിപ്പിക്കുമ്പോൾ, ആ വാദങ്ങൾക്ക് ഖണ്ഡിക്കുന്നതിന് പകരം, ഏതെങ്കിലും മതത്തെകുറിച്ചോ മത ഗ്രന്ഥങ്ങളെ കുറിച്ചോ സംസാരിച്ച് വിഷയം മാറ്റുക. ഇങ്ങനെ എന്ത് വാദമുന്നയിച്ചാലും വാദങ്ങളെ ഖണ്ഡിക്കുന്നതിനു പകരം ചിലർ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. ഏത് വിഷയം സംസാരിച്ചു തുടങ്ങിയാലും അവസാനം സിറിയ, ഇറാഖ്, കൈവെട്ട് ചാക്കിലാക്കൽ അങ്ങനയാണ് അസാനിക്കുക.
Appeal to ridicule
ഒരാളുടെടെ വാദത്തെ യുക്തിഭദ്രമായും വസ്തുനിഷ്ടമായും ഖണ്ഡിക്കുന്നതിന് പകരം വാദത്തെ പുച്ഛിച്ചും പരിഹസിച്ചും കളിയാക്കിയും അപഹാസ്യമാക്കി തീർക്കുന്ന രീതി.
നിയോ ഡാർവീനിയൻ പരിണാമ സിദ്ധാന്തത്തെ കുറിച്ച് അക്കാദമിക് തലങ്ങളിൽ നടക്കുന്ന ചർച്ചകളും പരിമിതികളെ കുറിച്ചും പറയുമ്പോൾ കളിമൺ തിയറി, മണ്ണ് കുഴച്ചുരുട്ടി എന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നത്. നാസ്തിക വാദങ്ങളിലെ അബദ്ധങ്ങളും വിവരക്കേടും ചൂണ്ടിക്കാണിക്കുമ്പോൾ “പഠിച്ചിട്ട് ബിമർശിക്കൂ” എന്ന് പുച്ഛിക്കുന്നത്. അവർക്ക് അറിത്ത കാര്യങ്ങളെ കുറിച്ചും, വായിക്കാത്ത പുസ്തകങ്ങളെ കുറിച്ചും, ട്രൈലർ മാത്രം കണ്ട് സിനിമയെ വിമർശിക്കാനും കഴിവുള്ളവരാണ്. നാസ്തികരുടെ സ്ഥായീ ഭാവമാണ് പുച്ഛവും പരിഹാസവും. രവിചന്ദ്രൻ്റെ മറ്റൊരു ഉദാഹരണം ഇവിടെ വായിക്കാം.
Ad hominem
യഥാർത്ഥ വാദത്തെ ഖണ്ഡിക്കുന്നതിന് പകരം വാദം ഉന്നയിച്ച വ്യക്തിപരമായി അധിക്ഷേപിക്കുക. വ്യക്തിപരമായ സവിശേഷതകൾ, വംശീയ പശ്ചാത്തലം, ശാരീരിക രൂപം മറ്റ് വാദവുമായി പ്രസക്തമല്ലാത്ത സ്വഭാവങ്ങൾ എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ വാദങ്ങളെ നിരസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. രാഷ്ട്രീയത്തിൽ “ചെളി വാരി എരിയ” എന്നൊക്കെ പറയും.
എന്ത് വിഷയത്തെ കുറിച്ച് പോസ്റ്റിട്ടാലും അതിൻ്റെ താഴെ മതയോളി, മദ്രസപ്പൊട്ടൻ, ഉസതാദ്, കോയ, മുറിയൻ അങ്ങനെ ഓരോന്ന് പുലമ്പിക്കിണ്ടിരിക്കുക.
Argument from ignorance
ഒരു വാദം ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തനാൽ അത് തെറ്റാണെന്നോ, ഒരു നിർദ്ദേശം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തനാൽ അത് ശരിയാണെന്നോ ഉള്ള വാദം. ദൈവത്തിന് തെളിവില്ല അത് കൊണ്ട് ദൈവമില്ല എന്ന വാദവും, ദൈവമില്ല എന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തനാൽ ദൈവമുണ്ട് എന്ന് വാദവും Argument from ignorance ലോജിക്കൽ ഫലസിയാണ്.
Burden of Proof
ഒരാൾ ഒരു അവകാശവാദം ഉന്നയിക്കുകയും തെളിവ് ചോദിക്കുമ്പോൾ വാദം തെറ്റാണെന്നതിന് തെളിവ് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് burden of proof ഫാലസി. തെളിവുകൾ സമർത്ഥിക്കേണ്ടത് വാദമുന്നയിക്കുന്ന ആളുടെ ബാധ്യതയാണ്. ഒരു വാദം ആരും തെറ്റാണെന്ന് തിളിയിച്ചിട്ടില്ല എന്നത് കൊണ്ട് വാദം ശരിയാകണെമെന്നില്ല. ദൈവമുണ്ടെന്നോ ഇല്ലെന്നോ വാദമുന്നയിക്കുന്നവർ അതിന് മതിയായ കാരണങ്ങളും തെളിവുകളും ഉന്നയിക്കാൻ ബാധ്യസ്ഥരാണ്.
ബെർട്രാൻഡ് റസലിൻ്റെ ചായക്കോപ്പ: ഭൂമിക്കും ചൊവ്വയ്ക്കുമിടയിൽ സൂര്യനുചുറ്റും ഭ്രമണപഥത്തിൽ ഒരു ചായകോപ്പ ഉണ്ടെന്നും അത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ, അവകാശവാദം ശരിയാണെന്നുമുള്ള വാദം.
Hasty Generalization
ചില ഉദാഹരണങ്ങൾ മാത്രം പരിഗണിച്ചോ, ഒരൊറ്റ കേസ് മാത്രം കണക്കിലെടുത്തോ മൊത്തം വസ്തുക്കളെയോ പ്രതിഭാസങ്ങളുയോ സാമാന്യവൽക്കരിന്ന രീതി.
ചില വിശ്വാസികളുടെ പ്രവർത്തിയെ മാത്രം കണക്കിലെടുത്ത്, മുഴുവൻ വിശ്വാസികളെയും സാമാന്യവൽക്കരിക്കുക, അത് മതം അനുശാസിക്കുന്നതിനെതിരാണെങ്കിൽ പോലും.
തീവ്രവാദികൾ മുസ്ലിംകളാണ്, അത് കൊണ്ട് മുസ്ലികളെല്ലാവരും തീവ്രവാദികളും അപകടകാരികളുമാണ്.
ചില മുസ്ലിം രാഷ്ട്രങ്ങൾ അവികസിതവും മനുഷ്യവകാശ ലംഘനങ്ങളും പീഠനങ്ങളുമുണ്ട്, മുസ്ലിം രാജ്യങ്ങളെല്ലാം അവികസിതവും പീഡിപ്പിക്കപ്പടുന്നവരുമാണ്.
False cause
രണ്ട് കാര്യങ്ങൾ തമ്മിൽ പരസ്പരബന്ധം ഉണ്ട് എന്നത് കൊണ്ട് ഒന്ന് മറ്റൊന്നിനു കാരണമാണ് എന്നോ, ഒരു കാര്യം മറ്റൊരു കാര്യത്തിന് ശേഷം സംഭിവിച്ചു എന്നത് കൊണ്ട് ആദ്യത്തേത് രണ്ടാമത്തേതിന് കാരണമാണ് എന്നോ ഉള്ള വാദം. ചില സാഹചര്യങ്ങളിൽ അവകാശവാദം സത്യമായിരിക്കാം, പക്ഷേ അത് എല്ലായ്പ്പോഴും ശരിയാണെന്നതിന് തെളിവല്ല.
ഉദാഹരണങ്ങൾ: കോഴി കൂവുമ്പോൾ സൂര്യൻ ഉദിക്കും: കോഴി കൂവുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത്.
ലണ്ടനിൽ ബോംബ് വച്ച ഭീകരവാദി ഒരു മത വിശ്വാസിയായിരുന്നു, മതമാണ് ഭീകരവാദത്തിന് കാരണം. പട്ടിയെ കാറിൽ കെട്ടി വലിച്ച വ്യക്തി മത വിശ്വാസിയാണ്, അയാളുടെ മതത്തിൽ പട്ടികളെ തൊടുന്നതിന് വിലക്കുണ്ട്, അത് കൊണ്ട് അയാളുടെ മതമാണ് അയാളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഇസ്ലാമിക രാഷ്ട്രങ്ങൾ അവികസിതവും മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നവയുമാണ്, അത് കൊണ്ട് ഇസ്‌ലാം അപകടകരമാണ്.
പലപ്പോഴും നാസ്തിക ഇസ്‌ലാമോഫോബുകൾ ചെയ്യുന്നത് ആദ്യം Hasty Generalization ഉപയോഗിച്ച് സാമാന്യ വൽക്കരിക്കും, പിന്നെ False cause കൂടെ പ്രയോഗിച്ചാൽ ഇസ്ലാമിനെയും മുസ്ലികളെയും മോശമായി ചിത്രീകരിക്കാൻ എളുപ്പമാണ്.
Appeal to emotion
വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിൽ ഒരു വാദം ജയിക്കുന്നതിന് സ്വീകർത്താവിൻ്റെ വികാരങ്ങളെ സ്വാധീനിക്കുന്ന രീതി.
ഉദാഹരങ്ങൾ: സിറിയയിലും ഇറാഖിലും നടക്കുന്നത് കണ്ടില്ലേ, അത് കൊണ്ടാണ് ഇസ്ലാം അപകടകരമാണ് എന്ന് ഞങ്ങൾ പറയുന്നത്. തബ്ലീഗ് ജമാഅത് കാരണം എത്ര പേർക്കാണ് കോവിഡ് രോഗം പിടിപെട്ടത്, അത് കൊണ്ടാണിവർ അപകടകാരികളാണെന്ന് പറയുന്നത്.
False Dilemma/False Dichotomy
വ്യത്യസ്‍ത സാധ്യതകളുള്ള ഒരു കാര്യത്തെ ആകെ വിരുദ്ധമായ രണ്ട് സാധ്യതകൾ മാത്രമായി അവതരിപ്പിക്കുക, അല്ലങ്കിൽ പരസ്പര വിരുദ്ധമല്ലാത്ത രണ്ട് കാര്യങ്ങളെ പരസ്പര വിരുദ്ധമായി അവതരിപ്പിപ്പിക്കുക. വിവാദപരമായ നിയമനിർമ്മാണങ്ങൾക്കോ നയങ്ങൾക്കോ പൊതുജന പിന്തുണ ലഭിക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ രാഷ്ട്രീയത്തിൽ ഇത് സാധാരണമാണ്.
ഉദാഹരണത്തിന് “ഒന്നുകിൽ നിങ്ങൾ എന്നെ സ്നേഹിക്കുന്നു അല്ലെങ്കിൽ നിങ്ങൾ എന്നെ വെറുക്കുന്നു.”
നാസ്തികരുടെ രണ്ട് സ്ഥിരം False Dichotomyകളാണ് മതവും ശാസ്ത്രവും, പരിണാമവും സൃഷ്ടിവാദവും.
No true Scotsman
സാർവത്രികമായ ഒരു വാദമുന്നയിക്കുകയും, അതിലെ പോരയ്മ ചൂണ്ടിക്കാണിക്കുമ്പോൾ, അതങ്ങകരിക്കുകയോ വാദം പരിഷ്‌കരിക്കുയോ ചെയ്യുന്നതിന് പകരം, സാർവത്രികതയിൽ നിന്ന് നിർദ്ദിഷ്ടത്തിലേക്ക് മാറുകയും, വാദത്തിന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ നൽകാൻ കഴിയാതിരിക്കുകയും ചെയ്യുക.
വ്യക്തി എ: “ഒരു മലയാളി കഞ്ഞിയിൽ പഞ്ചസാര ഇടില്ല.”
വ്യക്തി ബി: “എൻ്റെ അമ്മാവൻ കേശവമാമാൻ മലയാളിയാണ്, കഞ്ഞിയിൽ പഞ്ചസാര ഇടാറുണ്ട്.”
വ്യക്തി എ: “എന്നാൽ പുള്ളി ഒരു യഥാർത്ഥ മലയാളിയല്ല, യഥാർത്ഥ മലയാളി കഞ്ഞിയിൽ പഞ്ചസാര ഇടില്ല.”
മതമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം, മതമുപേക്ഷിക്കൂ മനുഷ്യനാകൂ.
എന്നിട്ട് ലോകത്തിൽ ഏറ്റവും വലിയ നരഹത്യ നടത്തിയ സ്റ്റാലിനും മുസോളിനും മാവോയുമൊന്നും വിശ്വസിക്കയിരുന്നില്ലല്ലോ.
കമ്യൂണിസവും സോഷ്യലിസവുമെല്ലാം ഓരോ മതം തന്നെയാണ്.
ഇന്ന് യുക്തിവാദികൾ, നാസ്തികർ എന്നവാകാശാപ്പെടുന്ന പലരും പച്ചക്ക് വർഗീയതയും വംശീയതയും, സംഘപരിവാർ ഉന്മൂലന സിദ്ധത്തിന് കുടപിടിക്കുന്നവരുമാണല്ലോ?
അത് ശരിക്കുള്ള യുക്തിവാദമല്ല, ശരിക്കുള്ള യുക്തിവാദം അങ്ങനല്ല.
വിശ്വാസികളെ കുറിച്ചും ചിലർ ഈ ന്യായ വൈകല്യം ഉന്നയിക്കാറുണ്ട്, എന്നാൽ എല്ലാ വിശ്വാസികളും നല്ലവരാണെന്നോ, മെമ്പർഷിപ്പെടുക്കുന്നതോടെ ജീവിതം ഒരു സുപ്രഭാതത്തിൽ കീഴ്മേൽ മറിയുമെന്നോ ആർക്കും വാദമില്ല. അതൊരു സ്ട്രോമനാണ്.
ഇത് കൂടാതെ വേറെയും ലോജിക്കൽ ഫാലസികളുണ്ട്. നമ്മൾ സാധാരണയായി കാണുന്ന ചിലത് മാത്രമാണിവ. കൂടുതലായി ഇവിടെ വായിക്കാം.
logicallyfallacious.com
List of fallacies