ആലം ദുനിയാവാകെ പുരോഗമിച്ച് പുരോഗമിച്ച് ദൈവം, മതം എന്നൊക്കെ കേൾക്കുമ്പോഴേക്ക് പൊതുബോധ മണ്ഡലത്തിൻ്റെ സൈയ്ന്റിഫിക് ടെമ്പർ തെറ്റി ഓക്കാനിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. നരവംശ ചരിത്രത്തിൻ്റെ എല്ലാ കാലത്തും ബഹുഭൂരിപക്ഷവും ഒരു പ്രകൃത്യാതീത ശക്തിയിൽ വിശ്വസിച്ചിരുന്ന മതവിശ്വാസികളാണ് താനും. ഇവരെല്ലാരും വെറും അന്ധവിശ്വാസികളായ ബഡുക്കൂസുകളിയിരുന്നോ? അതോ ഇതിനൊക്കെ വല്ല യുക്തിയും തെളിവുമുണ്ടോ എന്നറിയാനുള്ള വളരെ ലളിതാത്മകമായ ഒരു ശ്രമമാണീ പുസ്തകം.
നാല് ഭാഗങ്ങളിലായി ഇരുപതോളം അദ്ധ്യായങ്ങളാണ് ഉദ്ദേശിക്കുന്നത്. ദൈവമില്ല, എനിക്ക് ജീവിക്കാനൊരു ദൈവത്തിൻ്റെയോ മതത്തിൻറെയോ ആവശ്യമായില്ലെന്നൊക്കെ കാച്ചി വിടുന്നവരുണ്ട്. സംഗതി അങ്ങനയാണെങ്കിൽ എന്താണ് നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയും ധാർമികതയുടെയും മാനവികതയുടെയും അവസ്ഥ എന്നതാണ് ആദ്യ ഭാഗം. ഈ അണ്ഡകടാഹത്തിന് ഒരു സ്രഷ്ടാവുണ്ടോ എന്നതാണല്ലോ വിഷയം, ഉണ്ടെങ്കിൽ എങ്ങനെ അറിയാം, അണ്ഡകടാഹത്തിനുള്ളിൽ തിരയാണോ പുറത്ത് തിരയാണോ എങ്ങനെ തിരയും എന്നൊക്കെ അറിയണമെങ്കിൽ അറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചറിയണം. ഞാനശാസത്രം, യുക്തി, ശാസത്രം, ശാസ്ത്രമാത്രവാദമൊക്കെയാണ് രണ്ടാം ഭാഗം. പിന്നെയാണ് അണ്ഡകടാഹത്തിന് ഒരുടമസ്ഥനുണ്ടോ എന്ന ചർച്ച. അത് കഴിഞ്ഞ് ദൈവമുണ്ടങ്കിൽ കൊറോണ വന്നപ്പോ എവിടെപ്പോയി? വെള്ളപൊക്കം വന്നപ്പോ എന്തേ ഒളിച്ചിരുന്നത്? വിധി വിശ്വാസം, പരിണാമം തുടങ്ങിയ കൊസറാക്കൊള്ളി ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ എന്ന അന്വേഷണമാണ്.
പറയാനുള്ളത് യുക്തിയുക്തവും താത്വികവുമായ കുണ്ടാമണ്ടികളായത് കൊണ്ടും സംവദിക്കാനുദ്ദേശിക്കുന്നത് മീമുകളും ട്രോളുകളും ആശയ സ്രോതസ്സായി മാറിയ സോഷ്യൽ മീഡിയ കാലത്തെ പുതുതലമുറയോടായത് കൊണ്ടും വളരെ ലളിതാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അല്ലാതെ എനിക്ക് അക്കാദമിക് നിലവാരത്തിൽ എഴുതാൻ അറിയാഞ്ഞിട്ടൊന്നുമല്ല ഹേ.