ദാമ്പത്യ കീടബാധകൾ!

You are here:
 ദാമ്പത്യ കീടബാധകൾക്കുള്ള ഒറ്റമൂലി പേഴ്സണൽ സ്‌പേസ് അനുവദിക്കലാണെന്ന ചില ചർച്ചകൾ കണ്ടു. ദാമ്പത്യത്തിൽ പേഴ്സണൽ സ്‌പേസിന് പരിമിധികളുണ്ട്, ഇല്ലെന്നൊക്കെ വെറുതെ തള്ളുന്നതാണ്. രണ്ട്‌ പേർ ഒരുമിച്ച് ഒരു കുടുംബമാകാൻ തീരുമാനിച്ചാൽ കുടുംബം എന്ന യൂണിറ്റിൻ്റെ സന്തോഷകരമായ നിലനിൽപ് തന്നെയാണ് പ്രഥമ പരിഗണന. അതിന് ശേഷമുള്ള, കുടുംബത്തിൻ്റെ നിലനിൽപിന് കോട്ടം തട്ടാത്ത പേർസണൽ സ്പെയ്സേ ഓരോരുത്തർക്കും ഉണ്ടാകൂ.
 
മനുഷ്യർ സംഘടിതമായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന സംഘടിത ലക്ഷ്യം തന്നെയായിരിക്കും. ഒരു ഫുട്ബോൾ ടീമിൻറെ ഭാഗമാകുമ്പോൾ കൃത്യമായി പരിശീലനവും ഡയറ്റും വേണ്ടി വരും, ഏല്പിച്ച പൊസിഷനിൽ കളിക്കേണ്ടി വരും. എനിക്ക് 10 മണി വരെ കിടന്നുറങ്ങലാണ് ഇഷ്ടം, ഡെയ്‌ലി ചിക്കൻ ബിരിയാണി കഴിക്കണം, ഇഷ്ടമുള്ള പൊസിഷനിൽ കളിക്കും എന്നൊക്കെ പറഞ്ഞാൽ അപ്പുറത്തെ കണ്ടത്തിൽ പോയി നമ്മുടെ ഇഷ്ടം പോലെ ഒറ്റക്ക് കളിക്കേണ്ടി വരും.
 
കല്യാണം കഴിക്കുന്നതിന് മുമ്പ് തോന്നുമ്പോൾ യാത്ര പോയിരുന്ന പോലെ ശേഷം പോകാൻ കഴിയില്ല. കല്യാണത്തിന് ശേഷം പോയിരുന്ന പോലെ കുട്ടികളുണ്ടായ ശേഷം പോകാൻ കഴിയില്ല. കുട്ടികൾ പഠിക്കാൻ തുടങ്ങുമ്പോൾ പിന്നെയും യാത്രകൾക്ക് പരിഗണിക്കേണ്ട ഘടകങ്ങൾ മാറും. എനിക്കിതിൽ അസ്വാഭാവികതയൊന്നും തോന്നുന്നില്ല. വയർ ചാടി കഷണ്ടിയായപ്പോ സെലക്ട് ഡ്രസ്സുകൾ മാറിയ പോലെ ഭർത്താവും രണ്ട് കുട്ടികളുടെ ഉപ്പയുമായപ്പോൾ തിരഞ്ഞെടുപ്പുകൾ പലതും മാറി. ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്ത സലിം കുമാർ പറഞ്ഞ പോലത്തെ ശരിക്കുള്ള വേറെ ഞാനില്ല, ഇത് തെന്നെയാണ് ഇപ്പോഴുള്ള ഞാൻ. ഇനി മൂക്കിൻ മേൽ കുരു വന്നാൽ പിന്നെ മൂക്കിൻ മേൽ കുരുവുള്ള ഞാനേ ഒള്ളു. അതല്ലാത്തൊരു എന്നെ ഞാൻ അന്വേഷിക്കുന്നണ്ടെങ്കിൽ ഒന്നുകിൽ എൻ്റെ ബന്ധങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്, അല്ലെങ്കിൽ എനിക്കെന്തോ തകരാറുണ്ട്.
 
ഇത് ഞാനും നീയുമില്ല നമ്മളേ ഒള്ളൂ, ഞാൻ നീയാണ്, നീ ഞാനാണ് തുടങ്ങിയ കാല്പനികത്വങ്ങളല്ല. അവർ എന്നെ ആശ്രയിക്കുന്ന അത്രയോ അതിൽ കൂടുതലോ അവരെയൊക്കെ ഞാനും ആശ്രയിക്കുന്നുണ്ട്. എല്ലാ മനുഷ്യരും സ്വന്തത്തെ തിരിച്ചറിയുന്നതും അടയാളപ്പെടുത്തുന്നതും നിലനിൽക്കുന്നതും ചുറ്റിലുമുള്ള മനുഷ്യരെ ആശ്രയിച്ച് തന്നെയാണ്. രണ്ട് വ്യക്തികൾ പരസ്പരം ഇടപെഴകുമ്പോഴാണ് ഇന്റിവിജ്വൽ ഫ്രീഡവും പേഴ്സണൽ സ്പെയ്സും ഉണ്ടാകുന്നത് തന്നെ. ഒറ്റക്ക് മരുഭൂമിയിൽ മാനം നോക്കി കിടക്കുമ്പോൾ അവിടെ ഫ്രീഡവുവുമില്ല സ്പെയ്സുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.
 
വല്ല്യൂമ്മ പേരക്കുട്ടികളേയും അവർ തിരിച്ചും ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷമില്ലാതെ സ്‌കൂളിൽ വരുന്ന കുട്ടിക്ക് സഹപാഠിയുടെ അമ്മ ഭക്ഷണം കൊടുത്തയച്ച കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു ഒരധ്യാപകൻ. സന്തോഷവും അർത്ഥവും കണ്ടെത്തുന്നതിന് ആ അമ്മയും വിദ്യാർത്ഥിയും പരസപരം ആശ്രയിക്കുന്നുണ്ട്. എല്ലാ ആശ്രിതത്വവും പ്രാഥമികമായി വൈകാരികവും മാനസികവുമാണ്. അതിൽ നിന്നാണ് ശാരീരികവും സാമ്പത്തികവുമായ ആശ്രിതത്വമൊക്കെ ഉരുത്തിരിയുന്നത്. ഈ വൈകാരിക തലത്തിൽ വിള്ളൽ വീഴുമ്പോഴാണ് മറ്റു ആശ്രിതത്വങ്ങൾ കല്ല് കടിയാവുവന്നത്.
 
സിനിമയിൽ കാണുന്ന പോലെ റൊമാന്റിക്കായ കുടുംബമൊന്നും യഥാർഥ്യമല്ല. ചില്ലറ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകും. മനുഷ്യരുടെ എല്ലാ പരിമിതിയും മനുഷ്യർ ചെയ്യുന്ന കാര്യങ്ങളിലുമുണ്ടാകും. അതൊക്കെ അണച്ചും ഇണക്കിയും വിളക്കിയും തിരുത്തിയും സഹകരിച്ചും പരസ്പരം പൂർത്തീകരിച്ചും ഒക്കെത്തന്നെയാണ് കുടുംബം രൂപപ്പെടുന്നത്. The quality of your life is not based on the quality of stuff you own or the luxury of things you do. It is purely based on the quality of relationship you have with people around you. അതിന് അത്യാവശ്യം അധ്വാനവും സമയമൊക്കെ ചിലവാക്കേണ്ടി വരും.
 
കുടുംബത്തിൻ്റെ സംഘടിത ലക്ഷ്യത്തെ ചിലർ അവരുടെ സ്വാർത്ഥ ലക്ഷ്യമാക്കി മാറ്റിക്കളയും. പ്രകടമായി കാണുന്നതും ഭൂരിപക്ഷവും പുരുഷകീടബാധകളാണ് എന്നത് കൊണ്ട് ഇതൊരു ഓൺവേ പ്രോസസ്സ് ആണെന്നതൊക്കെ തെറ്റിദ്ധാരണയാണ്. ഒറ്റ ഡയലോഗ് കൊണ്ട് ഒരു ദിവസം മൊത്തം കോഞ്ഞാട്ടയാക്കാനുള്ള പ്രത്യേക സിദ്ധി എൻ്റെ ഭാര്യക്കുണ്ട്. മെന്റൽ ടോർച്ചറിങ്ങിലെ സ്ത്രീകളുടെ സിദ്ധി അനുഭവിച്ചവർ തന്നെയാകും അധിക ഭർത്താക്കന്മാരും. പലരും പുറത്ത് കാണിക്കാതെ വെറുതെ ബലം പിടിച്ച് ആണായി നടക്കുന്നതാണ്. ആണിതൊക്കെ തുറന്ന് പറഞ്ഞാൽ നിലയും വിലയും പോകില്ലേ.
 
ഈ പ്രശ്നങ്ങൾ രണ്ടാളും അവരുവരുടെ പേർസണൽ സ്പേസിലേക്ക് മാറി പരിഹാരം കണ്ടെത്തുന്ന മാജിക് എനിക്കത് വരെ മനസ്സിലായിട്ടില്ല. എൻ്റെ ഇഷ്ടങ്ങൾ, എൻ്റെ ആഗ്രഹങ്ങൾ, എൻ്റെ സ്വപ്‌നങ്ങൾ എൻ്റെ തല എൻ്റെ ഫുൾ ഫിഗർ എന്ന ഇൻഡിവിജ്വലിസ്റ്റിക് മനോഭാവമുള്ള രണ്ട് പേര് ചേർന്നാൽ കുടുംബമുണ്ടാകില്ല. ചില താൽക്കാലിക കൊടുക്കൽ വാങ്ങലുകൾ നടക്കും. അതിലെ പുതുമ തീരുമ്പോൾ അത് മങ്ങുകയും ചെയ്യും.
 
പേർസണൽ സ്പെയ്‌സിന് സ്വന്തമായി നിർവചനമോ അളവ് കോലോ ഇല്ല. മൂല്യാധിഷ്ഠിത വ്യവസ്ഥിതിക്ക് പുറത്ത് ആർക്കും എവിടെയും ഏതളിവിലും എടുത്തുപയോഗിക്കാം.
 
കോളേജ് കഴിഞ്ഞ് വരുന്ന കൗമാരക്കാരനോട് അന്നത്തെ വിശേഷങ്ങളും കൂട്ടുകാരെ കുറിച്ചും ചോദിക്കുന്നത് ചിലപ്പോൾ പേഴ്സണൽ സ്പൈസിൽ കൈകടത്തലായി മാറും.
 
അസുഖം വന്നിട്ട് ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരിക്കുന്ന പ്രായമായവരെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ട് പോകുന്നതും ചിലപ്പോൾ പേഴ്സണൽ സ്പൈസിൽ കൈകടത്തലായി മാറും.
 
ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങൾ യുക്തിഭദ്രവും അവർക്ക് ഏറ്റവും നല്ലതുമായിരിക്കും എന്ന നിഗമനത്തിൽ പേർസണൽ സ്പെയ്‌സും ചോയ്‌സ്‌സും നല്ലൊരു ആശയമാണ്. പക്ഷേ മനുഷ്യരുടെ പല തീരുമാനങ്ങളും വൈകാരികവും ദുർവാശിയും നല്ല മണ്ടത്തരങ്ങളുമാണ് എന്നതാണ് യാഥാർഥ്യം. ഇപ്പോഴും അത്യാവശ്യത്തിലധികം മണ്ടത്തരങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ഞാൻ, പ്രത്യേകിച്ച് കച്ചവട സാമ്പത്തിക ഇടപാടുകളിൽ. അതിൽ ഉമ്മയും ഉപ്പയും ഭാര്യയും വല്ല്യൂപ്പയുമൊക്കെ ഇടപെടാറുണ്ട്. അവർ പറയുന്നതിനോട് ചിലപ്പോൾ എതിർപ്പും വിയോജിപ്പുമൊക്കെ ഉണ്ടാകാറുമുണ്ട്. പക്ഷേ എനിക്കതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ഇങ്ങനെ തിരുത്തിയും തർക്കിച്ചും ഒക്കെതെന്നയാണ് ഞാൻ ഞാനായത്.
 
ഇന്ന് കൗമാരക്കാരുടെ തീരുമാനങ്ങൾ എന്തെങ്കിലും അപകടമോ തെറ്റോ കണ്ടാൽ പോലും മാതാപിതാക്കൾക്ക് ഇടപെടാൻ വിലങ്ങ് തടിയായി നിൽക്കുന്നതും പേർസണൽ സ്‌പെയ്‌സ് തന്നെയാണ്.
 
നിൻറെ ജീവിതം കൊണ്ട് നീ എന്ത് പണ്ടാരമെങ്കിലും കാണിക്ക്, എനിക്ക് എന്റേത് കൊണ്ട് തന്നെ നടക്കാൻ വയ്യ എന്നും പേർസണൽ സ്‌പെയ്‌സിനെ വായിക്കാം.
 
അവന്/അവൾക്ക് എൻ്റെ ഒരു കാര്യവും അറിയണ്ട, എൻ്റെ ഒരു കാര്യത്തിലും ശ്രദ്ധയില്ല എന്നൊക്കെ ഈ പേർസണൽ സ്‌പെയ്‌സിനെ വായിക്കാം.
 
ഒരാൾ തൻ്റെ പങ്കാളിയുടെ ദൈനം ദിന ജീവിതത്തിലെ ഓരോ കാര്യങ്ങളും യാന്ത്രികമായി നിയന്ത്രിച്ച് കൊണ്ടിരിക്കുണ്ടെങ്കിൽ ഒന്നുകിൽ അയാൾക്ക് മാനസികമായി എന്തോ തകരാറുണ്ട്, അല്ലെങ്കിൽ അയാളുടെ മൂല്യവ്യവസ്ഥക്ക് എന്തോ കുഴപ്പമുണ്ട്. രണ്ടാണെങ്കിലും മൂലക്കുരുവുവിനുള്ള ചികിത്സ കൊണ്ട് ഫലം ചെയ്യില്ല.
 
ഒരാൾ മറ്റൊരാളുടെ കാര്യത്തിൽ ഇടപെടുന്നതോ ഇടപെടാതെ മാറി നില്കുന്നതോ എന്തെങ്കിലും സ്വാർത്ഥ താല്പര്യത്തിനാണോ, ദുരഭിമാനമാണോ, ദുർവ്വാശിയാണോ, സംശയരോഗമാണോ വേറെന്തികിലും കൃമികടിയാണോ അതോ അല്ലാഹുവിന്റെ തൃപ്തിയാണോ എന്ന് പുനപരിശോധിക്കലാണ് പരിഹാരം. അല്ലാഹുവിന്റെ തൃപ്തിക്ക് കർമ്മം മാത്രം മതിയാവില്ല. ഉദ്ദേശ്ശവും ചെയ്യുന്ന രീതിയുമൊക്കെ പ്രധാനമാണ്. ദാനം ചെയ്യൽ പുണ്യമാണെന്ന് കരുതി എല്ലാ ദാനവും പുണ്യമായി പരിഗണിക്കില്ല. ഉദ്ദേശം നന്നാകണമെങ്കിൽ ധാർമികതയും മൂല്യങ്ങളും ഉണ്ടാവണം. മനുഷ്യർ ആത്‌മീയമായും ധാർമികമായും അധഃപതിക്കുന്നിടത്തോളം ജീവിതത്തിന്റെ സകല മേഖലകളും ദുരന്തമായി മാറിക്കൊണ്ടിരിക്കും.
 
പ്രശ്നങ്ങളെ യാന്ത്രികമായി വിലയിരുത്തി, എന്തെങ്കിലും ഒറ്റ കാരണം കണ്ടെത്തി, അതിന് നേർ വിരുദ്ധമായ കാര്യം കൊണ്ട് പരിഹരിയ്ക്കാൻ കഴിയുന്നതല്ല മനുഷ്യരുടെ പ്രശ്നങ്ങൾ. ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത് വൈകാരിക ബന്ധങ്ങളുടെയും ധാർമിക മൂല്യങ്ങളുടെ പിൻബലത്തിലാണ്. ലിബറൽ ഭൗതിക യാന്ത്രിക യുക്തികളുടെ മഹത്വം കൊണ്ടല്ല. പ്രശ്നങ്ങൾ പലപ്പോഴും പലർക്കും പലതരത്തിലും തലത്തിലുമുള്ളതായിരിക്കും, ഒരു ച്ചോർച്ച തടയാൻ ഒന്നിലധികം ഓട്ടകളടക്കാനുണ്ടാകും. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു വെള്ളം കുടിക്കുന്ന പരിപാടി എന്നാണ് നമ്മൾ നിർത്തുക?

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected