ഫ്രെഡറിക് നീഷെയുടെ ഭ്രാന്തൻ്റെ കഥ കേട്ടിട്ടില്ലേ? പകൽസമയത്ത് വിളക്കും കത്തിച്ച് ചന്തയിലേക്കോടി “ദൈവമെവിടെ? ദൈവമെവിടെ? ഞാനും നിങ്ങളും ദൈവത്തെ കൊന്നു, നമ്മളെല്ലാം അവന്റെ കൊലപാതകികളാണ്! നമ്മളിനിയെങ്ങനെ സ്വയം ആശ്വസിപ്പിക്കും? ഒരു ശൂന്യതയുടെ നെടുവീർപ്പ് അനുഭവപ്പെടുന്നില്ലേ? നമ്മളിനി പകലും വിളക്കുകൾ കത്തിക്കേണ്ടി വരില്ലേ? നമ്മൾ നിരന്തരം വീഴുന്നില്ലേ? പിന്നോട്ടും, മുന്നോട്ടും എല്ലാ ദിശകളിലേക്കും? ഇനി മുകളിലേക്കോ താഴേക്കോ എന്തെങ്കിലും വഴികൾ ഉണ്ടോ? അനന്തമായ ഒന്നിലൂടെ നാം വഴിതെറ്റുന്നില്ലേ?” എന്നൊക്കെ പറഞ്ഞു നിലവിളിച്ച ഭ്രാന്തൻറെ കഥ. പക്ഷേ അവിടെ ഉണ്ടായിരുന്നവർക്ക് ഭ്രാന്തൻ പറഞ്ഞതൊന്നും മനസ്സിലായില്ല. അവർ ഭ്രാന്തനെ കളിയാക്കി പൊട്ടിച്ചിരിച്ചു. ഭ്രാന്തൻ തൻ്റെ വിളക്ക് എറിഞ്ഞുടച്ചിട്ട് പറഞ്ഞു “ഞാൻ വന്നത് കുറെ നേരത്തെയായിപ്പോയി, എൻറെ സമയം ആയിട്ടില്ല”.
ദൈവരഹിത ലോക വീക്ഷണത്തിന്റെ അനിവാര്യമായ പരിണിത ഫലങ്ങളെ കുറിച്ച് യൂറോപ്പിന് മുന്നറിയിപ്പ് നൽകുകയായിരുന്നു നീഷെ. ദൈവത്തെ ഇല്ലാതാക്കിയാൽ സ്വാതന്ത്രരായെന്നു തെറ്റിദ്ധരിച്ച പാശ്ചാത്യർക്ക് തങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം അസ്ഥിത്വത്തെ തന്നെയാണെന്ന് തിരിച്ചറിയാൻ പിന്നെയും കുറേ കാലമെടുത്തു. ഇവിടെയുള്ള ‘സാദാ’ നിരീശ്വരവാദികളും ചില കാപട്യങ്ങളുടെ തൊലിപ്പുറമേയുള്ള ഇക്കിളിയനുഭവിച്ചു നിര്വൃതിയടയുന്നു എന്നല്ലാതെ അതിന്റെ അനിവാര്യമായ പരിണിത ഫലങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരാണ്.
നാസ്തിക അവകാശവാദങ്ങൾ ശരിയാണെങ്കിൽ അത് നയിക്കുന്നത് ഭൗതിക വാദത്തിലേക്കാണ്. പ്രപഞ്ചാതതീമായ ഒരു ശക്തിയുമില്ലെന്നും, ഈ പ്രപഞ്ചവും അതിലെ സകലതും യാതൊരു ബുദ്ധിയോ ലക്ഷ്യമോ ഇല്ലാതെ അന്ധമായ, യാദൃശ്ചിക ഭൗതിക പ്രക്രിയകളിലൂടെ ഉണ്ടായതാണ് എന്നുമാണ്.
നിഹിലിസം (ശൂന്യതാവാദം)
നാസ്തിക വാദങ്ങളുടെ അനിവാര്യമായ പരിണിതി മനുഷ്യൻ്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ലെന്നാണ്. നമ്മുടെ അസ്തിത്വവും ജീവിതവും വേദനകളും സന്തോഷവുമെല്ലാം ആത്യന്തികമായി വിവേകശൂന്യവും അർത്ഥശൂന്യവുമാണ് എന്നുമുള്ള കാഴ്ചപ്പാടാണ് നിഹിലിസം. എല്ലാ വസ്തുക്കൾക്കും അസ്തിത്വമുണ്ടെങ്കിലും സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധമുള്ള ഏക ജീവി മനുഷ്യനാണ്. എന്തിനാണ് ഭൂമിയിൽ ജനിച്ചതെന്നോ, ജീവിക്കുന്നതെന്നോ, എന്താണ് ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും എന്നോ നിശ്ചയമില്ലാതെ മനുഷ്യമനസ്സ് അപഥ സഞ്ചാരം നടത്തുന്ന പ്രതിഭാസമാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis).
ഈ പ്രപഞ്ചത്തിനും നമുക്കും ഒരു ലക്ഷ്യവും അർത്ഥവും ഉണ്ടാകണെമെങ്കിൽ ഇതിനൊക്കെ ഒരു സ്രഷ്ടാവുണ്ടാവുകയും, സൃഷ്ടിപ്പിന് എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കുകയും വേണം. മൂല്യം വേണമെങ്കിൽ ആ സ്രഷ്ടാവ് എന്തെങ്കിലും മൂല്യങ്ങൾ നൽകണം. ഒരു പേനക്ക് മൂല്യവും ലക്ഷ്യവുമുള്ളത് അതൊരു പ്രത്യേക ഉദ്ദേശലക്ഷ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടത് കൊണ്ടാണ്. നാസ്തികതയിൽ അങ്ങനെയൊന്നില്ല. നമ്മളിട്ടിരിക്കുന്ന ഡ്രസ്സിനും ഇരിക്കുന്ന കസേരക്കും കയ്യിലുള്ള മൊബൈലിനും എന്നുവേണ്ട നമ്മുടെ കയ്യിലുള്ള എല്ലാറ്റിൻ്റെ അസ്തിത്വത്തിനും ഒരു കാരണവും ലക്ഷ്യവുമുണ്ട് മൂല്യവുമുണ്ട്. പക്ഷേ നമ്മുടെ അസ്തിത്വത്തിന് മാത്രം ഒരു കാരണവും ലക്ഷ്യവും മൂല്യവും അർത്ഥവുമില്ല?
ഒരു പ്രതിമയും മനുഷ്യനും തമ്മിലുള്ള മാറ്റമെന്താണ്? ഒന്നുമില്ല, കേവലം ദ്രവ്യത്തിൻറെ പുനഃക്രമീകരണം. മനുഷ്യന് വികാരവും സന്തോഷവും ദുഖവുമൊക്കെ ഉണ്ടെന്നു പറയാം. പക്ഷേ അതെല്ലാം മസ്തിഷ്ക രാസപ്രവർത്തങ്ങളുടെ ഫലമായുണ്ടാകുന്ന തോന്നലുകൾ മാത്രമാണ്, അതിന് പ്രത്യേകിച്ച് അർത്ഥമോ മൂല്യമോ ഇല്ല. അപ്പോൾ ഒരു പ്രതിമ അടിച്ചു പൊട്ടിക്കുന്നതും ഒരു മനുഷ്യൻറെ തലയടിച്ച് പൊട്ടിക്കുന്നതും തമ്മിലുള്ള മാറ്റം? കേവലം ദ്രവ്യത്തിൻറെ പുനഃക്രമീകരണം?? കൊല്ലപ്പെട്ടവനും കൊന്നവനും തമ്മിലുള്ള മാറ്റം? എല്ലാം ആറ്റങ്ങളുടെ പുനഃക്രമീകരണം! രണ്ടാളും മണ്ണായിപ്പോകും. നന്മ ചെയ്താലും തിന്മ ചെയ്താലും അർത്ഥശൂന്യമാണ്. അല്ലെങ്കിൽ എന്താണ് നന്മയും തിന്മയും നീതിയും അനീതിയും? അന്ധമായ ഭൗതിക പ്രവർത്തങ്ങളുടെ ഫലമായി സംഭവിച്ച പ്രപഞ്ചത്തിൽ അങ്ങനെയൊക്കെ ഉണ്ടോ? എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനം? അപ്പൊ മാനവികത? മനുഷ്യത്വം? ധാർമികത?? എല്ലാം കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണം! ചുരുക്കിപറഞ്ഞാൽ ഒന്നിനും ഒരർത്ഥവും ലക്ഷ്യവും മൂല്യവുമില്ല. കട്ട ഡാർക്ക് സീൻ! കൂരാകൂരിരുട്ട്!
ഒന്നിലും വിശ്വസിക്കാനോ വിശ്വസിക്കുന്നതിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാനോ കഴിയാത്ത തരത്തിൽ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യ മനസൊരു വലിയ ഭാരമാണ്. അനുഭവിച്ചറിഞ്ഞ ആളുകള്ക്കേ അതിന്റെ തീവ്രത മനസ്സിലാകൂ. മുകളില് ആകാശം, താഴെ ഭൂമി, അതിനിടക്ക് കാറ്റത്ത് പാറി നടക്കുന്ന തൂവല് പോലെ അസ്തിത്വ പ്രതിസന്ധി പേറുന്ന മനുഷ്യനും. എവിടെയും ഉറച്ചു നില്ക്കാനോ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനോ കഴിയാത്ത അവസ്ഥ. വല്ലതും ചെയ്താല് തന്നെ അതിനു ശേഷം വീര്പ്പു മുട്ടിക്കുന്ന ശൂന്യത! എന്തൊക്കെ സൗകര്യങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായാലും എല്ലാ മനുഷ്യരും അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്ന് പോകും. മനുഷ്യൻ ജീവിതത്തിന്റെ അർത്ഥവും മൂല്യവും ലക്ഷ്യവും തേടാൻ രണ്ട് കാരണങ്ങളാണ് തത്വചിന്തകനായ ആർതർ ഷോപ്പൻഹോവർ പറയുന്നത്. ക്ലേശങ്ങളും അനിവാര്യമായ മരണവും.
ശാശ്വതമായ സന്തോഷമില്ല
പഠനം, ജോലി, വീട്, വാഹനം, യാത്രകൾ അങ്ങനെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാറ്റിൻെറയും ആത്യന്തിക ലക്ഷ്യം സന്തോഷമായിരികലാണ്. ഇതൊക്കെ നേടുമ്പോൾ നാം അതിയായി സന്തോഷിക്കും. പക്ഷേ അതെല്ലാം തന്നെ ക്ഷണികമാണ്. ചെറുപ്പം തൊട്ടേ നമ്മുടെയുള്ളിലുള്ള ഒരു മനോഭാവമാണിത്. കൂട്ടുകാരുടെ കയ്യിൽ എന്തെങ്കിലും കളിപ്പാട്ടം കണ്ടാൽ പിന്നെ അത് സ്വന്തമാക്കാതെ ഒരു സ്വസ്ഥതയുണ്ടാവില്ല. സ്വന്തമാക്കിയാൽ അതിനോടുള്ള ഭ്രമം ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയുമില്ല. ഉടനെ അടുത്തത് തേടിപ്പോകും.
പത്ത് വർഷം മുൻപ് നമുക്കുണ്ടായിരുന്ന ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറി. അവ നേടിയപ്പോൾ ലഭിച്ച സന്തോഷമൊന്നും ശാശ്വതമായിരുന്നില്ല. അങ്ങനെ ഒരോന്നിൻ്റെ പിറകെ ഓടിക്കൊണ്ടേയിരിക്കുന്നു. യഥാർത്ഥത്തിൽ ഇതിനെല്ലാം നമ്മുക്ക് അർത്ഥവത്തായ, ശാശ്വതമായ സന്തോഷം നൽകാൻ കഴിയുമോ? സമ്പത്തും പ്രശസ്തിയും സ്വാധീനവും ആരാധകരും എല്ലാ സൗഭാഗ്യങ്ങളും നേടിയ, ജീവിത വിജയം നേടിയെന്ന് പറയപ്പെടുന്ന സെലിബ്രിറ്റികൾ യഥാർത്ഥത്തിൽ പുറമേ കാണുന്ന പോലെ സന്തുഷ്ടരാണോ? എന്ത് കൊണ്ട് ഇത്തരം പലർക്കും വിഷാദരോഗങ്ങൾ? എന്തിനവർ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുന്നു? എന്തിന് ചിലർ ആത്മഹത്യ ചെയ്യുന്നു? ഇത്തരം ഭൗതിക നേട്ടങ്ങളാണ് സന്തോഷം നേടാനുള്ള മാർഗമെങ്കിൽ ഭൂമിയിലെ എത്ര ശതമാനം മനുഷ്യർക്കും വിജയിക്കാനും സന്തുഷ്ടരായിരിക്കാനും കഴിയും?
നിങ്ങൾ ഏതെങ്കിലും അവികസിത രാജ്യത്ത് ജനിച്ച്, ജീവിതം മുഴുവൻ പട്ടിണിയിലും ദാരിദ്ര്യത്തിലും ചെലവഴിച്ചതായും സങ്കൽപ്പിക്കുക. നിരീശ്വരവാദ ലോകവീക്ഷണ പ്രകാരം, നിങ്ങളുടെ ജീവിതം ഒരു ദുരന്തമാണ്, മരണത്തിന് വിധിക്കപ്പെട്ടവർ. ജീവിതത്തിന് ഒരു മൂല്യമോ അർത്ഥമോ പ്രതീക്ഷയോ സന്തോഷമോ ഇല്ല!
ആത്യന്തികമായ നീതിയില്ല
നിരീശ്വരവാദത്തിന് കീഴിൽ, ആത്യന്തിക നീതി ഒരിക്കലൂം കൈവരിക്കാനാവാത്ത ലക്ഷ്യമാണ്. തിന്മകൾ പ്രവർത്തിക്കുന്നവർ അതിന് സമാധാനം പറയണമെന്നും, അവരുടെ പ്രവർത്തികളാക്കനുസരിച്ച ആത്യന്തിക നീതി ഉണ്ടായിരിക്കണമെന്നും നമ്മളാഗ്രഹിക്കുന്നു. ജിഷക്കും സൗമ്യക്കും ആസിഫയുടെയും ജീവിതത്തിൻ്റെ അർത്ഥമെന്താണ്? അവർക്കെന്തെങ്കിലും നീതി കിട്ടുമോ? നിരീശ്വരവാദത്തിന് കീഴിൽ അവരിപ്പോൾ ഒന്നുമല്ല, കേവലം ദ്രവ്യത്തിന്റെ മറ്റൊരു പുനക്രമീകരണം മാത്രമാണ്.
ആത്യന്തികമായ പ്രതീക്ഷയില്ല
നമ്മളെല്ലാവരും നല്ലൊരു ജീവിതവും ജോലിയും ആരോഗ്യവും ആഗ്രഹിക്കുന്നവരാണ്. ജീവിതത്തിൽ പ്രായസങ്ങളും കഷ്ടപ്പാടും ഉണ്ടെങ്കിൽ കുറച്ച് സമാധാനവും സന്തോഷവും പ്രതീക്ഷിക്കുന്നു. ഏത് ഇരുണ്ട തുരങ്കത്തിന്റെ അവസാനത്തിലും ഒരു പ്രകാശത്തിനായി നമ്മൾ പ്രത്യാശിക്കുന്നു. ശാന്തതയും സന്തോഷവും ഉണ്ടെങ്കിൽ, അതങ്ങനെ തന്നെ നിലനിൽക്കണെമെന്ന് നമ്മളാഗ്രഹിക്കുന്നു. നമ്മുടെ ബോധപൂർവമായ അസ്തിത്വം അവസാനിക്കണമെന്ന് ആരും ആഗ്രഹിക്കാത്ത അത്ഭുതകരമായ ഒരു സമ്മാനമാണ് ജീവിതം. അവാസനമില്ലാത്ത ആനന്ദകരമായ ഒരു നിലനിൽപ്പിനായി നാമെല്ലാവരും ആഗ്രഹിക്കുന്നു.
നിരീശ്വരവാദം ദൈവത്തെയും അഭൗതികതയെയും നിഷേധിക്കുന്നതിനാൽ, മരണാനന്തര ജീവിതം എന്ന ആശയത്തെയും നിരാകരിക്കുന്നു. അതില്ലാതെ, വേദനാജനകമായ ജീവിതത്തിന് ശേഷം ആനന്ദത്തിൻ്റെ ഒരു പ്രതീക്ഷയുമില്ല. നിരീശ്വരവാദത്തിന് കീഴിൽ നമ്മുടെ അസ്തിത്വത്തിന്റെ ഇരുണ്ട തുരങ്കത്തിന്റെ അവസാനം ഒരു പ്രകാശവും പ്രതീക്ഷിക്കാനാവില്ല.
(തുടരും…)