നവനാസ്തിക ലിബറൽ പുരോഗമന വാദികളുടെ ഒരു ക്‌ളാസിക്കൽ പുച്ഛമാണ് “പ്രാകൃത ഗോത്ര മത ചിന്തകൾ”. ഒരാശയം ശരിയാണോ തെറ്റാണോ എന്നതിന് അത് പ്രാകൃതമാണോ ആധുനികമാണോ ഗോത്രീയമാണോ ആഗോളമാണോ എന്നതൊന്നും മാനദണ്ഡമേയല്ല. അതളക്കാൻ വേറെത്തന്നെ ദണ്ഡ് വേണം. പ്രാകൃതമായ ശരികളും അത്യാധുനിക മണ്ടത്തരങ്ങളും ഉണ്ടാകാം. ഒന്നും ഒന്നും രണ്ടാണ് എന്നത് പ്രാകൃതമാണ് പുരോഗമിപ്പിക്കണം എന്നാരും പറഞ്ഞതായി കേട്ടിട്ടില്ല. എൻ്റെ അറിവിൽ വൈക്കം മുഹമ്മദ് ബഷീർ മാത്രമാണ് അതിന് ശ്രമിച്ചത്.
അടിസ്ഥാനപരമായി മനുഷ്യരുടെ ആവശ്യങ്ങൾ അന്നും ഇന്നും ഒന്ന് തന്നെ. ഭക്ഷണം, വസ്ത്രം, സുരക്ഷ, പാർപ്പിടം, ചികിത്സ, സന്തോഷം, സമാധാനം, ആശയവിനിമയം, ട്രാൻസ്പോർടേഷൻ തുടങ്ങിയവ. പ്രശ്നങ്ങളുടെ കാരണങ്ങൾ ആർത്തി, അധികാരമോഹം, സ്വാർത്ഥത, ദേഹേച്ഛകൾ, അസൂയ വിദ്വേഷം, പക, കുശുമ്പ് അങ്ങനെ സകല ഊച്ചാളിത്തരങ്ങളും. ഇതൊക്കെ നേടാനും ചെയ്യാനുമുള്ള മാർഗ്ഗങ്ങൾ മാത്രമാണ് പുരോഗമിച്ചത്. പണ്ട് കൃഷി ചെയ്തും വേട്ടയാടിയും ഭക്ഷണം കണ്ടെത്തിയിരുന്നത് ഇപ്പൊ കർഷകരെ വേട്ടയാടി സൂപ്പർമാർ ക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നു കഴിക്കുന്നു. പ്രാവിൻ്റെയും പരുന്തിന്റെയും കാലിൽ കെട്ടി കത്തയച്ചിരുന്നത് ഇപ്പൊ വാട്സാപ്പിലും ജിമെയിലിലും അയക്കുന്നു. അമ്പെയ്തും കുന്തമെറിഞ്ഞും കൊന്നിരുന്നത് ഇപ്പൊ ഒറ്റ ഷൂട്ടിന് 56 ഉണ്ടക്ക് തീർക്കുന്നു.
“മനുഷ്യൻ” പുരോഗമിച്ചു എന്നൊക്കെ വെർതെ തള്ളി മറിക്കണതാണ്.
ധാർമ്മികത കാലത്തിനനുസരിച്ചു മാറ്റം വരുത്തുന്നത് സ്വാഭാവികവും അനിവാര്യവുമായ ഒരു ഒന്നായി കാണുന്നവരാണ് ലിബറൽ പുരോഗമനവാദികൾ. മതപരമായ ധാർമ്മിക മൂല്യങ്ങൾ അപരിഷ്‌കൃതവും പഴഞ്ചനുമായതിലാണ് അവ ഉപേക്ഷിക്കുന്നതെന്നാണ് വാദം. “പണ്ട്, മതവികാരം കാരണം, വിവാഹേതര ലൈംഗികത തെറ്റായി കണ്ടിരുന്നു, ഇപ്പൊ കാലം മാറി, മനുഷ്യർ പുരോഗമിച്ചതിനാൽ അതൊന്നും മോശമായി കാണുന്നില്ല.” എന്നൊക്കെയാണ് വാദം.
ഇതെത്രത്തോളം ബാലിശമാമാണെന്ന് മനിസ്സിലാക്കാൻ എളുപ്പമാണ്. ഇവരുടെ വിഖ്യാതമായ വംശീയ സമത്വം പോലെയുള്ള ഒരു ധാർമ്മികമൂല്യം എടുക്കുക. വെളുത്തവരുടെ വംശമഹിമ ഇനി എന്നെങ്കിലും ഒരു കാലത്ത് സ്വീകാര്യമായി കണക്കാക്കുന്നതിൽ ധാർമികമായി എന്തെങ്കിലും പ്രശ്നമുണ്ടോ?
ഒരു കാലത്ത് വിവാഹേതര ലൈംഗിക ബന്ധങ്ങൾ തെറ്റായും പിന്നീട് അത് തെറ്റല്ലെന്നും മനസ്സിലാക്കിയ പോലെ, വെളുത്തവരുടെ വംശമഹിമ യഥാർത്ഥത്തിൽ തെറ്റല്ലെന്നും നമുക്കിതുവരെ മനസ്സിലാക്കാൻ കഴിയാത്തതാണെന്നും ഭാവിയിലെ ആളുകൾക്ക് അത് തെറ്റല്ലെന്നും ബോധ്യപ്പെട്ടാൽ അത് ധാർമികമായി അംഗീകരിക്കുമോ?
വംശത്തിൻ്റെയും നിറത്തിൻ്റെയുമൊക്കെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ടെന്ന് ന്യായം ചമക്കുന്ന കേരളത്തിലെ ശാസ്ത്രമാത്രവാദിയായ, ശാസ്ത്രപ്രചാരകൻറെ കപട മുഖംമൂടിയണിഞ്ഞ ഒരു വലത് പക്ഷ നാസ്തികൻ്റെ വീഡിയോ ഇയിടെ കണ്ടിരുന്നു. എന്ത്കൊണ്ട് അത്തരത്തിൽ ഒരു ധാർമികതമൂല്യം ഭാവിയിൽ ഉരുത്തിരിഞ്ഞുകൂടാ?
ഇതിനവർ സാധാരണ പറയുന്ന മറുപടി “ധാർമ്മികത ഒരിക്കലും അങ്ങനെ അസ്വാഭാവികമായി പരിണമിക്കില്ല, പുരോഗമന ദിശയിൽ മാത്രമേ പരിണമിക്കുകയൊള്ളു, അന്ധവിശ്വാസങ്ങൾ പിഴുതെറിയുകയും പ്രശ്നങ്ങൾ തിരിച്ചറിയുകയും ചെയ്യുമ്പോൾ നമ്മുടെ ധാർമ്മികത കൂടുതൽ കൃത്യത കൈവരിക്കുന്നു. മറ്റൊരു വ്യക്തിയെ ദ്രോഹിക്കുകയെന്നതാണ് അധാർമികമായ ഒരേയൊരു പ്രവൃത്തി (Harm principle)” എന്നൊക്കെയായിരിക്കും.
മറ്റുളളവരെ ഉപദ്രവിക്കുക എന്നത് മാത്രമാണ് ഒരേയൊരു അധാർമികത എന്നതാണ് ലിബറൽ പുരോഗമനവാദികളുടെ വീക്ഷണം. ഈ യുക്തിയനുസരിച്ച് വിവാഹേതര ലൈംഗീക ബന്ധങ്ങൾ ദോഷകരമല്ലെന്ന് മനസിലായതിനാൽ അധാർമികമല്ലെന്നും വെളുത്തവരുടെ വംശീയ മഹത്വം ദോഷകരമാണെന്ന് മനസിലായതിനാൽ അധാർമികമായും കണക്കാക്കുന്നത്.
പക്ഷേ ഒരു പ്രശനമുണ്ട്, പുരോഗമനവാദികൾ അവകാശപ്പെടുന്ന പോലെ ധാർമികതയുടെ അടിസ്ഥാനം ഹാം പ്രിൻസിപ്പ്ൾ ആണെങ്കിൽ, ആ തത്വവും കാലക്രമേണ പുരോഗമിക്കാമെന്ന് അവർ സമ്മതിക്കുമോ? ധാർമി മൂല്യങ്ങൾ കാലക്രമേണ പുരോഗമിക്കുകയും പരിഷകരിക്കുയും ചെയ്യുന്നുവെങ്കിൽ, ആളുകളെ ദ്രോഹിക്കുന്നത് ധാർമികമായി അനുവദനീയമാണെന്നും ഹാം പ്രിൻസിപ്പ്ൾ ഭൂതകാലത്തിൻ്റെ കാലഹരണപ്പെട്ട അപരിഷ്‌കൃതമായ ഒരു ചിന്തയാണെന്നും നമുക്ക് ഒരു ദിവസം കണ്ടെത്താൻ കഴിയുമോ?
അർഹതയുള്ളവയുടെ അതിജീവനത്തിൻ്റെയും പ്രകൃതി നിർധാരണത്തിൻ്റെയും ഫലം മാത്രമാണല്ലോ മനുഷ്യൻ. ആ നിലക്ക് ചിന്തിക്കുമ്പോൾ കൂടിക്കൊണ്ടിരിക്കുന്ന ജനപ്പെരുപ്പം മനുഷ്യ വംശത്തിൻ്റെയും പ്രകൃതിയുടെയും നിലനിൽപ്പിന് ദോഷകരമാണെന്ന് വന്നാൽ ഗുണവും കഴിവുമൊക്കെ കുറഞ്ഞ, ലിബറൽ പുരോഗമന ലെൻസിലൂടെ നോക്കുമ്പോൾ അപരിഷ്കൃതരായ, അരിക് വല്കരിക്കപ്പെട്ട കുറച്ചു മനുഷ്യരെ ഉന്മൂലനം ചെയ്ത് മനുഷ്യവംശത്തിൻ്റെ നിലനിൽപിനെ സംരക്ഷിക്കുന്നത് അധാർമികമായി കാണാനാകുമോ?
ഇത് സാധ്യമല്ലെന്നും ഹാം പ്രിൻസിപ്പ്ൾ എല്ലായ്‌പ്പോഴും മാറ്റമില്ലാതെ നിലനിൽക്കുമെന്നും കരുതുന്നുവെങ്കിൽ, ധാർമികതയെക്കുറിച്ച് പറയുമ്പോൾ അവരത്ര പുരോഗമനവാദികളല്ല. ധാർമ്മികതയിൽ സമ്പൂർണ്ണതയുണ്ടെന്ന് അവരും വിശ്വസിക്കുന്നു. അപ്പോൾ പിന്നെ കാലത്തിനനുസരിച്ച് മാറ്റമില്ലാത്ത ധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുതിന് മതവിശ്വാസികളെ എങ്ങനെ കുറ്റപ്പെടുത്തുന്നത് അധാർമികമല്ലേ?