ആത്മഹത്യയും മതവും

You are here:

ആത്മഹത്യകളുടെ മതംതിരിച്ചുള്ള കണക്കുകളിൽ മുസ്ലിംകൾ കുറവാകാൻ കാരണം സ്വന്തം ജീവൻ അവസാനിപ്പിക്കുന്നത് കടുത്ത പാപമാണെന്ന വിശ്വാസം ഉള്ളതിനാലാണ് എന്നത്  ലളിതയുക്തിയാണ്. അതിനേക്കാൾ വലിയ പാപങ്ങൾ ചെയ്ത് പാട്ടും പാടി നടക്കുന്ന നിരവധി മുസ്ലിംകളെ കാണാൻ പറ്റും. ജീവിതത്തെ കുറിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടാണ് അതിന്റെ രഹസ്യം എന്നാണെൻ്റെ ബോധ്യം. ഒരു മുസ്ലിമിനെ സംബന്ധിച്ച് ഈ ജീവിതം ഹ്രസ്വവും നശ്വരവും പ്രതിസന്ധികൾ നിറഞ്ഞതുമാണ്.

മൂന്ന് കാര്യങ്ങളാണ് യഥാർത്ഥത്തിൽ മനുഷ്യനെ മനുഷ്യനാക്കുന്നത്. സവിശേഷ ബുദ്ധി, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, തൻ്റെ പരിമിതികളും പ്രയാസങ്ങളും പ്രതിസന്ധികളും. ഇതിൽ ഏതെങ്കിലും ഒന്നില്ലാതായാൽ മനുഷ്യൻ മറ്റെതെന്തോ ജീവിയായി മാറും. പരിമിതികളും പ്രയാസങ്ങളും ഇല്ലാതെ ബുദ്ധിയും ഇച്ഛയുമുണ്ടായിട്ട് അതെടുത്ത് പ്രയോഗിക്കാൻ ഒന്നുമുണ്ടാവില്ല. വിജയവും പ്രതിസന്ധികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും, പ്രതിസന്ധികളുടെ ശക്തിയെ കുറിച്ചും കാക്കതൊള്ളായിരം മഹത് വചനങ്ങൾ കാണാം. ഇന്ന് നമ്മൾ മഹാന്മാരായും വിജയികളായും ഓർക്കുന്നവരെല്ലാം അവർ പ്രതിസന്ധികളെ നേരിട്ട രീതിയുടെ ഒറ്റക്കാരണണം കൊണ്ടാണ്. അങ്ങിനെയാണ് നമ്മൾ നമ്മടെ കഴിവുകളെ കെട്ടഴിച്ചു വിടുന്നത്, നമ്മുടെ ശക്തികൾ തിരിച്ചറിയുന്നത്. മോട്ടിവേഷൻ ക്‌ളാസിലൊക്കെ സ്ഥിരം കേൾക്കുന്നത് തന്നെ. ദൈവത്തിന്റെ കാര്യം വരുമ്പോൾ നാസ്തികയുക്തി മലക്കം മറിയുന്നത് കാര്യമാക്കേണ്ട.

ദിവ്യമായ നന്മകളെ പരിപോഷിപ്പിച്ച് പറന്നുയരാനും, ഏറ്റവും ക്രൂരവും പൈശാചികവുമായ തിന്മകളിൽ മുങ്ങിത്താഴാനുമുള്ള കഴിവും അവസരവും സാധ്യതകളും നമുക്ക് നൽകിയിട്ടുണ്ട്. ആരാകണമെന്ന് നമുക്ക് തീരുമാനിക്കാം. രണ്ടിന്റെയും ഗുണഭോക്തതാക്കൾ നമ്മൾ തന്നെ. ചിലർ അങ്ങനെ ആണ്ട് താഴ്ന്ന് പോകും, ചിലർ പറന്നുയരും, ചിലർ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിൽ ആ നൂൽപ്പാലത്തിലൂടെ മെല്ല അപ്പുറം കടക്കും. ഒരു മുസ്ലിമിനെ സംബന്ധിച്ച് ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഓരോ ടാസ്‌കാണ്, ദാരിദ്ര്യവും സമ്പത്തും ഒരേ പോലെ ടാസ്‌കാണ്. പടച്ചവൻ ആർക്കും ഇവിടെ സന്തോഷത്തോടെയുള്ള സ്വർഗീയ ജീവിതം വാഗ്ദാനം ചെയ്തിട്ടില്ല. എന്നാൽ പ്രയാസങ്ങളായും പ്രതിസന്ധികളായും എല്ലാവര്ക്കും ഉറപ്പ് കൊടുത്തിട്ടുമുണ്ട്. അതിനെയൊക്കെ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം.

പ്രാർത്ഥനയിലൂടെ രൂപപ്പെടുത്തുന്നത് നമ്മുടെ തന്നെ വ്യക്തിത്വമാണ്. ഭൗതികാസക്തി കൂടുമ്പോഴാണ് പടച്ചവനേ എനിക്കത് താ ഇത് താ, ഇത് ശരിയാക്കത്താ എന്നൊക്കെ പറയുന്നത്. പ്രാർത്ഥനയുടെ നാസ്തിക സങ്കൽപം അതിലും രസകരമാണ്, എൻ്റെ പുറം ചൊറിഞ്ഞു താ, കാലുഴിഞ്ഞു താ, ദൈവം സർവശക്തനും കരുണാനിധിയുമല്ലേ പിന്നെന്താ ഇതൊക്കെ ചെയ്തു തന്നാൽ എന്നതാണ് അതിന്റെ ലോജിക്. ഖുർആനിലൂടെ അള്ളാഹു മൂസാ നബിയുടെ, ഇബ്രാഹിം നബിയുടെയൊക്കെ കുറെ പ്രാർത്ഥനകൾ പരിചയപ്പെടുത്തുന്നുണ്ട്. അതിലൊന്നും തന്നെ അവരാരും അങ്ങനെയൊന്നും ആവശ്യപ്പെടുന്നില്ല, മറിച്ച് അവരകപ്പെട്ട പ്രതിസന്ധികളെ നേരിടാനുള്ള ശക്തിക്കും ഏല്പിച്ച ധൗത്യം പൂർത്തിക്കരിക്കാനുള്ള സഹായത്തിനുമാണ്. ജീവിതത്തിൽ ഏറ്റവും വലിയ പരീക്ഷങ്ങൾ നേരിട്ടതത്രെയും അല്ലാഹുവിന്റെ പ്രിയപ്പെട്ട ദൂതന്മാരാണ്.

സ്വർഗ്ഗീയമായ സന്തുഷ്ട ജീവിതമാണ് ആധുനികത എല്ലാവര്ക്കും വാഗ്ദാനം ചെയ്യുന്നത്. നന്നായി പഠിക്കുക, കഠിനാധ്വാനം ചെയ്യുക, പരമാവധി സമ്പാദിക്കുക, അതിന് വേണ്ടി ജീവിതത്തിലെ മറ്റെന്തും മാറ്റിവെക്കുക, സ്വതന്ത്രരായിരിക്കുക, ഇഷ്ട്മുള്ളതൊക്കെ ചെയ്യുക, ജീവിതം ആസ്വദിക്കുക, basically pump as much dopamine as you can. അതാണ് ജീവിതം. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുക എന്ന് പറയുന്നത് പോലെയുള്ള മാറ്റമാണ് രണ്ടും തമ്മിൽ.

അടിസ്ഥാനപരമായി മൂന്ന് പ്രശ്‌നങ്ങളാണ് ഇതിലുള്ളത്. ഒന്ന് ഭൗതിക നേട്ടങ്ങൾ ഒരിക്കലും മനുഷ്യന് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നൽകില്ലെന്ന് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് തന്നെ.

രണ്ടമതായി, നമുക്കെല്ലാവർക്കും ബിൽഗേറ്സും സ്റ്റീവ് ജോബ്‌സും സുക്കർബർഗും ആകാം. നമ്മൾ ദൃഡനിശ്ചയത്തോടെ കഠിനധ്വാനം ചെയ്താൽ മതി, എല്ലാം നമ്മുടെ കയ്യിലാണ് എന്നൊക്കെയുള്ള “മൂ”ട്ടിവേഷൻ ഒരു കൊടും ചതിയാണ്. വല്യ പ്ലാനിങ്ങൊക്കെയിട്ട് എല്ലാം സെറ്റാക്കിയ ഒരു യാത്രം മൊത്തം കുളമാകാൻ ഒരു ആണി കയറി ടയർ പഞ്ചായറായാൽ മതി. ജീവിതവും ഇത് പോലെ എപ്പഴും പഞ്ചറാകാം, ട്രാഫിക് ബ്ലോക്കാകാം, മണ്ണിടിഞ് റോഡ് തകരാം , ബ്രേക്‌ഡോണാകാം, എപ്പോഴും എന്തും സംഭവിക്കാം. സർവൈവർഷിപ് ബയാസുള്ളത് കൊണ്ട് ജയിച്ചവരെക്കുറിച്ച് മാത്രമേ നമ്മൾ കേൾക്കൂ, അതേകാര്യങ്ങൾ അതിലും നന്നായി ചെയ്ത് തോറ്റുപോയവരെക്കുറിച്ച് നമ്മളൊരിക്കലും കേൾക്കില്ല. ഒരു സാധാരണക്കാരൻ സിനിമാതാരമാകമ്പോൾ മാത്രമാണ് അയാളുടെ കഠിനധ്വാനത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥ നമ്മൾ കേൾക്കുന്നത്, അതെല്ലാം ചെയ്ത് ഒന്നുമാകാതെ പോയവരെക്കുറിച്ച് നമ്മളൊരിക്കലും കേൾക്കില്ല. ഏറ്റവും ചുരുങ്ങിയത് ഗൂഗിളും ഫേസ്ബുക്കും ലോകത്തിലെ ഏറ്റവും സ്മാർട്ടായ ആളുകളെക്കൊണ്ട് ഡിസൈൻ ചെയ്ത് നിർമിച്ച എത്ര പ്രോജക്ടുകൾ മണ്ണിട്ട് മൂടിയിട്ടുണ്ട് എന്ന് നോക്കിയാൽ മതി. കുറച്ചൂടെ വിശദീകരണം വേണ്ടവർക്ക് നസീം തലബിന്റെ Fooled by random, The black swan എന്ന പുസ്തകങ്ങൾ വായിക്കാം. അടിസ്ഥാനപരമായി ആധുനികത പറഞ്ഞ് വെക്കുന്നത്, ആധുനികതയുടെ മാനദണ്ഡപ്രകാരം വിജയിക്കാത്തവർ കഴിവ്‌കെട്ടവരും മടിയന്മാരും എന്തൊക്കെയോ കുഴപ്പമുളളവരും ഒക്കെയാണെന്നാണ്.

ഇസ്ലാമിന് ഇങ്ങനെ യാതൊരു കാഴ്ചപ്പാടുമില്ല. പക്ഷേ അതിന് നമ്മളൊന്നും ചെയ്യാതെ വീട്ടിലിരുന്നാ മതി എന്ന അർത്ഥവുമില്ല. നമ്മൾ ചെയ്യേണ്ടത് ചയ്യുക, വിജയവും പരാജയവും അള്ളാഹു തരുന്നതാണ്, രണ്ടായാലും ഇരു കയ്യും നീട്ടി സ്വീകരിക്കുക. ചെയ്യാനുള്ളത് ചെയ്ത് കൊണ്ടിരിക്കുക. ക്ഷമയുള്ളവരുമായിരിക്കുക. ഒരാളുടെ കഴിവിനെയും വ്യക്തിത്വത്തെയും അളക്കുന്നതോ സന്തോഷത്തിന്റെ മാനദണ്ഡമോ ഭൗതിക വിജയമല്ല. ജനനവും ജീവിതവും വിജയവും സമ്പത്തും നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയാണ്, എല്ലാം നമ്മുടെ മിടുക്കാണ് എന്നതൊക്കെ ഒരു അഹങ്കാരമാണ്, എല്ലാവർക്കും അത് തിരിയണമെന്നില്ല.
രണ്ടാമതായി, ഇതാണ് ജീവിതം, ഇതാണ് വിജയം എന്ന മനോഭാവം അപകടമാരാണ്. അപ്രതീക്ഷതമായ പരാജയങ്ങൾ എല്ലാവർക്കും താങ്ങാൻ കഴിയണമെന്നില്ല. എല്ലവർക്കും പ്ലാൻ ബി ഉണ്ടാകണമെന്നില്ല. ഒരാൾ എത്രത്തോളം ആഗ്രഹിച്ച് കഠിനധ്വാനം ചെയ്ത് എന്നതിനനുസരിച്ച് വേദനയുടെ കാഠിന്യം കൂടും. കോവിഡ് കാരണം പഠനവും പരീക്ഷയും മുടങ്ങിയതിൻ്റെ പേരിൽ വിഷാദം വന്നവരുടെയും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചവരുടെയും, ചെയ്ത് പരാചയപ്പെട്ടവരുടെയും കണക്ക് വന്നിരുന്നു കുറച്ച് മുൻപ്. ആധുനികതയുടെ അഖീദ ഉൾകൊണ്ടവർക്ക് പഠനം മുടങ്ങുന്നതും, പരീക്ഷയിൽ തോൽക്കുന്നതും, ജോലി നഷ്ടപ്പെടുന്നതും, ബിസിനസ് തകരുന്നതും, പ്രണയം തകരുന്നതും, ലൈക് കുറയുന്നതും വരെ ജീവിതം മടുക്കാൻ മതിയായ കാരണങ്ങളാണ്. ഇസ്ലാമിന്റെ അഖീദ ഉൾകൊണ്ട ഒരാൾക്ക് ആകാശം ഇടിഞ്ഞു പൊളിഞ്ഞു തലയിൽ വീണാലും, കുറച്ച് നേരം അവിടെ കിടന്ന് മോങ്ങിയിട്ട്, കല്ലി വല്ലി, അല്ലല്ലാഹ്‌ നസീബ് എന്നും പറഞ്ഞ് മൂടും തട്ടി എണീറ്റ് പോകും. ഓരോരുത്തരയുടെ ഈമാനും തവക്കുലിനും അനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുണ്ടാകും

മൂന്നാമതായി ഭൗതികാസക്തി മനുഷ്യരെ സ്വാർത്ഥരും അത്യാഗ്രഹികളും ക്രൂരന്മാരുമാക്കി മാറ്റും. ഇതൊക്കെ മനുഷ്യനുള്ള കാലം തൊട്ടേ ഉള്ളതാണ്, ആധുനികതയുടെ സംഭവനയൊന്നുമല്ല, പക്ഷേ ലിബറലിസം ചെയ്തത് ഇൻസ്പിരേഷൻ, മോട്ടിവേഷൻ, ശാക്തീകരണം എന്നൊക്കെപ്പറഞ്ഞ് മഹത്വവത്കരിച്ചു ഇതൊന്നും നമുക്ക് തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിലാക്കി എന്നതാണ്. നല്ല ജോലിയും സുന്ദരിയായ ഭാര്യയും നൂറ് പവനും കാറും കിട്ടിയിട്ടും കുറച്ച് കൂടി പണത്തിന് വേണ്ടി തൻറെ പ്രിയതമയെ പീഡിപ്പിക്കുന്ന മനുഷ്യർ ഒരു സർക്കാർ ജോലിക്കാരനോ പോലീസുകാരനോ ബിസിനസ്കാരനാനോ ആയാൽ എന്തൊക്കെ ചെയ്യുമെന്ന് നമ്മൾ ചിന്തിക്കില്ല, നമ്മളപ്പോഴും ഉറഞ്ഞു തുള്ളുന്നത് സ്ത്രീധനത്തിനെതിരെ മാത്രമായിരിക്കും. ലിബറലിസത്തിന്റെ സവിശേഷ സ്വഭാവമാണത്, അസുഖത്തിന് പകരം രോഗലക്ഷണങ്ങളെ മാത്രമായിരിക്കും അതെപ്പോഴും ചികില്സിക്കുന്നത്. ആധുനിക ലിബറൽ പോരോഗമന കുന്തളിപ്പാണ് ആ അസുഖം.

ആളുകൾ വിശേഷം ചോദിച്ചു എന്നത് കൊണ്ട് ആരും പോയി ആത്‍മഹത്യ ചെയ്യും എന്ന് ഞാൻ കരുതുന്നില്ല, അത് ചെയ്യാൻ കാരണമുള്ളവർക്ക് ഒരു പക്ഷേ അതൊരു കാറ്റലിസ്റ്റായി മാറിയേക്കാം. മറ്റുളളവരുടെ വിശേഷങ്ങൾ ചോദിച്ചറിയുക എന്നതൊക്കെ ഇപ്പോഴത്തെ പഴയ തലമുറയോട് കൂടി അന്യം നിൽക്കാൻ പോകുന്ന കലാരൂപമാണ്. അവർക്കെല്ലവരെയും അറിയാം, അയൽവാസിയെ കെട്ടിച്ച വീട്ടിലെ ആളുകളുടെ കാര്യങ്ങൾ വരെ അവർക്കറിയും, ആരെക്കണ്ടാലും അവർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടാകും. അതിൽ ചിലർ അരസികരും അരോചകരുമൊക്കെയാകാം, അതൊക്കെ നമുക്ക് ഹാൻഡിൽ ചെയ്യവുന്നതേ ഒള്ളു. പുതിയ തലമുറക്ക് മറ്റുളവരുടെ വിശേഷം ചോദിക്കുന്നത് പോയിട്ട് മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ പോലും മൊബൈലീന്ന് തലപൊക്കാൻ ഒഴിവില്ലാത്തവരാണ്. നമ്മൾ ആകെ സംസാരിക്കുന്നത് ബിസിനസും പ്രൊഫഷനും മാത്രമാണ്. ഏറ്റവും അടുത്ത കൂട്ടുകാർ പോലും ഒന്നിച്ചിരുക്കുന്നത് മൊബൈലിൽ തല പൂഴ്ത്തിയാണ്. നമുക്ക് സങ്കടവും വിഷമവും വന്നാൽ തുറന്ന് പറയാൻ മൊബൈൽ മാത്രമേ ഒള്ളു. ഇനി മെറ്റാവേഴ്സും വെർച്വൽ റീയലിറ്റിയും കൂടി വന്നാൽ അത് സമ്പർണമാകും.

ലിബറലിസം യഥാർത്ഥത്തിൽ വിളമ്പിത്തരുന്നത് നല്ല ഒന്നാന്തരം പാഷാണമാണ്. നമുക്കത് മനസ്സിലാകാത്തത് ഒരു കോഗ്‌നിറ്റീവ് ഡില്യൂഷനാണ്. സർജറിക്ക് തയ്യാറായി നില്കുന്നയാളോട് 5% മരിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാൽ ഓടി രക്ഷപ്പെടും, എന്നാൽ 95% രക്ഷപ്പെടും എന്ന് പറഞ്ഞാൽ ആത്‌മവിശ്വാസത്തോടെ തയ്യറാകും. ഒരു പ്രൊഡക്ടിൽ 25% ഫാറ്റുണ്ടെന്നു എഴുതിവെച്ചാൽ നമ്മളത് വാങ്ങില്ല, 75% ഫാറ്റ്‌ഫ്രീ എന്നെഴുതിയാൽ ചാടി വീഴും. പറയുന്നതെല്ലാം ഒന്ന് തന്നെയാണ് താനും. ഇത് പോലെയാണ് ലിബറലിസവും, വിളമ്പിത്തരുന്നത് സ്വാർത്ഥത, ഭൗതികാസക്തി, അത്യാഗ്രഹം, വിഷാദം ഏകാന്തത തുടങ്ങിയവയൊക്കെയാണ്. പക്ഷേ ഇൻഡിവിജ്വൽ ഫ്രീഡം, റൈറ്സ്, ശാക്തീകരണം, വിജയം, സന്തോഷം, പുരോഗമനം, മണ്ണാങ്കട്ട എന്നൊക്കെ പറയുന്നത് കൊണ്ട് നമുക്ക് ജിലേബിയായി തോന്നുന്നു എന്ന് മാത്രം.

യുവത്വത്തിന് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽമതം പഠിപ്പിക്കലാണ് പരിഹാരം, കർമശാസ്ത്രത്തേക്കാൾ അഖീദക്ക് പ്രാധാന്യം കൊടുക്കുക. അഖീദ ശരിയായാൽ കർമശാസ്ത്രം താനെ പോയി പഠിച്ചോളും. പക്ഷേ അഖീദ പഠിയ്ക്കാൻ ഒരു മിനിമം മൂപ്പെത്തണം. മദ്രസയിലൂടെ പഠിപ്പിക്കുന്നതിനൊക്കെ പരിമിതിയുണ്ട്. മദ്രസയിൽ പറഞ്ഞയക്കുന്നത് തന്നെ ആർക്കോ വേണ്ടി ചെയ്യുന്ന പോലെയാണ്. ഡോക്ടർമാരെയും എഞ്ചിനീയര്മാരെയും IASകാരേയും സ്റ്റാർ സിംഗേഴ്സിനെയും വിരിയിച്ചെടുക്കുന്നതിനിടയിൽ ആർക്കാണ് മതം പഠിക്കാൻ നേരം. മരിച്ച് കഴിഞ്ഞ് സ്വര്ഗ്ഗം കിട്ടാനുള്ള കുറെ ആചാരങ്ങളും അനുഷ്ടാങ്ങളും മാത്രമല്ല, ഈ ലോകത്ത് നമ്മുടെയുള്ളിൽ സ്വർഗ്ഗം വിരിയിക്കാനുള്ള മാർഗ്ഗം കൂടിയാണ് ഇസ്ലാം.

അഖീദഃ = തത്വസംഹിത, വിശ്വാസ സംഹിത, creed.

“കല്ലി വല്ലി”  = Leave it, forget it, ചീള് കേസ് എന്നൊക്കെ പറയും പോലെയുള്ള ഒരു എമിറേറ്റ്സ് പ്രയോഗം. 
നസീബ് = വിധി, അല്ലാഹുവിന്റെ തീരുമാനങ്ങൾക്കപ്പുറം ഒന്നും നടക്കില്ലെന്ന വിശ്വാസം
തവക്കുൽ = അല്ലാഹുവിൽ ഭരമേല്പിക്കൽ, complete trust in God, നമ്മൾ ചെയ്യാനുള്ളത് ചെയ്യുക, ബാക്കി അല്ലാഹുവിന് വിട്ട് കൊടുക്കുക, മനസ്സിൽ നിന്ന് ഭാരം ഇറക്കി വെക്കുക, സമാധാനത്തോടെ ക്ഷമാശീലരായി ഇരിക്കുക.

 

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected