മതവും ശാസ്ത്രവും കടുത്ത സംഘട്ടനത്തിലാണ്, വർഷങ്ങളോളം പഴക്കമുള്ള ഒരു ദാർശനിക ചർച്ചയാണ് എന്നൊക്കെ പറഞ്ഞു തുടങ്ങണം എന്നാണ് ആഗ്രഹം, പക്ഷേ ഇത് കരാട്ടെയും പൊറാട്ടയും താരതമ്യം ചെയ്യുന്നത് പോലെയുള്ള ഒരു മണ്ടത്തരമാണ് എന്നതാണ് വസ്തുത.
പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിചുള്ള ഒരു പഠനരീതിയാണ് ശാസ്ത്രം, അറിവ് നേടാനുള്ള പല രീതികളിൽ ഒന്ന് മാത്രമാണ് ശാസ്ത്രം. ആദിമ മനുഷ്യനിൽ നിന്ന് ഇന്നുള്ള മനുഷ്യനിലേക്കെത്തിയതിൽ ഈ പഠനരീതിക്ക് മഹത്തായ പങ്കുണ്ട്. എന്നാൽ മനുഷ്യൻ അഭിമുഖീരിക്കുന്ന എല്ലാ വിഷയങ്ങളെകുറിച്ചും പഠിക്കാനോ, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാനോ ഈ പഠനരീതിക്ക് കഴിയില്ല.
ഒരു രോഗം വന്നാൽ എന്ത് മരുന്ന് കഴിക്കണമെന്നും എങ്ങനെ ചികിത്സിക്കണമെന്നും ശാസ്ത്രത്തിനു പറഞ്ഞു തരാൻ കഴിയും, എന്നാൽ രോഗം വന്നാൽ സഹന ശക്തിയോടെ, ക്ഷമയോടെ, ശുഭാപ്തി വിശ്വാസത്തോടെ നേരിടാനുള്ള മാനസിക ശക്തി നൽകാൻ തത്വചിന്തകൾക്കും ആത്മീയതക്കും മാത്രമേ കഴിയൂ.
അകലെ മറ്റൊരു രാജ്യത്തുള്ള ഒരാളെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സാങ്കേതികവിദ്യ നൽകാൻ ശാസ്ത്രത്തിന് കഴിയും. എന്നാൽ അയാളോട് സ്‌നേഹത്തോടെ സംസാരിക്കണോ, കുറ്റപ്പെടുത്താണോ, സമാധാനിപ്പിക്കണോ പരിഹസിക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞുതരില്ല.
രാസപദാർത്ഥങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ ശാസ്ത്രത്തിന് പറഞ്ഞു തരാൻ കഴിയും, എന്നാൽ അതുപയോഗിച്ചു മരുന്നുണ്ടാക്കണോ, വിഷമുണ്ടാക്കണോ, ഭക്ഷണത്തിൽ മായം ചേർക്കാനുപയോഗിക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല.
ആറ്റത്തിനകത്തെ ഊർജ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാൻ ശാസ്ത്ര പഠനത്തിന് കഴയും, എന്നാൽ ഈ അറിവുപയോഗിച്ചു വൈദ്യുത നിലയങ്ങൾ ഉണ്ടാക്കണോ, ആറ്റംബോംബ് ഉണ്ടാക്കണോ, ഈ ആറ്റം ബോംബ് കൊണ്ട് ഒരു മല തകർക്കണോ അതോ മനുഷ്യരെ കൊന്നൊടുക്കണോ എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല. എന്നുവച്ചാൽ ശാസ്ത്രീയമായി നമ്മൾ നേടിയ അറിവുകൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് പോലും ശാസ്ത്രം പറഞ്ഞു തരില്ല.
ജീവനുണ്ടായത് എങ്ങനെയാണെന്ന് ഹൈപോതെസിസുകളുണ്ടാക്കാൻ ഒരു പക്ഷെ ശാസ്ത്രത്തിനു കഴിഞ്ഞേക്കാം, എന്നാൽ എന്തിനാണ് ജീവനുണ്ടായത്? എന്ന് ശാസ്ത്രത്തിന് പറയാൻ കഴിയില്ല. അടുപ്പത്ത് വെച്ച വെള്ളം തിളക്കുന്നത് എങ്ങനയാണെന്ന് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയും. എന്നാൽ എന്തിനാണ് വെള്ളം തിളക്കുന്നത്? എന്താണ് ഒരു പാത്രത്തിൻ്റെ പകുതി മാത്രം വെള്ളം എന്നൊന്നും ശാസ്ത്രം പറഞ്ഞു തരില്ല, അതൊക്കെ വെള്ളം അടുപ്പത്ത് വെച്ചയാളോട് തന്നെ ചോദിക്കേണ്ടി വരും. ശാസ്ത്രം പൊതുവായി എങ്ങനെ എന്നുള്ള ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തുക, എന്ത് കൊണ്ട് എന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രപഠന മേഖലയല്ല.
The purpose of science is to understand how the heavens go, the purpose of religion is to understand how to go to heaven – Galileo Galilei
മതം
എല്ലാ വസ്തുക്കൾക്കും അസ്തിത്വമുണ്ടെങ്കിലും സസ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധമുള്ള ഏക ജീവി മനുഷ്യനാണ്. ഇതര ജീവികളെ പോലെ ഭക്ഷിക്കുക, വിശ്രമിക്കുക, പ്രത്യുല്പാദനം നടത്തുക, അല്ലെങ്കിൽ ഇതെല്ലം കുറച്ചൂടെ രാജകീയമായി ചെയ്യുക എന്നതിലുപരിയായി തൻ്റെ സ്വത്വത്തിനു എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? മൂല്യമുണ്ടോ? ജീവിതത്തിന്റെ അർത്ഥമെന്താണ്? നമ്മളെങ്ങനെ ഇവിടെയെത്തി? നമ്മളെവിടേക്കാണ് പോകുന്നത്? തുടങ്ങിയ അന്വേഷങ്ങളാണ് ഒരാളെ ദൈവത്തിലും മതങ്ങളിലും എത്തിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നത് മതങ്ങൾ മാത്രമാണ്. ആത്യന്തിക ജീവിത ലക്ഷ്യങ്ങളും മൂല്യങ്ങളും തത്വങ്ങളുമാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത്, ഫിസിക്‌സും ബയോളജിയുമല്ല. ശാസ്ത്രം പഠന വിധേയമാക്കാത്ത, ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത കാര്യങ്ങളാണ് മതത്തിൻറെ മേഖല. മതം ഒരു പഠന രീതിയല്ല, ഒരു ജീവിത രീതിയാണ്.
ചിന്തിക്കാനും സ്വഇച്ഛ പ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള കഴിവാണ് മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അങ്ങനെയുള്ള മനുഷ്യന് ഒരു സമൂഹമായി നിലനിൽക്കണമെങ്കിൽ ചില മൂല്യങ്ങളും തത്വങ്ങളും പാലിച്ചേ മതിയാകൂ. സ്വാഭാവികമായും മനുഷ്യന് ചില മാർഗ്ഗനിർദേശങ്ങൾ അനിവാര്യമാണ്. അത് കൊണ്ടാണ് നമുക്ക് മൃഗങ്ങൾക്കില്ലാത്ത ഭരണഘടനയും നിയമ സംഹിതകളും, ഇവിടെയെല്ലാം ശാസത്രം നിസ്സഹായമാണ്.
ശാസ്ത്രമാണോ ഭരണഘടനായാണോ നല്ലത് എന്ന് ചോദിക്കുന്ന പോലെ അസംബന്ധമാണ് ശാസ്ത്രമാണോ മതമാണോ നല്ലത് എന്ന ചോദ്യവും, false dichotomyയാണ്. ഇതൊന്നും ഒന്ന് ഒന്നിന് പകരമോ, പരസ്പര വിരുദ്ധമോ അല്ല, മറിച്ച് പരസ്പര പൂരകങ്ങളാണ്. ഇതെല്ലാമുണ്ടായാലോ നമുക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയൂ. ശാസ്ത്രവും മതവും വ്യതസ്തമായ അന്വേഷണങ്ങളും വ്യത്യസ്ത മേഖലകളെയും പ്രതിനിധീകരിക്കുന്നതുമാണ് എന്നാണ് Stephen Jay Gould നെപോലെയുള്ള ശാസ്ത്രഞൻമാരുടെ വാദം (Non-overlapping magisteria). ശാസ്ത്രം ഭൗതിക ലോകത്തെ കുറിച്ചും മതം ആത്മീയതുമാണ്.
മിറാക്കുള
മതങ്ങൾ ബുറാഖ്, ആകാശയാത്ര തുടങ്ങിയ അശാസ്ത്രീയതയും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നു എന്നതാണ് മറ്റൊരു വാദം. miracle എന്ന പദത്തിന്റെ നിർവചനം തന്നെ supernatural event that seems inexplicable by natural or scientific laws, or an extraordinary event that is not explicable by natural or scientific laws and is therefore attributed to a divine agency. സ്വാഭാവികമോ ശാസ്ത്രീയമോ ആയ നിയമങ്ങളാൽ വിവരിക്കാനാവാത്ത ഒരു അസാധാരണ സംഭവം. ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് അവയെ ദിവ്യഅത്ഭുതങ്ങൾ, കറാമത്ത്, മുഅജിസത്ത് എന്ന് പറയുന്നത് തന്നെ. പിന്നെയും ഇതൊക്കെ അശാസ്ത്രീയമാണ് എന്ന് പറഞ്ഞു നടക്കുന്നതിന്റെ യുക്തി എന്താണെന്ന് ശാസ്ത്രത്തിന് പോലും പിടുത്തം കിട്ടില്ല.
ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ലെന്നും, ഒന്നുമില്ലായ്മ തനിയെ ഉണ്മയായതാണെന്നും, അചേതന വസ്തു തനിയെ ജീവനുള്ള വസ്തുവായതാണ് എന്നും, ബുദ്ധിയും ബോധവും യുക്തിയുമില്ലാത്തവയുടെ അന്ധമായ യാദൃശ്ചിക ഭൗതിക പ്രവർത്തങ്ങിലൂടെ ബുദ്ധിയും ബോധവും യുക്തിയും ഉണ്ടായെന്നൊക്കെ വിശ്വസിക്കുന്നതിൽ ഒരു അസ്വാഭാവികതയും തോന്നാത്ത നാസ്തികർക്ക്, ഇതിന്റെ പിന്നിലോക്കെ സർവശക്തനും സർവജ്ഞാനിയുമായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ ആ സ്രഷ്ടാവിന്റെ കഴിവിൽ സംശയം തോന്നുകയും ചെയ്യുന്ന ഒരു പ്രത്യേക തരം യുക്തിയാണ് നാസ്തികയുക്തി.
മുന്നോട്ട് നയിക്കുന്ന ശാസ്ത്രവും പിന്നോട്ട് വലിക്കുന്ന മതവും
മതവും ശാസ്ത്രവും ചർച്ച ചെയ്യുമ്പോൾ വരുന്ന ഒരു പ്രധാന ആരോപണമാണ് ശാസ്ത്രം മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുമ്പോൾ മതം മനുഷ്യനെ പിന്നോട്ട് നയിക്കുന്നു എന്നുള്ളത്. ശാസ്ത്രം മനുഷ്യന് ഭൗതികമായ പുരോഗതി നല്കിയിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാൽ ഇതേ ശാസ്ത്രം കൊണ്ട് മനുഷ്യനെ മാത്രമല്ല ഈ ഭൂമിയെ തന്നെ നശിപ്പിക്കാനും കഴിയും. ഈ ഭൂമി മൊത്തം ചുട്ടു ചാമ്പലാക്കാനുള്ള അറ്റം ബോംബുകൾ മനുഷ്യൻ ഉണ്ടാക്കി വചച്ചത് ശാസ്ത്രമുപയോഗിച്ചാണ്. മരുന്നുണ്ടാക്കുള്ള അറിവ് കൊണ്ട് തന്നെയാണ് വിഷമുണ്ടാക്കുന്നതും. ഭക്ഷണത്തിൽ മായം ചേർക്കുന്നതും ജൈവായുധങ്ങളുണ്ടാക്കുന്നതും. എന്ത് അധാർമിക അക്രമങ്ങൾ ചെയ്യാനും ഒരാൾക്ക് ശാസ്ത്രത്തെ ഉപയോഗിക്കാം.
ചുരുക്കിപ്പറഞ്ഞാൽ ശാസത്രം നമ്മെ എങ്ങോട്ടും നയിക്കുന്നില്ല, ശാസ്ത്രത്തിന് സ്വന്തമായി ഒരു മൂല്യവുമില്ല. മുന്നോട്ട് പോകണമെങ്കിലും പിന്നോട്ട് പോകണമെങ്കിലും ശാസ്ത്രം അതിനുള്ള മാർഗ്ഗങ്ങൾ തരും. എങ്ങോട്ട് പോകണമെന്ന് വേറെ തന്നെ തീരുമാനിക്കണം.
മറ്റൊന്നാണ് രോഗങ്ങൾ വരുമ്പോൾ വിശ്വാസികൾക്ക് ദൈവത്തെ വേണ്ട ശാസത്രം വേണം എന്ന ആരോപണം. വിശ്വാസികൾ രോഗത്തിന് ചികിൽസിക്കാൻ പാടില്ലെന്നോ എല്ലാം ദൈവം മാറ്റിത്തരും എന്നുള്ള ആശയക്കാരാണ് എന്നുള്ളൊരു സ്ട്രോമാൻ വാദമാണിത്. രോഗത്തിന് ചികിൽസിക്കാൻ പാടില്ല എന്ന് പറയുന്ന ഏതങ്കിലും മതഗ്രന്ഥം ഭൂമിയിലുള്ളതായി അറിവില്ല. ഇസ്ലാം പഠിപ്പിക്കുന്നത് ആരോഗ്യകാര്യമായ ജീവിത രീതി പിന്തുടരാനും, മുൻകരുതലുകൾ എടുക്കാനും രോഗം വന്നാൽ ചികിൽസിക്കാനും, സഹന ശക്തിക്കും, രോഗശാന്തിക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥക്കാനുമാണ്. പ്രാർത്ഥനയും, എല്ലാ യാതനകൾക്കും പ്രയാസങ്ങൾക്കും പിന്നിൽ ഒരു നന്മയുമുണ്ട് എന്ന വിശ്വാസവും ഏതു പ്രതിസന്ധി ഘട്ടത്തിലും സമാധാനവും അതിജീവിക്കാനുള്ള മാനസിക കരുത്തും നൽകുന്നതാണ്.
രണ്ടമതായി ഇതിലുള്ളത് ശാസ്ത്രത്തിന്റെ മൊത്തം പിതൃത്വം ഏറ്റെടുത്ത് ശാസ്ത്രം ഞങ്ങളുണ്ടാക്കിയതാണ് എന്ന എട്ടുകാലിമമ്മൂഞ് വാദമാണ്. ശസ്ത്രകിയയുടെ പിതാവ് എന്നറിയപ്പെടുന്ന ശുശ്രുതനും സഹ്റാവിയും നല്ല ഒന്നാന്തരം മത വിശ്വാസികളായിരുന്നു. സഹ്‌റാവി അവതരിപ്പിച്ച ഇരുനൂറോളം ശസ്ത്രകിയ ഉപകരണങ്ങളിൽ പലതും ഇന്നും ആധുനിക വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്പിൽ അംഗീകൃത വൈദ്യ ശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ചിരുന്ന The Canon of Medicine എഴുതിയ ഇബ്നുസീന ഒരു മുസ്ലിം പണ്ഡിതനായിരുന്നു. ജനിതക ശാസ്‌ത്രത്തിൻ്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു പുരോഹിതനായിരുന്നു. എല്ലാ കാലത്തും ശാസ്ത്രഞരിൽ കൂടുതലും വിശ്വാസികൾ തന്നെയാണ്. ആതുര സേവനങ്ങളും ആശുപത്രികൾ നടത്തുന്നതും കൂടുതൽ വിശ്വാസികൾ തന്നെയാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തിൻ്റെ പിത്രത്വം ഏറ്റെടുക്കയല്ലാതെ എട്ടുകാലി മമ്മൂഞ്ഞുകൾ എന്ത് നന്മയാണ് മനുഷ്യ സമൂഹത്തിന് നൽകിയിട്ടുള്ളത്?
മതഗ്രന്ഥങ്ങളിൽ ദിനോസറിനെ തിരയുന്നവർ
മതഗ്രന്ഥങ്ങളെക്കുറിച്ചു നാസ്തികർ ചോദിക്കുന്ന മില്യൺ ഡോളർ ചോദ്യമാണ്, എന്ത് കൊണ്ടാണ് മതഗ്രന്ഥങ്ങളിൽ ദിനോസറില്ലാത്തത്, ബക്ടീരിയ ഇല്ലാത്തത് എന്നൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഇതിലൊക്കെ അന്നത്തെ മനുഷ്യർക്ക് അറിയുന്ന കാര്യങ്ങൾ മാത്രമല്ലേയൊള്ളൂ എന്നൊക്ക.
മനുഷ്യർക്കുള്ള മാർഗദർശനമാണ് മതഗ്രന്ഥങ്ങൾ, മനുഷ്യനെ ആത്യന്തിക ജീവിത ലക്ഷ്യവും മൂല്യങ്ങളും പഠിപ്പിക്കാൻ വേണ്ടിയുള്ളത്. അല്ലാതെ ശാസ്ത്രവും ചരിത്രവും പഠിപ്പിക്കാനല്ല. പക്ഷെ അതിൽ ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(21:30)
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.(21:32)
ഖുർആനിൽ ഇതൊക്കെ പറയുന്നത് മനുഷ്യനെ കോസ്മോളജിയും അസ്ട്രോണമിയും ബയോളജിയും പഠിപ്പിക്കാനല്ല, മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും തട്ടിയുണര്‍ത്തിക്കൊണ്ട് പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച് ബോധ്യപ്പെടുത്താനും അതിൽ നിന്നൊക്കെ പാഠങ്ങളുൾക്കൊള്ളാനുമാണ്. ഖുർആനിൽ ചരിത്രങ്ങൾ പറയുന്നത് ചരിത്രം പഠിപ്പിക്കാനല്ല അതിൽ നിന്നൊക്കെ ഗുണപാഠങ്ങൾ ഉൾക്കൊള്ളാനാണ്.
മതഗ്രന്ഥങ്ങളിൽ ദിനോസറിനെക്കുറിച്ചോ ബാക്ടീരയെക്കുറിച്ചോ പറയുന്നുണ്ടോ? കൊറോണക്ക് മരുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നത് ബയോളജി പുസ്തകത്തിൽ അൽജിബ്രയുണ്ടോ? ഗണിത പുസ്തകത്തിൽ ബിരിയാണിയുടെ റെസിപ്പിയുണ്ടോ എന്നൊക്കെ ചോദിക്കുന്നത് പോലെയുള്ള അസംബന്ധങ്ങളാണ്. ഇനിയും ഇത്തരം ധാരാളം അസംബന്ധ ഗവേഷണ വിഷയങ്ങളുണ്ട്. മതവും ശാസ്ത്രവും താരതമ്യം ചെയ്ത് കഴിഞ്ഞാൽ ഭരണഘടനയും സാമ്പത്തിക ശാസ്ത്രവും തമ്മിൽ ഒരു താരതമ്യമാവാം, പിന്നെ സാഹിത്യവും ഗണിത ശാസ്ത്രവും താരതമ്യം ചെയ്യാം, പിന്നെ കരാട്ടെയും പൊറോട്ടയും താരതമ്യം ചെയ്യാം. പരിമിതമായ പ്രപഞ്ചത്തിലിരുന്ന് പരിമിതികളില്ലാതെ വിഡ്ഢിത്തങ്ങൾ പറയാമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇത്തരം ഗവേണഷങ്ങൾ പ്രയോചനപ്പെടും.