വരുന്ന വഴി ഒരു കത്ത് കളഞ്ഞു കിട്ടി, കൈയക്ഷരം കണ്ടിട്ട് ഏതോ നവജാത ശിശു ബാപ്പക്ക് എഴുതിയ മറുപടിയാണ്. ഇത് അധകൃതരുടെ ശ്രദ്ധയിൽ പെടുന്നത് വരെ മാക്സിമം ഷെയർ പ്ലീസ്….
പ്രിയപ്പെട്ട ബാപ്പ അരിയുവാൻ,
കത്ത് കിച്ചി വിവരങ്ങൾ അരിഞ്ഞപ്പോൾ എൻ്റെ സന്താപം സൂപ്പർ മാച് പ്രൊ ആയി. ബാപ്പാൻ്റെ സമ്മതല്ലാതെ അവർ ചെവിയിൽ ബാങ്കല്ലേ കൊടുത്തൊള്ളൂ, അതിലും കട്ടപ്പൊഹയാണ് എൻറെ അവസ്ഥ. എന്നോട് ചോദിച്ചാതെ എന്നെ ആരോ പ്രസവിച്ചിരിക്കുന്നു! ഏത് കാലത്ത്, ഏത് രാജ്യത്ത്, ആണാകണോ പെണ്ണാകാണോ ജനിച്ചണോ വേണ്ടയോ എന്ന് പോലും എന്നോടാരും ചോയിച്ചില്ല, എഞ്ച് കൂരതയാണിത്? എൻ്റെ അയ്പ്രായങ്ങക്ക് ഇവിടെ ഒരു വിലയില്ലേ? എൻ്റെ കണ്ണും മൂക്കും മുടിയുമൊക്കെ ആരുടെയൊക്കെയോ പോലെയാണെന്ന് ചുറ്റും കൂടി നിക്കുന്നവർ അടക്കം പറയുന്നു, അതൊക്കെ എനിച്ച് കിട്ടിയ ജീനിന് അനുസരിച്ചാണ് എന്ന് വേറൊരാൾ. പച്ചേ എനിച്ച് ഏതു ജീനാണ് വേണ്ടതെന്ന് എന്നോടാരും ചോയ്ച്ചില്ല. കുറച്ചു കാലം കാത്തിരുന്ന് കണ്ണും മൂക്കുമൊന്നും ഞാൻ ഉദ്ദേശിച്ച പോലെ അല്ലാച്ചാൽ കൺസ്യൂമർ കോടതിയിൽ പോകാനാണ് തീരുമാനം.
ഇവരെന്നോട് ചെയ്യുന്ന കൂരതകൾ കേക്കണോ ബാപ്പാക്ക്? എൻ്റെ സമ്മതമില്ലാതെ കുളിപ്പിക്കുന്നു, ഉടുപ്പിടീക്കുന്നു, പാൽ തരുന്നു, അതിലേറെ സങ്കടം വാച്ചിൻ എന്നും പറഞ്ഞ് എൻ്റെ കുഞ്ഞു മേനിയിൽ എന്തോ കുത്തി കുത്തി വച്ചു ബാപ്പ. ഇനിയും കുറേ ഡോസ് ഉണ്ടത്രേ. അതാലോചിക്കുമ്പോ തന്നെ എൻ്റെ കണ്ണിൽ ഇരുട്ട് കേറും, ബോധം പോകും, ആഴക്കടലിലേക്ക് താഴ്ന്നു പോകുന്ന പോലെ തോന്നും. എഞ്ച് കൂരമായ ആചാരങ്ങളാണ് ബാപ്പാ ഇതൊക്കെ?
എനിച്ച് ചുറ്റും നടക്കുന്ന ഗൂഢാലോചനകൾ കേട്ടാൽ ബാപ്പ ഞെട്ടി ബോധം കെടും. എന്നോട് ചോദിച്ചാതെ എനിച്ച് പേരിടാനുള്ള രഹച്യപദ്ധതികൾ നടക്കുന്നുണ്ട്. പിന്നെ ജീവിതകാലം മുയ്മൻ ആ പേരും കൊണ്ട് നടക്കേണ്ട നാൻ? മാറ്റാൻ എന്തൊക്കെ തൊല്ലയാണ്. അത് കൊണ്ട് ആ പേര് സ്വീകരിച്ചണ്ട, തിരിച്ചറിവൊക്കെ ആയിട്ട് സ്വന്തമായി ഒരു പേര് കണ്ടെത്തണം എന്നാണ് നാൻ കരുതുന്നത്. അത് വരെ Ex-ഗർഭസ്ഥചിചു എന്നറിയപ്പെടാനാണ് ആഗ്രഹം.
എൻ്റെ അനുവാദമില്ലാതെ എന്നെ എന്തൊക്കെയോ പഠിപ്പിച്ചാനുള്ള ചില രഹസ്യ പദ്ധതികളുള്ളതായി എനിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. എനിച്ച് എന്താണ് പഠിച്ചേണ്ടത് എന്ന് ഇവരാണോ തീരുമാനിച്ചുന്നത്. എന്നോട് ചോയ്ച്ചിട്ടാണോ ഇവിടെത്തെ സിലബസൊക്കെ ഉണ്ടാക്കിയത്? എനിച്ച് പഠിച്ചേണ്ടത് നാൻ സ്വന്തമായി കണ്ടെത്തി പഠിച്ചോളാം. നാൻ ജനിച്ച നാട്ടിൽ കുറെ നിയമങ്ങളും പോലീസും കോടതിയുമൊക്കെ ഉണ്ടെന്ന് എനിച്ച് രഹസ്യ ഇന്റെലിജൻസ് വിവരം കിട്ടി. നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ജയിലിടുമത്രെ! എഞ്ച് അനീതിയാണിതൊക്കെ? എന്നോട് ചോയ്ച്ചിട്ടാണോ ഈ നിയമങ്ങളൊക്കെ ഉണ്ടാക്കിയത്? എഞ്ച് പൈശാചികവും കൂരവുമായ ആചാരങ്ങളണിതൊക്കെ?? ഇതിനെതിരെ പ്രതികരിച്ചാൻ ഇവിടെ ആരുമില്ലേ? ബാപ്പ പറഞ്ഞ പോലെ അനുസരിക്കാൻ സൗകര്യമില്ലെന്ന് പറയാൻ തന്നയാണ് തീരുമാനം. മനുച്യരുടെ ഇടയിൽ മാത്രമേ ഇത്തരം പ്രാകൃത ആചാരങ്ങളൊക്കെ ഒള്ളു എന്നാണ് നാൻ കേട്ടത്. വല്ല കാട്ടിലും മൗഗ്ലിയായി ജനിച്ചാ മതിയാര്ന്നു.
ജനിച്ചാൻ താല്പര്യമുള്ളവർക്ക് ഇഷ്ടമുള്ള ജീൻ തിരഞ്ഞെടുത്ത്, ഇഷ്ടമുള്ള കാലത്തും സ്ഥലത്തും സ്വയം പ്രസവിച്ചാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബാപ്പയുടെ സ്‌പേസ് ശാസ്ത്രക്ണ സുഹൃത്തുക്കളോടോപ്പം ചേർന്ന് ബാപ്പ അതിന്നായി നിതാന്തം പരിശ്രമിച്ചണം എന്ന് നാൻ അപേച്ചിക്കുകയാണ്. എങ്കിലേ മ്മടെ പൂർണ്ണമായ ഉടമച്ചാവകാചം ഞമ്മക്ക് ഉണ്ടാവൊള്ളു. അത് പറ്റൂലെങ്കി, അഥവാ ഇനി എന്നെങ്കിലും പ്രസവിസച്ചേണ്ടി വരികയാണെങ്കിൽ പാത്തുമ്മാന്റ്റെ ആട് പ്രസവിച്ചപോലെ പൊത്തോന്ന് പ്രസവിച്ചിട്ട് ഞാൻ എൻ്റെ പാട്ടിന് പോകും. കുഞ്ഞുങ്ങൾ അവർക്കിഷ്ടമുള്ള പോലെ വളരട്ടെ. അതല്ലേ നീതിന്യായ്.
പിന്നെ ഇവർ എന്നോട് സംസാരിച്ചുന്ന ഭാച എനിച്ച് ഒട്ടും ഇട്ടമായിട്ടില്ല. വളർന്ന് വലുതായി സ്വന്തമായി ഒരു ഭാചയുണ്ടാക്കി അത് മാതൃഭാചയാക്കാനാണ് എൻ്റെ തീരുമാനം.
ഏതായാലും എൻ്റെ ജനനത്തിൽ എനിച്ച് യാതൊരു റോളുമില്ല എന്ന് മനച്ചിലായ സ്ഥിതിച്ച്, എത്രയും പെട്ടന്ന് എൻ്റെ ഉടമച്ചാവകാചം എനിച്ച് സ്വാന്തമാക്കണം, അയിൻ്റെ നടപടിക്രമങ്ങൾ പറ്റുമെങ്കിൽ അറിയിക്കുക.
നാൻ ബാപ്പാൻ്റെ ആഴക്കടൽ സാഹസങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കുമ്പോയാണ് കത്ത് കിട്ടിയത്. ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ളപ്പോൾ കയിച്ച തേനിൻറെ മധുരം ബാപ്പാക്ക് ഇപ്പോയും ഓർമ്മണ്ട് എന്നത് വൈദ്യചാസ്ത്രത്തെ ഞെട്ടിച്ചുന്ന വെളിപ്പെടുത്തലാണ്. നാൻ വളർന്ന് വലുതായാൽ എൻ്റെ പ്രാഥമിക ഗവേചണം ബാപ്പാൻ്റെ ബോധത്തെകുറിച്ചും ഓർമ്മയെക്കുറിച്ചുമായിരിക്കും എന്ന് നാൻ ഉറപ്പ് തരുന്നു.
ബാപ്പ നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും സ്വാതന്ത്രത്തെക്കുറിച്ചുമൊക്കെ പറയുന്നു, ബാപ്പ ഇപ്പോഴും ഇതിലൊക്കെ വിശ്വസിച്ചുന്നുണ്ടോ? ഭൗതിക ലോകത്ത് അങ്ങനെ ഒരു കുന്തവുമില്ല. നാൻ നോക്കുമ്പോൾ ഉള്ളത് വെറുതെ കിടന്ന് നട്ടം തിരിയുന്ന കുറെ ഇലക്ട്രോണും പൊട്രോണും ഒക്കെയാണുള്ളത്. എന്തിനാണ് നട്ടം തിരയുന്നതെന്ന് അവറ്റകൾക്കും അറിയില്ല. നമ്മളതാലോലിച്ചു നട്ടം തിരയണ്ടാ എന്നാണ് എൻ്റെ അയ്പ്രായം. നന്മയും തിന്മയുമൊക്കെ ശാസ്‌ത്രത്തിൻ്റെയോ യുക്തിയുടെയോ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളാണ്. ഇനി അങ്ങനെ ഓരോന്ന് നമ്മളുണ്ടാക്കിയാൽ തന്നെ അത് ആപേച്ചികമാണ്. ബാപ്പാന്റെ നന്മ ബാപ്പക്ക്, എൻ്റെ നന്മ എനിച്ച്. നന്മകളുടെ ഒരു പരസ്പരസമ്മതത്തിൻറെ ആവശ്യമില്ല. നഹീന്ന് പറഞ്ഞാ നഹി.
ബാപ്പ അവകാചത്തെകുറിച്ചും സ്വാതന്ത്ര്യത്തെകുറിച്ചും സ്വന്തമായി തീരുമാനിച്ചാനുമൊക്കെ പറയുമ്പോ അങ്ങനൊക്കെ ചെയ്യാൻ എനിച് ഫ്രീവിൽ ഉണ്ടോ എന്ന് നാൻ ഒന്ന് ചിന്തിച്ചട്ടെ, അങ്ങനെ ചിന്തിച്ചാനുള്ള ഫ്രീവിൽ ഉണ്ടോന്നും എനിച്ചറിയില്ല. മനുച്യൻ ഒരു കേവല ഭൗതിക വസ്തുവാണെങ്കിൽ ഉണ്ടാവൽ സാധ്യമല്ല. ഇനി ഉണ്ടെങ്കിൽ അത് വിശദീകരിച്ചാൻ മനുച്യനിൽ അദൃച്യമായ അഭൗതികമായ എന്തോ സുനാന്ത്രി ഉണ്ടെന്നു പറയേണ്ടി വരും. പിന്നെ അത് വിശദീകരിച്ചാൻ വേറെ അദൃച്യമായ അഭൗതികമായ എന്തെങ്കിലും വേണം. അതോണ്ട് അയിനെ ക്കുറിച്ചു നമ്മൾ കൂടുതൽ ചിന്തിച്ചണ്ടാ എന്നാണ് എൻ്റെ അയ്പ്രായം. പച്ചേ അങ്ങനെ ചിന്തിച്ചാതിരിക്കാനുള്ള ഫ്രീവിൽ നമ്മക്കുണ്ടോ? പണ്ടാരം ഇത് വേണ്ട! സുല്ല്.
ബാപ്പ കത്തിലൂടെ പറയാൻ ശ്രമിച്ചുന്നത് മാനവികതയെക്കുറിച്ചും മനുച്യത്വത്തെ കുറിച്ചൊക്കെയാണെങ്കിലും അയിൻ്റെ ഉള്ളടക്കം മുയ്മനും ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പും വിദ്വേഷവുമാണ്. നാൻ ജനിച്ച ദിവസം പോലും ബാപ്പാൻ്റെ മാനസികാവസ്ഥ ഇതാണെങ്കിൽ ബാപ്പാൻ്റെ ബാക്കിയുള്ള ദിവസങ്ങളെകുറിച്ച് എനിച്ച് ആലോചിച്ചാനേ വയ്യ. എന്തായാലും ഇത്തരം ഓക്സിമോറോൺ ആശയങ്ങൾ ഉൾക്കൊള്ളാനുള്ള പക്വത എനിച്ചായിട്ടില്ല എന്ന് ബാപ്പാക്കറിയല്ലോ, അതോണ്ട് നാൻ കുറച്ചൂടെ വളർന്ന് മസ്തിഷ്ക ജീർണ്ണതകളും കാപട്യവും പഠിച്ച ശേഷം ഇത്തരം ആശയങ്ങളെ കുറിച്ച് പഠിച്ചുന്നതാണ്.
ബാപ്പാൻ്റെ കത്തിൽ മനുച്യർ എന്തോ സംഭവമാണ് എന്ന ഒരു ധ്വനിയുണ്ട്. തീർത്തും തെറ്റാണ്. നാൻ നോക്കുമ്പോൾ എനിച്ച് ചുറ്റുള്ള മറ്റേതൊരു വസ്തുവും പോലെ പ്രത്യേക രീതിയിൽ ക്രമീകരിച്ച, വെറുതെ കിടന്ന് നട്ടം തിരിയുന്ന കുറെ ഇലക്ട്രോണും പൊട്രോണും മാത്രാണ് മനുച്യനും. കുറെ കാലം കയ്ഞ്ഞാ ഇതൊക്കെ മറ്റൊരു രീതിയിൽ പുനഃക്രമീകരിച്ച് പോവുകയും ചെയ്യും. അപ്പൊ പിന്നെ കട്ടിലിനും ടേബിളുനും ചെടിക്കും പൂച്ചക്കും മീനിനും ഇല്ലാത്ത എന്ത് തേങ്ങയാണ് മനുച്യനുള്ളത്? പൂച്ചക്ക് പൂച്ചത്തമില്ലങ്കിൽ മനുച്യനെന്തിന് മനുച്യത്വം. എല്ലാം ഉഡായിപ്പാണ്. മത പൗരോഹിത്യ ഗൂഢാലോചനകളാണ്. നമ്മൾ അതൊന്നും അംഗീകരിക്കേണ്ടതില്ല. നമ്മളിങ്ങനെ വെറുതെ കിടന്ന് നട്ടം തിരിയുക, യാദൃച്ഛിക മസ്തിഷ്ക രാസപ്രവർത്തനങ്ങളുടെ ഫലമായി തോന്നുന്നതൊക്കെ ചെയ്യുക. അത്ര തന്നെ.
എനിച്ച് പാല് കുടിച്ചാൻ സമയമായി, നിർത്തുന്നു!
സ്നേഹത്തോടെ, സ്നേഹമോ? അതെന്ത് ചാദനം? ഇതെവിടന്നു വന്നു? പോവിടന്ന്.
യാദൃച്ഛിക മസ്തിഷ്ക രാസപ്രവർത്തനങ്ങളോടെ!
എക്സ് ഗർഭസ്ഥചിചു.
ഒപ്പ്.