ഒളിച്ചോട്ടങ്ങളും പ്രണയക്കൊലകളും സ്ഥിരം വാർത്തകളായി കൊണ്ടിരിക്കുന്നു. ഓൺലൈൻ പോർട്ടലുകളിൽ അതിനായി പ്രത്യകേ വിഭാഗം തന്നെയുണ്ട്. പല കഥകളും കേട്ടാൽ അവിശ്വസനീയമായി തോന്നും. പ്ലസ്‌ടുകാരൻ വീട്ടമ്മയോടൊപ്പം, പ്ലസ്ടുകാരി മധ്യവയസ്കനോടൊപ്പം, കാമുകി/കാമുകൻ്റെ കൂടെ ജീവിക്കാൻ കുഞ്ഞിനെ കൊല്ലുന്നവർ, കാമുകിയുടെ കൂടെ ജീവിക്കാൻ ഭാര്യയെ കൊല്ലുന്നവർ, കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിൻ്റെ സുഹൃത്തിനോടൊപ്പം. ഇങ്ങനെ പോയവരുടെ പല ധാരുണാന്ത്യ കഥകൾ കേട്ടിട്ടും ഇവരെന്തിനീ മണ്ടത്തരം ചെയ്യുന്നു? എങ്ങനെ ഇവർക്കിതൊക്കെ ചെയ്യാൻ കഴിയുന്നു? അതിന്റെ പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്. പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച് ഉണ്ടാകുന്നതല്ല സ്ത്രീപുരുഷ ബന്ധങ്ങൾ, പ്രത്യേകിച്ച്, അവിഹിതങ്ങൾ.
പല സാഹചര്യങ്ങളിലൂടെയും കടന്നു പോയി സ്വാഭാവികമായി സംഭവിക്കുന്നതാണ്. ചെറുതായിട്ടൊന്ന് ശ്രദ്ധിച്ചാൽ ദുരന്തമായി കൈവിട്ട് പോകാവുന്ന പല ജീവിതങ്ങളും കൈപ്പിടിയിൽ നിർത്താം.
ആദ്യഘട്ടം: എതിർ ലിംഗത്തോടു തോന്നുന്ന ശാരീരിക ആകർഷണമാണ് (physical attraction) ആദ്യഘട്ടം. അതിൽ സൗന്ദര്യം, ബുദ്ധി, വ്യക്തിത്വം, സാരമികവ്, മറ്റു കഴിവുകൾ, ഗുണങ്ങൾ തുടങ്ങിയ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമാവുന്നു.
പ്രോക്സിമിറ്റി (proximity): നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ബന്ധപ്പെടാനുള്ള ത്വരയും സാഹചര്യവുമാണ് പ്രോക്സിമിറ്റി, ഇത് സ്കൂൾ, കോളേജ് ക്യാമ്പസ്, ഓഫീസ്, പബ്ലിക് വാഹനങ്ങൾ, മൊബൈൽ, സോഷ്യൽ മീഡിയയൊക്കെ പ്രോക്സിമിറ്റിക്ക് വഴിയൊരുക്കുന്നു.
സിമിലാരിറ്റി (similarity): ആശയവിനിമയം വഴി, ആകർഷിച്ച വ്യക്തിയുമായുള്ള സാദൃശ്യങ്ങൾ കണ്ടെത്തി പരസ്പരം ഒന്നാകാനുള്ള പ്രവണത. ഒരേ ഭക്ഷണങ്ങൾ, നിറങ്ങൾ, യാത്ര, ഇഷ്ടപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ സിമിലാരിറ്റിക്കു കാരണമാവുന്നു.
റെസിപ്രോസിറ്റി (reciprocity): ത്യാഗം ചെയ്യാനുള്ള സന്നദ്ധത. വസ്തുക്കൾ കൈമാറുന്ന ഒരു ഘട്ടമാണിത്. പുസ്തകങ്ങൾ, വസ്ത്രം, ആഭരണം, മൊബൈൽ, പണം എന്നിങ്ങ വിലപിടിപ്പുള്ള പലതും കൈമാറ്റം ചെയ്യാനുള്ള മനോഭാവം ഉണ്ടായിത്തീരുന്നു. ഇത് കാമുകൻ കാമുകിക്ക് മാത്രമല്ല, വീട്ടുകാരും ഭർത്താവും അറിയാതെ സ്വർണ്ണവും പണവും കാമുകന് നൽകുന്നതും വഞ്ചിക്കപ്പെടുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.
ഇന്റിമസി (intimacy): ബന്ധത്തിന്റെ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഘട്ടം. വേർപിരിയാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കും. ഈ ഘട്ടത്തിൽ എത്തുന്നതോടെ ശരീരത്തിൽ ഡോപ്പാമിൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ ഉണ്ടാവുന്നതോടു കൂടി മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ, മാതാപിതാക്കൾ, നിലവിലുള്ള ഇണകൾ തുടങ്ങിയ ഒന്നിനും വേർപെടുത്താൻ സാധിക്കാത്ത വിധം ബണ്ഡം വളരുന്നു. ഈ ഘട്ടത്തുള്ളവരെ ഉപദേശിച്ച ആരോ ആണ് പ്രണയം അന്ധമാന്നെന്നു പറഞ്ഞത്. മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന പല പ്രശ്നങ്ങളും അപകടങ്ങളും പ്രണയിക്കുന്നവർക്ക് ഈ ഘട്ടത്തിൽ കാണാൻ കഴിയില്ല. ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്തി അവരെ പിന്മാറ്റാനും കഴിയില്ല.
വൈകാതെ ഒളിച്ചോട്ടം, ആത്മഹത്യ, നിലവിലുള്ള പങ്കാളിയെയും കുട്ടികളെയും കൊല്ലൽ, ബന്ധത്തിന് എതിര് നിൽക്കുന്ന വീട്ടുകാരെ കൊല്ലൽ തുടങ്ങിയ ഏത് ബുദ്ധി ശൂന്യതക്കും ക്രൂരതക്കും കാരണമാകുന്നു. ഡോപ്പാമിൻ ഹോർമോണിന് ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി. ആദ്യ നാല് ഘട്ടങ്ങളും കഴിഞ്ഞ് ഇന്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഹോർമോൺ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് നിർവീര്യമായി തീരും.
ഡോപ്പാമിൻ ഇല്ലാതാവുന്നതോടു കൂടി ബന്ധങ്ങൾക് ശക്തി കുറഞ്ഞു തുടങ്ങും. ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി, ബന്ധം വേർപിരിയുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചേരും.
ഏതൊരു പെണ്ണിനേയും പുരുഷനിലേക്കു ആകർഷിക്കുന്നത് അവനിൽ നിന്നും കിട്ടുന്ന ലാളനകളാണ്. സ്ത്രീകൾ അധികവും പുരുഷനെപ്പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
കൂടുതൽ സമയവും പുരുഷനോടൊപ്പം സല്ലപിച്ച് രച്ചിരിക്കുവാൻ ഇഷ്ട്ടപ്പെടുന്നവരാണ് സ്ത്രീകൾ. തനിക്കു വേണ്ടി സമയം സമയം ചിലവഴിക്കുന്ന പുരുഷനെയാണ് അവർക്കിഷ്ടം.
എന്നാൽ പുരുഷനിൽ ഡോപ്പാമിൻ ഉല്പാതദാനം കുറയുന്നതോടെ സ്ത്രീയിൽ താല്പര്യം കുറയുയുകയും ലാളനകളും പഞ്ചാര വർത്തമാനങ്ങളും ഇല്ലാതായി പരുക്കനായി തുടങ്ങും. ആദ്യം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവൾ പതുക്കെ അകലാൻ തുടങ്ങും.
ഈ ഘട്ടത്തിലേക്ക് എത്തുന്നതിന്ന് മുൻപ് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഏതെങ്കിലും പങ്കാളി പിന്മാറുന്നന്നതും കടുത്ത വിഷാദത്തിലേക്കും മാനസിക സംഘർഷത്തിലേക്കും നയിക്കും. തന്നെ വിട്ടു പോയവരോട് പകയും ചിലപ്പോൾ കൊലപാതങ്ങകളിൽ വരെ കലാശിക്കും. ഇതെല്ലം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും പാട്രിയാർക്കിയുടെ ഫലവുമാണ് എന്നൊക്കെയുള്ള സിദ്ധാന്തങ്ങളിലൊന്നും കഴമ്പില്ല.
പാർട്ട്ണർ & എക്സ് പാർട്ട്ണർ വയലൻസ് ഒരു ആഗോള പ്രതിഭാസമാണ്. ലോകത്ത് സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വലിയൊരു ശതമാനവും ഇത്തരത്തിലുള്ളതാണ്. പങ്കാളിയെ നഷ്ടപ്പെടുക എന്നത് സ്വാഭാവികമായും മനുഷ്യനെ വിഷാദത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്ന കാരണങ്ങളാണ്. കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ, വിഷാദം, ന്യൂറോളജിക്കലായ കാരണങ്ങൾ, സാമൂഹിക പിന്തുണയുടെ അഭാവം, ഉൽകണ്ഠ, അപകർഷകത തുടങ്ങിയവ അതിനെ സഹായിക്കുന്നു.
കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ ഒക്കെ തന്നെയും Abandonment Homicides നടക്കുന്നുണ്ട്. അതിനു പുറമേ, കേരളത്തിൽ നമുക്ക് കാണാനാവാത്ത Incel Violence വരെ ഇത്തരം രാജ്യങ്ങളിൽ നിരവധിയുണ്ട്. എങ്ങനെ പ്രണയിക്കണം എന്ന ധാർമികത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോലും പ്രണയത്തിന്റെയും Possessiveness ന്റെയും Sexual Jealousy യുടെയും പരിണാമപരവും മനഃശാസ്ത്രപരവുമായ കാരണങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. Abandonment Homicidesന് കൃത്യമായ സൈക്കോളജിക്കൽ, ന്യൂറോളജിക്കൽ & എവലൂഷ്യനറി ആയ കാരണങ്ങളുണ്ട്, പാട്രിയാർക്കി ഇല്ലാതായാലും ഇതൊന്നും മാറാൻ പോകുന്നില്ല. താരതമ്യേന പാട്രിയാർക്കി കുറഞ്ഞ നാടുകളിലും ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് കുറവൊന്നുമില്ല.
പുരുഷന്മാരേക്കാൾ സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇത്തരം ബന്ധങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. യാതൊരു കടമയും ബാധ്യതയുമില്ലാത്ത വിവാഹേതര ബന്ധങ്ങൾ ദുരന്തങ്ങളായി മാറാതിരിക്കാനുള്ള മാർഗം, ഡോപ്പാമിൻ ഉത്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെയും അതിലേക്ക് നയിക്കുന്ന കാര്യങ്ങളെയും പരമാവധി സൂക്ഷിക്കുക, നിയന്ത്രിക്കുക എന്നുള്ളതാണ്.
അപ്പൊ പറയും, അയ്യേ പ്രാകൃതം! ആറാം നൂറ്റാണ്ട്! ലിംഗം കൊണ്ട്അ ചിന്തിക്കുന്നവർ! അത് ലിംഗം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടല്ല, മുകളിൽ പറഞ്ഞ, ലിംഗം കൊണ്ട് ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്താതെ സൂക്ഷിക്കാനുള്ള മുൻകരുതലാണ്.
വിവാഹിതരെ അവിഹിത ബന്ധങ്ങളിലേക്കു കൊണ്ടെത്തിക്കുന്ന വലിയൊരു കാരണമാണ് വിരസമായ വൈവാഹിക ജീവിതം. വൈവാഹിക ജീവിതത്തിലും ഡോപാമിന്റെ സ്വധീനം ഉണ്ട്. മധുവിധു നാളുകൾ തീരുന്നതോടെ പലർക്കും ദാമ്പത്യം വിരസമായിത്തീരും. സാമൂഹ്യ വ്യവസ്ഥയെ ഭയന്നും കുട്ടികളെ മാനിച്ചുമാണ് പല ബന്ധങ്ങളും മുന്നോട്ടു പോകുന്നത്. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു.
ഭാര്യമാരോട് മൃദുവായി പെരുമാറുക, അവരെ പരിഗണിക്കുക, ലാളിക്കുക ഒക്കെയാണ് ഡോപ്പാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം നില നിർത്താനുള്ള മാർഗ്ഗം. കൂടുതൽ കാലം കഴിയുമ്പോൾ ഈ ബന്ധങ്ങളെല്ലാം മനോഹരമായ മറ്റൊരു തലത്തിലേക്ക് മാറും.
പുറത്തിറങ്ങുമ്പോൾ അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന മിക്ക സ്ത്രീകളും ഭർത്താവിന്റെ മുന്നിൽ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പ്രത്യക്ഷപ്പെടുക. പരമാവധി ആകർഷിക്കത്തക്ക രീതിയിൽ വേണം പുരുഷനെ സ്വീകരിക്കാൻ.
ചിലപ്പോഴൊക്കെ വിവാഹബന്ധങ്ങൾ ഒരു പരിമിതിയായി തോന്നുകയും ഇതര ബന്ധങ്ങളിൽ താല്പര്യം ജനിക്കുകയും മറുകണ്ടം ചാടാനും സ്വാതന്ത്രമായി ജീവിതം ആസ്വദിക്കാനുള്ള പ്രലോഭവനും ഉണ്ടാകും. അതെല്ലാം തന്നെ മായാ കെണികളാണ്. കയ്യിലുള്ളത് പോവുകയും ചെയ്യും ഉത്രത്തിലുള്ളത് കിട്ടുകയുമില്ല. സുദൃഢമായ ദീർഘകാല ബന്ധങ്ങളിലാണ് യഥാർത്ഥ സന്തോഷവും സമാധാനവും എന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരം ബന്ധങ്ങൾ നിലനിർത്താൻ ചില വിട്ടു വീഴ്ചകളും ത്യാഗങ്ങളും വേണ്ടി വരും. പക്ഷേ ഇതൊക്കെ ഇസ്‌ലാം പറയുമ്പോൾ പ്രാകൃതമായിപ്പോകും. ജന്മം നൽകിയ പിഞ്ചു കുഞ്ഞുങ്ങളെ പോലും അവിഹിത ബന്ധത്തിന് തടസ്സമായി നിൽക്കുന്നതിന്റെ പേരിൽ ഒരു ദയയുമില്ലാതെ കൊല്ലുന്ന കാലത്ത് ഇച്ചിരി പ്രാകൃതമാകുന്നത് തന്നെയാണ് പുരോഗമനം.