സാഡിസ്റ് ദൈവം!

തന്നെ ആരാധിക്കാത്തവരെ നരകത്തിലിട്ട് ചുട്ട് കരിക്കുന്ന ദൈവത്തിന് അസൂയയല്ലേ? ദൈവം സാഡിസ്റ്റല്ലേ?

ഒരു വിശ്വാസിയുടെ ചിന്തയിൽ ഒരിക്കലും ഇത്തരമൊരു ചോദ്യം വരില്ല. കാരണം ഈ സർവശക്തനായ, സർവജ്ഞാനിയായ ഒരു സ്രഷ്ടാവ് ഈ പ്രപഞ്ചത്തിനുണ്ട് എന്ന് ബോധ്യപ്പെട്ടാൽ, ആ സ്രഷ്ടാവുമായി യുക്തിപരമായി സാധ്യമാകുന്ന ഏക ബന്ധം, ആ ശക്തിക്ക് കീഴടങ്ങുക, അനുസരിക്കുക, ആരാധിക്കുക എന്നത് മാത്രമാണ്.

മുൻപ് ഇല്ലാതിരിന്ന, സൃഷ്ടിക്കപ്പെട്ട, സ്വന്തം സൃഷ്ടിപ്പിൽ യാതൊരു പങ്കുമില്ലാത്ത, സ്വന്തമായി കഴിവുകളില്ലത്ത, നൽകപ്പെട്ട കഴിവുകളിൽ പൂർണ്ണ നിയന്ത്രണമില്ലാത്ത, ഏതു നിമിഷവും തൻ്റെ കഴിവുകളും അസ്തിത്വവും തന്നെ ഇല്ലതായേക്കാവുന്ന, സമ്പൂർണ്ണ ആശ്രിതനാണ് ഒരു വിശ്വാസി. ദൈവമാണ് തൻ്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും മൂല്യവുമുണ്ടാകാൻ കാരണക്കാരൻ. ദൈവത്തെ അനുസരിച്ചിട്ടും, ആരാധിച്ചിട്ടും ഒരു കരണവുമില്ലാതെ നരകത്തിലിട്ടു എന്ന് വെറുതെ സങ്കല്പ്പിച്ചാൽ പോലും, തൻ്റെ പരിഭവവും പരാതിയും പറയാമെന്നല്ലാതെ ഒരു വിശ്വാസിക്ക് ഒരിക്കലും അധികാര സ്വരത്തോടെ ദൈവത്തെ ചോദ്യം ചെയ്യാൻ കഴിയില്ല, അതാണ് വിശ്വാസിയും ദൈവവും തമ്മിലുള്ള ബന്ധം. അത് ആശ്രിതനും നിരാശ്രയനും, അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ്.

എന്നാൽ ഈ ചോദ്യം ഉന്നയിക്കുന്ന നാസ്തികരും ദൈവവും തമ്മിലുള്ള ബന്ധമതല്ല. അവർ അവരെ തന്നെയാണ് ദൈവമായി കാണുന്നത്. അവർ കീഴടങ്ങുന്നതും അനുസരിക്കുന്നതും ആരാധിക്കുന്നതും സ്വന്തം ഇച്ഛകളെ തന്നെയാണ്. അവരുടെ പൂർണ്ണമായ അവകാശവും ഉടമസ്ഥതയും അവർക്ക് തന്നെയാണ്. ദൈവത്തെക്കാൾ ബുദ്ധിയും യുക്തിയും അറിവും അവർക്കാണ്. ശരി തെറ്റുകൾ തീരുമാനിക്കുന്നത് അവർ തന്നെയാണ്.

എപ്പോൾ എവിടെ ജനിക്കണം? ആരുടെ പരമ്പരയിൽ? പെണ്ണാകണോ ആണാകണോ? തുടങ്ങി സ്വന്തം സൃഷ്ടിപ്പിൽ യാതൊരു പങ്കുമില്ലാത്ത, സ്വന്തം കഴിവുകളിൽ പൂർണ്ണ നിയന്ത്രണമില്ലാത്ത ഇവർക്ക് സ്വന്തം അവകാശവും ഉടമസ്ഥതയും എങ്ങനെ എവിടെ നിന്ന് കിട്ടി എന്നൊന്നും ചിന്തിച്ച് സമയം കളയേണ്ട, അതിലും പ്രത്യേകിച്ച് ഒരു യുക്തിയുമില്ല! ചില വൈകാരിക കാപട്യങ്ങളുടെ മേമ്പൊടി ചേർത്ത് അവകാശം, സ്വാതന്ത്ര്യം, വിമോചനം, ശാക്തീകരണം പുരോഗമനം എന്നൊക്കെ പറഞ്ഞ് ലിബറലിസവും ഇൻഡിവിജ്വലിസവും കുത്തിവെക്കുന്നതാണ് ഇവരുടെ തലയിൽ ഇത്തരം അഹന്തകൾ.

എന്ത് കൊണ്ടാണിവർ ദൈവത്തെ ആരാധിക്കാത്തത് എന്നതാണ് അടുത്ത പ്രശ്‌നം. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന് ഭോദ്യപ്പെടാത്തത് കൊണ്ടാണോ? അങ്ങനയെങ്കിൽ പേടിക്കേണ്ടതില്ല. കാഫിർ എന്നാൽ സത്യനിഷേധി എന്നാണർത്ഥം, ബോധ്യപ്പെട്ട സത്യത്തെ നിഷേധിക്കുന്നവർ. ബോധ്യപ്പെടാത്തവർ അതിൽ പെടില്ല, മാത്രമല്ല ദൈവത്തിന്റെ നീതിയിൽ ആർക്കും പരാതിയുണ്ടാകില്ല എന്ന വാഗ്‌ദാനവമുണ്ട്. അതിന് ഇല്ലാത്ത ദൈവത്തിന്റെ നീതിയിൽ വിശ്വസിക്കുന്നതെങ്ങനെ? അല്ലങ്കിലും ഇല്ലാത്ത ദൈവം ഇല്ലാത്ത നരകത്തിൽ  ഇടുന്നതിൽ ഇത്ര കുണ്ഠിതപ്പെടേണ്ട കാര്യമെന്തായിരിക്കും? അപ്പോ അതായിരിക്കില്ല പ്രശ്നം.

പിന്നെയുള്ള സാധ്യത നേരത്തെ പറഞ്ഞ, ഈഗോ ക്ലാഷാണ്. അവർ തന്നെയാണ് അവരുടെ ദൈവം, അവരെ തന്നെയാണ് അവർ ആരാധിക്കുന്നത്. പിന്നെ തന്നെ ആരാധിക്കാനും അനുസരിക്കാനും പറയാൻ ദൈവമാരാ? സർവ്വശക്തനായ ദൈവത്തിന് എന്തിനാ എൻ്റെ ആരാധന എന്ന ചോദ്യത്തിൽ ഇതടങ്ങിയിട്ടുണ്ട്. അവർ ആരാധിക്കുന്നത് ദൈവത്തിന് വേണ്ടി, ഒരു ഔദാര്യമായാണ്, അല്ലാതെ അവർക്ക് വേണ്ടിയല്ല. അവർക്ക് ദൈവത്തിന്റെ ആവശ്യവുമില്ല. ഈ ട്രോളിൽ നോക്കിയാൽ മനസ്സിലാകും അവരും ദൈവവും തമ്മിലുള്ള ബന്ധം.  

പരസ്പരം അശ്രയിക്കാതെ നിലനിൽക്കുന്ന രണ്ട് തുല്യ ശക്തികൾ, നാസ്തികരും ദൈവവും. ദൈവം അവരോട് ഒരു ചെറിയ സഹായം ചോദിച്ചു, അവര് പറ്റില്ലെന്ന് തീർത്തു പറഞ്ഞു. അതോടെ നിർത്തണം. പിന്നെ നരകത്തിലിടും ചുട്ട് കരിക്കും എന്നൊക്കെ പറയുന്നത് കടന്ന കയ്യാണ് എന്നാണ് ആശയം.   

ഈ ഈഗോ ക്ലാഷാണ് പ്രശ്നമെങ്കിൽ അതവരും ദൈവവും തമ്മിൽ തന്നെ തീർക്കണം. വേണമെങ്കിൽ ദൈവത്തോട് അവരെ ആരാധിക്കാൻ പറയട്ടെ, അനുസരിക്കുന്നില്ലെങ്കിൽ ദൈവത്തെ അവർ നരകത്തിലിട്ട് കരിക്കട്ടെ, അതല്ലേ ഹീറോയിസം. അല്ലാതെ ഇതും പറഞ്ഞ് എന്തിനാടെ വിശ്വാസികളുടെ നെഞ്ചത്തോട്ട് എടുക്കുന്നത്?

ഇതേ ചോദ്യത്തിന്റെ ഒരു നിഷ്കളങ്ക വേർഷനാണ്, ഒരാൾ നന്മകളൊക്കെ ചെയ്ത് ജീവിച്ചിട്ടും ദൈവത്തെ ആരാധിച്ചില്ല എന്നരൊറ്റ കാരണം കൊണ്ട് ശിക്ഷിക്കുന്നത് ക്രൂരതയല്ലേ?

ഇവിടെയും പ്രശ്നം എല്ലാ നന്മകൾ ചെയ്തിട്ടും എന്ത് കൊണ്ട് ദൈവത്തെ ആരാധിക്കുന്നില്ല എന്നത് തന്നെ!

രണ്ടാമത്തെ പ്രശ്നം, ദൈവമില്ലെങ്കിൽ വസ്തുനിഷ്ടമായ നന്മയും തിന്മയും ഇല്ല, എല്ലാം വൈയക്തികമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രമാണ് എന്നതാണ്. വിശദമായി ഇവിടെ വായിക്കാം.

മറ്റൊരു പ്രശ്നം, പ്രവർത്തികളല്ല, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ആത്യന്തികമായി നന്മയും തിന്മയും തീരുമാനിക്കുന്നത് എന്നതാണ്. യുദ്ധമുഖത്തുള്ള ഒരു പട്ടാളക്കാരൻ, ശത്രുവിനെ കൊന്നാൽ ആദരവും ധീരതക്ക് മെഡലും കിട്ടും. നിയന്ത്രണം വിട്ട് കാറപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടാലോ, സ്വയരക്ഷക്ക് വേണ്ടി കൊന്നാലോ ചെറിയ ശിക്ഷ കിട്ടും, മനപ്പൂർവം സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റൊരാളെ കൊന്നാൽ കഠിന ശിക്ഷയും കിട്ടും. പ്രവർത്തി എല്ലാം കൊലപാതകമാണ് താനും.

ഒരു ബിസിനസ്കാരൻ തന്റെ സ്ഥപനത്തിന്റെ സൽപ്പേരും പരസ്യവും ലക്ഷ്യമിട്ട് സന്നദ്ധ പ്രവർത്തനം നടത്തുന്നു, ഒരു രാഷ്ട്രീയക്കാരൻ വരാനിരിക്കുന്ന ഇലക്ഷൻ ലക്ഷ്യമിട്ട് തന്റെ ജനപ്രീതിയും പ്രശസ്തിയും വർദ്ധിപ്പിക്കാനും, മറ്റൊരാൾ സ്വന്തം സന്തോഷത്തിന് വേണ്ടിയും പാവങ്ങളെ സഹായിക്കുന്നു. ഇതിൽ ഏതാണ് നന്മ? സ്വന്തം സന്തോഷമാണ് ലക്ഷ്യമെങ്കിൽ, അതിന് വേണ്ടി ചെയ്യുന്ന എല്ലാം നന്മയാകുമോ? ഒരാൾ ഒരു പ്രവർത്തി ചെയ്യുമ്പോൾ അയാളുടെ യഥാർത്ഥ ഉദ്ദേശം അയാൾക്കും ദൈവത്തിനും മാത്രമേ അറിയൂ എന്നതിനാൽ പ്രവർത്തികൾ നോക്കി മാത്രം ഈ വിഷയത്തിൽ വിധി പറയാൻ പ്രായോഗിക പരിമിതികളുണ്ട്. അത് ദൈവത്തിന് തന്നെ വിട്ട് കൊടുക്കുന്നതായിരിക്കും ബുദ്ധി.

ഇസ്ലാമിൽ ശിർക്കും ദൈവ നിഷേധവും ഏറ്റവും വലിയ പാപമാകാൻ പല കാരണങ്ങളുമുണ്ട്. ഇസ്ലാം അതിൻറെ സാമൂഹിക ഘടനയും, ഐക്യവും, സാമ്പത്തിക നയവും, കുടുംബ ബന്ധങ്ങളും, വ്യക്തി മോക്ഷവും വിമോചന തത്വവുമെല്ലാം രൂപപ്പെടുത്തുന്നത് ദൈവത്തിന്റെ ഏകത്വത്തിലും, കീഴ് വണകത്തിലും ഊന്നിയാണ്, അതാണ് ഇസ്ലമിൻറെ അടിസ്ഥാനം. അടിസ്ഥാനം പൊളിഞ്ഞാൽ എല്ലാം തകരും. എന്ത് കൊണ്ട് ഒരു രാജ്യത്തിൻറെ ഭരണഘടന തകർക്കുന്നത് ഒരാളെ കൊല്ലുന്നതിനേക്കാൾ തെറ്റാകുന്നു എന്ന മനസ്സിലാക്കാൻ ഒരുപാട് യുക്തിയൊന്നും വേണ്ട.

ലംഘിക്കപ്പെടുന്ന മൂല്യങ്ങൾക്കും അവകാശങ്ങൾക്കും അനുസരിച്ച് തെറ്റിന്റെ കാഠിന്യം കൂടും. ഒരു മരം രണ്ടായി വെട്ടുന്നതും ഒരു കുഞ്ഞിനെ രണ്ടായി വെട്ടുന്നതും ഒരേ പോലെയുള്ള തെറ്റുകളല്ല. കാരണം കുഞ്ഞിന് മരത്തേക്കാൾ മൂല്യവും അവകാശവുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഏറ്റവും വലിയ പാപം, സർവശക്തനായ, സാർവജ്ഞാനിയായ എല്ലാറ്റിന്റെയും സ്രഷ്ടവായ ദൈവത്തിൻറെ മൂല്യങ്ങളുടെ ലംഘനം തന്നെ.               

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected