“ദൈവമുണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവില്ല” എന്ന കൂപമണ്ഡൂക സിദ്ധാന്തം ചർച്ചക്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഒരു ക്ലബ് ഹൗസ് റൂമിൽ വഴിതെറ്റി കേറിയപ്പോഴും കേട്ടു “ദൈവമുണ്ട് എന്നതിന് ഇത് വരെ ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ല, ഇനി എന്നെങ്കിലും ശാസ്ത്രം തളിയിച്ചാൽ അതങ്ങീകരിക്കുന്നതിന് നമുക്ക് തടസ്സവുമില്ല” അപ്പൊ തീരെ ഇടുങ്ങിയ ചിന്തഗതിക്കാരല്ല, അല്പം വിശാല മനസ്കരാണ്, ശാസ്ത്രം തെളിയിച്ചാൽ അംഗീകരിക്കും.
ഒരു പത്താം ക്‌ളാസ് വിദ്യാർത്ഥിയോട് നമുക്ക് ഗുരുത്വാകർഷണവും, പ്രകാശത്തിൻ്റെ പ്രതിഫലനത്തെ കുറിച്ചും വേഗതയെ കുറിച്ചും, കാന്തിക തരംഗങ്ങളെ കുറിച്ചുമൊക്കെ ചർച്ച ചെയ്യാം. എന്നാൽ ഒന്നാം ക്‌ളാസ് കാരനോട് b യുടെ വാല് മുകളിലേക്കാണ് p യുടെ വാല് താഴേക്കാണ് എന്നൊക്കെയേ പറയാൻ കഴിയൂ. എന്ന് വച്ച് അവരെ അവഗണിക്കുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് തീരുമാനം പുനഃപരോശോധിച്ച് വീണ്ടും ചർച്ചക്കെടുത്തു.
എന്താണ് ശാസ്ത്രം
ശാസ്ത്രത്തിൻ്റെ ഏത് നിർവചനമെടുത്താലും മനസ്സിലാക്കാൻ കഴിയുന്നത് പരീക്ഷണ നിരീക്ഷങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിച്ചും പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുമുള്ള പഠനരീതിയാണ് ശാസ്ത്രം. ഒരു കാര്യം ശാസ്ത്രപഠന പരിധിയില്‍ വരണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ബാധകമായിരിക്കണം.
- ഗവേഷണ വിഷയം അന്വേഷണ, നിരീക്ഷണ വിധേയമാക്കാൻ കഴിയുന്നതാവണം.
- ഭൗതിക വസ്തുവോ ഭൗതിക പ്രതിഭാസമോ ആയിരിക്കണം
- ആവര്‍ത്തന പരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നതാവണം.
സ്രഷ്ടാവും സൃഷ്ടിയും
സ്രഷ്ടാവും സൃഷ്ടിയും വെവ്വേറെ അസ്തിത്വങ്ങളാണ്. ഒരാളൊരു കസേര ഉണ്ടാക്കിയാൽ അയാളൊരിക്കലും കസേരയാവുകയോ കസേരയുടെ ഭാഗമാവുകയോ ചെയ്യില്ല. ഒരാൾ പായസമുണ്ടാക്കിയാൽ അയാളെ പായസചെമ്പിനകത്ത് കൈലിട്ടിലാക്കിയാൽ കാണില്ല, അണ്ടിപ്പരിപ്പും മുന്തിരിയും സേമിയും മാത്രമേ കിട്ടൂ. വീടുണ്ടാക്കിയവനെ വീടിനകത്തു കാണുന്നുണ്ടല്ലോ എന്നൊരാൾ ചോദിക്കാൻ വരുന്നു. എനിക്കറിയാമായിരുന്നു അവനത് ചോദിക്കുമെന്ന്. വീടിനകത്ത് ഒരാൾ അധിവസിക്കുന്ന സ്ഥലം വീടിന്റെ അസ്തിത്വത്തിൽ പെടുന്നില്ല. വീട് ഉണ്ടാക്കുന്നതിനു മുൻപും, വീട് പൊളിച്ചാലും അതവിടെയുണ്ടാകും. നേരത്തെയുള്ള സ്ഥലത്തിന് ചുറ്റും കെട്ടുന്ന അതിർത്തിയാണ് വീട്. അയാൾ വീട്നിറെ അസ്തിത്വത്തിൽ വരണമെങ്കിൽ ചുമരിൻ്റെയോ തറയുടെയോ കോൺക്രീറ്റിൻ്റെയോ ഒക്കെ ഭാഗമാകണം. അതായത് സ്രഷ്ടാവ് സൃഷ്ടിയുടെയോ, സൃഷ്ടി സ്രഷ്ടാവിന്റെയോ ഭാഗമല്ലണ് രണ്ടും വെവ്വേറെ അസ്തിത്വങ്ങളാണ്.
സ്ഥലകാലദ്രവ്യമായ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെങ്കിൽ ആ സ്രഷ്ടാവിനെയാണ് ദൈവം എന്ന് പറയുന്നത്. അങ്ങനെ ഒരു സൃഷ്ടാവുണ്ടങ്കിൽ അത് പ്രപഞ്ചത്തിൻ്റെ അസ്തിത്വത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നായിരിക്കും, സ്ഥല കാല ദ്രവ്യത്തിന് അതീതമായ ഒന്നായിരിക്കും. അങ്ങനെ ഒരു സ്രഷ്ടാവിനെ പ്രപഞ്ചത്തിൻറെ അസ്ഥിത്വത്തിനകത്ത് തിരഞ്ഞു നടക്കുന്നത് പായസം ഉണ്ടാക്കിയവനെ പായസച്ചെമ്പിൽ തിരയുന്നത് പോലെയുള്ള മണ്ടത്തരമാണ്.
ഭൗതിക പദാര്‍ത്ഥ ലോകത്തെ മനസ്സിലാക്കാനുള്ള ഒരു പഠനരീതി ഉപയോഗിച്ച് പദാര്‍ത്ഥലോകത്തിന് അതീതനും പദാര്‍ത്ഥ ലോകത്തെ തന്നെ സൃഷ്ടിച്ചവുനായ ഒരു അസ്ഥിത്വത്തെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നു വാദം, കണ്ണ് കൊണ്ട് കേൾക്കുന്നില്ല, തുലാസ് കൊണ്ട് അളന്നിട്ട് ഊഷ്‌മാവില്ല, മൈക്രോ സ്കോപ്പുകൊണ്ട് നോക്കിയിട്ട് ഭാര്യയുടെ സ്നേഹം കാണുന്നില്ല എന്നൊക്കെ പറയുന്നത് പോലെയുള്ള മൂഢത്തരമാണ്. ഇത്തരം അസംബന്ധങ്ങൾക്ക് പറയുന്ന പേരല്ല സൈന്റിഫിക് ടെമ്പർ.
ജ്ഞാനമാർഗങ്ങൾ
ദൈവവാസ്തിത്വം ശാസ്ത്രത്തിന്റെ ഞാനമേഖലക്ക് പുറത്താണ്. ഓരോന്നിനെയും മനസ്സിലാക്കാന്‍ അതിനനുയോജ്യമായ ജ്ഞാനമാര്‍ഗം അവലംബിക്കുന്നതിന് പകരം സര്‍വതും മനസ്സിലാക്കാന്‍ ശാസത്രം മാത്രമേയൊള്ളു എന്ന തെറ്റിദ്ധാരണ ശാസ്ത്രത്തെ കുറിച്ചും ശാസ്ത്രീയ രീതിയെക്കുറിച്ചും അടിസ്ഥാന ധാരണകൾ ഇല്ലാത്തത് കൊണ്ടാണ്. Philosophy of science എന്ന തത്വചിന്തയുടെ ശാഖയിലാണ് ഇതിനെക്കുറിച്ചൊക്കെ ചർച്ച ചെയ്യുന്നത്. ശാസ്ത്രത്തിനെത് ഫിലോസഫിയെന്ന് പറഞ്ഞ് കുമ്മോജിയിടുന്നവരെ കണ്ടിട്ടുണ്ട്, അങ്ങനെ ഒരു സാധനമുണ്ട്. എന്താണ് ശാസ്ത്രീയ രീതി, ശാസ്ത്ര പഠനത്തിന് മുൻപ് എടുക്കുന്ന Phylosophical Assumptions ഏതൊക്കെയാണ്, തിയറിയും ഫാക്ടും തമ്മിലുള്ള വ്യതാസം, തിയറികൾ Falsifiable ആകണം, തിയറികൾ ആത്യന്തിക സത്യമല്ല എന്നൊക്കെ പറയുന്നത് എന്ത് കൊണ്ട് എന്നൊക്കെ മനസ്സിലാകണമെങ്കിൽ Philosophy of science നെ കുറിച്ച് ഒരു ധാരണയുണ്ടാക്കണം.
ശാസത്രമല്ലാതെ അറിവ് നേടാനുള്ള വിവിധ മാർഗ്ഗങ്ങൾ, എന്താണ് അറിവ്, എന്താണ് യുക്തിവാദം, യുക്തിയുടെ നിയമങ്ങൾ, ഡിഡക്ടീവ് റീസണിങ്, ഇൻഡക്റ്റീവ് റീസണിങ് തുടങ്ങിയ അറിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചയ്യുന്നത് തത്വചിന്തയിലെ ജ്ഞാനശാസ്ത്രം എന്ന ശാഖയിലാണ്. മൂന്ന് ഭാഗങ്ങളായി താഴെ കൊടുത്തിരിക്കുന്ന ലേഖനങ്ങളിൽ കൂടുതലായി വായിക്കാം.