സൂസനും ലിബറൽ വിമോചനവും

You are here:
susan-victim-of-liberal-progressive-deception

വിചിത്രമായ ധാരാളം സംഭാഷണങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെകിലും, കേട്ടതിൽ വെച്ച് ഏറ്റവും ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ ഒന്നായിരുന്നു ഇന്നലെത്തേത്.

ബോസ്റ്റണിൽ നിന്ന് താമസം മാറി വന്ന ഒരു മുസ്ലീം പരിചയക്കാരിയുമായി സംസാരിക്കുകയായിരുന്നു ഇന്നലെ രാത്രി. നമുക്ക് അവളെ റാണ എന്ന് വിളിക്കാം.

ബോസ്റ്റണിലെ ഒരു പഴയ മൂന്ന് നില കെട്ടിടത്തിലാണ് അവൾ താമസിച്ചിരുന്നത്. കൂടെ 30 വയസ്സുള്ള ഒരു സ്ത്രീ, 38 വയസ്സുള്ള ഒരു പുരുഷനും 72 വയസ്സുള്ള വേറൊരു സ്ത്രീയുമാണ് അവിടത്തെ മറ്റു താമസക്കാർ. രണ്ടാം നിലയിലാണ് എല്ലാവര്ക്കും കൂടിയുള്ള പൊതു അടുക്കളയും കുളിമുറിയും.

38-കാരൻ കഴിഞ്ഞ പത്തുവർഷത്തോളമായി Trader Joe’s ഗ്രോസറിയിലാണ് ജോലി ചെയ്യുന്നത്. ആരോടും അടുക്കാത്ത പ്രകൃതം. കുട്ടിക്കാലത്തെ ചില പീഡനങ്ങളുടെ ആഘാതം കാരണം അയാൾക്ക് ആരുമായും ബന്ധം സ്ഥാപിക്കാൻ കഴിയാറില്ല.

30-കാരിയായ സ്ത്രീ രണ്ടിടത്താണ് ജോലി ചെയ്യുന്നത്, വളരെ വൈകിയേ വീട്ടിലെത്തൂ, പലപ്പോഴും വരാറുമില്ല.

72-കാരി സൂസൻ താമസിക്കുന്നത് കൂട്ടത്തിൽ ഏറ്റവും സൗകര്യമുള്ള മൂന്നാം നിലയിലാണ്. പക്ഷേ കുളിമുറിയും അടുക്കളയും രണ്ടാം നിലയിലാണ്. കടുത്ത സ്കോളിയോസിസ് ഉള്ളതിനാൽ സൂസൻ്റെ പുറം വളഞ്ഞ് കൂനിയിട്ടുണ്ട്. പേശികളെല്ലാം ദുർബലമാണ്. വളരെ പ്രയാസപ്പെട്ട് ഒരു ചൂരലും കുത്തിപ്പിടിച്ചാണ് നടക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് പടികൾ കയറുന്നതും ഇറങ്ങുന്നതും.

സൂസൻ്റെ യഥാർത്ഥ ആരോഗ്യപ്രശ്നങ്ങൾ ഇതിലും ഭീകരമാണ്. അവർക്ക് മൂത്രസഞ്ചി പ്രശ്നങ്ങളും Urinary incontinence ഉണ്ട്. ഇടക്കിടെ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനുകൾ ബാധിക്കും. അടുത്തിടെ കടുത്ത അണുബാധ കാരണം മൂന്ന് ദിവസം ആശുപത്രിയിലായിരുന്നു.

ഈ ആരോഗ്യപ്രശ്നങ്ങളും ബാത്ത്റൂമിലേക്ക് നടന്ന് ഇറങ്ങിവരുന്നത് വരെ പിടിച്ച് നിൽക്കാൻ കഴിയാത്തതിനാലും ഒരു താൽക്കാലിക ചേമ്പർ പോട്ടാണ് ടോയ്‌ലറ്റായി ഉപയോഗിച്ചിരുന്നത്.

ഈ പാത്രം എന്നും ടോയ്‌ലറ്റിൽ കൊണ്ട് വന്ന് കളയണം. കഠിനമായ സ്കോളിയോസിസും തീരെ പേശീബലവും ഇല്ലാത്തെ 72 വയസ്സുള്ള ഒരു സ്ത്രീക്ക് എങ്ങനെയാണ് ഒരു കൈയ്യിൽ ചൂരലും മറു കൈയിൽ മൂത്രം നിറച്ച പാത്രവും പിടിച്ച് പടികളിറങ്ങി വരാൻ കഴിയുക. എന്നും മൂത്രം എല്ലായിടത്തും പോകും, വസ്ത്രത്തിൽ, പടികളിൽ, രണ്ടാം നിലയിൽ. ഒടുവിൽ ബാത്ത്റൂമിൽ എത്തി ബാക്കിയുള്ളത് ഒഴിച്ചാലും കൃത്യമായി ക്ളോസറ്റിലേക്ക് വീഴാറില്ല. അത് ടൈലുകളിലും ഫ്ലോർ മാറ്റുകളിലുമൊക്കെ ചിതറിപ്പോകും.

വീട് മൊത്തം മൂത്രത്തിൻ്റെ ദുർഗന്ധമാകാൻ തുടങ്ങി. മുൻവാതിൽ വരെ എത്തി, ഒരാൾ വീടിന്റെ വാതിൽ തുറന്നാൽ മൂത്രത്തിന്റെ അസഹനീയമായ ഗന്ധം വീശിയടിക്കും. പ്രായക്കൂടുതൽ കാരണം സൂസന് അതിന്റെയൊന്നും ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

റാണ അവിടെ താമസിക്കുമ്പോൾ മിക്കവാറും എല്ലാ ദിവസവും ബാത്ത്റൂം വൃത്തിയാക്കും. ആഴ്ചതോറും അലക്കുശാലയിലേക്ക് ബാത്ത്റൂം മാറ്റുകൾ കൊണ്ട് പോകും. ഇടക്ക് സൂസന്റെ ബെഡ് ഷീറ്റുകളും എടുക്കും.

കേട്ടതോന്നും വിശ്വസിക്കനാകാതെ അസ്വസ്ഥയായി മനസ്സിൽ വന്ന ആദ്യ ചോദ്യം ഞാൻ റാണയോട് ചോദിച്ചു:

“സൂസന്റെ കുട്ടികളും ഭർത്താവും എവിടെയാണ്?”

“അത് ശരിക്കും മറ്റൊരു ഭ്രാന്തൻ കഥയാണ്! നിങ്ങൾ വിശ്വസിക്കില്ല.”

സൂസൻ ഏഴ് വർഷത്തോളം വിവാഹിതയായിരുന്നു, കുറേ കാലം മുൻപാണത്. പിന്നീടാണ് അവരുടെ ഭർത്താവ് സ്വവർഗ്ഗാനുരാഗി ആണെന്നറിഞ്ഞത്. ആ ബന്ധം വേർപെടുത്തി. പിന്നെ വിവാഹം കഴിച്ചിട്ടില്ല. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. “

പിന്നെ ഇത്രയും കാലം ജീവിതത്തിൽ എന്തു ചെയ്യുകയായിരുന്നു സൂസൻ?

അവൾ പഠിച്ചു, ഒന്നിലധികം ബിരുദങ്ങൾ നേടി. ജോലി ചെയ്തു. അവളുടെ ഊർജ്ജവും ശ്രദ്ധയും പ്രൊഫഷണൽ ജീവിതത്തിൽ കേന്ദ്രീകരിച്ചു. വർഷങ്ങളോളം ബോസ്റ്റണിലെ ഒരു വലിയ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത നഴ്സ് ആയിരുന്നു. പിന്നെ മനശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്തു. സ്വന്തമായി പ്രാക്ടീസ് തുടങ്ങി, ധാരാളം രസകരമായ രോഗികളെ കണ്ടു. ഇതായിരുന്നു അവരുടെ ജീവിതം. അതുവരെ അത് രസകരമായിരുന്നു.

പ്രായം കൂടിക്കൂടി വന്നു, അതിനനുസരിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. ആദ്യം നേരിയ സ്കോളിയോസിസ് ആയിരുന്നു, കാലക്രമേണ കൂടുതൽ വഷളായി. നന്നായി പുകവലിക്കുമായിരുന്നു സൂസൻ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി. തുടർന്ന് UTI- യും അസന്തുലിതാവസ്ഥയും പ്രത്യക്ഷപ്പെട്ടു. പിന്നീട് എല്ലാം കൂടുതൽ വഷളായി. ഇപ്പൊ ഇങ്ങനെ ഒരു കൈയിൽ ചൂരലും മറുകയ്യിൽ മൂത്രം നിറച്ച പാത്രവുമായി കൂനിക്കൂടി നടന്ന് ദേഹമാകെ മൂത്രമായി കക്കൂസിൽ കൊണ്ട് പോയി കളയേണ്ട ദാരുണമായ അവസ്ഥയിൽ ജീവിക്കുന്നു.

കുറച്ചു നേരം ഒന്നും സംസാരിക്കാൻ കഴിയാതെ സ്തബ്ധയായി നിന്നു ഞാൻ.

കുറച്ച് കഴിഞ്ഞ് ഞാൻ പറഞ്ഞു “അവർക്ക് ഒരു നേഴ്സ് വേണം. അവരെ പരിചരിക്കാൻ ആരെങ്കിലും വേണം. അവർക്ക് ഇങ്ങനെ ഒറ്റക്ക് ജീവിക്കാൻ കഴിയില്ല! ഏതെങ്കിലും നഴ്സിംഗ് ഹോമുകളോ അസ്സിസ്റ്റഡ് ലിവിങ് സെന്ററിലോ അന്വേഷിച്ചിരുന്നോ?”

റാണ തലയാട്ടി. “അവർക്കത് ഭയമാണ്. സർക്കാർ നഴ്സിംഗ് ഹോമുകൾ നോക്കുന്നുണ്ടെന്ന് എന്നോട് പല തവണ പറഞ്ഞിരുന്നു. പക്ഷേ അവരുടെ സമീപനം സൂസനെ അസ്വസ്ഥയാക്കി. തികച്ചും പുതിയ ഒരിടത്ത് പോയി ഒരു പരിചയവുമില്ലാത്ത വാടകക്കാരുടെ പരിചരണത്തിൽ കഴിയുക പ്രയാസമാണ്. സർക്കാർ അനാഥാലയത്തിലേക്ക് സ്വയം സമർപ്പിക്കുന്നത് പോലെയാണത്.”

അതെ, ഗവൺമെന്റിൽ നിന്ന് പരിചരണം ലഭിക്കുന്നതിനെ സൂസൻ ഭയപ്പെടുന്നതിൽ കാര്യമുണ്ട്. തണുത്ത് മരവിച്ച, പേരോ മുഖമോ ഇല്ലാത്ത അധികാര കേന്ദ്രങ്ങൾക്ക് അവർ കേവലം ഒരു നമ്പറോ കോഡോ മാത്രമായിരിക്കും.

ഡേറ്റിംഗ് നടത്താൻ ആഗ്രഹമുണ്ടെന്ന് സൂസൻ ഒരിക്കൽ റാണയോട് തുറന്ന് പറഞ്ഞിരുന്നു. “എന്നെ പരിപാലിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ എന്റെ ഈ പ്രായത്തിൽ എന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ആരാണ് എന്നെ കൊണ്ടുപോകുന്നത്?? എനിക്ക് ഒരാളെ വേണമെന്ന് തോന്നാനുള്ള മുഴുവൻ കാരണവും എന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളുമാണ് !!”

എഴുപത്തി രണ്ടാം വയസ്സിൽ ഡേറ്റിംഗ്!

മറ്റൊരു ദിവസം, സൂസൻ പറഞ്ഞു, “ചിലപ്പോൾ ഞാൻ പ്രാർത്ഥിക്കാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ എങ്ങനെ ആരോടാണ് പ്രാർത്ഥിക്കേണ്ടത് എന്നെനിക്കറിയില്ല.”

അമ്പരപ്പോടെ ഞാൻ ചോദിച്ചു, “സൂസൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത്? നിങ്ങൾ താമസം മാറി, ആരാണ് ഇനി അവരെ സഹായിക്കാനുള്ളത്?”

“എനിക്കറിയില്ല,” റാണ സങ്കടത്തോടെ സമ്മതിച്ചു. “ഞാൻ ഭക്ഷണമുണ്ടാക്കി അവരെ എന്നോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കാറുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ, അവർക്ക് പെട്ടെന്ന് എഗ്ഗ്-ചീസ് സാൻഡ്വിച്ച് ഉണ്ടാക്കി കൊടുക്കും. പലപ്പോഴും അവർ മരുന്ന് കഴിക്കാൻ മറക്കും, ചിലപ്പോഴൊക്കെ ഞാൻ എടുത്ത് കൊടുക്കും. മരുന്നുകൾ തീർന്നുപോകുമ്പോൾ ഞാൻ അവ വാങ്ങി വെക്കും. ഒരു ദിവസം ഒരു സ്റ്റൂൾ സാമ്പിൾ ഡോക്ടർക്ക് മെയിൽ ചെയ്യേണ്ടി വന്നു, ഞാനാണത് പോസ്റ്റ് ഓഫീസിൽ കൊണ്ട് പോയി അയച്ചത്

മറ്റാരും അവരെ അങ്ങനെ സഹായിക്കില്ല. അവരൊക്കെ നല്ലവർ തന്നെയാണ്, പക്ഷേ അവരുടെതായ ചെറിയ ലോകത്ത് കുടുങ്ങിപ്പോയവരാണ്. സൂസനെയും അവർക്ക് എന്താണ് വേണ്ടതെന്ന് ശ്രദ്ധിക്കാൻ ആരും നിൽക്കാറില്ല, അവർക്കതിന് സമയവുമില്ല “.

“ഗന്ധവും മറ്റു പ്രശ്നങ്ങളും എന്ത് ചെയ്യും? അവർക്ക് മൂത്രത്തിന്റെ ദുർഗന്ധം പ്രശ്നമായിരുന്നില്ലേ? എന്തുകൊണ്ടാണ് അവരാരും അത് വൃത്തിയാക്കാൻ ശ്രമിക്കാത്തത്, അല്ലെങ്കിൽ അതിനെക്കുറിച്ച് ഒന്നും പറയുകയും ചെയ്തില്ലേ?”

“ഓരോരുത്തരും അവരുടേതായ ചെറിയ പ്രപഞ്ചത്തിനകത്താണ് ജീവിക്കുന്നത്. ട്രേഡർ ജോയിലോ വാൾഗ്രീനിലോ ജോലി, ചൈനീസ് ടെക്ഔട് അല്ലങ്കിൽ ഫോണിൽ തന്നെ ഓർഡർ ചെയ്യുന്ന ഭക്ഷണം പിന്നെ അവരുടെ ഫോൺ, നെറ്റ്ഫ്ലിക്സ്, പ്രൈം, ടീവി സീരീസുകൾ. വാതിൽ അടച്ച് അവരുടെ ചെറിയ മുറിയിലെ കിടക്കയിൽ തണുത്ത് മരവിച്ച് കിടക്കുന്നു. അത്രയേയുള്ളൂ. ഒരു ഏകാന്തത, സ്വയം അടിച്ചേൽപ്പിച്ച തടവ്. സൂസനെ ശ്രദ്ധിക്കാനുള്ള സമയമോ ഊർജ്ജമോ ശ്രദ്ധയോ ആർക്കും ഇല്ല, മൂത്രത്തിന്റെ ഗന്ധമുണ്ടായാലും ഇല്ലെങ്കിലും.

ഒരു രക്ത ബന്ധവുമില്ലാത്ത, ഒരേ വീട്ടിൽ, ഒരു മേൽക്കൂരക്ക് കീഴിൽ താമസിക്കുന്ന നാല് മനുഷ്യർ, സാഹചര്യങ്ങളലാൽ എടുത്തെറിയപെട്ടവർ. ഓരോരുത്തരും അവരവരുടെ വ്യക്തിപരമായ ദൈനംദിന ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുന്നു, തീർത്തും ഒറ്റപ്പെട്ടും അവഗണിച്ചും അവഗണിക്കപ്പെട്ടും ജീവിച്ചു തീർക്കുന്നു. താൽക്കാലിക ആനന്ദം കണ്ടെത്താൻ കഴിയുന്നതെല്ലാം പിന്തുടരുന്നു, ബിയർ ക്യാനിന്റെ അടിയിലെ അവസാനത്തെ തുള്ളിയിൽ, വാരാന്ത്യങ്ങളിൽ ക്ലബ്ബുകളിൽ, ഗെയിമുകളിൽ, ഹോളിവുഡ് സിനിമയിൽ, ഒരു നെറ്റ്ഫ്ലിക്സ് സ്പെഷ്യൽ, അല്ലെങ്കിൽ മനസ്സിനെ മരവിപ്പിക്കുന്ന മറ്റ് മരുന്നുകൾ. താൽക്കാലിക ആനന്ദം നൽകുന്ന എന്തും. യാഥാർത്ഥ്യത്തെ കുറിച്ചുള്ള ധാരണ മാറ്റുന്ന എന്തും. ഏകാന്തതയുടെ വേദന മങ്ങുന്ന, നിരാശയിൽ നിന്ന് കരകയറ്റുന്ന എന്തും. ശൂന്യതയ്ക്ക് താൽക്കാലിക അർത്ഥം ചേർക്കുന്ന എന്തും…

എഴുപതുകളിൽ ജീവിക്കുന്ന ഒരു വൃദ്ധ, തിരിച്ചു നടക്കാൻ കഴിയാത്ത വിധം വൈകിപ്പോയ, കുടുംബമോ ഭർത്താവോ കുട്ടികളോ ഇല്ലാതെ, വാടകവീട്ടിൽ മുഴുവൻ മൂത്രമൊഴിച്ചുകൊണ്ട്, തികഞ്ഞ അപരിചിതർക്കൊപ്പം, അവളുടെ വേദനകളോടെ, ദയയുള്ള ഒരു അപരിചിതയുടെ സഹായത്തെ ആശ്രയിക്കാൻ നിർബന്ധിതയായി ജീവിക്കുന്നു. അവരുടെ ദീർഘകാല നഴ്സിംഗ് കരിയറോ പിഎച്ച്ഡിയോ വാർദ്ധക്യ നിരാശയിൽ ഉപയോഗശൂന്യമാണ്. എത്ര ഹൃദയഭേദകം!

ഇതാണ് ആധുനികത! പുരോഗമനം! സ്വാതന്ത്ര്യം! ശാക്തീകരണം! വിമോചനം! മാനവികത! എൻലൈറ്റ്മെന്റ്!.

വിവാഹവും കുടുംബവും കുട്ടികളും പ്രതിബന്ധമാണെന്ന് വിശ്വസിപ്പിച്ചവർ. അതിൽ നിന്നുള്ള മോചനം സ്വാതന്ത്ര്യമെന്ന് വിശ്വസിപ്പിച്ചവർ. മനുഷ്യരാശിയുടെ പുതു തലമുറകളെ വാർത്തെടുക്കുന്നത് ദൗര്‍ബ്ബല്യമാണെന്ന് വിശ്വസിപ്പിച്ചവർ. കരിയറിന് വേണ്ടി അബോർഷൻ ചെയ്യുന്നത് അവകാശമെന്ന് വിശ്വസിപ്പിച്ചവർ! പണത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്നതിനേക്കാൾ എന്ത് പോരോഗമനമാണ് അതിലുള്ളത്? സ്വതന്ത്ര ലൈംഗിതയും, ലിംഗമാറ്റവും സ്വവർഗ്ഗരതിയും അവകാശമെന്ന് പഠിപ്പിച്ചവർ!

അമേരിക്കയിലെ വിവാഹം കഴിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. 1000 ആളുകളിൽ വെറും 6.1 പേര് മാത്രമാണ് വിവാഹം കഴിക്കുന്നത്. അതിൽ 50 ശതമാനവും വിവാഹമോചനത്തിൽ കാലശിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികകളിൽ മൂന്നിലൊന്നും സിംഗിൾ പേരന്റ് ആണ്. ഏകദേശം 19 million കുട്ടികൾ! പലർക്കും സ്വന്തം അച്ചനാരാണെന്ന് പോലും അറിയില്ല., വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിലുണ്ടായതാണ് അധികവും. സ്വന്തം തന്തയാരാണെന്ന് അറിയാനുള്ള അവകാശം മനുഷ്യാവകാശത്തിൻ്റെ പരിധിയിൽ വരില്ലായിരിക്കും! ആ കുട്ടികളുടെ ദുരന്തങ്ങൾ വേറെ തന്നെ പറയണം.

എന്നിട്ടെന്താണ് നേടുന്നത്? ആരോഗ്യവും സമയവും മുഴുവൻ ഏതങ്കിലും മുതലാളിക്ക് വേണ്ടി ചിലവഴിക്കും. അവർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭത്തിൽ നിന്ന് ചെറിയ ശതമാനം ശമ്പളമായി തരും. കിട്ടുന്നത് ഇപ്പുറത്ത് കൊടുത്ത് അതേ മുതലാളിമാർ മാർക്കറ്റ് ചെയ്ത് വിൽപ്പനക്ക് വെച്ചിരിക്കുന്ന സന്തോഷവും ആനന്ദവും വാങ്ങും! ആരോഗ്യവും ആയുസ്സും നശിക്കുമ്പോൾ ഏതെങ്കിലും നഴ്സിങ് ഹോമിൽ എരിഞ്ഞടങ്ങും. ഇങ്ങനെ ഏകാന്ത മരണം വരിച്ച്, ദിവസങ്ങളും ആഴ്ച്കളും പുഴുവരിച്ച് കിടന്ന മൃതദേഹങ്ങൾ ക്ലീൻ ചെയ്യുന്നതും പുതിയ ബിസ്നസ് സംരംഭങ്ങളാണ് പല വികസിത രാജ്യങ്ങളിലും.

പുരുഷനെയും സ്ത്രീയെയും പരസ്പരം മത്സരിക്കുന്ന ശത്രുക്കളാക്കി, സാമൂഹിക നൂൽബന്ധങ്ങളെ അറുത്തു മാറ്റി, എല്ലാ സംഘടിത വിലപേശൽ ശേഷിയും ഊറ്റിക്കളഞ്ഞ ശേഷം മനുഷ്യനെ ഒരു ഒറ്റത്തടി പ്രോഡക്ട് ആക്കി മാറ്റുന്ന ലിബറൽ ലോക വീക്ഷണം. മനുഷ്യരാശിയുടെ ദുരന്തം!!!

എനിക്ക് കരയാൻ തോന്നി, അല്ലാഹുവിന്റെ മുന്നിൽ സുജൂദിൽ വീഴാൻ ആഗ്രഹിച്ചു, ഇന്നലെ രാത്രി സമാനതകളില്ലാത്ത ഒരു ദുരന്തം ഞാൻ കേട്ടിരിക്കുന്നു.

അൽഹംദുലില്ലാഹ്! അല്ലാഹുവിന് സ്തുതി ആയിരം തവണ. ഇസ്ലാം നൽകിയതിന്, മുസ്ലിമായി ജീവിക്കാൻ കഴിഞ്ഞതിൽ!.

ദീനിൽ കെട്ടിപ്പടുത്ത അനുഗ്രഹങ്ങളുടെ ഒരു നീണ്ട പട്ടിക എന്റെ മനസ്സിലൂടെ ഒഴുകിക്കൊണ്ടിരുന്നു. കാലാതീതമായ ജ്ഞാനങ്ങളാണ് പാവപ്പെട്ട സൂസന്റെ വിധിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ സഹായിക്കുന്ന കൃത്യമായ സംവിധാനങ്ങൾ. മനുഷ്യൻ്റെ ഭൗതിക ആസക്തികളെ നിന്ദ്യമായി കാണുകയോ, ശരീരത്തിൻ്റെ തടവറയിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള അഭ്യാസമോ അല്ല ഇസ്ലാം. ആത്മീയ ചിന്തകൾക്കപ്പുറം പദാർത്ഥ ലോകത്തിൻ്റെ അസ്തിത്വത്തെയും പ്രാധാന്യത്തേയും ഇസ്ലാം ഉൾക്കൊള്ളുന്നുണ്ട്. ചോദനകളെ സംഹരിക്കുകയല്ല, സംസ്കരിക്കുകയാണ് ഇസ്ലാം. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ നിരാകരണമോ ഉദാര ഉട്ടോപ്യൻ വ്യക്തി സ്വാതന്ത്ര്യമോ അല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും കുടുംബ ബന്ധങ്ങളുടെയും സാമൂഹിക ഘടനയുടെയും പ്രായോഗിക സന്തുലനമാണ് ഇസ്ലാം.

നമുക്ക് എന്താണ് വേണ്ടതെന്നും ഏതാണ് നല്ലതെന്നും സൃഷ്ടിയുടെ അകവും പുറവുമറിയുന്ന സ്രഷ്ടാവിനേക്കാൾ നന്നായി മറ്റാർക്കാണ് പറയാൻ കഴിയുക.

ലോകത്തിന് കാരുണ്യമായിട്ടല്ലാതെ പ്രവാചകനെ നാം അയച്ചിട്ടില്ല (ഖുർആൻ 21:107)
സ്വല്ലല്ലാഹു അലൈഹി വസല്ലം 💖💖💖

– Based on an FB post of Umm Khalid വിത്ത് സ്വല്പം മോഡിഫിക്കേഷൻ.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected