തൻ്റെ ചിന്തകളിലുടനീളം ദ്വന്ദ്വാത്മകതയെ പോറ്റിയ ഇസ്ലാമിക ചിന്തകനാണ് മുൻ ബോസ്‌നിയൻ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്. Islam Between East and West എന്ന പുസ്തകത്തിൽ പടിഞ്ഞാറ് ഭൗതിക വാദത്തെയും ഭൗതികാസക്തിയേയും, കിഴക്ക് ആശയവാദത്തെയും ആധ്യാത്മികതയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിനെ രണ്ടിനെയും തള്ളി രണ്ടിൻ്റെയും മധ്യത്തിലാണ് ഇസ്ലാമിനെ പ്രതിഷ്ഠിക്കുന്നത്. Islamic Declaration എന്ന പുസ്തകത്തിൽ ഇസ്ലമിനകത്തും രണ്ട് ദ്വന്ദ്വങ്ങളെ നിരീക്ഷിക്കുന്നുണ്ട് ഇസ്സത്ത് ബെഗോവിച്. ഒന്ന് ഇസ്ലാമിൻ്റെ മൂല്യ വ്യവസ്ഥയെ തള്ളി ആധുനികതക്കനുസരിച്ച് നവീകരിക്കുന്ന പുരോഗമനവാദികളൂം രണ്ട് മൂല്യങ്ങളെല്ലാം ചോർന്നുപോയ ചട്ടക്കൂട് മാത്രം നിലനിർത്തുന്ന മറ്റൊരു വിഭാഗവും. ഇന്ന് ഏറക്കുറെ മുസ്ലിംകളെല്ലാം ഈ രണ്ടിലൊന്നായി മാറിയിട്ടുണ്ട്. എന്നാൽ രണ്ടിനെയും തള്ളിക്കളയുന്നുണ്ട് ഗ്രന്ഥകാരൻ.
എആർ റഹ്മാനോട് ഒരഭിമുഖത്തിൽ സമി യൂസഫ് ചോദിക്കുന്നുണ്ട്, ഓസ്‌കാറും ഗ്രാമിയും ഗോൾഡൻ ഗ്ലോബുമടക്കം വിജയത്തിന്റെയും പ്രശസ്തിയുടെയും എല്ലാ കൊടുമുടികളും താണ്ടിയിട്ടും സാധാരണക്കാരേക്കാൾ വിനയവും എളിമയും സാധ്യമാകുന്നതിൻ്റെ രഹസ്യമെന്താണെന്ന്. അതിന് റഹ്മാൻ്റെ മറുപടി അഞ്ചു നേരത്തെ നിസ്കാരം തന്നെ സഹായിക്കുന്നുണ്ടെന്നായിരുന്നു. നിസ്കാരം എങ്ങനെയാണ് ഒരാളിൽ എളിമയും വിനയവും ഉണ്ടാക്കുന്നതെന്ന് ജബ്രകളെ പോലെ തന്നെ എനിക്കും പിടികിട്ടാത്ത കാര്യമായിരുന്നു. കാരണം എൻ്റെ കയ്യിൽ ആ ചട്ടക്കൂട് മാത്രമേ ഉണ്ടായിരുന്നൊള്ളു. എല്ലാ ഭൗതിക ചിന്തകളും ഇറക്കി വെച്ച്, പണക്കരാനെന്നോ പാവപ്പെട്ടവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വ്യതാസമില്ലാതെ തുല്യരായി ദൈവസന്നിധിയിലെ ആത്മ സമർപ്പണമാണ് നിസ്കാരമെന്ന അടിസ്ഥാന മൂല്യം പോലും എൻ്റെ കയ്യിലുണ്ടായിരുന്നില്ല. ഇസ്ലാമിലെ എല്ലാ മൂല്യങ്ങളുടെയും സംസ്ഥാപനമാണ് നിസ്കാരം, പക്ഷേ അഞ്ചു നേരം നിസ്കരിക്കുന്ന എത്ര പേരിൽ ഈ മൂല്യങ്ങളൊക്കെ ഉണ്ടെന്നതാണ് പ്രശ്‌നം.
സത്യത്തിൽ ഞാനെന്താ പറയാൻ വന്നത്.. ആ താലിബാൻ! മാധ്യമങ്ങളിൽ വരുന്ന അപസർപ്പക കഥകളൂം, ഫോബിയയും ലിബറൽ കാപട്യങ്ങളും മാറ്റിവെച്ചാലും, പഴയ താലിബാൻ മൂല്യങ്ങൾ ചോർന്നു പോയ ചട്ടക്കൂട് മാത്രമായിരുന്നു. കട്ടവൻ്റെ കൈവെട്ടണമെന്നത് ഒരു പൊതു ചട്ടക്കൂടാണ്. എന്നാൽ കട്ടത് കൂലിതരാതെ പട്ടിണിക്കിട്ടത് കൊണ്ടാണെന്നു പറഞ്ഞപ്പോൾ പരാതിക്കാരനെ തന്നെ ശിക്ഷിച്ചത് മൂല്യമാണ്. ദാരിദ്യം കൊണ്ടാണ് മോഷിടിച്ചതെങ്കിൽ വെട്ടുക ഭരണാധികാരിയുടെ കൈയ്യായിരിക്കും എന്ന് ഖലീഫ ഉമറിനെക്കൊണ്ട് പറയിച്ചതും മൂല്യമാണ്. ആധുനിക ലോകക്രമത്തിൽ ഭരണഘൂടത്തിന് അങ്ങനയൊരു ബാധ്യതയും മൂല്യവും ഉണ്ടോന്നറിയില്ല. ജനങ്ങൾക്ക് സുരക്ഷിച്ചുതരായി, വിശപ്പില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാത്ത ഭരണകൂടത്തിന് ഈ നിയമങ്ങളൊന്നും നടപ്പിലാക്കാൻ യോഗ്യതയില്ല. ഇസ്ലാം ചട്ടക്കൂടിന് പ്രാധാന്യം നൽകുന്നത് മൂല്യങ്ങൾട്ട് സംരക്ഷണത്തിന് വേണ്ടിയാണ്. നിയമങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളല്ല. മൂല്യങ്ങൾ ചോർന്നു പോയാൽ വരണ്ടുണങ്ങിയ ഒരു ചട്ടക്കൂട് മാത്രമായി മാറും ഇസ്ലാം.
താലിബാൻ്റെ രണ്ടാമത്തെ പ്രശ്‌നം, ഇത് താലിബാന്റെ മാത്രം പ്രശ്നമല്ല, എല്ലാ മതങ്ങളുടെയും സ്വഭാവമാണ്. ഒരു സമൂഹം ഒരു മതത്തെ സ്വീകരിക്കുമ്പോൾ, അവിടെ നിലനിൽക്കുന്ന പല സംസ്ക്കാരങ്ങളെയും ആചാരങ്ങളെയും കൂടെ കൂട്ടും. ചിലതിനെ മതവത്കരിക്കും, ചിലതിന് മതഗ്രന്ഥങ്ങളിൽ ന്യായീകരണം കണ്ടെത്തും. മാപ്പിളമാർക്കിടയിലുള്ള ഒപ്പനയും കോൽക്കളിയും മാപ്പിളപ്പാട്ടും ഇസ്ലാമിൽ നിന്ന് വന്നതല്ല. അത് ഇവിടെ നിലവിലുള്ളവ രൂപാന്തരം പ്രാപിച്ച് കൂടെക്കൂടിയതാകാനേ വഴിയോള്ളൂ. നമ്മുടെ ഖുർആൻ പാരായണ ശൈലിയിലും കാണാം സാംസ്കാരികമായ സ്വാധീനം. അറബികളുടെ പാരായണ ശൈലിയല്ലത്. മാർഗ്ഗംകളിയും കുരുത്തോലേയേന്തിയുള്ള പദയാത്രയും പാശ്ചാത്യ ക്രൈസ്തവർ കണ്ടാൽ വായും പൊളിച്ച് നോക്കി നിൽക്കും. പെട്ടന്ന് മനസിലാകനാണ് ഇത്തരം ഉദാഹരണങ്ങൾ പറഞ്ഞത്. സൂക്ഷ്മമായി നോക്കിയാൽ വിവാഹം, പ്രസവം തുടങ്ങിയ സകല ജീവിത വ്യവഹരങ്ങളിലും കാണാം ചില സാംസ്‌കാരിക കൂടിക്കലർച്ചകൾ. ചിലത് നിരുപദ്രവമായിരിക്കും, ചിലത് മതമൂല്യങ്ങൾക്ക് ചെറിയ മാറ്റം വരുത്തും. മഹറിൻ്റെ ഇസ്ലാമിക താല്പര്യത്തെ കേരളീയ മുസ്ലികൾ ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാത്ത പോലെ തോന്നാറുണ്ട്. പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹാറായി കൊടുക്കേണ്ടത്. പക്ഷേ അങ്ങനെ എനിക്കിതാണ് മഹാറായി വേണ്ടത് എന്ന ആവശ്യപ്പെടൽ അപൂർവമായേ കാണാറൊള്ളു. കൂടുതലും കൊടുക്കാൻ കഴിയുന്നത് ആണ് പറയലും പെണ്ണ് സമ്മതമറിയിക്കലുമാണ്, കർമശാസ്ത്രപരമായി അതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിൻ്റെ കൂടെ ഒരു അലിഖിത മാമൂലുമുണ്ട്. അഞ്ച് പാവനാണ് മഹറെങ്കിൽ, 50 പവൻ സ്ത്രീധനമായി കൊടുക്കണം. ഇപ്പൊ അതിൽ കുറേ മാറ്റങ്ങളുണ്ട് എങ്കിലും. പ്രവാചക കാലത്ത് മഹർ നല്കാൻ സാമ്പത്തികമില്ലാതെ കല്യാണം കഴിക്കാൻ കഴിയാതിരുന്നത് പുരുഷന്മാർക്കായിരുന്നു. സ്ത്രീകൾ ഭീമമായ മഹർ ആവശ്യപ്പെടുന്നത് കാരണം പാവപ്പെട്ടവർക്ക് കല്യാണം കഴിക്കാൻ കഴിയുന്നില്ലെന്ന് ഖലീഫ ഉമറിനോട് പരാതി പറഞ്ഞതും പുരുഷന്മാരാണ്, കല്യാണം കഴിക്കാൻ സാമ്പത്തികമായി സഹായിച്ചിരുന്നതും പുരുഷന്മാരെയാണ്. പക്ഷേ കേരളത്തിൽ ഇതൊക്കെ ഇപ്പോഴും നേരെ തിരിച്ചാണ്. അതിസ്‌ലാമിൻറെ പ്രശനമല്ല. ഇവിടത്തെ സാംസ്‌കാരിക സ്വാധീനമാണ്.
അഫ്ഘാനികൾക്കിടയിലുമുണ്ട് ഇത്തരം ഗോത്രീയ സംസ്കാകാരങ്ങൾ. അഫ്ഘാനെന്ന് പറഞ്ഞു നമ്മൾ കണ്ടതധികവും കാബൂൾ മാത്രമാണ്. അതിനുള്ളിലേക്ക് പോയാൽ നിരവധി കൊച്ചു അഫ്ഘാനിസ്ഥാനുകൾ കാണാം. 75% ശതമാനവും മലനിരകളാണ്. അതിന്റെ താഴ്വരകളിൽ വ്യത്യസ്ത സംസ്കാരവും ഭാഷയുമൊക്കെയുള്ള വിഘടിച്ച് കിടക്കുന്ന നാടോടികളെയും ഗോത്ര സമൂഹങ്ങളെയും കാണാം. ലോകത്തെ മൂന്ന് വൻ ശക്തികൾ കീഴടക്കാൻ ശ്രമിച്ച് പരാജയപ്പെത്തിൻ്റെ രണ്ട് കാരണങ്ങൾ, അതിൻറെ ഭൂപ്രകൃതിയും അവരുടെ ഗോത്രീയതയുമാണ്. ലിബറലിസമൊന്നും അവിടെ ചിലവാകില്ല.
ഇസ്ലാമിക നാഗരികത പുഷ്‌ടിപ്പെട്ട പഴയ ബാഗ്ദാദ് പോലെയുള്ള ഒരു വൈജ്ഞാനിക കേന്ദ്രമൊന്നുമല്ല അഫ്ഘാൻ. അത് കൊണ്ട് കാത്തിരുന്ന് കാണണം, പുതിയ താലിബാനിൽ ഗോത്രീയയെത്ര ഇസ്‌ലാമെത്ര, മൂല്യങ്ങളെത്ര ചട്ടക്കൂടെത്ര എന്നൊക്കെ. അത് കഴിഞ്ഞു സാവധാനം മാപ്പ് പറയാം. മാത്രമല്ല, രോഹിൻഗ്യകളെ വംശഹത്യ ചെയ്ത് തോക്കിൻ കുഴലിലൂടെ ജനാധിപത്യം അട്ടിമറിച്ച മ്യാന്മാറിനെതിരെയുള്ള എൻ്റെ അപലപനം ഇപ്പോഴും പെൻഡിങ്ങാണ്. അതൊക്കെ കഴിഞ്ഞു സാവധാനം അപലപിക്കാം.
ഒന്നുകിൽ അമേരിക്കൻ അധിനിവേശവും ലിബറലിസവും, അല്ലങ്കിൽ താലിബാൻ വിസ്മയം എന്ന ബൈനറി ഒരു false dichotomyയാണ്. അതല്ലാതെയും ഓപ്‌ഷനുണ്ട്. താലിബാനിൽ വിസ്മയം കൊള്ളാതെ തന്നെ പാശ്ചാത്യ അധിനിവേശത്തെയും ലിബറൽ കാപട്യത്തെയും തലങ്ങും വിലങ്ങും വിമർശിക്കാനാണ് എൻ്റെ പ്ലാൻ, അതും നയാ പൈസ പാട്ടപ്പിരിവ് നടത്താതെ. അത് കൊണ്ട് എനിക്ക് സർട്ടിഫിക്കറ്റ് തരാനായി ആരും വരേണ്ടതില്ല.
രണ്ട് ലോക വൻ ശക്തികൾ ആക്രമിച്ച് നശിപ്പിച്ച ഒരു രാജ്യത്തെ, മൂന്നാമതൊരുത്തനും കൂടി വന്ന് 20 വർഷം ബോംബ് വർഷിച്ച് ലക്ഷണക്കണക്കിന് മനുഷ്യരെ കൊന്നു തള്ളി, ദശലക്ഷക്കണക്കിന് മനുഷ്യരെ അഭയാര്ഥികളാക്കി, കൂടെ നിന്നവരെപ്പോലും കൈയൊഴിഞ്ഞ് മൂടും തട്ടി പോകുന്ന നേരത്ത്, അവിടത്തെ പെണ്ണുങ്ങളുടെ പാവാടയെക്കുറിച്ചും കേരളത്തിലെ താലിബാൻ അനുഭാവത്തെക്കുറിച്ചും കണ്ണീരൊഴുക്കുന്ന പുരോഗമന മതരഹിത മാനവിക ലിബറൽ കാപട്യങ്ങളോട് പറയാനുള്ളത്, ഒരല്പം കണ്ണീര് ഇന്ത്യയിലെ പെണ്ണുങ്ങൾക്കും ദളിതർക്കും അന്യായമായി ജയിലിൽ കിടക്കുന്ന മനുഷ്യവകാശ പ്രവർത്തകർക്കും പശുവിന്റെ പേരിൽ തല്ലിക്കൊല്ലുന്ന മനുഷ്യർക്കും വേണ്ടി മാറ്റിവെക്കണം.