മനുഷ്യരുടെ ക്ഷേമവും സന്തോഷവുമാണ് ലക്ഷ്യമെന്ന അവകാശവാദവുമായി, നിലനിൽക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളെ പർവതീകരിച്ച് വൈകാരികമാക്കി, അതിനുള്ള പരിഹാരമായാണ് ലിബറൽ പുരോഗമന ആശയങ്ങളെല്ലാം സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്. പ്രശ്‌നത്തേക്കാൾ വലിയൊരു അപകടമായിരിക്കും ലിബറലുകൾ എപ്പോഴും പരിഹാരമായി മുന്നോട്ട് വെക്കുന്നത്. ഒന്നുകിൽ ലിബറൽ പരിഹാരത്തെ വരവേറ്റ് മനുഷ്യാവകാശത്തിൻ്റെയും വ്യക്തി സ്വാതന്ത്രത്തിൻ്റെയും പുരോഗമന പക്ഷത്ത് നിൽക്കുക. അതിനോട് വിയോജിച്ചാലോ, യഥാർത്ഥ പ്രശ്നങ്ങളെ കുറിച്ചോ ബദൽ പരിഹാരങ്ങളെ കുറിച്ചോ സംസാരിച്ചാൽ മനുഷ്യത്വ വിരുദ്ധ ചാപ്പയടിക്കുക എന്ന വ്യാജ ബൈനറികളിലാണ് സംവാദങ്ങളെല്ലാം നടക്കുന്നത്. അതിനാൽ തന്നെ ഇത്തരം വാദങ്ങൾക്ക് സമൂഹത്തിൽ ഏറിവരുന്ന സ്വീകാര്യതയിലോ, ഫെമിനിസ്റ്റ് LGBTQ ആശയങ്ങൾക്ക് വിശ്വാസികൾക്കിടയിൽ പോലും അനുഭാവമുണ്ടാകുന്നതിലോ അതിശയോക്തിയില്ല. മനുഷ്യർ ആശയങ്ങളെ ഉൾകൊള്ളുന്നതും നിലപാടുകൾ രൂപപ്പെടുത്തുന്നതും ആശയങ്ങളേക്കാളുപരി അവ അവതരിപ്പിക്കുന്ന രീതിയെയും സാഹചര്യങ്ങളേയും അടിസ്ഥാനമാക്കിയാണ്. ഒരു സർജറിക്ക് തയ്യാറായി നില്കുന്നയാളോട് 5% മരിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നതും 95% രക്ഷപ്പെടും എന്ന് പറയുന്നതും ഉണ്ടാക്കുന്ന വ്യത്യാസം ചെറുതല്ല. യഥാർത്ഥത്തിൽ പറയുന്നത് രണ്ടും ഒന്ന് തന്നെയാണ് താനും.
ഓരോരുത്തർക്കും ഇഷ്ടപെട്ട ജീവിതിരീതി തിരഞ്ഞെടുക്കാനും ആഗ്രഹങ്ങൾ സഫലീകരിക്കാനുമുള്ള അവകാശവും അവസരവുമുണ്ടാകുമ്പോഴാണ് സ്വാതന്ത്ര്യമുണ്ടാകുന്നത് എന്ന നിഗമനത്തിലാണ് വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ക്ഷേമവും സന്തോഷവും കൂടുമെന്നാണ് ലിബറൽ തത്വം രൂപപ്പെടുന്നത്. ഭൗതിക പ്രക്രിയകളിലൂടെ പരമാവധി ഡോപ്പാമിൻ ഉത്പാദിപ്പിക്കലാണ് സന്തോഷവും ജീവിതലക്ഷ്യവും എന്നതാണ് എല്ലാ ലിബറൽ ആശയങ്ങളുടെയും ആന്തരിക യുക്തി. ആ നിലക്ക് സ്വവർഗ്ഗരതിയും സ്വതന്ത്ര ലൈംഗികതയും പങ്കാളികളെ കൈമാറ്റം ചെയ്യുന്നതും കരിയറിന് വേണ്ടി അബോർഷൻ ചെയ്യലും ജൻഡർ ന്യൂട്രാലിറ്റിയും സമ്പൂർണ്ണ ലിംഗസമത്വവും വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാവകാശവുമാണ്.
ഭൗതികയുക്തിയിൽ ലിബറലിസത്തിൻ്റെ ഈ അടിസ്ഥാന ത്വത്വങ്ങൾ ശരിയായിരിക്കാം, അല്ലെങ്കിൽ അതിൽ ഭാഗികമായ ശരികളുണ്ടാകാം. എന്നാൽ ഭൗതിക കാര്യങ്ങളിൽ നിന്ന് മാത്രമുള്ള സന്തോഷങ്ങൾക്ക് പരിമിതിയുണ്ടെന്നും അമിത സ്വാതന്ത്ര്യം മനുഷ്യരെ അസംതൃപ്തരും വിഷാദ രോഗികളുമാക്കുവെന്നാണ് മനശാസ്ത്ര പഠനങ്ങൾ പറയുന്നത്.
വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും സുഖ സൗകര്യങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സമ്പത്തിൻെറയും കാര്യത്തിലെല്ലാം പൂർവികരേക്കാൾ ബഹുദൂരം മുന്നിലാണ് ആധുനിക മനുഷ്യർ. അവരനുഭവിച്ച പല പ്രതിസന്ധികളും നമുക്കിന്നില്ല, നമുക്കുള്ള പ്രതിസന്ധികൾക്കെല്ലാം മെച്ചപ്പെട്ട പരിഹാരങ്ങളുമുണ്ട്. സ്വാഭാവികമായും സന്തോഷത്തിലും സംതൃപ്തിയിലും നമ്മളാണ് മെച്ചപ്പെട്ടവരാകേണ്ടത്. പക്ഷേ ആധുനിക മനുഷ്യർക്കിടയിൽ ഉത്കണ്ഠയും വിഷാദരോഗവും മയക്കുമരുന്നപയോഗവും ആത്മഹത്യയും ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ പറയുന്നത് . സന്തോഷ സൂചിക പട്ടികയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ഇതെല്ലം കൂടുതലായി കാണപ്പെടുന്നത് എന്നതും സന്തോഷ സൂചികയിൽ മൂന്നാമതുള്ള സ്വിറ്റ് സർലാൻഡിലാണ് വേദനരഹിതമായി, ഒരു മിനിറ്റിൽ ആത്‍മഹത്യ ചെയ്യാനുള്ള മെഷീൻ വികസിപ്പിച്ചത് എന്നതും വിരോധാഭാസമാണ്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിദ്യാർത്ഥികൾക്കിടയിൽ കൂടിവരുന്ന ആത്‍മഹത്യ തടയാനായി സീലിംഗ് ഫാനുകൾ മാറ്റി ടേബിൾ ഫിനാക്കിയ വാർത്ത വന്നിരുന്നു ഈയിടക്ക്. അസുഖത്തിന് പകരം രോഗലക്ഷണങ്ങളെ ചികില്സിക്കുക എന്നത് ലിബറൽ യുക്തിയുടെ ജനിതക സ്വഭാവമാണ്.
പഠിച്ച് നല്ല നിലയിലെത്തിയാൽ, പ്രശസ്തരായാൽ, വിജയിച്ചാൽ, ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ദേഹേച്ചകളുടെ യഥേഷ്ടമായ പൂർത്തീകരണങ്ങളിലൂടെ മനുഷ്യർ സന്തുഷ്ടരാകും എന്നതൊരു തെറ്റിദ്ധാരണയാണ്. നമ്മുടെ സന്തോഷത്തിന് സ്ഥായിയായ ഒരു നിലയുണ്ട് (Happiness set point). ജീവിതത്തിൽ വിജയിക്കുമ്പോഴും ആഗ്രഹങ്ങൾ സഫലീകരിക്കുമ്പോഴും ആനന്ദം തോന്നും, പരാജയവും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ദുഖവും തോന്നും. പക്ഷേ ഇത് രണ്ടും കുറച്ച് കാലമേ ഉണ്ടാകൂ, ക്രമേണ അതുമായി പൊരുത്തപ്പെട്ട് പഴയ മനസികാവസ്ഥയിലേക്ക് തന്നെ എത്തിച്ചേരും. പണ്ട് ആഗ്രഹിച്ചതെന്തെങ്കിലും നേടിയപ്പോൾ, വാഹനമോ ഫോണോ സ്വന്തമാക്കിയപ്പോൾ, വിവാഹം കഴിച്ച മധുവിധു നാളുകളിൽ ഉണ്ടായിരുന്ന അതേ ആനന്ദവും സന്തോഷവും ഇപ്പോഴും തോന്നുണ്ടോ? ഉണ്ടാകില്ല. നമ്മൾ അവയുമായി പൊരുത്തപ്പെട്ട് പഴയ സ്ഥായിയായ അവസ്തിയിലേക്ക് തന്നെ വരും. ഹെഡോണിക് അഡാപ്റ്റേഷൻ എന്നാണിതിനെ പറയുന്നത്. നിരന്തരം ജീവിത നിലവാരം ഉയർത്തിക്കൊണ്ടിരിക്കലാണ് ഇതിനുള്ള ഒരു പരിഹാരം. മികച്ച വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുക, പുതിയ വീടുകൾ വെച്ച് കൊണ്ടിരിക്കുക, ലൈംഗികതയിൽ വൈവിധ്യങ്ങളും വിവിധ പങ്കാളികളെയും കണ്ടെത്തികൊണ്ടിരിക്കുക. ഹെഡോണിക് ട്രെഡ്മിൽ എന്ന് പറയും. മരീചിക തേടിയുള്ള ഒരിക്കലും ലക്ഷ്യത്തിലെത്താത്ത ഒരു തരം ഓട്ടം. പ്രയോഗികമായി അസാധ്യമാണെന്ന് മാത്രമല്ല, കൂടുതൽ അപകടങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കും.
ഭൗതികാസക്തി കൂടുന്നതിനനുസരിച്ച് മനുഷ്യരിൽ നൈസര്‍ഗ്ഗിക മൂല്യങ്ങളും ധാർമികതയും, സാമൂഹിക പ്രതിബന്ധതയും മറ്റുള്ളവരോടുള്ള കരുതലുമൊക്കെ കുറയുമെന്നും, വഞ്ചനയും ആർത്തിയും സ്വാർത്ഥതയും അസൂയയും അരക്ഷിതാവസ്ഥയും വിഷാദവും കൂടുമെന്നുമുള്ള വിവിധ പഠനങ്ങളെ കുറിച്ച് The high price of materialism എന്ന പുസ്തകത്തിൽ പറയുന്നണ്ട്. ലിബറൽ പുരോഗമന വാദങ്ങളുടെ വക്താക്കളിൽ സമൂഹത്തോടോ മാതാപിതാക്കളോടോ ഒരു പ്രതിബദ്ധതയുമില്ലാത്ത, സ്വന്തം താല്പര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഈ മനോഭാവമെല്ലാം കാണാം. മനുഷ്യ നിർമിതമായ ഏതൊരു പ്രശ്നത്തിന്റെയും അടിവേര് തേടിപ്പോയാൽ ചെന്നെത്തുക ഈ ഭൗതികാസക്തിയിൽ അടിസ്ഥാനമായ അത്യാഗ്രഹം, സ്വാർത്ഥത, അധികാരമോഹം, കാമം, ക്രോധം തുടങ്ങിയവയിലായിരിക്കും.
ഇത്തരമൊരു സന്തോഷവും ക്ഷേമവുമാണ് ഉദാര വ്യക്തിവാദങ്ങളും ലിബറൽ മനുഷ്യാവകാശങ്ങളും വാഗ്ദാനം ചെയ്യുന്നത്. മനുഷ്യർക്ക് സന്തോഷത്തോടെയും ക്ഷേമത്തോടെയും ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ വ്യക്തി സ്വാതന്ത്ര്യം കൂടുന്നതിനനുസരിച് മനുഷ്യരുടെ സന്തോഷവും ക്ഷേമവും കൂടുമെന്ന, ആരും ചോദ്യം ചെയ്യപ്പടാൻ ധൈര്യപ്പെടാത്ത ലിബറൽ തത്വം യഥാർത്ഥത്തിൽ മനുഷ്യരെ അസംതൃപ്തരും നിരാശരുമാക്കുകയാണെന്ന് അമേരിക്കൻ സൈകോളജിസ്റ്റായ ബാരി ഷ്വാർട്സ് തൻ്റെ ദി പാരഡോക്സ് ഓഫ് ചോയ്സ് എന്ന പുസ്തകത്തിൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്.
തിരഞ്ഞെടുക്കാൻ കൂടുതൽ കാര്യങ്ങളുണ്ടാകുമ്പോൾ നമ്മുടെ സങ്കല്പങ്ങളും പ്രതീക്ഷകളും കൂടും യാഥാർഥ്യവുമായി ബന്ധമില്ലാത്ത തലത്തിലേക്കുയരും. ഇത് നിരാശയിലേക്കും അസംതൃപ്തിയിലേക്ക് നയിക്കും. അമിത പ്രതീക്ഷകളാണ് മനുഷ്യരുടെ അസംതൃപ്തിയുടെ ഒരു പ്രധാന കാരണം. സോഷ്യൽ മീഡിയയയും മാധ്യമങ്ങളും പരസ്യങ്ങളും നിരന്തരം സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്ന, മറ്റുളളരുടെ ജീവിതത്തിലെ തിരഞ്ഞെടുത്ത വ്യാജമായ നിമിഷങ്ങളും, യാത്രകളും ഭക്ഷണവും, സെലിബ്രിറ്റികളുടെ ആഡംബര ജീവിതരീതിയുമൊക്കെ കണ്ട് സമ്പൂർണ്ണ സന്തോഷ ജീവിതത്തിന്റെ ഒരു സങ്കല്പമുണ്ടാക്കി വെക്കും. അസാധ്യമായ, യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഈ സങ്കല്പവുമായി നമ്മുടെ ജീവിതം നിരന്തരം താരതമ്യം ചെയ്യുന്നത് ഉള്ള സന്തോഷത്തെക്കൂടി കളയും. ഒരുപാട് ആസൂത്രണങ്ങളോടെ തയ്യറെടുക്കുന്ന യാത്രകളേക്കാൾ നമുക്കെപ്പോഴും ആസ്വാദ്യമായി തോന്നുന്നത് അപ്രതീക്ഷിതമായ അസൂത്രണങ്ങളൊന്നുമില്ലാത്ത യാത്രകളായിരിക്കും. അമിത പ്രതീക്ഷകളാണ് ഇവിടെയും പ്രശ്നം. ഭൗതിക കാര്യങ്ങളിൽ നിന്നുള്ള സന്തോഷം യഥാർത്ഥത്തിൽ നമ്മുടെ മാനസികാവസ്ഥക്കനുസരിച്ച് നമ്മൾ തന്നെ നമ്മുടെയുള്ളിൽ ഉണ്ടാക്കുന്നതാണ്.
കൂടുതൽ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുമ്പോൾ, ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതിൽ പോലും പിന്നീട് ഖേദിക്കാനുള്ള ഒരു വലിയ സാധ്യതയുണ്ട്. തങ്ങളുടെ തീരുമാനം പിന്നീട് മാറ്റാൻ അവസരം ലഭിച്ചവർ അവരുടെ തിരഞ്ഞെടുപ്പിൽ അസംതൃപ്തരും, അവസരം ലഭിക്കാത്തവർ സംതൃപ്തരുമായിരുന്നു എന്നാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഡാൻ ഗിൽബെർട്ടും എംഐടിയിലെ ജെയ്ൻ എർബെർട്ടും നടത്തിയ ഒരു ഗവേഷണ പഠനത്തിന്റെ സംഗ്രഹം. മറ്റെന്തെങ്കിലും തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ജീവിതം എങ്ങനെയായിരിക്കുമെന്ന് സങ്കലപിച്ച് കൊണ്ടേയിരിക്കും. ആരെങ്കിലും മോശം അഭിപ്രയം പറഞ്ഞാൽ, നമ്മൾ പ്രതീക്ഷിച്ച പോലെ ആയില്ലെങ്കിൽ, മറ്റേ ഓപ്‌ഷനായിരുന്നു നല്ലതെന്ന് തോന്നിയാലൊക്കെ അത് കൂടുതലാകും.
പഠനം, ജോലി, ജീവിത പങ്കാളിയുടെ കാര്യത്തിലൊക്കെ ഇത്തരം ചിന്തകൾ ജീവിതം തന്നെ അവതാളത്തിലാക്കും. മുൻപൊക്കെ പരസ്പരം കാണുക, അന്വേഷിക്കുക, ഇഷ്ടപെട്ടാൽ കല്യാണം കഴിക്കുക എന്നതായിരുന്നു രീതി. എന്നാലിന്ന്, പരിചയപ്പെപെടുക, വിശദമായി അടുത്തറിയുക, ഇഷ്ടങ്ങളും താല്പര്യങ്ങളും മനസ്സിലാക്കി, ഒത്തുപോകില്ലെന്ന് തോന്നിയാൽ അടുത്തയാളെ ശ്രമിക്കുക. കുറച്ച് കൂടി പോരോഗമിച്ചവരാണെങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒന്നിച്ച് ജീവിച്ച് നോക്കുക. യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇത്തരം ഡിസ്പോസിബിൾ ബന്ധങ്ങളാകുമ്പോൾ, മറ്റ് ഓപ്‌ഷനുകളുമായി അടുത്തിടപെഴകുന്നതിന് നിയന്ത്രണങ്ങളില്ലാതാകുമ്പോൾ , പങ്കാളിയെ മാറ്റുന്നത് എളുപ്പമാകുമ്പോൾ, നിസാരമായ അപൂർണതകളും ചെറിയ അസ്വാരസ്യങ്ങളും കൂടുതൽ മുഴച്ചു നിൽക്കും, ആരിലും സംതൃപ്തരാവാതെയാവും. ബന്ധങ്ങളും കുടുംബവും തകരും, വിവാഹ മോചനം കൂടും. വിവാഹത്തിന് മുൻപുള്ള പങ്കാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിവാഹ ജീവിതം അസംതൃപ്‌തമാവുകയും വിവമോചനം കൂടുന്നുവെന്നും, അശ്‌ളീല ചിത്രങ്ങൾ വിവാഹബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ചും നിരവധി പഠനങ്ങളുണ്ട്. അതായത് നൈമിഷികമായ ആനന്ദം നൽകുന്ന ഇത്തരം സ്വാതന്ത്ര്യങ്ങൾ ഇല്ലാത്തതാണ് മനുഷ്യർക്ക് സന്തുഷ്ടമായ ജീവിതത്തിന് യഥാർത്ഥത്തിൽ നല്ലത്.
എല്ലാം പൂർണ്ണമായും നമ്മുടെ തിരഞ്ഞെടുപ്പുകളാകുമ്പോൾ അതിലെ പാളിച്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം നമുക്ക് മാത്രമായിരിക്കും. തളരാനും, സ്വയം കുറ്റപ്പെടുത്താനും, ആതമവിശ്വാസം നഷ്ടപ്പെപ്പെടാനും വിഷാദത്തിലേക്കും ആത്മഹത്യായിലേക്കുമൊക്കെ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. ദൈവാനുഗ്രഹത്തെയും, ഭാഗ്യത്തെയും പഴഞ്ചനും ഒഴികഴിവുമാക്കി പുച്ചിച്ച്, എല്ലാം നമ്മുടെ കഴിവാണ്, പ്രയത്നമാണ്, മിടുക്കാണ്, മനോഭാവമാണ്, എല്ലവർക്കും വിജയിക്കാം എന്ന മോട്ടിവേഷനുകളും യഥാർഥാത്തിൽ ചെയ്യുന്നത് ഇത് തന്നെയാണ്.
ബാരി ഷ്വാർട്സിന്റെ തന്നെ വാക്കുകളെടുത്താൽ “ചില ചോയ്‌സുകൾ ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണ്, പക്ഷേ അതിന് ചോയ്‌സുകൾ കൂടുന്നതിനനുസരിച്ച് സന്തോഷം കൂടുമെന്നർത്ഥമില്ല. ഏതോ ഒരു മാന്ത്രിക കണക്കുണ്ട്, അത് എന്താണെന്ന് എനിക്കറിയില്ല., നമ്മളത് കടന്ന് പോയിട്ട് കുറെകാലമായെന്ന് മാത്രമറിയാം. വെള്ളത്തിൽ നിന്ന് പുറത്തേക്ക് ചാടുന്ന മൽത്സ്യങ്ങളെപോലെയാണ് അമിത സ്വാതന്ത്ര്യമുള്ള മനുഷ്യർ. എപ്പോഴും ഒരു പരിധിക്കകത്ത് നിൽക്കുന്നതാണ് നമുക്ക് നല്ലത്”
പോസറ്റീവ് സൈക്കോളജിയിൽ മനുഷ്യർക്ക് സന്തോഷവും സംതൃപ്തിയും തരുന്നതായി പറയുന്നതെല്ലാം തന്നെ ലിബറൽ ഭൗതിക യുക്തിക്ക് വിരുദ്ധമായ കാര്യങ്ങളാണ്. സുദൃഢമായ കുടുംബം, കുട്ടികൾ, സാമൂഹിക ബന്ധങ്ങളൊക്കെ അവയിൽ പ്രധാനമാണ്. 75 വർഷം നീണ്ട, ഒരു പക്ഷേ മനുഷ്യരെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ The Grant Study പഠനം പറയുന്നത് മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സുഖ സൗകര്യങ്ങളോ അല്ല, മറിച്ച് സുദൃഡമായ കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്. കുടുബവും സാമൂഹിക ഘടനയും നിലനിൽക്കണമെങ്കിൽ വ്യക്തി സ്വാതന്ത്രത്തിന് ചില പരിധികൾ നിശ്ചയിക്കേണ്ടി വരും.
ജീവിതം ആസ്വദിക്കാനുളളതാണ്, മറ്റുള്ളവർക്ക് വേണ്ടിയല്ല നമുക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്നൊക്കയുള്ള വൈയക്തിക വാദങ്ങളാണ് എല്ലാ ലിബറൽ പുരോഗമന വാദങ്ങളുടെയും ആന്തരിക യുക്തി. ഈ ആസ്വാദനങ്ങളെല്ലാം തന്നെ എല്ലാം മൃഗങ്ങളും ചെയ്യുന്ന കാര്യങ്ങളാണ്. അതെല്ലാം കുറേ ആഡംബരമായി, പരിമിതികളില്ലതെ ചെയ്യുന്നതിൽ എന്താണിത്ര പുരോഗമനാത്മകവും മനുഷ്യത്വപരവുമായിട്ടുളളത്?
യഥാർത്ഥത്തിൽ നമ്മളെപ്പോഴാണ് മനുഷ്യത്വം ആഘോഷിക്കുന്നത്? അന്യ സംസ്ഥാന തൊഴിലാളിയെ മാൻഹോളിൽ നിന്ന് രക്ഷിക്കാൻ ജീവൻ ത്യജിച്ച നൗഷാദ് മനുഷ്യത്വത്തിൻ്റെ പ്രതീകമായിരുന്നു. പ്രളയത്തിൽ പെട്ടവർക്ക് വസ്ത്രം വേണമെന്ന് പറഞ്ഞപ്പോൾ തന്റെ കൊച്ചു കടയിലേക്ക് കൊണ്ട് പോയി ആവശ്യമുളളതൊക്കെ എടുത്തോ എന്ന് പറഞ്ഞ് വാരിയിട്ട് കൊടുത്ത മറ്റൊരു നൗഷാദും മനുഷ്യത്വത്തിൻ്റെ പ്രതീകമായിരുന്നു. വാക്സീൻ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുഉള്ള വരുമാനമായ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദയും നമുക്ക് മനുഷ്യത്വത്തിൻ്റെ പ്രതീകങ്ങളായിരുന്നു. അവിടെയാണ് മനുഷ്യൻ്റെ യഥാർത്ഥ അസ്തിത്വമുള്ളത്.
കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി ജീവിക്കുക, സാമൂഹ്യ സേവനം, ദാനധർമങ്ങൾ എന്നതൊക്കെ ലിബറൽ ഭൗതിക യുക്തിക്ക് വിരുദ്ധമാണ്. കുടുംബബന്ധ കെട്ടുപാടികളില്ലാതെ സ്വാതന്ത്രാരായി പാറിപ്പറന്ന് നടക്കലാണ് സന്തോഷമെന്ന് ഭൗതിക യുക്തി പറയുന്നു. കുടുംബ ബന്ധങ്ങളാണ് മനുഷ്യരെ സന്തുഷ്ടരാക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സമ്പാദിച്ച് നമുക്കിഷ്ടമുള്ളതൊക്കെ ചെയ്ത് നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റലാണ് സന്തോഷമെന്ന് ഭൗതികയുക്തി പറയുന്നു. ദാനധർമങ്ങളും സാമൂഹിക ബന്ധങ്ങളും സേവനങ്ങനളുമാണ് മനുഷ്യർക്ക് കൂടുതൽ സംതൃപ്തി നൽകുന്നതെന്ന് പഠനങ്ങൾ പറയുന്നു. ഈ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളാനോ സമന്വയിപ്പിക്കാനോ ലിബറൽ ഭൗതിക യുക്തിക്ക് സാധ്യമല്ല.
ശാസ്ത്രത്തിന്റെ മനുഷ്യ നിർവചനം പലകാര്യങ്ങളിലും ഉപകാരപ്രദമാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി മനുഷ്യനെ ഒരു കേവല മാംസയന്ത്രമായി നിർവചിച്ചിക്കുകയും ആത്മീയ സത്തയെ അവഗണിക്കുകയും ചെയ്യുന്നിടത്താണ് ഈ പ്രശ്നങ്ങളത്രയും തുടങ്ങുന്നത്.
ഭൗതിക പ്രവർത്തികളിലൂടെ ഡോപ്പാമിൻ ഉത്പാദിക്കൽ മാത്രമാണ് സന്തോഷം, അതിനുള്ള അവസരങ്ങളെല്ലാം മനുഷ്യാവകാശവും സ്വാതന്ത്ര്യവുമായി കൊട്ടിഘോഷിക്കുന്നിടത്താണ് അബദ്ധം. മനുഷ്യൻ അങ്ങനയൊരു ജന്തു മാത്രമായിരുന്നെങ്കിൽ അതിജീവനത്തിലും പ്രത്യുല്പാദനത്തിലും സന്തുഷ്ടനാകുമായിരുന്നു. വിജയത്തിന്റെയും സമ്പൂർണ്ണ സന്തോഷ ജീവിതത്തിന്റെയും മാതൃകകളായി ആധുനികത ഉയർത്തിക്കാണിക്കുന്ന, സമ്പത്തും പ്രശസ്തിയും ആഡംബരവും സ്വാധീനവുമുള്ള സെലിബ്രിറ്റികൾക്ക് സന്തോഷത്തിനും സമാധാനത്തിനും വേണ്ടി മദ്യത്തെയും ലഹരിയെയും ആശ്രയിക്കേണ്ടി വരില്ലയിരുന്നു, വിഷാദരോഗം പിടിപെടില്ലായിരുന്നു.
മനുഷ്യൻ കേവല മാംസ യന്ത്രമല്ലാത്തത് കൊണ്ടും ആത്മീയ അസ്തിത്വം ഉള്ളത് കൊണ്ടുമാണ് ഭൗതിക യുക്തിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോഴും മനുഷ്യർ സന്തുഷ്ടരാകുന്നത്, അപരന് വേണ്ടി ജീവത്യാഗം ചെയ്യുന്നതും . മറ്റുളവരെ സഹായിക്കുന്നതും, സാമൂഹ്യ സേവനത്തിനായി ജീവിതം മാറ്റിവെക്കുന്നതും. സൗന്ദര്യബോധവും കലയും സാഹിത്യവും അതിജീവതനത്തിൻ്റെ ഭാഗമായി നേടിയ പരിണാമ സിദ്ധികളാകാൻ തരമില്ല. പ്രാഥമികമായി മനുഷ്യൻ തന്നെക്കാൾ മഹത്തായ എന്തിനെയോ തേടുന്ന ഒരു അദ്ധ്യാത്മിക ജീവിയാണ്. ദിവ്യമായൊരു സർഗക്രിയയിൽ നിന്ന് മാത്രം ഉത്ഭവിക്കാവുന്ന ഒരു അഭൗതിക മാനം മനുഷ്യരിലുണ്ട്. മനുഷ്യൻറെ ഈ ആത്മീയാംശം ഭൗതിക ശാസ്ത്രത്തിന് കീഴടങ്ങാത്തത് കൊണ്ടാണ് ബോധവും (Consciousness) സ്വതന്ത്ര ഇച്ഛയും ആത്മനിഷ്ഠമായ അനുഭവങ്ങളും (subjective experience) സങ്കീർണ സമസ്യകളാകുന്നത്. എന്തെങ്കിലും നേടുമ്പോൾ ലഭിക്കുന്നത് നൈമിഷികമായ ആനന്ദവും നൽകുമ്പോൾ ലഭിക്കുന്നത് ആത്മീയ സംത്യപ്തിയുമാണ്. വൈരുദ്ധ്യ ദ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് അസ്തിത്വങ്ങളുടെ സമന്വയമാണ് മനുഷ്യൻ.
ഇസ്ലാം മനുഷ്യൻ്റെ ഭൗതിക ആസക്തികളെ നിന്ദ്യമായി കാണുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. ചോദനകളെ സംഹരിക്കുകയല്ല, സംസ്കരിച്ച് മനുഷ്യൻ്റെ യഥാർത്ഥ സത്തയിലേക്ക് പരിവർത്തിപ്പിക്കുയാണ്. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ നിരാകരണമോ ഉദാര ഉട്ടോപ്യൻ വ്യക്തി സ്വാതന്ത്ര്യമോ അല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും കുടുംബ സാമൂഹിക ഘടനയുടെയും പ്രായോഗിക സന്തുലനമാണ് ഇസ്ലാം. മനുഷ്യൻ്റെ ആത്മീയ ഭൗതിക മാനങ്ങളുടെ സന്തുലിത സമന്വയമാണ് ഇസ്ലാം.
ഈ ലോകത്തെയും മനുഷ്യനെയും ജീവിതത്തെയും സന്തോഷത്തെയും നിർവചിക്കുന്നിടത്താണ് ആത്മീയ ഭൗതിക ദ്വന്ദമായ ഇസ്ലാമും ഭൗതികതയെ മാത്രം അടിസ്ഥാനമാക്കിയുള്ള ലിബറൽ ആശയങ്ങളും തമ്മിലുള്ള വൈരുദ്ധ്യം. ആത്‌മീയതിൽ അധിഷ്ഠിതമായാണ് മനുഷ്യൻ്റെ എല്ലാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവഹരങ്ങളും ഇസ്ലാം കൈകാര്യം ചെയ്യുന്നത്. സകല മാനുഷിക വ്യവഹരങ്ങളെയും ഭൗതിക യുക്തിയിലൂടെ മാത്രം അളന്ന് തൂക്കുന്നതും മനുഷ്യൻ്റെ ആത്മാംശത്തെ പൂർണമായി അവഗണിക്കുന്നതും ലിബറൽ ഭൗതിക യുക്തിക്ക് മനുഷ്യനെ ഉൾകൊള്ളുന്നതിലെ പരിമിതിയാണ്. സ്വന്തത്തെ തിരിച്ചറിഞ്ഞവർക്ക് ഇസ്‌ലാമിൻ്റെ ദീർഘവീക്ഷണവും മഹത്വവും സൗന്ദര്യവും തിരിച്ചറിയും.