ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ യാതൊരു യുക്തിയോ വസ്തുതയോ ഇല്ലാത്ത, നട്ടാൽ കുരുക്കാത്ത നുണകൾ കേട്ട് കുലുങ്ങിച്ചിരിക്കുന്നതും അന്ധാളിച്ച് നിൽക്കുന്നതും കേവലം മുസ്ലിംകൾ മാത്രമായിരിക്കും. ഇതിനെയല്ലാം ഭയത്തോടെയും ഗൗരവത്തോടെയും നോക്കിക്കാണുന്ന ഒരു പൊതുബോധ മണ്ഡലം നമുക്ക് ചുറ്റുമുണ്ട്. ഇത്തരം ആരോപണങ്ങളിലെ കളവുകൾക്കും യുക്തിരാഹിത്യങ്ങൾക്കും മറുപടി പറഞ്ഞു മടുത്തവരായിരിക്കും പലരും. അതൊന്നും അവർക്ക് സ്വീകാര്യമാകാത്തതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്.
മനുഷ്യർ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ നിലപാടുകളും രൂപപ്പെടുത്തുന്നത് എന്നതൊരു തെറ്റിദ്ധാരണയാണ്. പ്രാഥമികമായി ഒരു വികാര ജീവിയാണ് മനുഷ്യൻ. The Righteous Mind എന്ന പുസ്തകത്തിൽ യുക്തിയെ ആനപ്പുറത്തിരിക്കുന്ന പാപ്പാനായാണ് Jonathan Haidt ഉപമിക്കുന്നത്. വികാരമാണ് ആന, ആനയെ സേവിക്കലാണ് പാപ്പാൻ്റെ ജോലി.
മുസ്ലിംകൾക്കെതിരെയുള്ള സ്ഥിരം ആരോപണം ഒരുദാഹരണമായി എടുക്കാം. ഇറാഖ്, സിറിയ, യമൻ, ലിബിയ, അഫ്ഘാൻ ഫലസ്തീൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളുടെ അവസ്ഥ നോക്കൂ, മുസ്ലിംകൾ ഭൂരിപക്ഷമായാൽ പിന്നെയാ നാട് കുട്ടിച്ചോറാകും, എന്നും ബോംബും വെടിയുമായിരിക്കും, ന്യൂനപക്ഷത്തെ അടിച്ചമർത്തും. ഇവിടെ ആദ്യം പറയുന്ന വസ്തുതകളിൽ നിന്ന് സ്വാഭാവികമായി എത്തുന്ന നിഗമനമല്ല രണ്ടാമത്തേത്, നേരെ മറിച്ചാണ്. അല്ലായിരുന്നെങ്കിൽ ആ നിഗമനത്തിൽ എത്തുന്നതിന് മുൻപ് തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, UAE, ഖത്തർ തുടങ്ങിയ അനേകം മുസ്ലിം രാജ്യങ്ങളെക്കൂടി പരിഗണിക്കുമായിരിന്നു. മേൽപറഞ്ഞ സംഘർഷ ബാധിത പ്രദേശങ്ങളിൽ നൂറ്റാണ്ടുകളായി ഇസ്ലാമും മുസ്ലികളും സുന്നികളും ഷിയാക്കളും ഉണ്ടായിരുന്നെന്നും, ഇസ്ലാമിൻറെ സുവർണ കാലഘട്ടത്തിൽ സാംസ്കാരികമായും സാങ്കേതികമായും സാമ്പത്തികമായും ഉന്നതിയിൽ നിന്നിരുന്ന അതേ പ്രദേശം തന്നയാണിതെന്നും പരിഗണിക്കുമായിരുന്നു. രണ്ടായിരമാണ്ടിന് ശേഷമല്ല ഇറാഖികളും സിറിയക്കാരും ലിബിയക്കാരും ഖുർആൻ കാണുന്നതോ ഇസ്ലാം പഠിക്കുന്നതോ എന്നും, അതിൻ്റെയൊക്കെ പിന്നിലെ ജിയോപൊളിറ്റിക്കൽ കരണങ്ങളും ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളും കാണുമായിരുന്നു.
ഇന്ത്യയിലേക്ക് വന്നാൽ, ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇവിടെയുള്ള 14% മുസ്ലിംകളാണെന്നും അവർ ഇന്ത്യക്ക് ഭീഷണിയാണ് എന്നൊക്കെയാണ് പൊതുബോധം. ഇന്ത്യയിൽ നൂറ്റാണ്ടുകളായി മുസ്ലിംകളുണ്ട് എന്നതും 600 വർഷത്തോളം മുസ്‌ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും ഇപ്പോഴും ഭൂരിപക്ഷം അമുസ്ലിംകളാണ് എന്ന വസ്തുതകളൊക്കെ നിലനിൽക്കെയാണിത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ കാര്യമായി മതസംഘർഷങ്ങൾ നടന്നത്, പിന്നെ 90കൾക്ക് ശേഷമാണ് രാഷ്ട്രീയ കാലാവസ്ഥ മാറുന്നത്. ഇതിൻ്റെയൊക്കെ പിന്നിൽ ചുരുക്കം ചിലരുടെ അധികാര രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളാണെന്നത് പകൽ പോലെ വ്യക്തമാണ്.
ഇവിടെയൊക്കെ നടക്കുന്നത് നേരത്തെ രൂപപ്പെട്ട നിഗമനത്തിന് യുക്തിയുപയോഗിച്ച് ന്യായീകരണം കണ്ടെത്തുക, അതിനാവശ്യമായ ഡാറ്റകൾ മാത്രം ചെറിപിക്ക് ചെയ്യുക എന്നതാണ്. അത് കൊണ്ടാണ് കൈവെട്ട് കേസിന് ശേഷമാണ് മതധ്രുവീകരണമുണ്ടായത്, ഹലാൽ ഭക്ഷണമാണ് കാരണം, ഇതരമതസ്ഥരോടുള്ള മതപ്രബോധനമാണ് കാരണം, മുസ്ലിംകൾ പൊതു ഇടത്തിൽ ഇൻശാ അല്ലാഹ് മാഷാ അല്ലാഹ് പറയുന്നതാണ് തുടങ്ങിയ വസ്തുതാ വിരുദ്ധവും യുക്തിരഹിതവുമായ ന്യായീകരണ ശ്രമങ്ങളുണ്ടാകുന്നത്. വികാരമാണ് ഈ നിലപാടുകൾ രൂപപ്പെടുത്തുന്നത്. Analytic thinking (Slow), Intuitive thinking (Fast) എന്ന രണ്ട് രീതിയിലാണ് നമ്മുടെ ചിന്തകൾ പ്രവർത്തിക്കുന്നത്. Analytic Thinking ആണ് യഥാർത്ഥ ചിന്തയായി പരിഗണിക്കുന്നത്. ഇത് ബോധപൂർവവും യുക്തിസഹവുമായിരിക്കും. ഗണിതം, യുക്തി, സങ്കീർണമായ പ്രശ്ന പരിഹാരം, ഒരു കാര്യത്തിൻ്റെ ഗുണദോഷങ്ങളും വരും വരായ്കളും സാഹചര്യവും എല്ലാം വിശകലനം ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ എല്ലാം Analytic Thinking ആണ്. ഇത് തലച്ചോറിന് കൂടുതൽ ഭാരമാണ്, കൂടുതൽ ഊർജ്ജം വേണം, കുറച്ചു സമയം ഉപയോഗിച്ചാൽ വിശ്രമം വേണം. Intuitive thinking (Fast) ആണ് സ്ഥായി. ഇത് സഹജവും വൈകാരികവും ബോധപൂർവ്വമല്ലാത്തതോ ആയിരിക്കും. പെട്ടന്ന് നിഗമങ്ങളിലെത്തും പക്ഷേ പലപ്പോഴും മുൻവിധികൾക്ക് കാരണമാകും. രണ്ടും ആവശ്യമാണ്. സ്നേഹം, ദയ, കരുണ, ധാർമികതയൊക്കെ Intuitive thinking ആണ്. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് വേറൊരാൾക്ക് കൊടുത്തു സഹായിക്കാണോ എന്ന് വിശകലന ബുദ്ധിയോടെ ചിന്തിച്ചാൽ വേണ്ട, മണ്ടത്തരമാണ് എന്നേ പറയൂ. Intuitive thinking ആണ് അതിന് സമ്മതിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ച് അതിൻറെ മരണാനന്തര ഗുണങ്ങൾ പരിഗണിക്കുമ്പോൾ രണ്ട് രീതിയിൽ ചിന്തിക്കുമ്പോഴും അതിന് പ്രേരിപ്പിക്കും.
നമുക്ക് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കിട്ടുന്ന വിവരങ്ങളെല്ലാം ഉപബോധമനസ്സിൽ സൂക്ഷിച്ച് വെക്കുന്നുണ്ട്. ഫാസ്റ്റ് തിങ്കിങ് ഒരു നിഗമനത്തിൽ എത്തുമ്പോൾ അറിയാതെ തന്നെ ഈ വിവരങ്ങൾക്കനുസരിച്ചായിരിക്കും. ഈ കിട്ടുന്ന ഡാറ്റകളിലെല്ലാം നേരിട്ടും അല്ലാതെയും മൈക്രോലെവലിലും മാക്രോ ലെവലിൽ ഒരു മുസ്ലിം വിരുദ്ധതയുണ്ട്. നമ്മുടെ സാഹിത്യ രചനകളിലും സിനിമകളിലെ മുസ്ലിം കഥാപാത്ര രൂപകല്പനയിലും വാർത്തകളുടെ തലെക്കെട്ടുകളിലൂം ഉള്ളടക്കകത്തിലൂം ചിത്രങ്ങളിലും അവ വരുന്ന സമയങ്ങളിലും മത വിമർശകരുടെ പോരോഗമന വിപ്ലവങ്ങളിലും കാക്കതൊള്ളായിരം വാട്സാപ്പ് മെസ്സേജുകളിളെല്ലാം.
പെട്ടന്ന് ഓർമ്മ വന്ന രണ്ടുദാഹരണങ്ങൾ പറയാം. ഇന്ത്യയിലെ ചൈൽഡ് ട്രാഫിക്കിങിന്റെ കണക്കിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ്. വർഷത്തിൽ ഇത്ര കുട്ടികളെ കാണാതായി, ഇത്ര പേരെ കിട്ടി തുടങ്ങിയ കണക്ക്. അതിനവർ ചിത്രമായി ഉപയോഗിച്ചത് തൊപ്പിയിട്ട മുസ്‌ലിം കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഒരു ഫോട്ടോയാണ്, ആ വാർത്തയുമായി ഒരു ബന്ധവുമില്ലാത്ത ചിത്രം. ബാലക്കടത്തിന് പിന്നിൽ യതീംഖാനകളാണ് എന്നാണ് ഒരു വക്കും പറയാതെ അവർ പറഞ്ഞവെക്കുന്നത്. രണ്ടമത്തേത് നെടുമ്പശേരിയിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വാർത്തയാണ്. കടത്തിയ സ്വർണം വാങ്ങിയത് ഒരു പ്രത്യേക ജില്ലക്കാരനാണ്. ആ റിപ്പോർട്ടിലുടനീളം അയാളുടെ പേര് പരാമർശിക്കുന്ന സ്ഥലത്തൊക്കെ ആ ജില്ലയുടെ പേരുമുണ്ട്. ബാക്കിയുള്ള പ്രതികളുടെ സ്ഥലത്തെക്കുറിച്ചോ ജില്ലയെ കുറിച്ചോ ഒരു പരാമർശവുമില്ല. ജില്ല ഏതായിരിക്കുമെന്ന് പറയാതെ തന്നെ മനസ്സിലായില്ലേ? ഇങ്ങനെ ഓരോ വാർത്തയിലും പറയാതെ പലതും പറയുന്നുണ്ട്. ഇന്നത്തെ വാർത്തകളെടുത്തു നോക്കിയാലും ബോധപൂർവ്വമായ, നിരന്തരമായൊരു അപരവൽക്കരണം കാണാം. തീവ്രവാദം എന്ന് ചിന്തിച്ചു നോക്കിയേ, ഒരു പ്രത്യേക ചിത്രം മനസ്സിലേക്ക് വരുന്നില്ലേ? കള്ളപ്പണം എന്ന് ചിന്തിച്ചു നോക്കിയേ, ഒരു പ്രത്യേക വിഭാഗം ആളുകൾ, ഒരു ജില്ല, രാജ്യദ്രോഹം, തീവ്രവാദം അങ്ങനെ പലതും അതിൻ്റെ കൂടെ വരുന്നില്ലേ? നിങ്ങളൊരു മുസ്ലിമാണെങ്കിൽ പോലും അതങ്ങനെയേ വരൂ. അങ്ങനെയാണ് സോഷ്യൽ എഞ്ചിനീയറിങ്ങും കൺസന്റ് മാനുഫാക്‌ചറിംഗും പ്രവർത്തിക്കുന്നത്. താലിബാനിലെ സ്കൂളിലെ കർട്ടന് കിട്ടുന്ന വാർത്താ പ്രാധ്യാന്യം ഡൽഹിയിലെ ക്രൂര ബലാൽസംഘത്തിനോ യുപിയിലെ ആൾക്കൂട്ടകൊലകൊൾക്കോ ലഭിക്കില്ല. നമ്മുടെ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്താനുള്ള ശക്തമായ സ്വാധീനമുണ്ട് മീഡിയകൾക്ക്. അവർക്ക് ആടിനെ പട്ടിയാക്കാനും പട്ടിയെ ആടക്കാനും കഴിയും. ഒരു മുസ്ലിം എന്ന് കേൾക്കുമ്പോൾ തെളിഞ്ഞു വരാൻ പാകത്തിൽ ഒരു ചിത്രം ആഗോള പൊതുബോധ മണ്ഡലത്തിൽ കൊത്തി വെച്ചിട്ടുണ്ട്.
അലബാമ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം പറയുന്നത് മുസ്ലീങ്ങൾ ഉൾപ്പെടുന്ന ഭീകരാക്രമണങ്ങൾ മറ്റ് ഭീകരാക്രമണങ്ങളേക്കാൾ 357% കൂടുതൽ വാർത്താ പ്രാധാന്യം കിട്ടുന്നുണ്ടെന്നെന്നാണ്. അമുസ്‌ലിംകളെക്കുറിച്ച് ശരാശരി 15 തലക്കെട്ടുകകളാണെങ്കിൽ മുസ്‌ലിംകൾക്ക് 105 എണ്ണമുണ്ടാകും. വാർത്തകൾ മാത്രമാണ് ഇത്. ഇതിന് പുറമെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയകളും മെസേജുകളും. ഇന്ത്യയിൽ ഇങ്ങനെ വല്ല പഠനവും നടന്നിട്ടുണ്ടോ എന്നറിയില്ല. ബെർക്ക്ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയും Council on American-Islamic Relations ൻ്റെയും സംയുക്ത പഠനം പറയുന്നത്, 2008 നും 2013 ഇടയിൽ മുസ്ലിംകളോടുള്ള “ഭയവും വിദ്വേഷവും” വളർത്തുന്നതിന് 200 മില്യൺ ഡോളറിലധികം ചെലവഴിച്ചു എന്നാണ്. ഫെമിനിസ്റ്റ്, ക്രിസ്ത്യൻ, സയണിസ്റ്റ്, പ്രമുഖ വാർത്താ സംഘടനകൾ ഉൾപ്പെടെ 74 ഗ്രൂപ്പുകളെയാണ് ഇതിന് ധനസഹായം നൽകുകയോ വളർത്തുന്നതോ ആയി റിപ്പോർട്ടിൽ പറയുന്നത്. ഇസ്ലാമിക വിരുദ്ധ ചർച്ചകളും വാർത്തകളും, തീവ്രവാദ സംഭവങ്ങളേക്കാൾ രാഷ്ട്രീയ വാചാടോപവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇതിൽ വൻ വർദ്ധനവുണ്ടാകുന്നു എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാൻഡിംഗിന്റെ (ISPU) എക്സിക്യൂട്ടീവ് ഡയറക്ടർ മീരാ നെഗാസ് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ കൃത്യമായി ആസൂത്രിതമായി വൻ മൂലധനമിറക്കി നിർമ്മിക്കപ്പെടുന്ന ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യങ്ങൾ പലതാണ്. ഇന്ത്യയിലത് ഭിന്നിപ്പിച്ച് ഭരിക്കലും, സാങ്കല്പിക ശത്രുവിനെ കാണിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കലും, ഒരു ഉന്മൂലന പ്രക്രിയയുടെ മുന്നോടിയുമാണ്. ആഗോള തലത്തിൽ അധികാര രാഷ്ട്രീയത്തേക്കാൾ വിശാലമാണ് അതിൻ്റെ ലക്ഷ്യങ്ങൾ. അഫ്ഘാൻ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ അധിനിവേശം നടത്താൻ പരസ്യാനുവാദവും മൗനാശീർവാദവും കൊയ്തതത് ഇസ്ലാമോഫോബിയ വിതച്ച് കൊണ്ടാണ്. കുടുംബഘടനയെ തകർത്ത്, മനുഷ്യ സമൂഹത്തെ സ്വാർത്ഥരായ വ്യക്തികളാക്കി ചുരുക്കി, പ്രതിഷേധസ്വരങ്ങളെ വികേന്ദ്രീകരിച്ച്, സന്തോഷം എന്നത് ഭൗതികനേട്ടത്തിലൂടെയും ദേഹേച്ഛകളുടെ പൂർത്തീകരണത്തിലൂടെയും ശാസ്ത്രസാങ്കേതിക വിപ്ലവത്തിലൂടെ ജീവിതം എളുപ്പമാക്കിയും വിനോദങ്ങളിലൂടെയും മാത്രം നേടാൻ കഴിയുന്നതാണെന്ന ആഖ്യാനത്തിലൂടെ ഉപഭോഗത്വരത വിഭാവനം ചെയ്യുന്ന പുരോഗമന ലിബറൽ മുതലാളിത്ത ചൂഷണ വ്യവസ്ഥിതിക്ക് വെല്ലുവിളിയായി നിൽക്കുന്ന ഏക പ്രത്യയ ശാസ്ത്രം ഇസ്ലാം മാത്രമാണ് എന്നത് കാരണമാണ്. അത് സ്വയം പടർന്ന് പിടിക്കാൻ ശേഷിയുള്ളതും ആശയപരമായി നേരിടാൻ കഴിയില്ലെന്നതും അതിനെ വക്രീകരിച്ചും കളവ് കൊണ്ടും ഭീകരവത്കരിച്ചും നേരിടാൻ കാരണമാണ്.
ഇസ്ലാമോഫോബിയ മുസ്ലിംകളെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ട് എന്നതിനെ കുറിച്ച് പലതരം നിരീക്ഷണങ്ങളുണ്ട്. വിവേചനങ്ങളിൽ നിന്നും അനീതികളിൽ നിന്നും രക്ഷ നേടാനും, ജീവൻ തന്നെ രക്ഷിക്കാനും പൊതുബോധത്തെ പ്രീതിപ്പെടുത്താനും സ്വത്വം മറച്ചു വെക്കാനും ഇസ്ലാമിക മൂല്യങ്ങളിൽ വെള്ളം ചേർക്കാനും, ഉപേക്ഷിക്കാനും വരെ സമ്മർദമാകുന്നുണ്ട്. ജീവിത വിശുദ്ധി, ആത്മസംസ്‌കരണം, കരുണ, വ്യക്തി ജീവിതത്തിലെ പെരുമാറ്റം, സാമൂഹ്യ ഇടപെടലുകളിലെ ആകര്‍ഷണീയത എന്നിവയില്‍ കേന്ദ്രീകരിച്ചിരുന്ന സമുദായമിപ്പോള്‍ എല്ലാറ്റിനും മുകളിൽ നീതി എന്ന ആശയത്തെ പ്രതിഷ്ഠിക്കുക്കുകയും, സ്വന്തം നീതിക്ക് വേണ്ടി മാത്രം മുറവിളി കൂട്ടുന്ന ഒരു വിഭാഗമായി മാറുകയാണ്. അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹത്തെ നട്ടുവളര്‍ത്തുന്നതിന് മുൻപ് അല്ലാഹുവിനു വേണ്ടിയുള്ള വെറുപ്പിനെയും ഹൃദയങ്ങളില്‍ കരുണക്ക് മുൻപ് ദേഷ്യവും നട്ടുവളര്‍ത്തപ്പെടുന്നു എന്ന ശൈഖ് ഹംദ് ബിന്‍ ഈസയെ പോലുള്ള പണ്ഡിതന്മാരുടെ നിരീക്ഷിണവും ശ്രദ്ദേയമാണ്.
പ്രതിയോഗികളുടെ കണക്ക് കൂട്ടലിന് വിരുദ്ധമായും ഇസ്ലാമോഫോബിയ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ നിന്ന് കേട്ട് പരിചയിച്ചതിൽ നിന്ന് തികച്ചും വിരുദ്ധമായ ഒരിസ്‌ലാമിനെ അറിയുമ്പോൾ മാധ്യമങ്ങളെ സംശയിക്കാനും ഇസ്ലാമിനെ നിഷ്പക്ഷമായി പഠിക്കാനും ഇസ്ലാം സ്വീകരിക്കാനും കാരണമാകുന്നുണ്ട്. കടുത്ത ഇസ്ലാം വിരോധിയായിരുന്ന തീവ്ര വലതുപക്ഷ ഡച്ച് രാഷ്ട്രീയക്കാരൻ ജോറാം വാൻ ക്ലാവെരൻ ഇസ്ലാം വിമർശന പുസ്തക രചനക്കായി ഇസ്ലാം പഠിച്ച് ഇസ്ലാം സ്വീകരിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ജർമ്മൻ AfD പാർട്ടിയിലെ ആർതർ വാഗ്നറും തീവ്ര വലത് പക്ഷ ഇസ്ലാം വിരുദ്ധതയിൽ നിന്ന് ഇസ്ലാമിലേക്ക് മാറി. തൻ്റെ ഇസ്ലാം വിരോധം കാരണം ഒരു ഇസ്ലാമിക് സെന്റർ ബോംബിട്ട് തകർക്കാൻ പദ്ധതിയിട്ടിരുന്ന മുൻ യുഎസ് മറൈൻ റിച്ചാർഡ് മക്കിനി ഇസ്ലാം സ്വീകരിച്ച അനുഭവവും നമുക്ക് മുന്നിലുണ്ട്. ബാബരി മസ്ജിദ് തകർക്കലിൽ പങ്കെടുത്ത മുൻ കർസേവകർ ബൽബീർ സിങ്ങാണ് മുഹമ്മദ് ആമിറായതും 100 പള്ളികൾ പണിയാൻ ജീവിതം മാറ്റിവെച്ചതും. കേട്ട് പരിചയിച്ചതിൽ നിന്നും വിഭിന്നമായി സ്നേഹത്തിൻ്റെയും കരുണയുടെയും നിഷ്കളങ്ക മനസുള്ള മുസ്ലിംകളിലൂട ഇസ്ലാമിനെ അറിഞ്ഞ കനേഡിയൻ ബൈക്ക് യാത്രിക റോസി ഗബ്രിയേൽ ഇസ്ലാമിനെ പുൽകിയതും നമ്മൾ കണ്ടതാണ്.
അമേരിക്കയിൽ ഇസ്ലാമോ ഫോബിയയോടൊപ്പം തന്നെ ഇസ്ലാമും വളരുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്, 9/11 ആക്രമണത്തിന് ശേഷം ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. 2000-2010 കാലഘട്ടത്തിൽ, യുഎസിലെ മുസ്ലീങ്ങൾ ഏകദേശം 1 ദശലക്ഷത്തിൽ നിന്ന് 2.6 ദശലക്ഷമായി വളർന്നു, 67 ശതമാനം വർദ്ധനവ്, യുഎസിലെ ഏറ്റവും വേഗത്തിൽ വളരുന്ന മതമായി ഇസ്ലാം. പ്യൂ റിസർച്ചിന്റെ കണക്കനുസരിച്ച് 2017 ആയപ്പോഴേക്കും യുഎസിലെ മുസ്ലീങ്ങളുടെ എണ്ണം 3.45 ദശലക്ഷമായിരുന്നു. പലരും ആദ്യമായി ഇസ്ലാമിനെ കുറിച്ച് കേട്ടത് 9/11ന് ശേഷമാണ്. എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ പലരും പഠിക്കുകയും സ്വീകരിക്കയും ചെയ്തു.
ഇസ്ലാം തന്നെയാണ് ഇസ്ലാമോഫോബിയക്കുള്ള പ്രതിവിധി. കേവലം ആചാര അനുഷ്ടാങ്ങളിൽ ഒതുങ്ങാതെ വ്യക്തി ജീവിതത്തിലും സാമൂഹ്യ കടമകളിലും ഇടപെടലുകളിലും ഇടപാടുകളിലും ഇസ്ലാമിക മൂല്യങ്ങളെ പകർത്തുക, ജീവിതത്തിൻ്റെ സകല മേഖലകളിലും സമ്പൂർണ്ണ മുസ്ലിമായിരിക്കുക. സാർവലൗകികമായി എല്ലാവരും ഇസ്ലാമിനെയും മുസ്ലിംകളെയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വപ്നത്തിൽ കഴമ്പില്ല. ഭൂമിയിലേക്ക് മനുഷ്യരെ നിയോഗിക്കുമ്പോൾ രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കുന്ന ഈ മനുഷ്യനെയാണോ ഖലീഫയായി നിയോഗിക്കുന്നത് എന്ന് മലക്കുകൾ അടിവരയിട്ട് ചോദിച്ചതാണ്. അബൂ ലഹബുകളും അബൂ ജഹലുകളും ഫറോവമാരും ആവർത്തിച്ച് കൊണ്ടിരിക്കും. ഇസ്ലാം തന്നെയാണ് പരിഹാരവും.