ഇൻസ്റ്റാഗ്രാമങ്ങളിലെ മൂട്ടിവേഷൻ കഥ

You are here:

ഒരു ഗ്രാമത്തിൽ ഒരു പാവം പയ്യനുണ്ടായിരുന്നു. അവനൊരു പെൺകുട്ടിയെ അഗാധമായി പ്രണയിച്ചു. ഒരു ദിവസം അവൻ തൻ്റെ പ്രണയചെപ്പ് അവളുടെ മുന്നിൽ തുറന്നു. പക്ഷേ അവളും കൂട്ടുകാരും അവനെ പരിഹസിച്ച് അപമാനിച്ച് വിട്ടു. കുറച്ച് നാൾ കഴിഞ്ഞ്, പെൺകുട്ടിയും കൂട്ടുകാരും ഇരിക്കുന്നതിനിടയിലേക്ക് അവൻ ഒരു കിടിലോസികി സ്പോർട്സ് ബൈക്കിൽ സൺഗ്ലാസ്സൊക്കെ വെച്ച് മസിലും പെരുപ്പിച്ച് മാസ്സ് ബിജിഎമ്മിന്റെ അകമ്പടിയോടെ സ്ലോമോഷനിൽ ഒരു മരണ മാസ്സ് എൻട്രി. അപമാനിച്ച് വിട്ടവർ അത്ഭുത പരതന്ത്രരായി ആരാധനയോടെ അവനെ നോക്കി നിന്നു. അവനവരെ മൈൻഡ് ചെയ്യാതെ സ്ലോമോഷനിൽ തന്നെ കടന്ന് പോയി. പിന്നാലെ ട്രാൻസ്ഫോർമേഷൻ, സിഗ്മ റൂൾ, മണ്ണാങ്കട്ട പുഴുങ്ങിയത്. കാണുന്നവർ മോട്ടിവേഷനടിച്ച്കേറി തരിച്ചിരിക്കുകയാണ്! ഇൻസ്റ്റാഗ്രാമങ്ങളിൽ സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന സംഭവ കഥയാണിത്.

യഥാർത്ഥത്തിൽ ഇതിലൂടെയൊക്കെ എന്താണ് പറയുന്നതെന്നറിയാൻ ആ വിഡിയോ റിവേഴ്സിൽ കണ്ടാൽ മതി. നിങ്ങളുടെ കയ്യിൽ പണവും നല്ല ബൈക്കും കാറും ഉണ്ടെങ്കിൽ എല്ലാവരും നിങ്ങളെ ആദരിക്കും സ്നേഹിക്കും. ഇല്ലെങ്കിൽ എല്ലാവരും നിങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളും. അതായത് ഒരു വ്യക്തിക്ക് അന്തർലീനമായി മൂല്യമോ വ്യക്തിത്വമോ ഇല്ല, എല്ലാം ഓരാളുടെ കയ്യിൽ എന്തൊക്കെയുണ്ട് എന്നതിനെ അടിസ്ഥനമാക്കിയാണ്. ഇത് തന്നെയാണ് എല്ലാ പരസ്യങ്ങളും നമ്മോട് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടാൻ, സ്നേഹിക്കാൻ എന്തൊക്കെയാണ് വേണ്ടത്, സന്തോഷമായി ജീവിക്കാൻ എന്തൊക്കെ വേണം. ഇങ്ങനെയൊക്കെയാണ് ആധുനിക പുരോഗമന മനുഷ്യരുടെ മനോഭാവം. നാലാളെ മുന്നിൽ ഒരത് കിട്ടണമെങ്കിൽ ഇത് വേണം. അപ്പൊ ഇതിലാണ് അതുള്ളത്, അല്ലാതെ വ്യക്തികളിൽ ഒന്നുമില്ല.

യഥാർത്ഥത്തിലിത് സ്വന്തം മൂല്യങ്ങളിൽ, ധാർമികതയിൽ വ്യക്തിത്വത്തിൽ അഭിമാനമിക്കാൻ ഒന്നുമില്ലാതാകുമ്പോഴുള്ള മനോഭാവമാണ്. ആത്മാഭിമാനവും മതിപ്പും തോന്നാൻ ഇതൊക്കെ വേണം. അങ്ങനെയാണ് നമ്മൾ കുട്ടികളെയും വളർത്തുന്നത്. ഒന്നാമനകുമ്പോഴാണ് അവർക്കതൊക്കെ കൊടുക്കുന്നത്. പഠിച്ച് നല്ല ജോലി നേടി നല്ല നിലയിലെത്തെലാണ് ജീവിതത്തിന്റെ ഏക ലക്‌ഷ്യം. അപ്പോഴേ ഇതൊക്കെ കിട്ടൂ.

ഭൗതികാസക്തി കൂടുന്നതിനനുസരിച്ച് മനുഷ്യരിൽ നൈസര്‍ഗ്ഗിക മൂല്യങ്ങളും ധാർമികതയും, സാമൂഹിക പ്രതിബന്ധതയും മറ്റുള്ളവരോടുള്ള കരുതലുമൊക്കെ കുറയുമെന്നും, വഞ്ചനയും ആർത്തിയും സ്വാർത്ഥതയും അസൂയയും അരക്ഷിതാവസ്ഥയും വിഷാദവും കൂട്ടുമെന്നുമുള്ള പഠനങ്ങളെ കുറിച്ച് The high price of materialism എന്ന പുസ്തകത്തിൽ പറയുന്നണ്ട്. ഇത് കേവലം പണത്തോടുള്ള ആർത്തി മാത്രമല്ല, അമിതമായ കാമമടക്കം ഭൗതികമായ എല്ലാം പെടും. പുരോഗമനം പൂക്കുന്നിടത്ത് പോയാൽ ഈ മനോഭാവമെല്ലാം കാണാം. സമൂഹത്തോടോ മാതാപിതാക്കളോടോ ഒരു പ്രതിബദ്ധതയുമില്ലാത്ത, സ്വന്തം താല്പര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ. കപ്പിൾ സ്വാപ്പിങ് വർത്തകൾക്കടിയിലും കണ്ടിരുന്നു അവർക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താ കുഴപ്പം നാട്ടാരെ എന്ന് ചോദിക്കുന്നവരെ. മനുഷ്യരെ കേവലമൊരു ഉപഭോഗ വസ്തുവായി കൈമാറ്റം ചെയ്യുന്ന മനോഭാവം നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്നോ, ഈ മനോഭാവം എവിടെ നിന്നാണ് വരുന്നതെന്നോ, ഇതൊക്കെ എങ്ങനെയാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ തകർക്കുന്നതെന്നോ, കുടുംബത്തിൻ്റെ പ്രാധാന്യമോ ഒരു വിഷയമല്ല.

ഈ ഭൗതികാസക്തി തന്നെയാണ് മനുഷ്യർക്കിടയിലെ മിക്ക പ്രശ്നങ്ങളുടെയും കരണങ്ങൾ. നിരന്തരം ഇരകൾക്ക് അനീതിയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇത് തന്നെ. രണ്ടാമത്തേത് അവർക്ക് ആരോടും ഉത്തരവാദിത്തമില്ല, അവരെ ആരും ചോദ്യം ചെയ്യില്ല എന്ന ബോധം. എല്ലാ പ്രവർത്തികൾക്കും മറുപടി പറയേണ്ട ഒരു ദിവസം വരാനുണ്ടെങ്കിലോ?

വരുമാനത്തിൽ നിന്ന് ചിലവ് കിഴിച്ച് ബാക്കിയുള്ളതാണ് സമ്പാദ്യം എന്ന സമവാക്യത്തെ വരുമാനത്തിൽ നിന്ന് ഈഗോ കിഴിച്ച് ബാക്കിയുള്ളതാണെന്ന് തിരുത്തുന്നുണ്ട് The Psychology of Money എന്ന പുസ്തകത്തിൽ Morgan Housel. എന്താണ് ഈഗോ? നമ്മൾ വേണമെന്ന് ആഗ്രഹിക്കുന്നതിൽ നിന്ന് യഥാർത്ഥത്തിൽ നമുക്ക് ആവശ്യമുള്ളത് കിഴിച്ചാൽ കിട്ടുന്നതാണ് ഈഗോ. നമുക്ക് വേണമെന്ന് തോന്നുന്ന മിക്ക കാര്യങ്ങളും ഒന്നുകിൽ മറ്റുള്ളവർക്ക് നമ്മളിൽ മതിപ്പുണ്ടാകാൻ അല്ലെങ്കിൽ ഏതെങ്കിലും പരസ്യത്തിലോ മറ്റുളവരുടെ കയ്യിൽ കണ്ടത് കൊണ്ട് വേണമെന്ന് തോന്നുന്നത്. ശരിക്കും നമുക്കെന്താണ് വേണ്ടതെന്നറിയാൻ നമ്മളാരാണെന്നറിയണം. അതാണ് എല്ലാ രഹസ്യങ്ങളിലേക്കുമുള്ള കവാടം.

നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതിനപ്പുറം പണത്തിനും ആഡംബരത്തിനും നമ്മുടെ സന്തോഷത്തിൽ ഒരു പങ്കുമില്ല. നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഭക്ഷണവും വസ്ത്രവും വീടും വാഹനവുമൊക്കെ വേണം. അത് കഴിഞ്ഞാൽ പണം കൊണ്ട് നേടാൻ കഴിയുന്ന ഏക സന്തോഷം അത്യവശ്യമുള്ള ആർക്കെങ്കിലും കൊടുക്കുമ്പോഴാണ്. നമ്മളെല്ലാവരും ബിൽഗേറ്റ്സോ സക്കർബർഗോ ആവാൻ പോകുന്നില്ല. ഭൂരിപക്ഷം പേരും സാധാരണം ജീവിതം നയിക്കാനുളളവരാണ്. And it is perfectly okay to have an ordinary life. Embrace the ordinary! Appreciate and enjoy the little things. ആനന്ദം കണ്ടെത്തുന്നത് നമ്മുടെ മനസ്സാണ്. അവിടെ ശാന്തിയും സമാധാനവുമുണ്ടായാൽ നക്ഷത്രങ്ങളിലും നിലാവിലും മേഘത്തിലും മഴയിലും സൗന്ദര്യം കണ്ടെത്താം. നമ്മൾ സാധാരണയായി ചെയ്യുന്ന വിരസമെന്ന് കരുതുന്ന ചെറിയ ചെറിയ കാര്യങ്ങളിലും ആനന്ദം കണ്ടെത്താം. അതില്ലെങ്കിൽ ഏത് ആഡംബര നൗകയിലും ഫാൻസി കാറിലും ഒരു തേങ്ങയും കിട്ടില്ല.

ജീവിതം ആസ്വദിക്കാനുളളതാണ്, മറ്റുളവളർക്ക് വേണ്ടിയല്ല നമുക്ക് വേണ്ടിയാണു ജീവിക്കേണ്ടത് എന്നൊക്കെയാണ് പുരോഗമനം പൂക്കുന്നിടങ്ങളിലെ ആപ്‌തവാക്യങ്ങൾ. ആ പറയുന്ന എല്ലാ ആസ്വാദനങ്ങളും എല്ലാ മൃഗങ്ങളും ചെയ്യുന്ന കാര്യങ്ങളാണ്. അതൊക്കെ കുറേ ആഡംബരമായി പരിധികളില്ലാതെ ചെയ്യുന്നതിൽ എന്താണിത്ര പുരോഗമനാ ത്മകവും മനുഷ്യത്വ പരവും?

നമ്മളെപ്പോഴാണ് മനുഷ്യത്വം ആഘോഷിക്കുന്നത്? അന്യ സംസ്ഥാന തൊഴിലാളിയെ മാൻഹോളിൽ നിന്ന് രക്ഷിക്കാൻ ജീവൻ ത്യജിച്ച നൗഷാദ് മനുഷ്യത്വത്തിൻ്റെ പ്രതീകമായിരുന്നു. പ്രളയത്തിൽ പെട്ടവർക്ക് വസ്ത്രം വേണമെന്ന് പറഞ്ഞപ്പോൾ തന്റെ കൊച്ചു കടയിലേക്ക് കൊണ്ട് പോയി ആവശ്യമുളളതൊക്കെ എടുത്തോ എന്ന് പറഞ്ഞ് വാരിയിട്ട് കൊടുത്ത മറ്റൊരു നൗഷാദും മനുഷ്യത്വത്തിൻ്റെ പ്രതീകമായിരുന്നു. വാക്സീൻ ദുരിതാശ്വാസ നിധിയിലേക്ക് അക്കൗണ്ടിലുള്ള 2 ലക്ഷവും നൽകിയ ബീഡിത്തൊഴിലാളി ജനാർദനനും, ഉള്ള വരുമാനമായ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദയും നമുക്ക് മനുഷ്യത്വത്തിൻ്റെ പ്രതീകങ്ങളായിരുന്നു.

ഒരു മിതമായ പുരോഗമനം മാത്രമെടുത്ത് നമുക്ക് മനുഷ്യത്വം പൂക്കുന്നിടങ്ങളിലേക്ക് പോകാം!

ദേണ്ടടാ ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഒരു പ്രാകൃത മനുഷ്യാവകാശ വിരുദ്ധൻ. ശുഭം!

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected