ഗോത്രീയത പുരാതന മനുഷ്യരുടെ ഒരു അപരിഷ്‌കൃത സംഗതിയല്ല, എല്ലാ മനുഷ്യരിലും സഹജമായി ഉള്ളതാണ്. അടിസ്ഥാനപരമായി മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അങ്ങനെയേ മനുഷ്യന് നില നിൽക്കാൻ കഴിയൂ. ചെറിയ വേട്ടസംഘങ്ങളിൽ തുടങ്ങി, ആഹാരം കണ്ടെത്തുന്നതിനും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമെല്ലാം ഓരോ കൂട്ടങ്ങളായാണ് മനുഷ്യർ കഴിഞ്ഞിരുന്നത്. അടുത്തൊരു വേട്ടക്കാരനുണ്ട്, ആ പ്രദേശത്തേക്ക് പോകരുത്, ഈ പഴം കഴിക്കരുത് തുടങ്ങിയ അറിവുകൾ മാതാപിതാക്കളിൽ നിന്നും പ്രായമായവരിൽ നിന്നുമൊക്കെ നേടിയാണ് മനുഷ്യർ അതിജീവിച്ചത്. Like it or not, we are hard-wired to belong to a tribe. പിന്നീടത് കാർഷിക സമൂഹങ്ങളും നാഗരികതകളുമായി മാറിയപ്പോഴും പലതരം കൂട്ടങ്ങളായിരുന്നു. ഇങ്ങനെ ആശയങ്ങളുടെ പേരിലോ പൊതുവായ മറ്റേതെങ്കിലും വിഷയങ്ങളുടെ പേരിലോ ഒന്നിച്ചു ചേരുന്നതെല്ലാം മോശം കാര്യമോ ഒഴിവാക്കാൻ കഴിയുന്നതോ അല്ല. ലിബറലിസം വിഭാവനം ചെയുന്ന പോലെ സമ്പൂർണ്ണ സ്വാതന്ത്ര്യമുള്ള ഓരോ മനുഷ്യരായി അലഞ്ഞു തിരിഞ്ഞു ജീവിക്കാൻ മനുഷ്യന് കഴിയില്ല.
പക്ഷേ ഗോത്രീയതക്ക് ചില ദോഷവശങ്ങളുമുണ്ട്. അപകടങ്ങളും ഭയവും മനുഷ്യരിൽ പെട്ടന്ന് ഗോത്രീയത ജനിപ്പിക്കും. സ്വന്തം ഗോത്രത്തോട് കൂറും എതിർ ഗോത്രത്തോട് വെറുപ്പും വിവിദ്വേഷവും വെച്ച് പുലർത്തും. ഭയവും വെറുപ്പും യുക്തിയെയും വസ്തുതകളെയും കീഴടക്കും. നേതാക്കന്മാരെ അന്തമായി പിന്തുടരും. ഭാഷയുടെ, സംസ്കാരത്തിൻ്റെ, നിറത്തിൻ്റെ, വംശത്തിൻ്റെ, രാജ്യങ്ങളുടെ, ആശയങ്ങളുടെ, മതത്തിൻ്റെ, മതനിരാസത്തിൻ്റെ, രാഷ്ട്രീയ പാർട്ടികളുടെ, തറവാടിൻ്റെ, സ്പോർട്സ് ടീമിൻ്റെ, സിനിമാതാരങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ മനുഷ്യർ ഗോത്രീയ മനോഭാവം കാണിച്ച് തമ്മിൽ തല്ലാറുണ്ട്. മതങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് പറഞ്ഞു നടക്കുന്നത് ഒരു നവനാസ്തിക വിവരക്കേടാണ്.
ഹിറ്റ്ലറും ട്രംപും മോഡിയും രാഷ്ട്രീയക്കാരും എല്ലാം ചെയ്തത് ഭയപ്പെടുത്തി, ഗോത്രീയത ഉണർത്തി യുക്തിരഹിതരും ക്രൂരരുമായ മനുഷ്യരാക്കി തമ്മിൽ തല്ലിക്കുക എന്നതാണ്. എല്ലായിടത്തും കാണാം ഒരേ പാറ്റേൺ. അമേരിക്കയിൽ മെക്സിക്കോക്കാരെ ശത്രുക്കളാക്കി മതില് പണിയാണെങ്കിൽ ഇവിടെ ബംഗ്ലാദേശികളെ തടയാനുള്ള പണിയാണ്
മുസ്ലിംകൾക്ക് എല്ലായിടത്തും പ്രത്യേക പരിഗണനയുണ്ട്. അതിന് പല കാരണങ്ങളുമുണ്ടാകാം. തിരക്കഥ രചിക്കുന്നവർക്കും ചരട് വലിക്കുന്നവർക്കും അവരുടേതായ താല്പര്യങ്ങളുണ്ട്. അഫ്ഘാൻ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ അധിനിവേശം നടത്താൻ പരസ്യാനുവാദവും മൗനാശീർവാദവും കൊയ്തതത് ഇസ്ലാമോഫോബിയ വിതച്ച് കൊണ്ടാണ്. ലിബറൽ മുതലാളിത്ത ലോകക്രമത്തിന് നേർ വിരുദ്ധമായി ഇസ്ലാം നിൽക്കുന്നു എന്നതും കാരണമാണ്. എന്നാൽ ഇതെല്ലം സാധാരണക്കാരെ ഫലപ്രദമായി സ്വാധീനിക്കാൻ ഗോത്രീയമായ കാരണങ്ങളുണ്ട്. ലോകമെങ്ങും ലിബറൽ ജ്വരം ബാധിച്ച് മനുഷ്യർ പരസ്പരം മത്സരിക്കാൻ തുടങ്ങി. സ്വാർത്ഥത കൂടി, പരസ്പര സഹകരണം കുറഞ്ഞു. സമൂഹ മനോഭാവം കുറഞ്ഞു. അമേരിക്കയിൽ 57% ആളുകൾക്കും സ്വന്തം അയൽവാസികളെ അറിയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്[1]. ബ്രിട്ടനിൽ 75% ആളുകൾക്കും അയൽവാസികളുമായി സൗഹൃദമില്ല[2]. ബോംബെ, ബാംഗ്ലൂർ പോലുള്ള വൻ നഗരങ്ങളിലും കാണാം ഇത് പോലെ അടുത്ത ഫ്ലാറ്റിലുള്ളവരെ പോലും അറിയാത്തവർ. അവിടെയും ഗോത്രീയത കാരണമാകുന്നുണ്ട്, പലതരം ദേശക്കാരും ഭാഷക്കാരുമാണ് എന്നത് ഒരു അകൽച്ച സൃഷ്ടിക്കും. അത്രയും പരിചയമുള്ളവരുമായി മാത്രമേ അടുത്ത ബന്ധം സ്ഥാപിക്കൂ. വീണ് കിടക്കുന്ന മനുഷ്യരെ തിരിഞ്ഞു നോക്കാൻ സമയമില്ലാത്ത, ലിബറൽ മുതലാളി പറയുന്നതനുസരിച്ച് സന്തോഷവും സമാധനവും തേടി ഓടുന്ന മനുഷ്യ ജന്മങ്ങൾ.
ഹിന്ദുമതത്തിന് ഒരു സമൂഹ ഘടനയില്ല. ആത്മീയത കൂടിയാൽ സമൂഹവുമായി ഒരു ബന്ധവുമില്ലാതെ ജീവിതമായിരിക്കും, കൂടെ ജാതീയതയും. ക്രിസ്ത്യാനിറ്റിയെ പൂർണ്ണമായും ലിബറലിസം വിഴുങ്ങി. ബൈബിൾ നിഷിദ്ധമാക്കിയ കാര്യങ്ങളാണെങ്കിലും ലിബറലിസം വിശുദ്ധമാക്കിയാൽ ക്രിസ്ത്യാനിറ്റിക്ക് മറുവാക്കില്ല. ലിബറൽ ജ്വരം മുസ്ലിംകളെയും ബാധിച്ചിട്ടുണ്ട്. ആർത്തിയും തമ്മിൽ തല്ലലും ഗ്രൂപ്പിസവുമുണ്ട്. എങ്കിലും ഇസ്ലാമിൻ്റെ ഘടനാ പരമായ സവിശേഷത കൊണ്ട് അതിനിപ്പോഴും ഒരു സമൂഹ സ്വഭാവമുണ്ട്. ഏത് പള്ളിയിൽ പോവാത്തവനും വെള്ളിയാഴ്ചയെങ്കിലും പോവും. മതപഠനം എല്ലാ മുസ്ലിമിനും നിർബന്ധമാണ്, അത് നടക്കണമെങ്കിൽ മദ്രസകളും മഹല്ലും വേണം. മഹല്ലിൽ ആർകെങ്കിലും പ്രയാസമുണ്ടങ്കിൽ സഹയിക്കണം. കുടുംബങ്ങൾ സന്ദർശിക്കുക, അയൽവാസികളോടുള്ള ബന്ധം, രോഗികളെ സന്ദർശിക്കുക തുടങ്ങിയവ അന്യം നിന്ന് കൊണ്ടിരിക്കുന്ന മൂല്യങ്ങളാണെങ്കിലും പഴയ തലമുറയിലെങ്കിലും നിലനിൽക്കുന്നുണ്ട്. പല ഒഴിവ് കഴിവുകൾ പറയുന്നുണ്ടെങ്കിലും ഇതൊക്കെ ചെയ്യേണ്ട മത മൂല്യങ്ങളാണ് എന്ന ബോധം പുതിയ തലമുറയിലുമുണ്ട്. സകാത്ത് കൊടുക്കണം. ഇങ്ങനെ കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകൾ നിറവേറ്റാതെ ഒരു മുസ്ലിമിൻ്റെ വിശ്വാസം പൂർണ്ണമാകില്ല.
മറ്റു മതക്കാരെ ഭയപ്പെടുത്തി, ഗോത്രീയത ഉണരുമ്പോൾ അവരുടെ സമൂഹത്തെ കാണാൻ കഴിയുന്നില്ല, മറുവശത്ത് മുസ്ലിംകൾ ഒരു സമൂഹമായി നിലനിൽക്കുന്നുമുണ്ട്. ഇത് കൂടുതൽ ഭയപ്പാടുണ്ടാക്കും. മുസ്ലിംകളെ അപകടമായി കാണും. കൂടോത്രം ചെയ്തും മയക്ക് മരുന്ന് കൊടുത്തും നമ്മുടെ പെൺകുട്ടികളെ അപായപ്പെടുത്താൻ തന്ത്രങ്ങൾ മെനയുന്നതായി തോന്നും. ജനസംഖ്യയുടെ 14% ശതമാനം മാത്രമുള്ളവർക്ക് ബാക്കിയുള്ളവരെ കീഴടക്കി ഭരിക്കാൻ രഹസ്യ പദ്ധതി മെനയുന്നതായി തോന്നും. അതിനാവശ്യമുള്ള വാർത്തകൾ മാധ്യമങ്ങൾ നിരന്തരം വന്ന് കൊണ്ടേ ഇരിക്കും. വാട്സാപ്പിലും സോഷ്യൽ മീഡിയയിലും നിറം പിടിപ്പിച്ച കളവുകളും അർദ്ധസത്യങ്ങളും പറന്ന് നടക്കും. അങ്ങനെ യുക്തിരഹിതരായ, ക്രൂരരായ മനുഷ്യ ആയുധങ്ങൾ തയ്യാറാകും. ആൾക്കൂട്ട കൊലകളൂം ബലാത്സംഗങ്ങളും പതിവാകും. പ്രതികൾക്ക് വേണ്ടി പരസ്യമായി ജയ് വിളിക്കും, സ്വീകരണം കൊടുക്കും. പെട്രോളിനും ഗ്യാസിനും ഭക്ഷണത്തിനും എത്ര വിലകൂട്ടിയാലും ജയ് വിളിക്കും. കറുത്തവനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോറ്റ ഗോത്രത്തലവന് വേണ്ടി വൈറ്റ് ഹൗസ് കയ്യേറും. രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് സന്തോഷമാവും.
മത വിമർശകർ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് ഇസ്ലാം ഗോത്രമതമാണ്, ഗോത്രീയതയാണ് എന്നൊക്കെ. യഥാർത്ഥത്തിൽ ഗോത്രീയതക്കുള്ള ഒരേയൊരു പരിഹാരമാണ് ഇസ്ലാം. എല്ലാത്തരം വിഭാഗീയതകളേയും ഇല്ലാതാക്കി കർമ്മങ്ങളുടെ അടിസ്ഥാനനത്തിൽ മനുഷ്യൻ എന്ന ഒരൊറ്റ ഗോത്രമാക്കുകയാണ് ഇസ്ലാം ചെയ്തത്. “നിങ്ങൾ പിതാമഹാന്മാരെ തൊട്ട് സത്യം ചെയ്യരുത്, ഗോത്രീയതക്ക് വേണ്ടി പോരാടുന്നവൻ നമ്മിൽ പെട്ടവനല്ല, മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരും ആദമിൻറെ(അ) മക്കളാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ഭക്തിയുയും സൽകർമങ്ങൾ സത്കർമങ്ങളും മാത്രമാണ്.” തുടങ്ങിയ പ്രവാചക (സ) അധ്യാപനങ്ങളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
ബിലാൽ ഇബ്‌നു റാബഹ് (റ) എന്നത് ഒരു സ്വഹാബിയുടെ പേരല്ല. അത് അന്ന് വരെ ലോകം കണ്ടട്ടില്ലാത്ത ഒരു വിപ്ലവത്തിൻ്റെ പേരാണ്. വെള്ളക്കാരോട് വിദ്വേഷവും വെറുപ്പും വെച്ച് പുലർത്തിയിരുന്ന മാൽകം എക്സിന്റെ ചിന്തകളും നിലപാടുകളും മാറ്റിമറിച്ചത് ഒരു ഹജ്ജ് യാത്രയാണ്. ആ വിപ്ലവത്തിന്റെ പ്രതിഫലനമായിരുന്നു അത്.
ഞങ്ങൾ ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചു, ഒരേ ഗ്ലാസിൽ നിന്ന് കുടിച്ചു, ഒരേ കട്ടിലിലോ പരവതാനിയിലോ ഉറങ്ങി. അതിൽ ശക്തരായ രാജാക്കന്മാരുണ്ട്, മന്ത്രിസഭാംഗങ്ങൾ, മറ്റ് രാഷ്ട്രീയ മത നേതാക്കന്മാർ, എല്ലാ നിറത്തിലും വംശത്തിലും ദേശത്തുമുള്ളവർ, വെളുത്തതിൽ ഏറ്റവും വെളുത്തവരും, കടും നീലനിറമുള്ള കണ്ണുകളുള്ളവരും, സ്വര്‍ണ്ണത്തലമുടിയുള്ളവരുമുണ്ട്. എന്നിട്ടും എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ അവരെ ‘വെളുത്ത’ മനുഷ്യരല്ലാതെ കണ്ടത്. എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാനും അവർ തങ്ങളെ ‘വെള്ളക്കാരായി’ കണക്കാക്കുന്നില്ലെന്നും കാണാൻ കഴിഞ്ഞു. “ദൈവത്തിന്റെ ഏകത്വം എന്ന അവരുടെ വിശ്വാസം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ നിന്ന് വർണ്ണവിവേചനം നീക്കം ചെയ്തു. വെളുത്ത അമേരിക്കക്കാർ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ, ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയാണെങ്കിൽ, അവർക്ക് മനുഷ്യന്റെ ഏകത്വവും ആത്മാർത്ഥമായി അംഗീകരിക്കാൻ കഴിയും” – Malcom x
ഇസ്ലാം എന്നത് കേവലം ഒരു വിശ്വാസമല്ല, ഏകനായ സ്രഷ്ടാവിൻ്റെ മുന്നിലുള്ള കീഴ്വണക്കം എന്ന കർമ്മമാണ്. ആ സ്രഷ്ടാവ് വിവിധ കൂലഘട്ടത്തിലെ വിവിധ സമൂഹങ്ങൾക്ക് മാർഗ്ഗനിർദേശവുമായി പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അതിൽ കഅബ പണിത അബ്രഹാമും യേശുവും ജെറുസലേമും മോസസും ദാവീദും യാക്കോബും നോഹയും വിവിധ സമൂഹത്തിലേക്ക് വിവിധ കാലഘട്ടത്തിൽ വന്ന പേരറിയാത്ത ഒരു ലക്ഷത്തിലധികം പ്രവാചകന്മാരും (PBUTA) ഉണ്ട്. ആ ദൈവീക സന്ദേശങ്ങളുടെ പൂർത്തീകരണമാണ് അവസാന പ്രവാചൻ മുഹമ്മദ് നബി (സ). ഇസ്ലാം കേവലം അറബികളുടെ മതമല്ല, എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. മുസ്ലിംകളിൽ 20% മാത്രമാണ് മിഡിൽ ഈസ്റ്റിലുള്ളത്. ബാക്കി 80% ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമാണ്. സത്യവും അസത്യവും, നീതിയും അനീതിയും, ക്രൂരതയും കരുണയും, സ്നേഹവും വെറുപ്പും തുല്യമല്ല എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല, അതേ ഇസ്ലാമും പറയുന്നോള്ളൂ.
നരവംശത്തിൻ്റെ തന്നെ നാശത്തിന് കാരണമായേക്കാവുന്ന മൂന്ന് പ്രത്യേകതകളുണ്ട് മനുഷ്യൻ്റെ തലച്ചോറിന്.
ഗോത്രീയത – സ്നേഹവും സഹോദര്യവുമാണ് പ്രതിവിധി.
Short term thinking – കൂടുതൽ സ്നേഹം, ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളോട്, വരാനിരിക്കുന്ന തലമുറകളോട്. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും ഇന്റിവിജ്വലിസത്തിൻ്റെയും പേരിൽ കുടുംബന്ധങ്ങളെയും സാമൂഹിക ഘടനയെയും തകർക്കാതിരിക്കുക, ലിബറൽ പൊട്ടക്കിണറ്റിൽ നിന്ന് പുറത്ത് കടക്കുക.
Wishful thinking – സത്യത്തെ തേടുക, സത്യത്തോടൊപ്പം നിൽക്കുക, അതെത്ര അപ്രിയമായതാണെങ്കിലും.
ഇസ്ലാം പ്രശ്നമല്ല, പരിഹാരമാണ്, യഥാർത്ഥ പ്രശ്നങ്ങളെ തിരിച്ചറിയാൻ കഴിയുന്നവർക്ക്.