അല്ലാഹുവിനെ ആരാധിക്കാനാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ് നമ്മളെല്ലാം മനസ്സിലാക്കുന്നത്. പക്ഷേ അതിനിവിടെ ആരാധനയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഞങ്ങളില്ലേയെന്ന് മലക്കുകൾ തന്നെ ചോദിക്കുന്നുണ്ട്. ആകാശ ഭൂമിയിലുള്ള സകലതും അല്ലാഹുവിനെ പ്രകീർത്തിച്ച് കൊണ്ടിരിക്കുയാണെന്നും ഖുർആനിലുണ്ട്. എന്നിട്ടും മനുഷ്യരെ എന്തിന് സൃഷ്ടിച്ചു? ആരാണ് മനുഷ്യൻ? എന്താണ് മനുഷ്യരുടെ ആരാധനയുടെ പ്രത്യേകത?
മനുഷ്യർ മാത്രമാണ് സ്വഇച്ഛയാൽ അല്ലാഹുവിനെ കണ്ടെത്തി അറിഞ്ഞ് ആരാധിക്കുന്നത്. അറിയുമ്പഴേ ആരാധന തോന്നൂ, അറിഞ്ഞാലേ ആരാധനയാകൂ. അറിയലാണ് പ്രഥമം.
ഈ ലോകത്തെ സർവ്വതും സൃഷ്ടിച്ച് നിയന്ത്രിച്ച് പരിപാലിക്കുന്നവനാണ് അള്ളാഹു. അവനാണ് ആകാശ ഭൂമികളിലുള്ള സകലതിന്റെയും ഉടമസ്ഥൻ. സകല കഴിവുകളും അവൻറെ അധീനതയിലാണ്. അവനെക്കൊണ്ടല്ലാതെ ഒരാൾക്കും ഒരു കഴിവുമില്ല. അവൻറെ അനുമതിയില്ലാതെ ഒരിലപോലും അനങ്ങില്ല. വിശപ്പ് മാറ്റുന്നവനും രോഗം ശമിപ്പിക്കുന്നവനും അവനാണ്. എന്നൊക്കെ നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷേ ശരിക്കും ഇതൊക്കെ നമ്മൾ ഹൃദയം കൊണ്ട് അംഗീകരിക്കുന്നുണ്ടോ? അല്ലാഹുവിൽ വിശ്വസിക്കുക എന്നാൽ അള്ളാഹു ഉണ്ടെന്ന് വിശ്വസിക്കലാണ് എന്നാണ് നമ്മടെ ധാരണ. ഒരു സുഹൃത്ത് ഉണ്ട് എന്നതും ആ സുഹൃത്തിലുള്ള നമ്മുടെ വിശ്വാസവും രണ്ടാണ്. അല്ലാഹു ഉണ്ടെന്ന് വിശ്വസിച്ചാൽ മുസ്ലിമേ ആകൂ. അല്ലഹുവിനെ നമുക്കെത്രത്തോളം വിശ്വാസമുണ്ട് എന്നതാണ് ഈമാൻ.
നമുക്ക് അല്ലാഹുവിനേക്കാൾ വിശ്വാസം മുതലാളിമാരിലല്ലേ? കോടീശ്വരനായ മുതലാളി ഒരു മാസത്തെ യാത്രക്ക് കൂടെ വിളിച്ചാൽ, എവിടെ നിന്ന് ഭക്ഷണം കഴിക്കും, പനി വന്നാൽ എങ്ങനെ ചികിത്സിക്കും, രാത്രി എവിടെ കിടന്നുറങ്ങും എന്നൊക്കെ ആശങ്കപ്പെടുമോ? അതൊക്കെ അദ്ദേഹം നോക്കിക്കോളും, നമ്മൾ ഏല്പിച്ച കാര്യങ്ങൾ ചെയ്താൽ മതി എന്നല്ലേ കരുതുക. പക്ഷേ സ്വന്തമായി ഒരു സമ്പത്തോ, കഴിവോ ഇല്ലാത്ത മുതലാളിലയിലുള്ള അത്ര പോലും വിശ്വാസം നമുക്ക് അല്ലാഹുവിലുണ്ടോ? നമുക്ക് അല്ലാഹുവിനേക്കാൾ വിശ്വാസം ഇൻഷുറൻസ് കമ്പനികളിലില്ലേ?
അവനെ ഭാരമേൽപിച്ചാൽ നമ്മൾ സ്വതന്ത്രരാകില്ലേ? അവനിൽ ഭാരമേല്പിച്ചവരുടെ ആവശ്യങ്ങൾ അവരറിയാത്ത മാർഗ്ഗങ്ങളിലൂടെ പൂർത്തീകരിച്ച് നല്കൂമെന്ന് അവൻ പറഞ്ഞിട്ടില്ലേ. അവരെക്കുറിച്ചായിരിക്കില്ലേ ഭയവും ആശങ്കകളും ഇല്ലാത്തവരെന്ന് അവൻ പറഞ്ഞത്. പക്ഷേ നമ്മുടെ ഹൃദയം സമ്മതിക്കുന്നില്ല. ഞാൻ തന്നയല്ലേ ഇതൊക്കെ ചെയുന്നത്. ഞാൻ നന്നായി പഠിച്ചിട്ടല്ലേ എനിക്ക് ജോലി കിട്ടിയത്. ഞാൻ ജോലി ചെയ്തിട്ടല്ലേ കുടുംബം നോക്കുന്നത്? ലോക്ഡൗണിൽ കുറേ കഷ്ടപ്പെട്ടതാണ്. ഒരുപാട് പ്രാർത്ഥിച്ചു, ഒന്നും ശരിയായില്ല. അവസാനം കുറച്ച് സ്വർണ്ണം പണയം വെച്ചാണ് ബുദ്ധിമുട്ട് തീർത്തത്. അയൽവീട്ടിലെ സുഹൃത്തിന് ഇപ്പഴും ഒരു ജോലി ശരിയായിട്ടില്ല. കുടുംബം ആകെ പ്രയസത്തിലാണ്. ഞാൻ കഷ്ടപ്പെട്ട് പണിയെടുത്തിട്ട് തന്നയല്ലേ എന്നെയും കുടുംബത്തെയും നോക്കുന്നത്?
നമ്മൾ സമ്പാദിച്ചതിൽ നിന്ന് ചിലവഴിക്കാനല്ലല്ലോ, അവൻ “തന്നതിൽ” നിന്ന് ചിലവഴിക്കാനല്ലേ അവൻ പറഞ്ഞോതൊക്കെയും. പക്ഷേ സമ്പത്ത് അല്ലാഹവിന്റേതാണെന്നും അള്ളാഹു തന്നതാണെന്നും ഉള്ള ബോധത്തിലാണോ നമ്മളതിനെ കാണുന്നത്? ഒരു സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ആദ്യം അതിനുള്ള പരിഹാരങ്ങളല്ലേ നമ്മൾ ചിന്തിക്കുന്നത്? എല്ലാ വഴികളും അടയുമ്പോഴല്ലേ നമ്മൾ അല്ലാഹുവിനോട് ചോദിക്കുന്നത്? അല്ലാഹുവാണ് നൽകുന്നതെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ നമ്മളാദ്യം അവനോടല്ലേ ചോദിക്കുക, എന്നിട്ടല്ലേ അതിനവൻ നിശ്ചയിച്ച മാർഗ്ഗങ്ങളന്വേഷിക്കുക?
വലിയ വലിയ സംഘങ്ങളെ പരാചയപ്പെടുത്തിയ ചെറിയ സംഘങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് നമ്മൾ ഊറ്റം കൊള്ളും. പക്ഷേ അവരൊന്നും പോകുന്നത് സ്വന്തമായി അവരെയൊക്കെ തോല്പിക്കാം എന്ന ബോധത്തോടെയല്ല, സ്വന്തത്തെ മാറ്റി വെച്ച് സകലതും അവനിൽ ഭാരമേല്പിച്ചാണ്. എന്റെ പ്രാർത്ഥനയും എന്റെ ത്യാഗവും എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിനുള്ളതാണെന്ന് നാവ് വെറുതെ കൊണ്ട് പറയുന്നവരാകില്ല, ഹൃദയം കൊണ്ട് പറയുന്നവരാകും. ബാങ്ക് വിളിക്ക് ഉത്തരം നൽകുമ്പോൾ, നിസ്കാരത്തിലേക്ക് വരുവിൻ, വിജയത്തിലേക്ക് വരുവിൻ എന്ന് കേൾക്കുമ്പോൾ നമ്മളാവർത്തിച്ച് പറയുന്നുണ്ട്, നിന്നെക്കൊണ്ടല്ലാതെ ഒരാൾക്കും ഒരു കഴിവും ശക്‌തിയും ഇല്ലല്ലോ. നിസ്കരിക്കാൻ വരാനും നിസ്കരിക്കാനും അവൻ തന്നെ കഴിവ് തരണം. പക്ഷേ അങ്ങനയൊരു ചിന്തയോടെയാണോ നമ്മൾ നടക്കുന്നത്? ഹൃദയമത് സമ്മതിക്കുന്നില്ല. ഒരാളോട് ഇൻശാ അല്ലാഹ് എന്ന് പറയുമ്പോൾ ശരിക്കും അള്ളാഹു ഉദ്ദേശിച്ചാലേ അത് ചെയ്യാൻ കഴിയൂ എന്ന് നമ്മൾ കരുതുണ്ടോ? നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയും എന്ന് തന്നെയല്ലേ കരുതുന്നത്?
നമുക്ക് അല്ലാഹുവിനേക്കാൾ വിശ്വാസം മോഡേൺ മെഡിസിനിലില്ലേ? ഇന്ന മരുന്ന് കഴിച്ചപ്പഴല്ലേ രോഗം മാറിയത്. അതിന് മുൻപ് വേറെ ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിട്ട് രോഗം മാറിയില്ലല്ലോ. പ്രാർത്ഥിച്ചിട്ട് രോഗം മാറിയില്ലല്ലോ. ആപ്പോ ആ ഡോക്ടറും മരുന്നും തന്നെയല്ലേ രോഗം മാറ്റിയത്? ഇന്ന മരുന്ന് കഴിച്ചാൽ ഇന്ന രോഗം മാറും എന്നാണെങ്കിൽ, മരുന്നുകൾക്ക് അള്ളാഹു അങ്ങനെ ഒരു കഴിവ് മുൻകൂട്ടി നൽകിയിട്ടുണ്ട് എന്നാണെങ്കിൽ, കാരണങ്ങൾക്ക് ഫലം നിർബന്ധമാണ് എന്നാണെങ്കിൽ, തീകുണ്ഡാരത്തിലേക്ക് എറിഞ്ഞാൽ കരിയൽ നിർബന്ധമാണ് എന്നാണെങ്കിൽ, അള്ളാഹു തടയാൻ ഉദ്ദേശിച്ചാലും കഴിയില്ല എന്നാകില്ലേ? അവയിലൊന്നും അല്ലാഹുവിന് യാതൊരു അധികാര നിയന്ത്രണങ്ങളുമില്ല എന്നാകില്ലേ? അവക്ക് സ്വന്തമായി കഴിവുണ്ട് എന്നാകില്ലേ? അത് അവൻറെ പരമമായ കഴിവുകളിലും അധികാര നിയന്ത്രണങ്ങളിലും പങ്ക്കാരെ ചേർക്കലാകില്ലേ?
ഒരു രോഗത്തിന്റെ കാരണങ്ങൾ ഇന്നതൊക്കെയാണെന്നും അതിന്റെ പ്രതിവിധികൾ ഇന്നതൊക്കെയാണെന്നും ഉള്ളത് ബുദ്ധിയുടെ ചിന്തയും ഒരു രോഗത്തിന് അള്ളാഹു കാരണമായി നിശ്ചയിച്ചിരിക്കുന്നത് ഇന്നതൊക്കെ ആണെന്നും അതിന് പ്രധിവിധയായി നിശ്ചയിച്ചിരിക്കുന്നത് ഇന്നതൊക്കെ ആണെന്നും ആ കാര്യങ്ങളും കാരണങ്ങളും എല്ലായ്പോഴും അവന്റെ പരിപൂർണ്ണ നിയന്ത്രണത്തിലുമാണ് എന്നത് ഹൃദയത്തിന്റെ ചിന്തയുമാണ്.
യഥാർത്ഥത്തിൽ അല്ലാഹുവിനെ ഉൾക്കൊണ്ട് വിശ്വസിക്കുന്നവർ ചുറ്റിലും കാണുന്നത് മുഴുവൻ അവൻറെ ദൃഷ്ടാന്തങ്ങളെ മാത്രമായിരിക്കും. ഓരോ അനക്കത്തിലും അവർ കാണുന്നത് അവനെയായിരിക്കും. അവർ ഇരുത്തത്തിലും നടത്തത്തിലും കിടത്തതിലും അല്ലാഹുവിനെ ഓർക്കുന്നവരായിരിക്കും. അവർ മരങ്ങളും നക്ഷത്രങ്ങളും സുജൂദ് ചെയുന്നത് കാണും. ആകാശഭൂകളിലുള്ള സർവ്വതും അവനെ പ്രകീർത്തിക്കുന്നത് കേൾക്കും. പക്ഷേ നമ്മൾ നോക്കുമ്പോൾ എന്താണ് കാണുന്നത്? ആ മൂച്ചി ഞാൻ നട്ടതാണ്, പൂവിട്ടുണ്ട്, ഇനി പരാഗണം നടന്ന് കായ്ക്കണം. ചെടിക്ക് വെള്ളമൊഴിക്കാഞ്ഞിട്ട് വാടിയിട്ടുണ്ട്. ഇടിമിന്നലേറ്റ് തെങ്ങിന്റെ തലപോയി. കാറ്റടിക്കുമ്പോൾ ഇലകളാടുന്നുണ്ട്. പഴുത്ത ഇലകൾ കൊഴിയുന്നുണ്ട്. മരുന്ന് കുടിക്കുമ്പോൾ രോഗം മാറുന്നുണ്ട്. ഇതിലെവിടെയാണ് അള്ളാഹു? നമ്മൾ കണ്ണ് കൊണ്ട് നോക്കി ബുദ്ധികൊണ്ട് മനസ്സിലാക്കുന്നു, അവർ കണ്ണ് കൊണ്ട് നോക്കി ഹൃദയം കൊണ്ട് മനസ്സിലാക്കുന്നു.
മനുഷ്യരെ സൃഷ്ടിച്ച് കുറേ നിയമങ്ങളും തന്ന് അത് തെറ്റിക്കുന്നവരെ പിടിക്കാനായി നോക്കിയിരിക്കുകയല്ല പരമ കാരുണികനായ അള്ളാഹു. അവൻ്റെ കാരുണ്യത്തിലേക്കാണ് നമ്മെ വിളിക്കുന്നത്. ജീവിതം ആത്മാവിൻ്റെ നിയന്ത്രണത്തിലാക്കി, സർവ്വവും അവൻറെ ദിവ്യ ക്രമത്തിനനുസൃതമാക്കി അവനിലേക്ക് അടുക്കാൻ സഹായിക്കുന്ന ഒരു ജീവിതക്രമമായിട്ടായിരിക്കണം ദീനിനെ മനസ്സിലാക്കേണ്ടത്, അല്ലാതെ കുറേ വിധിവിലക്കുകളുടെ ഒരു ഗ്രന്ഥമായിട്ടല്ല. അള്ളാഹു തന്ന കഴിവും ആരോഗ്യവും സമയവും അവന് സമർപ്പിക്കലാണ് നിസ്കാരം. അവൻ തന്ന സമ്പത്ത് അവന് സമർപ്പിക്കലാണ് സകാത്തും സ്വദഖയും. ഇതൊന്നും എന്റേതല്ല, എല്ലാം നിന്റേത് തന്നെയാണ്. എനിക്ക് സ്വന്തമായി ഒന്നുമില്ല. നിസ്കാരവും നോമ്പുമല്ല ലക്ഷ്യം, അവ മാർഗ്ഗങ്ങളാണ്. ലക്ഷ്യം അവൻ തന്നെയാണ്. അവനെ ലഭിക്കണമെങ്കിൽ നഫ്സിനെ കീഴടക്കി ജീവിതം ആത്മാവിന്റെ നിയന്ത്രണത്തിലാക്കണം.
എന്ത് കൊണ്ടാണ് മനുഷ്യർക്ക് മലക്കുകളേക്കാൾ മഹത്വം? മലക്കുകളുള്ളത് അവരുടെ മുന്നിൽ വ്യക്തമായ തെളിവുകളുള്ള ഒരു യാഥാർഥ്യത്തിലാണ്. മനുഷ്യർ വിശ്വസിക്കുന്നത് സ്വന്തം സ്വത്വത്തിന് തന്നെ എതിരായ, മറയപ്പെട്ട ഒരു യഥാർഥ്യത്തിലുമാണ്. ആ മറ നീക്കി, വിശ്വാസത്തിൽ നിന്ന് യാഥാർഥ്യലേക്കെത്തി അതിന് സാക്ഷികളാകുമ്പോഴാണ് മനുഷ്യർ മലക്കുകളേക്കാൾ മഹത്വമുള്ളവനാകുന്നത്. അപ്പോഴാല്ലേ നമ്മൾ കലിമക്ക് സാക്ഷികളാവൂ. അപ്പോഴല്ലേ അവനെ കാണുന്ന പോലെ ആരാധിക്കാനാവു. അവനെ കാണുന്ന പോലെ സൽകർമങ്ങൾ ചെയ്യുന്നവർ ആരാണെന്ന് പരീക്ഷിക്കാനല്ലേ മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചത്? അവനെ അറിയലും അനുഭവിക്കലും തന്നെയല്ലേ ജീവിത്തിന്റെ ലക്‌ഷ്യം? അതെല്ലാം മറന്ന്, നഫ്സിന്റെയും ദുന്യാവിന്റെയും പിറകെ പോകുമ്പോഴല്ലേ പ്രയാസങ്ങളും പ്രതിസന്ധികളും തന്ന് അവനേയും യഥാർത്ഥ ജീവിതലക്ഷ്യത്തെയും നമ്മെ ഓർമ്മപ്പെടുത്തുന്നത്? അവന്റെ കാരുണ്യത്തിലേക്കല്ലേ അവൻ നമ്മെ വിളിക്കുന്നത്?
ജീവിതത്തിന്റെ വലിയ ലക്ഷ്യം മറന്ന്, ദുനിയാവിലെ ജീവിതത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും സ്വപ്നം കാണുകയും, പരിശ്രമങ്ങളൊക്കെയും അതിന് വേണ്ടി മാത്രമാവുകയും, ജീവിതത്തിന്റെ വിജയം നമ്മുടെ കഴിവുകളും പരിശ്രമങ്ങളുമാണെന്ന് കരുതി ആ ഭാരമെല്ലാം സ്വയം ചുമലിലേറ്റുന്നതും കൊണ്ട് തന്നെയല്ലേ എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ നമുക്ക് ആശങ്കകളും ഉത്കണ്ഠയും ടെൻഷനും ഉണ്ടാകുന്നത്? പരാചയങ്ങളെ താങ്ങാൻ കഴിയാതാവുന്നത്? അത് അല്ലാഹവിന്റെ പരമമായ കഴിവുകളിലും അധികാരങ്ങളിലും സ്വയം പങ്ക് കാരകലല്ലേ? എല്ലാം തിരികെ ഏല്പിച്ച് അവനെ ഭാരമേൽപിച്ചാൽ നമ്മൾ സ്വതന്ത്രരാകില്ലേ? ഈ സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരമല്ലേ മനുഷ്യർ തമ്മിലുള്ള സകല സഘർഷങ്ങളുടെയും ഉറവിടം?
ദുന്യാവിലുള്ള എല്ലാറ്റിനേക്കാളും മഹത്വം അള്ളാഹു മനുഷ്യന് നൽകിയിട്ടുണ്ട്. അത് ലഭിക്കണമെങ്കിൽ അത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കണമെന്ന് മാത്രം. ദുന്യാവിന്റെ പിന്നാലെ പോയാൽ മനുഷ്യൻ വലുതാകില്ല ചെറുതാവുകയേ ഒള്ളു. അല്ലഹുവിന്റെ പ്രതിനിധിയായിട്ടാണ് മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിക്കുന്നത്. നമ്മൾ മറ്റൊരാളുടെ പ്രതിനിയാകുന്നത് അയാളുടെ അധികാരവും സ്ഥാനവും അംഗീകരിച്ച് അയാളുടെ അഭാവത്തിൽ കാര്യകർതൃത്വം ചെയ്യുമ്പോഴാണ്. ദൈവത്തിന്റെ യഥാർത്ഥ പ്രതിനിധിയാകണമെങ്കിൽ ദൈവം ഈ പ്രപഞ്ചത്തെയും നമ്മളെയും കാണുന്ന പോലെ നമുക്കും കാണാൻ കഴിയണം.
ആകാശ ഭൂമികളിലുള്ള സർവ്വതും സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിക്കുന്നത് അവനാണ്. അവനാണ് സകലതിന്റെയും ഉടമസ്ഥൻ. സകല കഴിവുകളും അവൻറെ അധീനതയിലാണ്. അവനെക്കൊണ്ടല്ലാതെ ഒരാൾക്കും ഒരു കഴിവുമില്ല. അവൻറെ അനുമതിയില്ലാതെ ഒരിലപോലും അനങ്ങില്ല. പക്ഷേ നമ്മൾ എത്ര ഉച്ചത്തിൽ ആവർത്തിച്ച് പറഞ്ഞ് മനഃപാഠമാക്കിയാലും ഹൃദയം അംഗീകരിക്കില്ല. കുറേ പ്രണയ കവിതകളും നോവലുകളും വായിച്ചാൽ, റൊമാന്റിക് സിനിമകൾ കണ്ടാൽ പ്രണയത്തിന്റെ മനശാസ്ത്രവും മസ്തിഷ്ക്ക രസതന്ത്രവും പഠിച്ചാൽ നിങ്ങൾക്ക് പ്രണയം തോന്നുമോ? പ്രണയം അനുഭവിക്കാൻ കഴിയുമോ? എന്താണെന്ന് മനസ്സിലാകുമോ? ഇല്ല, ബുദ്ധികൊണ്ട് മനസ്സിലാക്കാൻ കഴിയുന്നതല്ല, പ്രണയം ഹൃദയം കൊണ്ട് അനുഭവിക്കാനേ കഴിയൂ. ആദ്യം ഒരു കാമുകിയെ കണ്ടെത്തണം, പിന്നെ കാമുകിയെ അറിയണം, അപ്പൊ ഹൃദയത്തിൽ പ്രണയം വിരിയും. സൃഷ്ടാവിന്റെ അസ്തിത്വവും തുരുനബി ﷺ യുടെ പ്രവാചകത്വവും ബുദ്ധികൊണ്ട് ബോധ്യപ്പെടും. നിസ്കാരവും നോമ്പും പഠിച്ച് കർമങ്ങളൊക്കെ ചെയ്യാം. പക്ഷേ ഈമാനും തഖ്‌വയും തവക്കുലും ഇഹ്സാനുമെല്ലാം ഖൽബിയ്യായ കാര്യങ്ങളാണ്, ബുദ്ധികൊണ്ട് മാത്രം അത് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല. ഹൃദയത്തിൽ അനുഭവിക്കാനേ കഴിയൂ.
ജ്ഞാനത്തിന് ഒരു ആത്മീയ മാനമുണ്ട്. അതിനെ മോഡേണിറ്റിയുടെ ലെൻസിലൂടെ നോക്കുന്നത് കൊണ്ടാണ്, കുറച്ച് അറബി പഠിച്ച് കിതാബ് വായിക്കാൻ തിരിഞ്ഞാൽ എല്ലാം സ്വന്തമായി മനസ്സിലാക്കാമെന്നും ഗൂഗിളിനെ ഉസ്താദാക്കി ഒരു പരിഭാഷയും വെച്ച് സ്വന്തമായി ഗവേഷണം ചെയ്യാമെന്നുമൊക്കെ തോന്നുന്നത്. ആർട്സും സയൻസും പഠിക്കുന്ന പോലെ ദീൻ പഠിക്കാൻ കഴിയില്ല. ഇസ്ലാം പഠിക്കാം, ഫിഖ്‌ഹിലും ഹദീസിലുമൊക്കെ അവഗാഹം നേടാം. സ്വാഹാബാക്കൾ കണ്ടിട്ടും കേട്ടുമില്ലാത്ത ഗ്രന്ഥങ്ങളും വിജ്ഞാന ശാഖകളും സ്വായത്തമാക്കാം. പുതിയ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കാം. പക്ഷേ സംഗതി മാത്രം കിട്ടില്ല.
റസൂലുല്ലാഹി ﷺ സ്വഹാബാക്കൾക്ക് ദീൻ പഠിപ്പിച്ചതും, സ്വഹാബാക്കൾ താബിഉകൾക്കും താബിഉകൾ അവർക്ക് ശേഷമുള്ളവർക്കും ദീൻ പഠിപ്പിച്ചത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കും റൂഹിൽ നിന്ന് റൂഹിലേക്കുമാണ്. ഫിഖ്‌ഹും ഈമാനും ഇഖ്‌ലാസും അഖീദയും അഖ്‌ലാഖും ഇഹ്സാനും തഖ്‌വയും തസവ്വുഫും എല്ലാം അതിലടങ്ങിയിരുന്നു. പിന്നീട് അവയെല്ലാം ക്രോഡീകരിച്ച് രേഖപ്പെടുത്തിയപ്പോഴാണ് ഈ വർഗ്ഗീകരണങ്ങളെല്ലാം വന്നത്. മഹാന്മാരായ ഇമാമീങ്ങളെയും പണ്ഡിതന്മാരെയുമൊക്കെ പറയുമ്പോൾ അവരുടെ ഗുരുക്കന്മാരിലേക്ക് ചേർത്ത് പറയുന്നത് കാണാം. പിന്നെ ആ ഗുരുക്കന്മാരുടെ മശായിഖന്മാരും ഇമാമീങ്ങളും ഔലിയാക്കളിലേക്കും സ്വഹാബത്തിലേക്കും റസൂലുല്ലാഹിയിലേക്കും എത്തുന്ന ഒരു ചങ്ങല തന്നെ കാണാം. എന്തിനാണങ്ങനെ പറയുന്നത്? മറ്റെതെങ്കിലും പാരമ്പര്യത്തിൽ നിങ്ങളങ്ങനെ കണ്ടിട്ടുണ്ടോ? പരമ കാരുണികനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവരോട് ചോദിക്കാനാണ് അള്ളാഹു പറഞ്ഞത്. വെളിച്ചം കിട്ടിയവർക്കേ വെളിച്ചം നല്കാൻ കഴിയൂ. തിരുനബി ഹബീബാണ് ആ നൂറിന്റെ മൊത്തവിതരണം. ഹബീബിലൂടെയല്ലതെ അല്ലാഹുവിലേക്ക് വഴിയില്ല. തങ്ങളിൽ നിന്ന് കിട്ടിയവരിൽ നിന്നും കിട്ടും.
ഉള്ളിലെ ആ വെളിച്ചം, ആ ഉറപ്പ്, ഇനി നിന്നെ ആര് രക്ഷിക്കും എന്ന് ചോദിക്കുമ്പോൾ, എൻ്റെ റബ്ബ് രക്ഷിക്കുമെടാ എന്ന് പറയാനുള്ള ആ ധൈര്യം, വാളും പരിചയും മരുന്നും മന്ത്രവും ഡോക്ടറുമല്ല, റബ്ബാണ് രക്ഷിക്കുന്നത് എന്ന ആ ബോധം, അത് ബുദ്ധി കൊണ്ട് മനസ്സിലാക്കി കാണാപാഠം പഠിച്ചാൽ കിട്ടുന്നതല്ല, അത് തിരുനബി ഹബീബ് ﷺ യിൽ നിന്ന് തന്നെ കിട്ടണം. ഹബീബിനോടുള്ള സ്നേഹത്തിലൂടെയല്ലാതെ കിട്ടില്ല.
കലിമക്ക് രണ്ട് ഭാഗങ്ങളുണ്ട്, രണ്ടാമത്തേതിലൂടെ യല്ലാതെ ആദ്യദിത്തേലേക്കെത്തില്ല. നാവ് കൊണ്ട് പറഞ്ഞ് നടക്കാം. സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സ്വന്തം നഫ്സിനേക്കാളും റസൂലിനെ സ്നേഹിക്കാതെ ആരും മുഅമിനാവുകയില്ല. നഫ്‌സും ഈമാനും കൂടി ഒരു ഹൃദയത്തിൽ നിലനിൽക്കില്ല. നഫ്സിനെ കീഴടക്കണെമെങ്കിൽ ഹബീബിനെ ഖൽബിൽ കുടിയിരുത്തണം. അതിന് ഹബീബിനെ സ്വീകരിക്കാൻ ഖൽബിനെ തയ്യാറാക്കണം.
സ്വാഹാബാക്കൾ റസൂലിൻ്റെ ചര്യ പിൻപറ്റുക മാത്രമല്ല ചെയ്തത്. അവർക്ക് നബി തങ്ങളോട് അറ്റമില്ലാത്ത സ്നേഹമായിരുന്നു. അവർ റസൂൽ വുളൂ എടുക്കുന്ന വെള്ളം ഒരിറ്റു കളയാത്ത കോരിയെടുക്കുമായിരുന്നു. തങ്ങളുടെ വിയർപ്പ് സുഗന്ധമായി ഉപയോഗിച്ചുരുന്നു. അവിടുത്തെ ആസാറുകൾ കൊണ്ട് ബർക്കത്തെടുത്തിരുന്നു. നബിതങ്ങൾ കുനിഞ്ഞ് നടന്ന സ്ഥലത്ത് നിവർന്ന് നടക്കില്ലായിരുന്നു. അതൊരു ഭ്രാന്തമായ പ്രണയമായിരുന്നു. പ്രണയത്തിന് നിയതമായ നിയമങ്ങളൊന്നുമില്ല. പ്രണയം ഹൃദയത്തിൻ്റെ വികാരമാണ്. കവിതയാണ് ഹൃദയത്തിന്റെ ഭാഷ. അതിനെ ബുദ്ധിയുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയില്ല. മജ്നു എന്തിനാണ് ലൈല താമസിച്ച വീടിന് ചുറ്റും ഓടി നടന്നത് എന്നതിന് യുക്തിഭദ്രമായ കാരണങ്ങളൊന്നുമില്ല. ഒരാളോട് സ്നേഹവും ഇഷ്ടവും ഉണ്ടാകുമ്പോഴാണ് അയാൾ പറയുന്നതും ചെയ്യുന്നതും നമ്മൾ അത് പോലെ ഇഷ്ടത്തോടെ ആസ്വദിച്ച് അനുകരിക്കുക. അല്ലെങ്കിലത് വെറും കടമ നിർവഹിക്കലും കാട്ടിക്കൂട്ടലാമായി മാറും. സിനിമാ താരങ്ങളോട് ഭയങ്കര സ്നേഹവും ഇഷ്ടവും ഉണ്ടാകുമ്പോഴാണ് അവരെ അന്ധമായി അനുകരിക്കുന്നതും അവരെ പുകഴ്ത്തി നടക്കുന്നതും അവരുടെ ചിത്രങ്ങൾ കവർ ഫോട്ടോയും വോൾപേപ്പറും ആക്കുന്നതും.
ചിലർക്കിതൊന്നും മനസ്സിലാക്കാനോ ഉൾകൊള്ളാനോ കഴിയണമെന്നില്ല. ഇതൊന്നും തർക്കിച്ചും വാദപ്രതിവാദം നടത്തിയും ബുദ്ധികൊണ്ട് മനസ്സിലാക്കാൻ കഴിയുന്നതാണെന്ന് കരുതുന്നില്ല. ഭൗതികവാദത്തിന്റെ ലോകവീക്ഷണത്തിൽ വഞ്ചിതരായി, അല്ലാഹുവിന്റെ അംറിൽ നിന്ന് ഊതിയ റൂഹുള്ള നമ്മെ, മണ്ണിൽ നിന്ന് സൃഷ്ടിച്ച ഭൗതിക ശരീരം മാത്രമായി ചുരുക്കാതിരിക്കുക. ബുദ്ധികൊണ്ട് മാത്രം ചിന്തിക്കാതെ ഹൃദയം കൊണ്ടും ചിന്തിക്കുക. ഈ ഭൗതികലോകത്തേക്ക് മാത്രമായി ചുരുങ്ങി, എല്ലാറ്റിനെയും ഭൗതികയുക്തിയിലൂടെ തന്നെ മനസ്സിലാക്കണമെന്ന് നിർബന്ധം പിടിക്കാതെ അഭൗതികനായവനിലേക്കുള്ള വഴികൾ അന്വേഷിക്കൂ…